ad
Deshabhimani

കോലീബിയുടെ പുതിയ പതിപ്പുകൾ

bjp congress alliance
റഷീദ്‌ ആനപ്പുറം

Published on Jan 22, 2026, 10:55 PM | 3 min read

‘പരമ്പരാഗത വൈരം മറന്ന്‌ നിശ്ചിത ലീഗ്‌–കോൺഗ്രസ്‌ സ്ഥാനാർഥികൾക്ക്‌ വോട്ട്‌ നൽകാൻ ബിജെപി പ്രവർത്തിച്ചു. ആ വോട്ട്‌ പാഴാകില്ലെന്നും ബിജെപി സ്ഥാനാർഥികളായ കെ ജി മാരാർ, കെ രാമൻപിള്ള, ഒ രാജഗോപാൽ എന്നിവർക്ക്‌ യുഡിഎഫ്‌ വോട്ട്‌ നൽകി ജയിപ്പിക്കുമെന്നും അവർ ഉറച്ച്‌ വിശ്വസിച്ചു. അസ്‌പൃശ്യതയ്ക്ക്‌ അന്ത്യംകുറിച്ച്‌ മുന്നണിരാഷ്‌ട്രീയത്തിന്റെ മുഖ്യധാരയിൽ ബിജെപി കടന്ന ആ തന്ത്രം തെരഞ്ഞെടുപ്പുവേളയിൽ ഏറെ പ്രകീർത്തിക്കപ്പെട്ടു’– കേരളത്തിലെ യുഡിഎഫ്‌–ബിജെപി പരസ്യ കൂട്ടുകെട്ടിനെക്കുറിച്ച്‌ (കോലീബി) ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കെ ജി മാരാർ ‘രാഷ്‌ട്രീയത്തിലെ സ്‌നേഹസാഗരം’ എന്ന ജീവചരിത്രത്തിൽ എഴുതിയതാണിത്‌. 1991ൽ നിയമസഭയിലേക്കും ലോക്‌സഭയിലേക്കും നടന്ന തെരഞ്ഞെടുപ്പിലെ കൂട്ടുകെട്ടിനെ ‘പാഴായിപ്പോയ പരീക്ഷണം’ എന്ന അധ്യായത്തിലാണ്‌ വിശദീകരിക്കുന്നത്‌.


​ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ ആർഎസ്‌എസുകാരനായ കെ മാധവൻകുട്ടിയും വടകര ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസുകാരനായ അഡ്വ. രത്നസിങ്ങും സംയുക്ത സ്ഥാനാർഥികളായി. ഇതോടൊപ്പം മറ്റ്‌ ഇരുപതിടത്തും ധാരണയുണ്ടാക്കി. ഇതിൽ മഞ്ചേശ്വരത്ത്‌ കെ ജി മാരാർ, തിരുവനന്തപുരത്ത്‌ കെ രാമൻപിള്ള, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ഒ രാജഗോപാൽ എന്നീ ബിജെപി സ്ഥാനാർഥികളെ വിജയിപ്പിക്കാമെന്ന്‌ യുഡിഎഫ്‌ ഏറ്റു. എന്നാൽ, മതനിരപേക്ഷ കേരളം ആ അവിശുദ്ധ കൂട്ടുകെട്ടിനെ അറബിക്കടലിലെറിഞ്ഞു.


BJPCongressLeague


​എന്നാൽ, കേരളത്തിൽ ആ കൂട്ടുകെട്ട്‌ നിർബാധം തുടരുകയാണ്‌. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ നേമത്ത്‌ ജയിക്കാൻ സ‍ൗകര്യം ഒരുക്കിയത്‌ യുഡിഎഫാണ്‌. കോൺഗ്രസുകാർ തങ്ങളുടെ വോട്ട്‌ ബിജെപി സ്ഥാനാർഥിക്ക്‌ മറിച്ചു. യുഡിഎഫ്‌ സ്ഥാനാർഥിയായിരുന്ന കെ സുരേന്ദ്രൻപിള്ളതന്നെ ഇ‍ൗ വഞ്ചന തുറന്നുപറഞ്ഞു. 2021ൽ എൽഡിഎഫിലെ വി ശിവൻകുട്ടി ബിജെപിയുടെ അക്ക‍ൗണ്ട്‌ പൂട്ടിച്ചത്‌ മറ്റൊരു ചരിത്രം. പിന്നീട്‌ തൃശ‍ൂർ ലോക്‌സഭാ മണ്ഡലത്തിൽ സുരേഷ്‌ ഗോപിയെ ജയിപ്പിക്കാനും കോൺഗ്രസ് വോട്ട്‌ മറിച്ചു. ഇപ്പോഴിതാ തദ്ദേശ തെരഞ്ഞെടുപ്പിൽ തൃശൂരിലെ മറ്റത്തൂരിലും തിരുവനന്തപുരം കോർപറേഷനിലും അടക്കം കോലീബി സഖ്യം പ്രാവർത്തികമായി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഇ‍ൗ ധാരണയ്ക്കുള്ള നീക്കം തുടങ്ങിയിട്ടുണ്ട്‌.


​ഹിന്ദുത്വശക്തികളെ പ്രീതിപ്പെടുത്തി അവരുടെ വോട്ട്‌ കീശയിലാക്കാൻ കോൺഗ്രസ്‌ രംഗത്തിറങ്ങുന്പോൾ മുസ്ലിം മതരാഷ്‌ട്രവാദികളുടെ വോട്ട്‌ ഉറപ്പിക്കാനുള്ള കളി ലീഗും ആരംഭിച്ചു. മുസ്ലിം സംഘടനകൾ അകറ്റിനിർത്തിയ ജമാഅത്തെ ഇസ്ലാമിയെയും എസ്‌ഡിപിഐയെയും സ്വന്തം ചിറകിനുക‍ീഴിൽ സംരക്ഷിക്കുകയാണ്‌ ലീഗ്‌. മതനിരപേക്ഷ കേരളത്തെ അങ്ങേയറ്റം തകർക്കുന്ന നിലപാടാണ്‌ ഇരു വർഗീയതയെയും പ്രീണിപ്പിച്ച്‌ കോൺഗ്രസും ലീഗും ചെയ്യുന്നത്‌.


V D Satheeshan Mattathur Operation Lotus


​ആർഎസ്‌എസ്‌, ബിജെപി, ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ എന്നിവയോടുള്ള മുഹബത്ത്‌ ഉള്ളിലൊളിപ്പിച്ചാണ്‌ പ്രതിപക്ഷനേതാവടക്കം വർഗീയതയ്‌ക്കെതിരെ ആഹ്വാനം ചെയ്യുന്നത്‌. ഗോൾവാൾക്കറുടെ ചിത്രത്തിനുമുന്പിൽ വിളക്ക്‌ കത്തിച്ച്‌ തൊഴുത്‌ ആർഎസ്‌എസ്‌ വിധേയത്വം നേരത്തേ തെളിയിച്ചയാളാണ്‌ വി ഡി സതീശൻ. മലബാറിൽ കൂടുതൽ സ്‌കൂളുകൾക്ക്‌ എൻഒസി നൽകിയതിനെയും വിമർശിച്ചു. ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനത്തെ വർഗീയമായി ചിത്രീകരിച്ചും ആർഎസ്എസുകാരുടെ പ്രിയങ്കരനായി. ഇതേ സതീശനാണ്‌ നിലന്പൂർ ഉപതെരഞ്ഞെടുപ്പുകാലത്ത്‌ ജമാഅത്തെ ഇസ്ലാമിയുടെ വോട്ടിനായി അവർക്കിപ്പോൾ വർഗീയതയേയില്ല എന്നു പരസ്യമായി പറഞ്ഞത്‌. ​​ആർഎസ്എസ്‌ സംഘടന സ്വദേശി ജാഗരൺ മഞ്ചിന്റെ സംസ്ഥാന കൺവീനറായ രഞ്ജിത് കാർത്തികേയനൊപ്പം കിഫ്‌ബിക്കെതിരെ നിയമ നടപടി സ്വീകരിച്ചു. കടുത്ത മുസ്ലിംവിരുദ്ധനും അവസരം കിട്ടുന്പോഴെല്ലാം മുസ്ലിംവിരുദ്ധത ഛർദിക്കുകയും ചെയ്യുന്ന മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ അറസ്റ്റ്‌ ചെയ്‌തപ്പോൾ ഇയാൾക്കായും സതീശൻ രംഗത്തുവന്നു. പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക ഇഫ്താർ വിരുന്നിൽ ഷാജനെ വിളിച്ച്‌ സൽക്കരിച്ചു.


​കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയിൽ കടന്നുകയറാൻ ആർഎസ്‌എസ്‌ നടത്തുന്ന നീക്കത്തിന്‌ വെള്ളമൊഴിച്ചുകൊടുക്കുന്നതും സതീശനാണ്‌. പാവ വിസിമാരെ ഉപയോഗിച്ച്‌ ഗവർണർ നടത്തുന്ന നീക്കത്തെ ശക്തമായി പ്രതിരോധിച്ച എസ്‌എഫ്‌ഐയെ ഗുണ്ടകളെന്നാണ്‌ വിളിച്ചത്‌. കലിക്കറ്റ്‌ സർവകലാശാലയിൽ കോലീബി സഖ്യമുണ്ടാക്കി. അതിന്റെ ഭാഗമായി കോൺഗ്രസ്‌ അധ്യാപകനേതാവ്‌ ഡോ. പി രവീന്ദ്രനെ വിസിയാക്കി. അദ്ദേഹം പിന്നീട്‌ സേവാഭാരതി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. എന്നാൽ, അതിനെതിരെ ഒരക്ഷരം വി ഡി സതീശൻ ഉരിയാടിയിട്ടില്ല.


​കേന്ദ്രസർക്കാരിന്റെ അഭിഭാഷകപാനൽ കഴിഞ്ഞമാസം പുറത്തുവന്നപ്പോൾ അതിലും കേരളത്തിലെ ഒരു കോൺഗ്രസ്‌ എംഎൽഎയുണ്ട്. മുൻ കോൺഗ്രസ്‌ മുഖ്യമന്ത്രിയുടെ മകൻകൂടിയാണ്‌ അദ്ദേഹം. കടുത്ത സംഘപരിവാർ അനുകൂലികളെമാത്രം ഉൾപ്പെടുത്തുന്നതാണ്‌ ഇ‍ൗ പാനൽ.


​ആർഎസ്എസ് ശാഖയ്ക്ക് കാവൽനിന്നിട്ടുണ്ടെന്ന് അഭിമാനത്തോടെ പറഞ്ഞത്‌ മുൻ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ. എടക്കാട്, തോട്ടട, കിഴുന്ന മേഖലയിൽ ആർഎസ്എസ് ശാഖ തകർക്കാൻ സിപിഐ എം ശ്രമിച്ചിരുന്നുവെന്നും കോൺഗ്രസ്‌ പാർടിക്കാർ ശാഖയ്ക്ക് കാവൽനിന്നു എന്നുമല്ലേ സുധാകരമൊഴി. തലശേരി കലാപകാലത്ത്‌ സിപിഐ എം പ്രവർത്തകർ ന്യൂനപക്ഷങ്ങൾക്ക്‌ കാവൽനിന്ന്‌ രക്തസാക്ഷിയായപ്പോൾ കോൺഗ്രസ്‌ കാവൽനിന്നത്‌ ആർഎസ്‌എസ്‌ ശാഖയ്ക്ക്‌. ഇ എം എസിനെയും എ കെ ജിയെയും തോൽപ്പിക്കാൻ പാലക്കാടിന്റെ മണ്ണിൽ ആർഎസ്എസുമായി കൂട്ടുകൂടിയ ചരിത്രമുള്ള കോൺഗ്രസിൽനിന്ന്‌ വേറെന്ത്‌ പ്രതീക്ഷിക്കാൻ?



Deshabhimani
Home