കോർപറേറ്റ് ക്വട്ടേഷൻ

ടി ചന്ദ്രമോഹൻ
Published on Feb 22, 2026, 11:09 PM | 4 min read
ബിസിനസ് മേഖലയിലെ എതിരാളികളെ തകർക്കാൻ മുംബൈയിലും മറ്റ് നഗരങ്ങളിലും അധോലോകനായകൻമാരുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘങ്ങളെ ഇറക്കുന്നത് പതിവായിരുന്നു. ക്വട്ടേഷൻ ഏറ്റെടുത്ത് ചില വ്യവസായ ഗ്രൂപ്പുകളെയും വ്യവസായികളെയും തകർത്ത ചരിത്രവുമുണ്ട്. കേരളത്തിൽത്തന്നെ ഉദാഹരണങ്ങളുണ്ട്. 1980കളുടെ തുടക്കത്തിൽ രൂപംകൊണ്ട ചിട്ടിക്കന്പനികളെ തകർക്കാൻ മലയാളത്തിലെ പ്രമുഖപത്രം മുന്നിലുണ്ടായിരുന്നു. ഒടുവിൽ പല ചിട്ടിക്കന്പനികളും തകർന്നു. പതിനായിരക്കണക്കിനാളുകൾക്ക് വലിയ സാന്പത്തിക നഷ്ടം ഉണ്ടായി. പത്രമാനേജ്‌മെന്റുമായി ബന്ധപ്പെട്ട ബാങ്കിങ് ഇതര ധനകാര്യസ്ഥാപനത്തിന്റെ വളർച്ചയ്‌ക്കുവേണ്ടിയായിരുന്നു മറ്റ് ചിട്ടിക്കന്പനികളെ തകർക്കാനായി ഇൗ ക്വട്ടേഷൻ. പതിനായിരക്കണക്കിന് ആളുകളിൽനിന്നും ജീവനക്കാരിൽനിന്നും ആയിരത്തിലേറെ കോടി രൂപ സമാഹരിച്ചശേഷം പത്രവുമായി ബന്ധപ്പെട്ട ധനകാര്യസ്ഥാപനം മുങ്ങി. അതിലൂടെ ലഭിച്ച കോടികൾകൊണ്ട് മറ്റ് വ്യവസായ സ്ഥാപനങ്ങൾ വളർത്തി. കോർപറേറ്റ് മേഖലയിലെ ചില സ്വകാര്യ ബാങ്കുകൾക്കുവേണ്ടി സഹകരണ സ്ഥാപനങ്ങളെ തകർക്കാൻ വർഷങ്ങൾക്കുമുന്പ് ഏറ്റെടുത്ത ക്വട്ടേഷൻ പണി ചില മാധ്യമങ്ങൾ തുടരുകയാണ്.
ഏത് ആരോഗ്യ സൂചകമെടുത്താലും കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ എത്രയോ മുന്നിലാണ്. ഈ നേട്ടങ്ങളുടെ പിന്നിൽ നമ്മുടെ പൊതുആരോഗ്യ സംവിധാനമാണ്. ഇൗ സംവിധാനത്തെ തകർത്തേ തീരൂവെന്ന വാശി ചിലർക്കുള്ളതുപോലെയാണ് നിരന്തര വാർത്തകൾ
ഇതിന് സമാനമായ രീതിയിലാണ് കേരളത്തിലെ പൊതുആരോഗ്യസംവിധാനത്തെ തകർത്ത് വൻകിട കോർപറേറ്റ് ആശുപത്രി ശൃംഖലകളുടെ വ്യാപനത്തിനായി ചില മാധ്യമങ്ങളും യുഡിഎഫും ക്വട്ടേഷൻ ഏറ്റെടുത്തിരിക്കുന്നത്. പഴയ കെട്ടിടം തകർന്നു വീഴൽ, വർഷങ്ങൾക്കുമുന്പും അടുത്തിടെയും ഉണ്ടായ ഒറ്റപ്പെട്ട ചികിത്സാപ്പിഴവുകൾ, മെഡിക്കൽ കോളേജ് ആശുപത്രികളിലെ ചില ഉപകരണങ്ങളുടെ ലഭ്യതക്കുറവ് തുടങ്ങിയ ചെറിയ പ്രശ്‌നങ്ങളെ ഉൗതിപ്പെരുപ്പിച്ച് ‘സിസ്‌റ്റം തകർന്നുവെന്ന’ കോലാഹലം സൃഷ്ടിക്കുന്നു. ഇത് വൻകിട കോർപറേറ്റ് ആശുപത്രി ശൃംഖലകളെ സഹായിക്കാനാണ്. ഏത് ആരോഗ്യ സൂചകമെടുത്താലും കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ എത്രയോ മുന്നിലാണ്. ഈ നേട്ടങ്ങളുടെ പിന്നിൽ നമ്മുടെ പൊതുആരോഗ്യ സംവിധാനമാണ്. ഇൗ സംവിധാനത്തെ തകർത്തേ തീരൂവെന്ന വാശി ചിലർക്കുള്ളതുപോലെയാണ് നിരന്തര വാർത്തകൾ. സർക്കാർ ആശുപത്രികൾ തകർന്നാൽ ആർക്കാണ് നേട്ടം എന്നത് പരിശോധിച്ചാൽ വാർത്തകൾക്കുപിന്നിലെ പ്രേരകശക്തികളെയും അവരുടെ സാന്പത്തിക താൽപ്പര്യങ്ങളും മനസ്സിലാക്കാനാകും.
എന്തുകൊണ്ട് ഇത്ര വ്യാപകമായി സർക്കാരിന്റെ ആരോഗ്യസംവിധാനത്തെ ഒരു വിഭാഗം മാധ്യമങ്ങളും പ്രതിപക്ഷവും വിമർശിക്കുന്നു എന്നതിനെ രണ്ട് രീതിയിൽ വിലയിരുത്താവുന്നതാണ്. ഒന്നാമതായി, 2023 ഒക്ടോബറിനുശേഷം ആരോഗ്യമേഖലയിൽ കുറഞ്ഞത് പത്ത് സ്വകാര്യ ഓഹരി നിക്ഷേപകരെങ്കിലും വലിയ തോതിൽ മുതൽമുടക്ക് നടത്തിയിട്ടുണ്ട്. 10000–12000 കോടി രൂപയുടെ നിക്ഷേപം കടന്നുവന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ന്യൂയോർക്ക് ആസ്ഥാനമായ കോൾബെർഗ് ക്രാപ്‌സ് റോബർട്‌സ് (കെകെആർ), മറ്റൊരു അമേരിക്കൻ സ്ഥാപനമായ ബ്ലാക്ക് സ്‌റ്റോൺ തുടങ്ങിയ വിദേശ നിക്ഷേപകർക്കൊപ്പം ഐസിഐസിഐ വെഞ്ച്വർ, സിഎക്‌സ് പാർട്ട്‌ണേഴ്‌സ് പോലുള്ള സ്ഥാപനങ്ങളും നിക്ഷേപം നടത്തി. സമീപഭാവിയിൽ മധ്യകേരളത്തിലെ കൂടുതൽ സ്വകാര്യാശുപത്രികളെ ഏറ്റെടുക്കാനായി 10000–15000 കോടി രൂപകൂടി നിക്ഷേപിക്കാനും പദ്ധതിയുണ്ട്.

ബ്ലാക്ക് സ്‌റ്റോണിന്റെ ഉടമസ്ഥതയിലുള്ള ഹൈദരാബാദ് ആസ്ഥാനമായ ആശുപത്രി പ്ലാറ്റ്‌ഫോമായ ക്വാളിറ്റി കെയർ ഏകദേശം 3500 കോടി രൂപ (40 കോടി ഡോളർ) നിക്ഷേപിച്ചാണ് തിരുവനന്തപുരം ആസ്ഥാനമായ കിംസ്‌ഹെൽത്ത് മാനേജ്‌മെന്റിന്റെ 80 ശതമാനം ഓഹരികൾ വാങ്ങിയത്. മറ്റൊരു അമേരിക്കൻ സ്ഥാപനമായ ടിപിജികൂടി 850 കോടി രൂപ നിക്ഷേപിച്ച് പങ്കാളിയായി. ഡോക്ടർ ആസാദ് മൂപ്പൻ സ്ഥാപിച്ച ആസ്‌റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ ക്വാളിറ്റി കെയറുമായി ലയിച്ചു. 2024 ജൂലൈയിൽ കോഴിക്കോട് ആസ്ഥാനമായ ബേബി മെമ്മോറിയൽ ഹോസ്‌പിറ്റലിൽ (ബിഎംഎച്ച്) കെകെആർ 70 ശതമാനം ഓഹരി പങ്കാളിത്തം നേടി. തുടർന്ന് ബിഎംഎച്ച് തൊടുപുഴയിലെ 350 കിടക്കകളുള്ള ചാഴിക്കാട്ട് മൾട്ടിസ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റലും കോഴിക്കോട്ടെ മെയ്‌ത്രയും ഏറ്റെടുത്തു. കേരളത്തിലെ പ്രധാന നഗരങ്ങളിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റലുകളിലെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കാനുള്ള ചർച്ച തുടരുകയാണ്. രണ്ടാമതായി, പൊതുനിക്ഷേപം വർധിപ്പിച്ച് മികവുറ്റ ആരോഗ്യപരിചരണം സൗജന്യവും സാർവത്രികവുമാക്കിയ കേരളത്തിന്റെ ആരോഗ്യമികവിനെ തകർത്താൽ മാത്രമേ വൻകിട സ്വകാര്യ ആശുപത്രികൾക്ക് വ്യാപിക്കാനാകൂ.

1957ലെ ഇ എം എസ് സർക്കാർ തുടങ്ങിവച്ച ആരോഗ്യനയത്തിന്റെയും പിന്നീട് അധികാരത്തിലെത്തിയ ഇടതുപക്ഷ നേതൃത്വത്തിലുള്ള സർക്കാരുകളുടെയും ഇടപെടലിനെ തുടർന്നാണ് പൊതുആരോഗ്യമേഖല ശക്തിപ്പെട്ടത്. 2016ൽ ഭരണമേറ്റ എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യബോധത്തോടെയും ചിട്ടയോടെയുമുള്ള പ്രവർത്തനങ്ങളിലൂടെ വലിയ മുന്നേറ്റമുണ്ടായി. മെഡിക്കല്‍ കോളേജുകള്‍, ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉള്‍പ്പെടുന്ന ആശുപത്രി ശൃംഖലയിൽ 20,000 കോടിയോളം രൂപയുടെ വികസനമാണ് നടന്നത്. ഡോക്ടർമാരുൾപ്പെടെ 12,000ത്തിലേറെ അധിക തസ്തികകൾ സൃഷ്‌ടിച്ചു. എല്ലാ മരുന്നുകളും ചികിത്സാ ഉപകരണങ്ങളും സംവിധാനങ്ങളും ലഭ്യമാക്കി. ജില്ലാ ജനറല്‍ ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ലഭ്യമാക്കി. എല്ലാ ജില്ലാതല ആശുപത്രികളിലും കാത്ത്‌ലാബും ഇന്റന്‍സീവ് കൊറോണറി കെയര്‍ യൂണിറ്റുകളും ആരംഭിച്ചു. സ്വകാര്യ ആശുപത്രികളില്‍ 30 –50 ലക്ഷം രൂപ ചെലവുവരുന്ന കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടത്തി. 2022 ഫെബ്രുവരിയില്‍ കോട്ടയം മെഡിക്കല്‍ കോളേജിലാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആദ്യമായി വിജയകരമായി നടന്നത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും നടന്നു. കോഴിക്കോട് മെഡിക്കൽ കോളേജും സജ്ജമായി. കോഴിക്കോട് ചേവായൂരിൽ 643 കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിയാണ്.

സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽമാത്രം നടത്തിയിരുന്ന നവീന ചികിത്സാ സൗകര്യങ്ങളും ആൻജിയോപ്ലാസ്റ്റിയും ബൈപാസ് സർജറിയും അവയവമാറ്റ ശാസ്ത്രക്രിയകളും സർക്കാർ ആശുപത്രികളിൽ ലഭ്യമാണ്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ ഹൃദയമാറ്റശസ്ത്രക്രിയയും ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും ആരംഭിച്ചു. രാജ്യത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ന്യൂറോ കാത്ത്‌ലാബ് ഉള്‍പ്പെടെ സമഗ്ര സ്ട്രോക്ക് യൂണിറ്റും ഇന്റര്‍വെന്‍ഷന്‍ ന്യൂറോളജിയും തയ്യാറാക്കി. സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി എസ്എംഎ (സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി) ക്ലിനിക് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ സ്ഥാപിച്ചു. ക്രിട്ടിക്കല്‍ കെയര്‍, ജനറ്റിക്സ്, ജെറിയാട്രിക്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, റുമറ്റോളജി, പീഡിയാട്രിക് ഗ്യാസ്‌ട്രോ, ഫീറ്റല്‍ മെഡിസിന്‍ എന്നിവയ്-ക്ക് പ്രത്യേക വിഭാഗങ്ങള്‍ ആരംഭിച്ചു. ഇതൊക്കെ സ്വകാര്യമേഖലയിൽനിന്നും രോഗികളെ സർക്കാർ ആശുപത്രികളിലേക്ക് ആകർഷിക്കുന്നു. ഇത് സ്വകാര്യമേഖലയുടെ ലാഭക്കൊള്ളയ്‌ക്ക് കടിഞ്ഞാണിടും. കോർപറേറ്റുകൾ കോടികൾ മുടക്കി വൻകിട സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി ശൃംഖലകളുടെ നിയന്ത്രണം ഏറ്റെടുത്തതോടെ അവർക്ക് ലാഭം കൊയ്യാൻ കേരളത്തിലെ സർക്കാർ ആശുപത്രികളെ തകർക്കേണ്ടത് അനിവാര്യമായി.
മെഡിക്കല്‍ കോളേജുകള്‍, ജില്ലാ, ജനറല്‍ ആശുപത്രികൾ സൂപ്പർസ്‌പെഷ്യാലിറ്റി സൗകര്യത്തോടെ വികസിക്കുന്നത് മനസ്സിലാക്കിയാണ് സ്വകാര്യ കോർപറേറ്റ് ആശുപത്രികളെ സഹായിക്കാൻ യുഡിഎഫും ചില മാധ്യമങ്ങളും തുടർച്ചയായി രംഗത്തിറങ്ങിയിരിക്കുന്നത്. കോടിക്കണക്കിന് രൂപയാണ് ഇതിനായി കോർപറേറ്റുകൾ ഒഴുക്കുന്നത്
2011 മുതൽ 16 വരെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് സർക്കാർ ആശുപത്രികളുടെ ദയനീയസ്ഥിതി പറയുന്ന വാർത്തകളും ദൃശ്യങ്ങളും ഇപ്പോഴും പൊതുഇടങ്ങളിൽ ലഭ്യമാണ്. രോഗികൾ മരുന്നില്ലാതെ, ഡോക്ടറില്ലാതെ, ബെഡില്ലാതെ, പഴകിയ പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിൽ വരാന്തയിലും മറ്റും കഴിഞ്ഞിരുന്ന ദുരിതപൂർണമായ കാലമായിരുന്നു അത്. സർക്കാർ ആതുരാലയങ്ങളുടെ ദയനീയസ്ഥിതി മുതലെടുത്ത് അമിത ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന വൻകിട സ്വകാര്യ ആശുപത്രികൾ തടിച്ചുകൊഴുത്തതും അക്കാലത്തായിരുന്നു. കുടുംബാരോഗ്യകേന്ദ്രങ്ങളിൽ രണ്ട് ഷിഫ്‌റ്റായി ഡോക്ടർമാരുടെ സേവനവും പരിശോധനയും സൗജന്യമായി മരുന്നും ഉറപ്പാക്കുന്നതിനാൽ സാന്പത്തിക ശേഷിയുള്ളവരും സർക്കാർ ആശുപത്രികളിലാണ് ചികിത്സതേടിയെത്തുന്നത്. ലാഭം കുറഞ്ഞതോടെ കഴിഞ്ഞ വർഷങ്ങളിൽ ഗ്രാമപ്രദേശങ്ങളിലെയും ചെറിയ ടൗണുകളിലെയും സ്വകാര്യക്ലിനിക്കുകളും ചെറുകിട ആശുപത്രികളും പൂട്ടുന്ന സാഹചര്യവും ഉണ്ടായി. മെഡിക്കല്‍ കോളേജുകള്‍, ജില്ലാ, ജനറല്‍ ആശുപത്രികൾ സൂപ്പർസ്‌പെഷ്യാലിറ്റി സൗകര്യത്തോടെ വികസിക്കുന്നത് മനസ്സിലാക്കിയാണ് സ്വകാര്യ കോർപറേറ്റ് ആശുപത്രികളെ സഹായിക്കാൻ യുഡിഎഫും ചില മാധ്യമങ്ങളും തുടർച്ചയായി രംഗത്തിറങ്ങിയിരിക്കുന്നത്. കോടിക്കണക്കിന് രൂപയാണ് ഇതിനായി കോർപറേറ്റുകൾ ഒഴുക്കുന്നത്. ജനങ്ങളെ സർക്കാർ ആശുപത്രികളിൽനിന്നും അകറ്റുക എന്നത് മാത്രമാണ് ഇതിനുപിന്നിൽ.

സർക്കാർ ആശുപത്രികളെക്കാൾ ചികിത്സാപ്പിഴവുകൾ റിപ്പോർട്ട് ചെയ്യുന്നത് സ്വകാര്യ ആശുപത്രികളിലാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മാത്രം അറുനൂറിലേറെ ഗുരുതര ചികിത്സാപ്പിഴവുകളാണ് സ്വകാര്യ ആശുപത്രികളിൽ ഉണ്ടായത്. ഇതൊന്നും മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നില്ല. ഒരു വർഷത്തിനിടയിൽ മാത്രം വലതുപക്ഷ പത്രങ്ങൾ പല ദിവസങ്ങളിലും രണ്ടും മൂന്നും പേജുകളാണ് സർക്കാർ ആശുപത്രികളെ തകർക്കാൻ മാറ്റിവച്ചത്. ആഴ്‌ചയിൽ ഒരു എഡിറ്റോറിയൽ എന്നതും പതിവാക്കി. ചികിത്സാപ്പിഴവ് റിപ്പോർട്ടുചെയ്യുന്ന സ്വകാര്യ ആശുപത്രികളുടെ പേര് പോലും പറയാൻ യുഡിഎഫ് പത്രം തയ്യാറാകുന്നില്ല. പത്ര മാനേജ്‌മെന്റുമായി ബന്ധപ്പെട്ട കുടുംബങ്ങൾ വൻകിട സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളുടെ ഉടമകളാണെന്നതും എടുത്തുപറയേണ്ടതാണ്. സർക്കാർ ആശുപത്രികളിലെ പിഴവ് ചൂണ്ടിക്കാണിക്കുന്നത് മനസ്സിലാക്കാം. ഉന്നയിക്കപ്പെട്ട ഒറ്റപ്പെട്ട പ്രശ്നങ്ങളും ചികിത്സാപ്പിഴവുകളും പരിഹരിക്കുകയും ഇത് ആവർത്തിക്കാതിരിക്കാനുള്ള കർശന നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്. എന്നാൽ, ഒരു പോരായ്മയുടെ പേരിൽ ഒരു സംവിധാനത്തെയാകെ തകർക്കാൻ മാധ്യമങ്ങളും പ്രതിപക്ഷവും നടത്തുന്ന ശ്രമത്തെ ജനതാൽപ്പര്യമായി കാണാനാകില്ല. പൊതുജനാരോഗ്യ മേഖലയാകെ തകർന്നെന്ന് പ്രചരിപ്പിച്ച് രാഷ്‌ട്രീയ, സാന്പത്തിക നേട്ടമുണ്ടാക്കാനാണ് പ്രതിപക്ഷവും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും ശ്രമിക്കുന്നത്. ദിവസം കഴിയുന്തോറും ഇത് കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.















