Deshabhimani

Articles

വ്യവസായ നിർവചനം; സുപ്രീംകോടതി വിധി ഞെട്ടിക്കുന്നത്

വ്യവസായ നിർവചനം; സുപ്രീംകോടതി വിധി ഞെട്ടിക്കുന്നത്

elamaram kareem interview
avatar
എളമരം കരീം

Published on Aug 24, 2026, 01:30 AM | 3 min read

1947ലെ വ്യവസായ തർക്ക നിയമത്തിലെ "തൊഴിലാളി' എന്ന നിർവചനം സുവ്യക്തമായി നിർവചിച്ച, 1978ലെ സുപ്രീംകോടതി വിധിയെ ദുർബലപ്പെടുത്തി, ഒന്പതംഗ ഭരണഘടനാ ബെഞ്ച്‌ നേരിയ ഭൂരിപക്ഷത്തിൽ നൽകിയ പുതിയ ആഖ്യാനം രാജ്യത്തെ ലക്ഷക്കണക്കിന്‌ തൊഴിലാളികളെ തെരുവാധാരമാക്കുന്നതാണ്‌. വ്യവസായ തർക്കനിയമത്തിൽ "വ്യവസായം' നിർവചിച്ച്‌ 1978ൽ വിധി പുറപ്പെടുവിച്ചത്‌ ജസ്റ്റിസ്‌ വി ആർ കൃഷ്‌ണയ്യർ നേതൃത്വം നൽകിയ ഏഴംഗ ബെഞ്ചാണ്‌. "ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ്‌ സീവേജ്‌' എന്ന സ്ഥാപനവും ഇതിലെ തൊഴിലാളികളും തമ്മിലായിരുന്നു വ്യവഹാരം. ഇ‍ൗ കേസിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി ദശലക്ഷക്കണക്കിന്‌ തൊഴിലാളികൾക്ക്‌ ആശ്വാസവും പരിരക്ഷയും നൽകി.


1947ലെ നിയമത്തിൽ "വ്യവസായം' എന്ന വാക്കിന്റെ നിർവചനം ആദ്യ ഘട്ടത്തിൽ ഏറെ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. "ഉൽപ്പാദന പ്രവർത്തനം നടത്തുന്ന ഒരു സംരംഭം' എന്ന നിലയിൽ മാത്രമാണ്‌ നിർവചിക്കപ്പെട്ടത്‌. ഇതുസംബന്ധിച്ച്‌ ധാരാളം തർക്കങ്ങൾ ഉയർന്നുവന്നു. ഒടുവിൽ 1978ൽ "ബാംഗ്ലൂർ വാട്ടർ സപ്ലൈ കേസ്‌' എന്നറിയപ്പെടുന്ന‍ കേസ്‌ സുപ്രീംകോടതിയിലെത്തി. കേസിൽ തീർപ്പുകൽപ്പിച്ചുകൊണ്ട്‌ സുപ്രീംകോടതി "വ്യവസായം' എന്നതിന്‌ സുവ്യക്ത ആഖ്യാനം നൽകി. "കേവലം ഉൽപ്പാദന പ്രവർത്തനം നടത്തുന്ന ഒന്നുമാത്രമല്ല, തൊഴിലുടമയും തൊഴിലാളികളും ചേർന്ന്‌ മനുഷ്യാവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റാൻ നടത്തുന്ന ഉൽപ്പാദന പ്രവർത്തനം, സേവന പ്രവർത്തനം, ചരക്ക്‌ വിതരണം എന്നിവ വ്യവസായം എന്ന പദത്തിന്റെ നിർവചനത്തിൽ ഉൾപ്പെടും'.


"ട്രിപ്പിൾ ടെസ്റ്റ്‌' എന്ന പേരിലാണ്‌ ഇ‍ൗ തത്വം അറിയപ്പെടുന്നത്‌. "വ്യവസ്ഥാപിതമായ പ്രവർത്തനം, തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള സഹകരണം, ചരക്കുകളോ സേവനങ്ങളോ ഉൽപ്പാദിപ്പിക്കപ്പെടുകയും വിതരണം നടത്തുകയും ചെയ്യുക എന്നതെല്ലാം ചേർന്നതാണ്‌ വ്യവസായം' എന്ന്‌ വ്യക്തമാക്കി. ലാഭത്തിനായിമാത്രം പ്രവർത്തിക്കുന്നവയല്ല, ജീവകാരുണ്യപരമായോ സേവനപരമായോ പ്രവർത്തിക്കുന്നവയും വ്യവസായം എന്ന നിർവചനത്തിൽപ്പെടുമെന്ന്‌ സുപ്രീംകോടതി നിർവചിച്ചു.


ലാഭമുണ്ടാക്കുന്നതാണോ എന്നല്ല, സ്ഥാപനത്തിന്റെ പ്രവർത്തനത്തിന്റെ സ്വഭാവമാണ്‌ പ്രധാനം. സർക്കാർ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവയെല്ലാം മേൽപ്പറഞ്ഞ നിർവചനത്തിന്റെ പരിധിയിൽവരും. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാരിന്‌ കീഴിൽവരുന്ന മറ്റു സ്ഥാപനങ്ങൾ എന്നിവയെല്ലാം 1947ലെ ‘വ്യവസായം’ എന്ന വാക്കിന്റെ നിർവചനത്തിൽപ്പെടും. ഇ‍ൗ വിധി ചരിത്രപ്രധാന്യം നേടുകയും ചെയ്‌തു.


ഇ‍ൗ വിധി തൽപ്പരകക്ഷികൾ കുറേക്കാലമായി വിവിധ കോടതികളിൽ ചോദ്യംചെയ്‌ത്‌ വരികയായിരുന്നു. 2020ൽ വ്യവസായ തർക്ക നിയമത്തിനു പകരമായി മോദി സർക്കാർ പാസാക്കിയ വ്യവസായബന്ധ കോഡ്‌ നിലവിൽ വന്നപ്പോൾ പഴയ നിർവചനം മാറ്റാൻ മുതലാളിവർഗം ശ്രമം തുടങ്ങി. നവ ഉദാരവൽക്കരണ നയം അയവേറിയ തൊഴിൽബന്ധം എന്ന നയമാണ്‌ ഉയർത്തിപ്പിടിച്ചത്‌. ഏത്‌ മേഖലയും ഉൽപ്പാദനം–സേവനം–ലാഭം നേടാനാണ്‌ മൂലധനശക്തികൾ ഉപയോഗിക്കുന്നത്‌. പല പേരുകൾ പറഞ്ഞ്‌ തൊഴിലാളികളുടെ മ‍ൗലികാവകാശം തകർക്കലാണ്‌ അവരുടെ ലക്ഷ്യം.


ഇ‍ൗ അടിസ്ഥാനത്തിലാണ്‌ 1978ലെ സുപ്രീംകോടതി വിധിക്കെതിരായ വ്യവഹാരം സുപ്രീംകോടതി മുന്പാകെ എത്തുന്നത്‌. ചീഫ്‌ ജസ്റ്റിസ്‌ സൂര്യകാന്ത്‌ നേതൃത്വം നൽകിയ ഭരണഘടനാ ബെഞ്ചാണ്‌ ഇ‍ൗ കേസ്‌ പരിഗണിച്ചത്‌. ഇ‍ൗ കേസ്‌ കേട്ട ഒന്പതംഗ ജഡ്‌ജിമാരിൽ അഞ്ച്‌ അംഗങ്ങൾ പ്രകടിപ്പിച്ച അഭിപ്രായങ്ങളാണ്‌ ഭൂരിപക്ഷ വിധിയായി പുറത്തുവന്നത്‌. നാല്‌ ജഡ്‌ജിമാർ ഭിന്നാഭിപ്രായം രേഖപ്പെടുത്തി.


പുതിയ വിധിയനുസരിച്ച്‌‍ കോടതികൾ, ട്രിബ്യൂണലുകൾ, മറ്റ്‌ അധികാര കേന്ദ്രങ്ങൾ എന്നിവയ്‌ക്കു മുന്പിൽ 1978ലെ വ്യവസായ തർക്ക നിയമപ്രകാരം എത്തിയ തർക്കങ്ങൾ പ്രസ്‌തുത നിയമപ്രകാരം തീർപ്പാക്കാം. എന്നാൽ ബാംഗ്ലൂർ വാട്ടർ സപ്ലൈ കേസിൽ 1978ൽ വി ആർ കൃഷ്‌ണയ്യരുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ചിന്റെ വിധി, 2020ൽ പാസാക്കിയ "വ്യവസായ ബന്ധ കോഡി'ന്‌ ബാധകമല്ല. ഇത്‌ ഇന്ത്യൻ തൊഴിലാളികൾക്ക്‌ കനത്ത ആഘാതമാണ്‌.


വ്യവസായ ബന്ധ കോഡ്‌, നിയമത്തിലെ വ്യവസ്ഥകൾക്ക്‌ നിർണയിച്ച പരിധി, ബാധകമാക്കുന്ന തൊഴിലാളികളുടെ എണ്ണം പരിമിതമാക്കി. ലക്ഷക്കണക്കിന്‌ തൊഴിലാളികൾ നിയമപരിരക്ഷയ്‌ക്ക്‌ പുറത്തായി. ഉദാഹരണത്തിന്‌ ഒരു വ്യവസായം അടച്ചുപൂട്ടുക, തൊഴിലാളികളെ പിരിച്ചുവിടുക, ലേ ഓഫ-്‌ എന്നിവ ചെയ്യുന്നതിന്‌ പ്രസ്‌തുത വ്യവസായത്തിൽ നൂറോ അതിലധികമോ തൊഴിലാളികൾ ഉണ്ടെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി തേടണമായിരുന്നു. 1947ലെ വ്യവസായ തർക്ക നിയമത്തിലെ വ്യവസ്ഥ, വ്യവസായബന്ധ കോഡിൽ ഇ‍ൗ പരിധി മുന്നൂറോ അതിലധികമോ എന്നാക്കി.


പുതിയ സാഹചര്യത്തിൽ ഒരു വ്യവസായത്തിൽ ആയിരക്കണക്കിന്‌ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെങ്കിലും അവിടെ സ്ഥിരം തൊഴിലാളികൾ വിരലിലെണ്ണാവുന്നവരായിരിക്കും. ബാക്കിയെല്ലാം കരാർ തൊഴിലാളികൾ ആയിരിക്കും. വ്യവസായത്തിലെ തൊഴിലാളികളുടെ എണ്ണം കണക്കാക്കുന്പോൾ സ്ഥിരം ജീവനക്കാരെ മാത്രമേ പരിഗണിക്കൂ. കരാർ തൊഴിലാളികളുടെ തൊഴിലുടമ, കരാറുകാരാണ്‌. മുതലാളിമാർക്ക്‌ ഇഷ്‌ടംപോലെ കന്പനികൾ ലേ ഓഫ്‌ ചെയ്യാനും തൊഴിലാളികളെ പിരിച്ചുവിടാനും അടച്ചുപൂട്ടാനും പുതിയ വ്യവസായബന്ധ കോഡ്‌ വ്യവസ്ഥ ചെയ്യുന്നു. ഇ‍ൗ നിയമത്തിലെ തൊഴിലാളിവിരുദ്ധ വ്യവസ്ഥയെ സംരക്ഷിക്കുകയാണ്‌ സുപ്രീംകോടതി.


ഇന്ത്യൻ ഭരണഘടന അധ്വാനിക്കുന്ന തൊഴിലാളിവർഗത്തിന്‌ നൽകിയ സുരക്ഷകൾ പാർലമെന്റും ജുഡീഷ്യറിയും നിഷേധിക്കുകയാണ്‌. നവ ഉദാരവൽക്കരണ നയങ്ങൾ മൂലധന ശക്തികളുടെ ലാഭതാൽപ്പര്യങ്ങൾക്ക്‌ മാത്രമാണ്‌ സംരക്ഷണം നൽകുന്നത്‌. അധ്വാനവും ബുദ്ധിയും ഉപയോഗിച്ച്‌ സന്പത്തുൽപ്പാദനത്തിൽ നിർണായക പങ്കുവഹിക്കുന്ന കോടിക്കണക്കിന്‌ ഇന്ത്യൻ തൊഴിലാളികളെ തെരുവാധാരമാക്കുകയാണ്‌ മോദി സർക്കാർ പാസാക്കിയ നാല്‌ തൊഴിൽ കോഡുകൾ.


ഇ‍ൗ തൊഴിൽ കോഡുകൾ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ 2020 മുതൽ ഇന്ത്യൻ തൊഴിലാളികൾ നിരന്തരം സമരം നടത്തിവരികയാണ്‌. ഏറ്റവും ഒടുവിൽ ഫെബ്രുവരി 12ന്റെ പൊതുപണിമുടക്കും ആഗസ്ത്‌ പത്തിന്റെ ജയിൽ നിറയ്‌ക്കൽ സമരവും തൊഴിൽ കോഡുകൾക്കെതിരായിരുന്നു. കോടിക്കണക്കായ ഇന്ത്യൻ തൊഴിലാളികൾ ഉയർത്തുന്ന പ്രതിഷേധ ശബ്‌ദം സുപ്രീംകോടതി കേൾക്കുന്നില്ലെന്നത്‌ ഉൽക്കണ്‌ഠാജനകമാണ്‌. ഇന്ത്യൻ ഭരണഘടനയുടെ തത്വങ്ങൾപോലും ലംഘിച്ച തൊഴിൽ കോഡുകളെ ന്യായീകരിച്ച സുപ്രീംകോടതി നിലപാട്‌ പുനഃപരിശോധിക്കണം.


ചീഫ്‌ ജസ്റ്റിസിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച ഒന്പതംഗ ബെഞ്ചിൽപ്പെട്ട നാല്‌ ജഡ്‌ജിമാർ വ്യത്യസ്‌ത അഭിപ്രായങ്ങൾ രേഖപ്പെടുത്തി. നാലംഗങ്ങളിൽപ്പെട്ട ജസ്റ്റിസ്‌ നാഗരത്-ന രേഖപ്പെടുത്തിയത്‌ ഇപ്രകാരമാണ്‌. "50 വർഷമായി നിലനിൽക്കുന്ന കീഴ്‌വഴക്കം തകർക്കുന്നത്‌ അനിശ്ചിതത്വം സൃഷ്‌ടിക്കും. 1978ലെ സുപ്രീംകോടതി വിധി തൊഴിലാളികൾക്ക്‌ സംരക്ഷണമായിരുന്നു. പ്രത്യേകിച്ച്‌ സ്വകാര്യവൽക്കരണ– ആഗോളവൽക്കരണ കാലഘട്ടത്തിൽ. ഇ‍ൗ വിധിയെ ദുർബലപ്പെടുത്തുന്നത്‌ തൊഴിലാളികളുടെ മേൽ കോർപറേറ്റുകളുടെ വിലപേശലിനെ ശക്തിപ്പെടുത്തും.'



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home