ഇഡിയെ ആര്‍ക്കാണ് പേടി


ഡോ. ടി എം തോമസ് ഐസക്
Published on May 29, 2026, 09:59 PM | 4 min read
ബിജെപിയുടെ രാഷ്ട്രീയ ഉപകരണമായി ഇഡി അധഃപതിച്ചിരിക്കുകയാണ്. തെളിവ് വേണോ. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇഡി എടുത്ത കേസുകളുടെ എണ്ണം 5892 ആണ്. ഇതിൽ എട്ട് കേസിലായി 15 പേരെ മാത്രമാണ് ഇതുവരെ കോടതി ശിക്ഷിച്ചത്. അതായത്, 0.13 ശതമാനം ശിക്ഷാനിരക്ക്. രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്തുകയാണ് ഇഡിയുടെ ലക്ഷ്യം. അങ്ങനെ ഭയപ്പെട്ട് ബിജെപിയിൽ ചേർന്ന കോൺഗ്രസ് നേതാക്കളുടെ എണ്ണം വളരെ വലുതാണ്. കഴിഞ്ഞ ഏഴുവർഷമായി ഇഡി എന്റെ പിന്നാലെ കൂടിയിട്ട്. കിഫ്ബി വഴി ഒരുലക്ഷം കോടി രൂപയല്ലേ ചെലവഴിക്കാൻ ഉദ്ദേശിക്കുന്നത്. ഇത്രയും പണം ചെലവാക്കുമ്പോൾ എന്തെങ്കിലും അഴിമതി ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് ഡൽഹിയിലെ ബിജെപിക്കാർ. വീശിയൊന്ന് തപ്പിയാൽ പിടിക്കാൻ കഴിയുമെന്ന മോഹവുമായാണ് അവർ കിഫ്ബിക്കുനേരെ ഇഡിയെ കയറൂരി വിട്ടത്. അവർ അയച്ച സമൻസുകൾ ലളിതമായ ചോദ്യത്തിനുമുന്നിൽ മുടങ്ങി. “എന്ത് അന്വേഷിക്കാനാണ് എന്നെ വിളിക്കുന്നത്” ഇഡിക്ക് ഉത്തരമുണ്ടായില്ല. പൗരാവകാശം സംരക്ഷിക്കുന്നതിൽ കോടതി ഉറച്ച നിലപാടെടുത്തു. കേസ് വീണ്ടും ഹൈക്കോടതി പരിഗണനയിൽ എത്തിയിട്ടുണ്ട്.
ചില അരാഷ്ട്രീയ ശുദ്ധാത്മാക്കൾ
വീണ തൈക്കണ്ടിയുടെ കേസിൽ ഇഡി റെയ്ഡ് അല്ലേ നടത്തിയുള്ളൂ. അതിനോട് സഹകരിച്ചാൽ തീരാവുന്ന പ്രശ്നമല്ലേയുള്ളൂ– പ്രഗത്ഭരായ ചില ശുദ്ധാത്മാക്കൾ പറയുന്നത് കേൾക്കുമ്പോൾ ബിജെപിയെക്കുറിച്ച് ഇത്രയേറെ അരാഷ്ട്രീയ വിസ്മയമാണല്ലോ ഇവരുടേതെന്ന് ചിന്തിച്ചുപോകുന്നു. വീണയുടെ എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനി സേവനകരാറിന്റെ അടിസ്ഥാനത്തിൽ 1.72 കോടി രൂപ ശശിധരൻ കർത്തയുടെ സിഎംആർഎൽ കമ്പനിയിൽനിന്ന് വാങ്ങിയത് അഴിമതിയാണെന്നാണല്ലോ ഇഡിയുടെ വാദം. എല്ലാവിധ നിയമനടപടികളും അനുവർത്തിച്ച് നികുതിയുമടച്ച് വാങ്ങിയ പണം അഴിമതിയാണെങ്കിൽ രേഖയൊന്നുമില്ലാതെ ഇതേ കർത്തയിൽനിന്ന് പണം വാങ്ങിയ രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ഇന്ന് ക്യാബിനറ്റിലുണ്ട്. രണ്ടുപേരും പണം കൈപ്പറ്റിയിട്ടുണ്ടെന്ന് സമ്മതിച്ചിട്ടുമുണ്ട്. പിന്നെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ മരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞുമാണ് പണം കൈപ്പറ്റിയ മറ്റ് രണ്ടുപേർ. അവർ ഇന്ന് നമ്മോടൊപ്പമില്ല. എന്നാൽ, ഇബ്രാഹിം കുഞ്ഞിന്റെ മകൻ മന്ത്രിയും ഉമ്മൻ ചാണ്ടിയുടെ മകൻ എംഎൽഎയുമാണ്.
സിഎംആർഎൽ ആദായനികുതി റെയ്ഡ്
വീണയുടെ നേതൃത്വത്തിൽ 2014ൽ ബംഗളൂരുവിൽ ആരംഭിച്ച ചെറിയൊരു ഐടി സ്ഥാപനമാണ് എക്‌സാലോജിക് സൊല്യൂഷൻസ്. കമ്പനികൾക്ക് ആവശ്യമായ സോഫ്റ്റ്‌വെയർ തയ്യാറാക്കുക, അവരുടെ ഐടി സോഫ്റ്റ്‌വെയർ സംവിധാനങ്ങൾക്ക് തുടർസഹായം നൽകുക എന്നിവയാണ് കമ്പനിയുടെ പ്രധാന സേവനങ്ങൾ. കോവിഡ് ലോക്ഡൗൺ വന്നതോടെ കമ്പനിയുടെ പ്രവർത്തനം മന്ദീഭവിച്ചു. 2023 ജനുവരിയിൽ നിയമപ്രകാരം കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിച്ചു.
വിവാദത്തിന്റെ തുടക്കം സിഎംആർഎൽ കമ്പനിക്കെതിരെ ആദായനികുതി വകുപ്പ് 2019ൽ നടത്തിയ പരിശോധനയാണ്. കമ്പനി ചെലവ് പെരുപ്പിച്ചുകാട്ടി നികുതി ബാധ്യത ഒഴിവാക്കിയെന്നായിരുന്നു ആദായനികുതി വകുപ്പിന്റെ ആക്ഷേപം. 135.4 കോടി രൂപയുടെ ചെലവുകളാണ് ചോദ്യം ചെയ്യപ്പെട്ടത്. എന്നാൽ, അതിൽ വെറും 1.72 കോടി മാത്രമാണ് എക്‌സാലോജിക്കിന് നൽകിയ സർവീസ് ചാർജ്. ബാക്കി 134 കോടിയിലേറെ രൂപ മുഖ്യമായും ബിസിനസ് പ്രൊമോഷനായി പല രാഷ്ട്രീയ നേതാക്കൾക്കും മാധ്യമങ്ങൾക്കും നൽകാൻ കമ്പനി ചെലവാക്കിയ പണമാണ്. എന്നിട്ടും, രാഷ്ട്രീയമായും മാധ്യമപരമായും മുഴുവൻ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടത് വീണയുടെയും അവരുടെ കമ്പനിയായ എക്‌സാലോജിക്കിന്റെയും മുകളിലായിരുന്നു. സിഎംആർഎൽ കമ്പനി ആദ്യംമുതൽ പറഞ്ഞത്, എക്‌സാലോജിക്കിന് നൽകിയ 1.72 കോടി രൂപ സേവനത്തിനുള്ള നിയമാനുസൃത പ്രതിഫലമാണെന്നാണ്.
2023 ആഗസ്‌തിലാണ് എഎംസി കരാറിന്റെ ഭാഗമായി എക്‌സാലോജിക്കിന് ലഭിച്ച പണം മാസപ്പടിയാണെന്ന വ്യാജ വാർത്തയുമായി മനോരമ പത്രം രംഗത്തുവരുന്നത്. ബാങ്കിങ് റൂട്ടിലൂടെയാണ് പണം കൈമാറിയത്. ജിഎസ്ടി അടച്ചിരുന്നു. ടിഡിഎസും പിടിച്ചിരുന്നു. പിന്നീട് ഐജിഎസ്ടി അടച്ച രേഖകളും പുറത്തുവന്നു. അങ്ങനെ വന്നപ്പോൾ ‘കള്ളപ്പണം’, ‘രഹസ്യ ഇടപാട്’, ‘മാസപ്പടി’ എന്നീ ആദ്യ ആരോപണങ്ങൾതന്നെ തകർന്നു. കാരണം, കള്ളപ്പണം ആരും ബാങ്കുവഴി, ഓഡിറ്റ് രേഖകളിൽ ഉൾപ്പെടുത്തി, നികുതി അടച്ച് കൈമാറില്ലല്ലോ. കൈക്കൂലി കണക്കെഴുതി, ഓഡിറ്റിന് വിധേയമാക്കി, നികുതിയുമടച്ച് ആരും നൽകില്ലല്ലോ. ഈ കേസിൽ ‘മാസപ്പടി’ എന്ന പദംതന്നെ മാധ്യമനിർമിതിയാണ്.
ആരോപണങ്ങളുടെ സ്വഭാവവും തുടർച്ചയായി മാറിക്കൊണ്ടിരുന്നു. ആദ്യം ‘ബാങ്ക് വഴിയല്ല ഇടപാട്’ എന്നായിരുന്നു ആരോപണം. ബാങ്ക് രേഖകൾ വന്നപ്പോൾ ‘ജിഎസ്ടി അടച്ചില്ല’ എന്നായി. ജിഎസ്ടി രേഖ പുറത്തുവന്നപ്പോൾ ‘സംസ്ഥാന ജിഎസ്‌ടി ഇല്ല’ എന്നായി. ധനവകുപ്പ് അത് നിഷേധിച്ചതോടെ ‘കരാറില്ലാതെ പണം വാങ്ങി’ എന്ന പുതിയ ആരോപണം. ഓരോ ആരോപണവും തകരുമ്പോൾ പുതിയ കഥകൾ സൃഷ്ടിക്കുകയായിരുന്നു മാധ്യമങ്ങളും പ്രതിപക്ഷവും.
സെറ്റിൽമെന്റ് ബോർഡിന്റെ വിധി
ഈ കേസിന്റെ മറ്റൊരു പ്രധാന ഘടകം ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവാണ്. എന്നാൽ, ആ ഉത്തരവിന്റെ നിയമപരമായ സ്വഭാവംതന്നെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. കാരണം, ആരോപണവിധേയരായ വീണയെയോ എക്‌സാലോജിക്കിനെയോ നേരിട്ട് കേൾക്കാതെ സമിതി തീരുമാനത്തിലെത്തിയതാണ്. അർധ ജുഡീഷ്യൽ ബോഡി ചെയ്യേണ്ട അടിസ്ഥാന നടപടിപോലും പാലിച്ചില്ല. അതിലുപരി, സിഎംആർഎൽ കമ്പനിയുടെ എംഡിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നൽകിയ തിരുത്തൽ അഫിഡവിറ്റിൽ നിയമവിരുദ്ധമായ പണക്കൈമാറ്റമെന്ന ആക്ഷേപം പൂർണമായും നിഷേധിച്ചിരുന്നു.
തുടർന്ന് ചർച്ചകൾ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയ മറ്റു ചില രേഖകളിലേക്കും അവിടെ പണമിടപാടുമായി കണ്ടെത്തിയ ചുരുക്കെഴുത്തുകളിലേക്കും നീങ്ങി. ‘പിവി’, ‘ആർസി’, ‘ഒസി’, ‘കെകെ’, ‘ഐകെ’ എന്നിങ്ങനെ എഴുതിയെന്നാണ് ആദായനികുതി വകുപ്പ് പറഞ്ഞത്. എന്നാൽ, ആ രേഖകൾ ഇന്നുവരെ പൊതുജനം കണ്ടിട്ടില്ല. ഇന്ത്യയിലെ നീതിന്യായ സംഹിതയുടെ അടിസ്ഥാനത്തിൽ ഇവ എത്രമാത്രം തെളിവായി സ്വീകരിക്കാനാകുമെന്നതിനും സംശയമാണ്.
അതിലും പ്രധാനം ആ ചുരുക്കെഴുത്തിൽനിന്ന് ‘പിവി’ മാത്രം തെരഞ്ഞെടുത്ത്, അത് പിണറായി വിജയനാണെന്ന് പറഞ്ഞതും അതേ രേഖയിലെ ‘ആർസി’, ‘ഒസി’, ‘കെകെ’, ‘ഐകെ’ എന്നിവയെക്കുറിച്ച് മൗനം പാലിച്ചതുമാണ്. ഇതിനെ കോടതികളും ചോദ്യം ചെയ്തു. ഒരേ രേഖയിൽനിന്ന് ഒരുഭാഗം മാത്രമെടുത്ത് ‘സെലക്‌ടീവ്’ അന്വേഷണം നടത്താൻ സാധിക്കില്ലെന്നത് ഇന്ത്യൻ തെളിവ് നിയമത്തിന്റെ അടിസ്ഥാനതത്വമാണ്. പിന്നീട് രാഷ്ട്രീയനേതാക്കളായ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ സിഎംആർഎല്ലിൽനിന്ന് സംഭാവന സ്വീകരിച്ചതായി സമ്മതിക്കുകയും ചെയ്തു. ‘പിവി’ എന്ന പരാമർശം തന്നെക്കുറിച്ചല്ലെന്നും പണം സ്വീകരിച്ചിട്ടില്ലെന്നും പിണറായി വിജയൻ നിസ്സംശയം വ്യക്തമാക്കി.
പിന്നീടാണ് എസ്‌എഫ്‌ഐഒ എന്ന ‘ഗൗരവമായ കോർപറേറ്റ് സാമ്പത്തിക കുറ്റങ്ങളുടെ അന്വേഷണ ഏജൻസി’യുടെ രംഗപ്രവേശം. 2024ൽ കേന്ദ്ര സർക്കാർ കേസ് അവർക്ക് കൈമാറി. 2025ൽ എസ്എഫ്ഐഒ എറണാകുളം സെഷൻസ് കോടതിയിൽ കേസ് ചാർജ് ചെയ്തു. ഇതിന്മേലുള്ള തുടർനടപടികൾ ഡൽഹി/കേരള ഹൈക്കോടതികൾ ജൂലൈ ആദ്യവാരം സ്റ്റേ ചെയ്തു. കേസ് എസ്എഫ്ഐഒയുടെ അന്വേഷണത്തിലിരിക്കെ (റിപ്പോർട്ട് സമർപ്പിക്കുംമുമ്പ്) ഇഡി, സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് സമൻസ് നൽകി. ഇതിനെ സിഎംആർഎൽ ഉദ്യോഗസ്ഥർ കേരള ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. ഇത് തീർപ്പാക്കിയ കോടതി ഇഡി അന്വേഷണമാകാമെന്ന നിലപാടെടുത്തു. എ ന്നാൽ, സമൻസ് ഉൾപ്പെടെയുള്ള പ്രാരംഭ അന്വേഷണ നടപടികൾ ഒഴിവാക്കി മാധ്യമശ്രദ്ധ പിടിച്ചുപറ്റാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീട്ടിലും പിണറായിയിലെ വീട്ടിലും മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ കുടുംബവീട്ടിലും ഉൾപ്പെടെ വ്യാപക റെയ്ഡിനാണ് ഇഡി തുനിഞ്ഞത്.
ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സിഎംആർഎൽ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിരിക്കുകയാണ്. ഇഡിയുടെ അനാവശ്യ തിടുക്കം രാഷ്ട്രീയ ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യക്തമാണ്. അന്വേഷണമാകാമെന്ന തീരുമാനം വന്ന ഉടൻ അപ്പീലിനുള്ള സമയപഴുത് അടച്ചുള്ള ഇഡിയുടെ റെയ്ഡ്. എന്നാൽ, നാല് കേന്ദ്ര ഏജൻസി (ആദായനികുതി, ആർഒസി, എസ്‌എഫ്‌ഐഒ, ഇഡി) രണ്ടു വർഷത്തിലേറെയായി അന്വേഷിച്ചിട്ടും കുറ്റകൃത്യം തെളിയിക്കാനായിട്ടില്ല. ഇപ്പോൾ റെയ്ഡിലൂടെ ബാങ്ക് പാസ്ബുക്കും ചില സ്റ്റേറ്റ്‌മെന്റുകളും കിട്ടിയെന്നാണ് പ്രചരിപ്പിക്കുന്നത്. ഇത് കിട്ടാനാണെങ്കിൽ ബാങ്കിന് മെയിൽ അയച്ചാൽ പോരേ. ഇതെല്ലാം ചേർത്തുവച്ച് നോക്കുമ്പോൾ, ഈ കേസ് സാധാരണ സാമ്പത്തികത്തർക്കത്തിൽനിന്ന് രാഷ്ട്രീയ ആയുധമായി മാറിയ പ്രക്രിയയായാണ് കാണാനാകുന്നത്.















