അറിവിന്റെ ജനകീയവൽക്കരണം


ഡോ. അബേഷ് രഘുവരൻ
Published on Feb 12, 2026, 10:38 PM | 2 min read
രാജ്യത്തെ മികച്ച സർവകലാശാലകളുടെ ലിസ്റ്റിൽ കുസാറ്റ് അടയാളപ്പെടുത്തുമ്പോഴും ഉന്നത ശാസ്ത്രനേട്ടങ്ങളും കുട്ടികൾക്കായുള്ള പഠന ഗവേഷണ സൗകര്യങ്ങളും പൊതുജനങ്ങൾക്ക് പ്രാപ്യമാക്കാൻ കഴിയുന്നുണ്ടോ എന്ന ചോദ്യം ഉയരാറുണ്ട്. അതിനാണ് വ്യാഴാഴ്ച ആരംഭിച്ച ‘കുസാറ്റ് നോളജ് ഫെസ്റ്റിവൽ’ ഉത്തരമാകുന്നത്. കുസാറ്റിലെ എല്ലാ പഠനവിഭാഗങ്ങളും പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കുമായി ഈ രണ്ടു ദിനങ്ങൾ തുറക്കും. ആർക്കും വരാം, ഇവിടെയുള്ള സൗകര്യങ്ങൾ ചോദിച്ചും കണ്ടും മനസ്സിലാക്കാം.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തെ കുതിച്ചുചാട്ടം ഏറെ പ്രതിഫലിച്ച സർവകലാശാലയാണ് കുസാറ്റ്. 55 വർഷത്തെ അക്കാദമിക് യാത്രയിൽ നേടിയെടുത്ത മികവുകൾ ഏറെയാണ്. നാക് ഇവാല്യൂവേഷൻ രംഗത്ത് നിരന്തരമായി എ ഗ്രേഡ്, രണ്ടുതവണ ചാൻസിലേഴ്‌സ് പുരസ്‌കാരം, എൻഐആർഎഫ്, ക്യുഎസ് അന്താരാഷ്ട്ര റാങ്കിങ്ങിൽ മികച്ച പ്രകടനം, ഇന്ത്യയിലെ സർക്കാർ സർവകലാശാലകളിൽ ആദ്യ 10 റാങ്കിൽ വന്ന കേരളത്തിലെ സർവകലാശാല എന്നിവയൊക്കെ ഇവയിൽ ചിലതുമാത്രം.
എന്നാൽ, ഇതുമാത്രമല്ല കുസാറ്റിനെ വ്യത്യസ്തമാക്കുന്നത്. മറ്റെവിടെയും ഇല്ലാത്തതോ അപൂർവമായതോ ആയ ധാരാളം കോഴ്‌സുകളാണ് ഏറ്റവും വലിയ പ്രത്യേകത. കുസാറ്റിലെ കുഞ്ഞാലിമരക്കാർ സ്‌കൂൾ ഓഫ് മറൈൻ എൻജിനിയറിങ് സമുദ്ര എൻജിനിയറിങ് രംഗത്തെ രാജ്യത്തെതന്നെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമാണ്. എല്ലാവർഷവും 100 ശതമാനം പ്ലേസ്മെന്റുള്ള ഡിപ്പാർട്ട്മെന്റ്. കൂടാതെ എൻജിനിയറിങ് വിഭാഗങ്ങൾക്കായി ഒരു പ്രത്യേക ക്യാമ്പസ്, മറൈൻ സയൻസിനായി പ്രത്യേക ക്യാമ്പസ് എന്നിവ കുസാറ്റിനെ കൂടുതൽ മികവുറ്റതാക്കുന്നു.

തെക്കേ ഇന്ത്യയിലെ മറ്റൊരു സർവകലാശാലകൾക്കും അവകാശപ്പെടാൻ കഴിയാത്ത മികച്ച കംപ്യൂട്ടിങ് മികവോടെ, കിഫ്‌ബി സഹായത്തോടെ 26 കോടി രൂപ ചെലവഴിച്ച് നിർമിച്ച ഹൈബ്രിഡ് ഹൈപെർഫോമൻസ് കംപ്യൂട്ടിങ് സിസ്റ്റം കാണാനുള്ള അവസരവും നോളജ് ഫെസ്റ്റിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. കൂടാതെ 118 കോടി ചെലവിൽ വിവിധ വകുപ്പുകളിലായി വാങ്ങിയ വിലകൂടിയതും സങ്കീർണവുമായ ഉപകരണങ്ങളും പരിചയപ്പെടാം.
സർവകലാശാലയിൽ 33 പഠനവിഭാഗങ്ങളാണുള്ളത്. അവയിൽ ഏറെയും ശാസ്ത്രസാങ്കേതിക വിഷയങ്ങളാണെങ്കിലും മറ്റ് വിഭാഗങ്ങളായ നിയമവും ബിസിനസും സാമ്പത്തികപഠനവും ഹിന്ദിയും ഇംഗ്ലീഷുമുണ്ട്. പഠനവിഭാഗങ്ങൾക്കൊപ്പം ശാസ്ത്രം സമൂഹവുമായി ചേർത്തുവയ്‌ക്കുന്ന സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി, കാലാവസ്ഥാപഠനം കൂടുതൽ രസകരമാക്കുന്ന അഡ്വാൻസ്‌ഡ് റഡാർ സെന്റർ എന്നിങ്ങനെ എണ്ണംപറഞ്ഞ സെന്ററുകൾ വേറെയുമുണ്ട്.
വിഭാഗങ്ങളുടെ സന്ദർശനങ്ങൾക്കൊപ്പം, വിവിധ ഡിപ്പാർട്ട്‌മെന്റുകളുടെ സ്റ്റാളുകൾ, പ്രഗല്‌ഭർ നയിക്കുന്ന ക്ലാസുകൾ, എക്‌സിബിഷൻ, കുട്ടികൾക്കായുള്ള ക്വിസ് മത്സരങ്ങൾ എന്നിങ്ങനെ വിവിധ പരിപാടികളോടെയാണ് നോളജ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. വിവിധ ക്ലാസുകളിൽ കുട്ടികൾക്ക് പങ്കെടുക്കാം. സ്‌കൂൾ ഓഫ് എൻജിനിയറിങ്ങിലാകട്ടെ ‘വിഭവ’ എന്നപേരിൽ വിപുലമായ പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ മൾട്ടി നാഷണൽ കമ്പനികളുടെ പ്രതിനിധികൾ, സ്റ്റാർട്ടപ് കമ്പനികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന സെമിനാറുകൾ, ഓട്ടോമോട്ടീവ് പ്രദർശനത്തിൽ പ്രീമിയം, എക്സോട്ടിക് വിഭാഗത്തിലെ കാറുകൾ സ്ഥാനംപിടിക്കും. ഇവയെല്ലാം എൻജിനിയറിങ് പഠിക്കാൻ ഇഷ്ടപ്പെടുന്ന കുട്ടികൾക്ക് വലിയ ഊർജമാകും.
സർവകലാശാലകൾ സമൂഹത്തിന് ഗുണകരമാകണമെന്ന നിർബന്ധബുദ്ധിയുടെ ഉൽപ്പന്നമാണ് ‘കുസാറ്റ് നോളജ് ഫെസ്റ്റിവൽ’. ഉന്നതവിദ്യാഭ്യാസരംഗത്തിന് ഉണർവേകുക എന്നത് സമൂഹത്തിന്റെയും കാലത്തിന്റെയും ആവശ്യമാണ്. വിദ്യാഭ്യാസത്തെയും ശാസ്ത്രത്തെയും സമൂഹത്തോട് അടുപ്പിക്കുകയെന്നത് ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും ആത്യന്തികമായ കടമയുമാണ്. നോളജ് ഫെസ്റ്റിവലിലൂടെ കുസാറ്റ് ആ ലക്ഷ്യത്തിലേക്ക് കുറെക്കൂടി അടുക്കുകയാണ്.
(കൊച്ചി സർവകലാശാല, സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ അസി. പ്രൊഫസറാണ് ലേഖകൻ)















