Deshabhimani

Articles

അഭിമാനത്തോടെ 
16–ാം സംസ്ഥാന സമ്മേളനത്തിലേക്ക്‌

അഭിമാനത്തോടെ 
16–ാം സംസ്ഥാന സമ്മേളനത്തിലേക്ക്‌

DYFI.jpg
avatar
വി കെ സനോജ്‌

Published on Aug 20, 2026, 01:30 AM | 4 min read

ഡിവൈഎഫ്‌ഐയുടെ 16–ാമത്‌ സംസ്ഥാന സമ്മേളനത്തിന് തൃശൂരിലെ പൊതുസമ്മേളനവേദിയായ സഖാവ് വി എസ്‌ നഗറിൽ പതാക ഉയർന്നിരിക്കുകയാണ്. കൂത്തുപറമ്പ് രക്തസാക്ഷി സഖാവ് പുഷ്‌പന്റെ സ്‌മരണാർഥം നാമകരണംചെയ്ത നഗറിൽ ചേരുന്ന പ്രതിനിധി സമ്മേളനത്തിൽ 14 ജില്ലകളിൽനിന്നായി തെരഞ്ഞെടുത്ത 600 പ്രതിനിധികൾ പങ്കെടുക്കും. ഈ സമ്മേളന കാലയളവിൽ നടത്തിയ സമര-സംഘടനാപ്രവർത്തനങ്ങളും വിവിധ വിഷയങ്ങളിൽ കൈക്കൊണ്ട രാഷ്ട്രീയ അഭിപ്രായങ്ങളും സന്നദ്ധസേവന–ജീവകാരുണ്യ മേഖലകളിൽ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളും, ഇതിന്റെയെല്ലാം നേട്ടങ്ങളും പോരായ്‌മകളും സമ്മേളനം ഇഴകീറി പരിശോധിക്കും. വരുംകാല സമരസംഘടനാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനുള്ള ആലോചനകളും നടത്തും.

പന്ത്രണ്ടുവർഷമായി രാജ്യം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെ വിദ്യാർഥികളും -യുവജനങ്ങളും നടത്തിയ ഐതിഹാസികസമരം വിജയംകണ്ടിരിക്കുന്ന രാഷ്ട്രീയപശ്ചാത്തലത്തിലാണ് ഈ സംസ്ഥാന സമ്മേളനം നടക്കുന്നത്.


നമ്മുടെ രാജ്യത്തിന്റെ നിർമിതിയിലേക്ക് നയിച്ച സാമൂഹ്യമുന്നേറ്റ സമരങ്ങളുടെ ചരിത്രത്തിലും യുവതയുടെ സജീവനേതൃത്വം കാണാം. അയൽരാജ്യങ്ങളിൽ ഉൾപ്പെടെ ലോകത്തിന്റെ പലഭാഗങ്ങളിലും നടന്ന സമീപകാല പ്രക്ഷോഭങ്ങളിലെ വർത്തമാനകാല അനുഭവവും ഇതുതന്നെയാണ്. ഫ്രഞ്ച് വിപ്ലവത്തിന്റെയും റഷ്യൻ വിപ്ലവത്തിന്റെയും ആശയപ്രപഞ്ചത്തിൽ ആകൃഷ്ടരായി ദേശീയപ്രസ്ഥാനത്തിൽ അണിനിരന്ന്, ബ്രിട്ടീഷ്‌ വാഴ്ചയ്ക്കെതിരായി സമരത്തിൽ പങ്കെടുത്തവർ കൂടുതലും യുവജനങ്ങളായിരുന്നു. 1930കളിൽ വടക്കൻ കേരളത്തിലെ കരിവെള്ളൂരിൽ എ വി കുഞ്ഞമ്പുവിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട അഭിനവ ഭാരത് യുവ സംഘവും തിരുവനന്തപുരം ബാലരാമപുരത്ത്‌ പൊന്നറ ശ്രീധറിന്റെയും എൻ സി ശേഖറിന്റെയും നേതൃത്വത്തിൽ രൂപംകൊണ്ട യൂത്ത് ലീഗും അടക്കമുള്ള സംഘടനകളും ഈ ചരിത്രത്തിന്റെ ഭാഗമാണ്. ഈ സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ പാരമ്പര്യം പിൻപറ്റിയാണ് 1959ൽ എഐവൈഎഫും പിന്നീട്‌ 1968-ൽ കെഎസ്‌വൈഎഫും 1980ൽ ഡിവൈഎഫ്ഐയും രൂപംകൊണ്ടത്‌.


ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ സാമ്രാജ്യത്വവിരുദ്ധ–സോഷ്യലിസ്റ്റ് ആശയങ്ങളുടെ പാരമ്പര്യം ഉൾക്കൊള്ളുന്ന സംഘടന ദേശീയതലത്തിൽ വേണമെന്ന ആലോചനയുടെ അടിസ്ഥാനത്തിലാണ്‌ 1980 നവംബർ മൂന്നിന്‌ പഞ്ചാബിലെ ലുധിയാനയിൽ ഡിവൈഎഫ്‌ഐ രൂപംകൊള്ളുന്നത്‌. ‘എല്ലാവർക്കും തൊഴിൽ, എല്ലാവർക്കും വിദ്യാഭ്യാസം’ എന്ന ഇന്ത്യൻ യുവജനതയുടെ അടിസ്ഥാനപരമായ ആവശ്യങ്ങൾക്കുവേണ്ടിയുള്ള പോരാട്ടമാണ് രൂപീകരണംമുതൽ ഡിവൈഎഫ്‌ഐ ഏറ്റെടുത്തിട്ടുള്ളത്. ഇന്നും ശക്തമായി തുടരുന്ന ആ പോരാട്ടങ്ങളെ ദുർബലപ്പെടുത്താൻ കോർപറേറ്റ് മൂലധനശക്തികൾ പ്രയോഗിക്കുന്ന അടിച്ചമർത്തലിന്റെയും വിഭജനത്തിന്റെയും യുക്തികളെയെല്ലാം നേരിട്ടാണ്‌ ഡിവൈഎഫ്‌ഐ രാജ്യത്തുടനീളം പ്രവർത്തിക്കുന്നത്.


സാമ്രാജ്യത്വവിരുദ്ധ ദേശീയബോധം നിറഞ്ഞുനിന്ന സ്വാതന്ത്ര്യസമരപോരാട്ടങ്ങളുടെ ആഗോളചരിത്രത്തിലെ യുവപ്രതിനിധികളായ ഭഗത്‌ സിങ്ങിന്റെയും ചെ ഗുവേരയുടെയും തോമസ് സങ്കാരയുടെയും വംശാവലിയിൽപ്പെട്ട യുവതതന്നെയാണ് മോദിസർക്കാരിനെ പിടിച്ചുകുലുക്കിയ ജന്തർമന്തർ സമരത്തിലും അണിനിരന്നത്. വിദ്യാർഥികളുടെ വ്യത്യസ്തവും ക്രിയാത്മകവുമായ സമരരീതിക്കുമുന്നിൽ സംഘപരിവാർ ഐടി സെല്ലിന്റെ പതിവ് വിഭജനയുക്തി ആഖ്യാനങ്ങൾക്കൊന്നും പിടിച്ചുനിൽക്കാനായില്ല. ധർമേന്ദ്ര പ്രധാന്‌ രാജിവച്ചിറങ്ങേണ്ടി വന്നു. അധികാരവും അകമഴിഞ്ഞ കോർപറേറ്റ് പിന്തുണയുടെ പണക്കൊഴുപ്പുംകൊണ്ട് പിടിച്ചുനിൽക്കുന്ന സംഘപരിവാറിനെ പരാജയപ്പെടുത്താൻ കഴിയില്ലെന്നു കരുതിയ ജനതയ്‌ക്ക്‌ ഈ പുതുതലമുറ സമരവിജയം നൽകിയ ആത്മവിശ്വാസം ചെറുതല്ല. ഈ സമരത്തിൽ എസ്എഫ്ഐ, എഐഎസ്എഫ്, ഐസ അടക്കമുള്ള ഇടതുപക്ഷ വിദ്യാർഥിസംഘടനകളുടെ പങ്ക് ആവേശം പകരുന്നതാണ്.


കേരളത്തിൽ വലതുപക്ഷം അധികാരത്തിൽ വന്നപ്പോഴെല്ലാം മലയാളിസാമൂഹ്യജീവിതത്തിന്റെ അടിസ്ഥാനമായ വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം തുടങ്ങിയ മേഖലകളിൽ പൊതുസ്വത്തുക്കളുടെ സ്വകാര്യവൽക്കരണം ശക്തമായി നടന്നിട്ടുണ്ട്‌. ഇപ്പോൾ അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാരും അതേപാതയിലാണെന്ന് മൂന്നുമാസംകൊണ്ട് തെളിയിച്ചു. ഇതിനെതിരെ, ജനപക്ഷത്ത് നിന്നുകൊണ്ട് കേരളത്തിന്റെ സാമൂഹ്യനേട്ടങ്ങളെ സംരക്ഷിച്ചുനിർത്താനുള്ള സമരങ്ങളുടെ നേതൃത്വമാകാൻ ഇടതുപക്ഷത്തിനുമാത്രമേ കഴിയൂ. അതേസമയം, പരസ്പരപൂരകങ്ങളായി പ്രവർത്തിക്കുന്ന ഭൂരിപക്ഷ–-ന്യൂനപക്ഷ വർഗീയശക്തികൾക്ക് കേരളത്തിലെ പൊതുമണ്ഡലത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ആശയപരമായ മുന്നേറ്റത്തെ അങ്ങേയറ്റം ഗൗരവത്തോടെ കാണണം.


കേന്ദ്രഭരണത്തെയും ഗവർണറെയും ഉപയോഗപ്പെടുത്തി ജനങ്ങളെ വർഗീയമായി വിഭജിക്കാൻ ആർഎസ്‌എസും ജമാഅത്തെ ഇസ്ലാമിയും കാസ പോലുള്ള ഗ്രൂപ്പുകളും നടത്തുന്ന പ്രവർത്തനങ്ങൾ കേരളത്തിന്റെ മതനിരപേക്ഷശരീരത്തിന് ഏൽപ്പിച്ച പരിക്കുകൾ ചെറുതല്ല. വർഗീയശക്തികളുടെ ഈ മുന്നേറ്റത്തെ തടയാനായി, മതനിരപേക്ഷതയിലും സാഹോദര്യത്തിലും കെട്ടിപ്പടുത്ത കേരളീയ നവോത്ഥാനമൂല്യങ്ങൾ തലമുറകളിലേക്ക് പകരാനുള്ള രാഷ്ട്രീയപദ്ധതികൾ ആവിഷ്‌കരിക്കാനും നടപ്പാക്കാനും നമുക്ക് കഴിയേണ്ടതുണ്ട്. അതിൽ നിർണായക ചുമതലയാണ് ഡിവൈഎഫ്‌ഐക്ക്‌ നിറവേറ്റാനുള്ളത്‌. ഈ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്, 1925ൽ ശിവഗിരിയിൽ നടന്ന മഹാത്മാഗാന്ധി–-ശ്രീനാരായണ ഗുരു കൂടിക്കാഴ്ചയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ "യുഗസംവാദം' എന്ന പേരിൽ കേരളത്തിലുടനീളം 100 പ്രഭാഷണങ്ങൾ സംഘടിപ്പിച്ചത്.


​ആഗോളരാഷ്ട്രീയ വിഷയങ്ങളിൽ സാമ്രാജ്യത്വവിരുദ്ധനിലപാട് ഉയർത്തിപ്പിടിക്കുന്ന ഡിവൈഎഫ്ഐയുടെ സമീപനം ശരിയാണെന്ന് നമുക്കെല്ലാം അനുഭവത്തിൽ ബോധ്യമായ കാലംകൂടിയാണിത്. അമേരിക്കൻ സാമ്രാജ്യത്വം ഇറാനുമേൽ അഴിച്ചുവിട്ട ഏകപക്ഷീയ ആക്രമണത്തെ തുടർന്നുണ്ടായ ഊർജപ്രതിസന്ധി നമ്മുടെ അടുക്കളകളെപ്പോലും ബാധിച്ചു. മുതലാളിത്തം നേരിടുന്ന ഘടനാപരമായ പ്രതിസന്ധിയെ ഗ്ലോബൽ സൗത്തിലെ രാജ്യങ്ങൾക്കുമുകളിലുള്ള ചൂഷണവും അതിക്രമവുംകൊണ്ട് മറികടക്കാമെന്നാണ് അമേരിക്കൻ സാമ്രാജ്യത്വം കരുതുന്നത്. എന്നാൽ, സോവിയറ്റാനന്തരം രൂപപ്പെട്ട ഏകധ്രുവലോകത്തിന് അവസാനംകുറിച്ച്‌, ചൈനയുടെ നേതൃത്വത്തിൽ ബ്രിക്‌സ് രാജ്യങ്ങളുടെ മുൻകൈയിൽ ഉയർന്നുവരുന്ന ബഹുധ്രുവലോകം അമേരിക്കയ്ക്ക്‌ ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല. സാങ്കേതികമികവിലും ഉൽപ്പാദന-വ്യാപാര മേഖലയിലെ മുന്നേറ്റത്തിലും സ്വന്തം ജനതയുടെ ക്ഷേമങ്ങൾക്ക്‌ ഉ‍ൗന്നൽനൽകുന്നതിലും ചൈനയുടെ സോഷ്യലിസ്റ്റ് മാതൃക മനുഷ്യരാശിക്ക് വലിയ പ്രതീക്ഷ നൽകുന്നത്‌ ആവേശകരമാണ്‌.


തെറ്റായ സാമ്പത്തികനയങ്ങൾക്കെതിരെ തൊഴിലില്ലായ്‌മ ഉൾപ്പെടെയുള്ള പ്രശ്നങ്ങളുയർത്തി സമരങ്ങളുമായി മുന്നോട്ടുപോകുമ്പോൾത്തന്നെ, സംഘടനാ പ്രവർത്തനവ്യാപ്‌തി കാലാനുസൃതമായി വിപുലീകരിക്കാൻ ഡിവൈഎഫ്‌ഐ ശ്രമിക്കുന്നുണ്ട്‌. "ലഹരിയാകാം കളിയിടങ്ങളോട്' എന്ന മുദ്രാവാക്യം ഉയർത്തി സംഘടന നടത്തിയ ലഹരിവിരുദ്ധ ക്യാമ്പയിനും ശ്രദ്ധേയമായി. ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ലോകത്തിനാകെ മാതൃകയാകുംവിധമുള്ള പ്രവർത്തനങ്ങളാണ് ഡിവൈഎഫ്‌ഐ സമീപകാലത്ത് നടത്തിയത്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി 100 വീട് നിർമിക്കാൻ 20 കോടി രൂപ സമാഹരിച്ച്‌ നൽകിയത്. ആക്രി ശേഖരിച്ചും ചായക്കട നടത്തിയും കൂലിപ്പണികൾ ചെയ്തും പുസ്തകങ്ങൾ വിറ്റും വാഹനങ്ങൾ കഴുകിയും മീൻവിൽപ്പന നടത്തിയുമൊക്കെയാണ്‌, ഇത്രയും പണം കണ്ടെത്താനുള്ള പ്രവർത്തനങ്ങളിൽ കേരളത്തിലുടനീളം ഡിവൈഎഫ്ഐ പ്രവർത്തകർ പങ്കാളികളായത്‌. മുണ്ടക്കൈ, -ചൂരൽമല ദുരന്തത്തിന്റെ ആദ്യനാൾമുതൽ ജീവൻ പണയംവച്ചും ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് നടത്തിയ രക്ഷാപ്രവർത്തനങ്ങൾ രാഷ്ട്രീയ എതിരാളികളുടെയും പ്രശംസയ്‌ക്ക്‌ പാത്രമായി.


ലോകത്ത് മറ്റൊരു യുവജനസംഘടനയ്‌ക്കും ആലോചിക്കാൻ കഴിയാത്ത രീതിയിൽ ദിവസവും ശരാശരി 50,000 പൊതിച്ചോറുകളാണ് ‘ഹൃദയപൂർവം’ പദ്ധതിയിലൂടെ ഡിവൈഎഫ്ഐ വിതരണം ചെയ്യുന്നത്. പത്തുവർഷമായി അത് മുടങ്ങാതെ നടക്കുന്നു. യഥാർഥത്തിൽ ശ്രീനാരായണ ഗുരു ഉയർത്തിപ്പിടിച്ച "സോദരത്വേന’ എന്ന ആശയത്തിന്റെ പ്രയോഗവൽക്കരണമാണ് പൊതിച്ചോറിലൂടെയും രക്തദാനത്തിലൂടെയും ഡിവൈഎഫ്ഐ മുന്നോട്ടുവയ്ക്കുന്നത്. മാതൃകാപരമായ ഈ പ്രവർത്തനങ്ങൾക്കിടയിലും ‘ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം' എന്നമട്ടിൽ, മാധ്യമപിന്തുണയോടെ ഡിവൈഎഫ്‌ഐയെ അപകീർത്തിപ്പെടുത്താൻ പാകത്തിൽ ഹീനമായ വ്യാജപ്രചാരണങ്ങൾ നടത്തുന്നുണ്ട്‌. കെഎസ്‌വൈഎഫിൽനിന്ന്‌ ഡിവൈഎഫ്ഐ രൂപീകരണത്തിലേക്ക് എത്തിയപ്പോൾ കൊടിയുടെ നിറംമാറ്റത്തിന്റെ പേരിൽ സംഘടനയ്ക്കെതിരെ നടത്തിയ പ്രചാരണത്തിന്റെ ശൈലികളിൽനിന്ന്‌ മാധ്യമങ്ങൾ ഒട്ടും മാറിയിട്ടില്ല. അതിനെയെല്ലാം അതിജീവിച്ച് ഈ യുവജനപ്രസ്ഥാനം മുന്നോട്ടുപോകും.

സമീപകാലത്ത്, സാങ്കേതികവിദ്യ മനുഷ്യജീവിതത്തിന്റെ സാമൂഹിക-–സാംസ്‌കാരിക വ്യവഹാരങ്ങളിൽ തീർത്ത മാറ്റങ്ങൾ വളരെ വലുതാണ്.


ഈ മാറ്റത്തെ അഭിമുഖീകരിക്കാൻപാകത്തിൽ യുവജനസംഘടനാ പ്രവർത്തനത്തിന്റെ ഉള്ളടക്കത്തെയും പ്രചാരണരീതിയെയും കാലോചിതമാക്കേണ്ടതുണ്ട്‌. അതിനുതകുന്ന ക്രിയാത്മകചർച്ചകളും നിർദേശങ്ങളും ഉയർന്നുവരണം. ഇ‍ൗ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് യുവ സാഹിത്യപ്രതിഭകളെ അണിനിരത്തി ‘വൈവിധ്യങ്ങളുടെ ആഘോഷം’ എന്ന മുദ്രാവാക്യം മുൻനിർത്തി യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിന് തുടക്കംകുറിച്ചത്. രണ്ട് എഡിഷനുകൾ പൂർത്തിയാകുമ്പോൾ വൻസ്വീകാര്യതയാണ് ഈ സാഹിത്യോത്സവത്തിന് ലഭിച്ചിരിക്കുന്നത്. "മവാസോ' എന്ന പേരിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച സ്റ്റാർട്ടപ് ഫെസ്റ്റിവൽ കേരളത്തിന് അകത്തും പുറത്തും യുവസംരംഭകർക്കിടയിൽ വലിയ പ്രശസ്തി നേടി. വ്യക്തിപരമായ കഴിവും അറിവും ആനന്ദവുമെല്ലാമാണ് മനുഷ്യജീവിതത്തിന്റെ ഭാഗധേയത്തെ നിർണയിക്കുന്നതെന്ന വ്യക്തികേന്ദ്രീകൃതമായ നിയോലിബറൽ യുക്തി സാമാന്യയുക്തിയായി തീരുന്ന കാലത്ത് കൂട്ടായ്മയിലൂടെയും പങ്കുവയ്ക്കലുകളിലൂടെയും രൂപപ്പെടുന്ന അറിവിന്റെയും ആനന്ദത്തിന്റെയും സാമൂഹ്യവൽക്കരണത്തിനുള്ള ശ്രമങ്ങൾ പുതിയ സമരമുഖമാകും എന്ന ബോധ്യമാണ് "മവാസോ'യുടെ ആശയ അടിത്തറ.


സമരസംഘടനാപ്രവർത്തനത്തിനുപുറമെ തൊഴിൽ, വിദ്യാഭ്യാസം, സന്നദ്ധപ്രവർത്തനം, കല, സാഹിത്യം, കായികം, സംരംഭകത്വം തുടങ്ങി യുവജനങ്ങളുടെ സാമൂഹ്യജീവിതത്തെ അർഥപൂർണമാക്കുന്ന ഏതാണ്ട് എല്ലാ മേഖലകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ ഡിവൈഎഫ്ഐ ശ്രമിച്ചിട്ടുണ്ട്. കാലത്തിന്റെ പുതിയ വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ട് സോഷ്യലിസ്റ്റ് ലോകനിർമിതിക്കായുള്ള സമരങ്ങളുടെ യുവജന നേതൃത്വമാകാൻ ഡിവൈഎഫ്ഐയുടെ പ്രവർത്തനചക്രവാളം ഇനിയും വിപുലീകരിക്കേണ്ടതുണ്ട്. അതിനുതകുംവിധത്തിൽ സർഗാത്മകവും സമരോത്സുകവുമായ പ്രവർത്തനങ്ങൾക്ക് ഊർജംപകരാൻ ഈ സംസ്ഥാന സമ്മേളനത്തിന് കഴിയുമെന്ന്‌ ഉറപ്പുണ്ട്.

(ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയാണ്‌ ലേഖകൻ)



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home