ഇഡി ചെമ്പിൽ വെന്ത നുണകളും രാധാകൃഷ്‌ണചരിതവും

റഷീദ് ആനപ്പുറം
Published on Jan 14, 2026, 10:53 PM | 2 min read
നയതന്ത്ര ബാഗേജിലും ബിരിയാണിച്ചെമ്പിലും ഖുർആനിലും ‘തൂണിലും തുരുമ്പിലും’ സ്വർണവും ഡോളറും കടത്തിയെന്ന അപസർപ്പക കഥകൾക്കുപിന്നിലെ ‘മഹാ കഥാകാരൻ’ പവനായി ശവമായി എന്നപോലെ അതാ കിടക്കുന്നു അഴിമതിയുടെ പടുകുഴിയിൽ. മാധ്യമങ്ങളുടെയും വലതുപക്ഷത്തിന്റെയും ‘കൺകണ്ട ദൈവം’ ഇഡി ഡെപ്യൂട്ടി ഡയറക്‌ടറായിരുന്ന പി രാധാകൃഷ്‌ണനെക്കുറിച്ചാണ് പറഞ്ഞുവന്നത്. കഴിഞ്ഞദിവസമാണ് അദ്ദേഹത്തെ സർവീസിൽനിന്ന് ഇഡി പിരിച്ചുവിട്ടത്; കുറ്റം അഴിമതിതന്നെ. ഇൗ വാർത്ത കേട്ട് നെഞ്ചത്തടിച്ച് നിലവിളിക്കുന്നത് ഇഡി കഥകൾ ഉപ്പുകൂട്ടാതെ വിഴുങ്ങി വിശപ്പകറ്റിയ സ്‌കൂപ്പ് റിപ്പോർട്ടർമാരാണ്. സർക്കാരിനും മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ രാധാകൃഷ്‌ണൻ ചമച്ച നുണക്കഥകൾ വെണ്ടയ്ക്ക നിരത്തി സ്വർണപ്പതക്കം വാങ്ങിയ റിപ്പോർട്ടറും ആ കൂട്ടത്തിലുണ്ട്. ഇഡിയുടെ ആസ്ഥാനത്ത് അവരുടെ കൂട്ടനിലവിളിയാണത്രേ...
റെയ്ഡ് വിവരം ചോർത്തൽ അടക്കമുള്ള കുറ്റത്തിനാണ് അഞ്ചുവർഷം സർവീസ് ബാക്കിനിൽക്കെയുള്ള പുറത്താക്കൽ. മൂന്നുപതിറ്റാണ്ടിലേറെ തിരുവനന്തപുരം, കൊച്ചി ഇഡി ഓഫീസുകളിൽ വിവിധ ചുമതല വഹിച്ചിരുന്നു. നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ മോദിസർക്കാരിന്റെ രാഷ്‌ട്രീയഗൂഢാലോചനകൾക്ക് ചുക്കാൻപിടിച്ചത് രാധാകൃഷ്‌ണനാണ്. ഇതിനായി കൊച്ചി കേന്ദ്രീകരിച്ചുള്ള ഒരുകൂട്ടം മാധ്യമപ്രവർത്തകരെ ഉപയോഗിച്ചു. നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയത് ആർക്കുവേണ്ടി എന്നു കണ്ടെത്താനല്ല, മുഖ്യമന്ത്രിക്കെതിരെ വഴിതിരിച്ചുവിടാനാണ് രാധാകൃഷ്‌ണൻ ശ്രമിച്ചത്.

യുഎഇ കോൺസുലേറ്റിലെ അറ്റാഷെ ഉൾപ്പെടെയുള്ളവർ രാജ്യം വിട്ടു. അതിന് നിർദേശം നൽകിയ വിദേശമന്ത്രാലയത്തിലെ ഉന്നതൻ ആരെന്ന് അന്വേഷിച്ചില്ല. അറ്റാഷെയെ കേരളത്തിലെത്തിച്ച് ചോദ്യം ചെയ്യാനും തയ്യാറായില്ല. പകരം കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഒരാഴ്‌ചയ്‌ക്കകം കേസ് രജിസ്റ്റർ ചെയ്‌തു. പ്രധാന പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും സന്ദീപ് നായരും അറസ്റ്റിലായതിനുപിന്നാലെ ഐടി സെക്രട്ടറി എം ശിവശങ്കറിലേക്ക് അന്വേഷണമെത്തിച്ചു. തുടർന്നാണ് മുഖ്യമന്ത്രിയിലേക്കും ഓഫീസിലേക്കും എത്തിക്കാൻ നീക്കമാരംഭിച്ചത്. ഇക്കാര്യം അക്കാലത്ത് പ്രതികൾതന്നെ വെളിപ്പെടുത്തിയിരുന്നു. ജയിലിലായിരുന്ന സ്വപ്‌ന സുരേഷിൽനിന്ന് മൊഴിയെടുക്കുന്പോൾ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്ക് പങ്കുണ്ടെന്നു പറയാൻ നിർബന്ധിച്ചെന്നായിരുന്നു അവർ പറഞ്ഞത്. ഇതേ ആവശ്യം ഇഡി തന്നോടും ഉന്നയിച്ചെന്ന് മറ്റൊരു പ്രതി സന്ദീപ് നായരും വെളിപ്പെടുത്തിയിരുന്നു. റെഡ് ക്രസന്റ് ഉൾപ്പെട്ട കേസ് ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെടുത്താനുള്ള നീക്കവും നടത്തി.

വൈകിട്ട് കൊച്ചിയിലെ കേന്ദ്രത്തിൽ സംഘം ചേരും. തുടർന്ന് ആസൂത്രണം. ക്രൈം ത്രില്ലർ സിനിമയുടെ ചേരുവപോലെ എല്ലാം ഒത്തിണങ്ങിയ കഥകൾ രചിക്കും. പിറ്റേന്ന് എക്‌സ്‌ക്ലൂസീവുകൾ. ഉച്ചയാകുമ്പോൾ അതെല്ലാം റിപ്പോർട്ടായി കോടതിയിലെത്തിക്കും. ഒടുവിൽ ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തപ്പോൾ മാധ്യമങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കാൻ ശ്രമം. നിയമസഭാ എത്തിക്‌സ് കമ്മിറ്റി രാധാകൃഷ്‌ണനോട് വിശദാംശങ്ങൾ തേടി. അതിന് രേഖാമൂലം വിശദീകരണം നൽകേണ്ടിയും വന്നു. ഇഡിയുടെ രാഷ്‌ട്രീയക്കളി ഓരോ ദിവസവും കൂടുതൽ തെളിഞ്ഞുവന്നു. അതോടെ പ്രതിഷേധം ശക്തമായി. ഒടുവിൽ വിചാരണ കർണാടകത്തിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു.
അതിനിടെയാണ് മാധ്യമങ്ങളുടെ ‘അഴിമതിവിരുദ്ധൻ’ കൈക്കൂലി കേസിൽപ്പെട്ടത്. ഗത്യന്തരമില്ലാതെ അദ്ദേഹത്തെ ചെന്നൈയിലേക്ക് സ്ഥലംമാറ്റി. രണ്ടുവർഷത്തിനുശേഷം തിരികെ കൊച്ചിയിലേക്ക് മാറ്റി. ഈ സമയത്താണ് ഇഡി ഉദ്യോഗസ്ഥർ പ്രതികളാകുന്ന വിജിലൻസ് കേസുണ്ടാകുന്നത്. തുടർന്ന് ശ്രീനഗറിലേക്ക് മാറ്റി. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും തള്ളി. ഒടുവിൽ ആ വിക്കറ്റ് തെറിച്ചു. തങ്ങളുടെ ‘ബോസ്’ പണിപോയി വീട്ടിലിരിക്കുമ്പോൾ അടുത്ത ഇര തേടി നടക്കുകയാണ് എക്‌സ്‌ക്ലൂ റിപ്പോർട്ടർമാർ.















