വെട്ടിമാറ്റപ്പെടുന്ന പൗരാവകാശം


ആർ രാജഗോപാൽ
Published on Jun 29, 2026, 10:43 PM | 4 min read
ആ നിഷേധം വെറും നാല് വാക്കുകളിലാണ് എഴുതപ്പെട്ടിരുന്നത്: "Excluded in deleted list’ (ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നു). മുന്പ്, കൊൽക്കത്തയിലെ ബാലിഗഞ്ച് മണ്ഡലത്തിലെ വോട്ടർപ്പട്ടികയിൽനിന്ന് എന്റെ പേര് നീക്കംചെയ്തതിനെക്കുറിച്ചും 20 വർഷമായി ഉപയോഗിക്കുന്ന (അതേ വിലാസത്തിൽ നിന്നുതന്നെ മുന്പ് പുതുക്കിയ) എന്റെ പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള പൊലീസ് വെരിഫിക്കേഷൻ വൈകുന്നതിനെക്കുറിച്ചും പരാതി പറഞ്ഞപ്പോൾ മുതിർന്ന മാധ്യമപ്രവർത്തകൻ എന്നെ ശാസിച്ചു.
"ഇന്ത്യയിലെ പാവപ്പെട്ടവർക്കും അരികുവൽക്കരിക്കപ്പെട്ടവർക്കും ഇത്തരം നിഷേധങ്ങൾ ജീവിതത്തിന്റെ ഭാഗമാണ്. നിങ്ങളിത് ഇപ്പോഴാണോ അറിയുന്നത്’ എന്നായിരുന്നു ആ മുതിർന്ന മാധ്യമപ്രവർത്തകൻ എന്നോട് ചോദിച്ചത്. ഞാൻ ഒരുനിമിഷം ഞെട്ടിപ്പോയി. എന്നാൽ, എന്റെ അവസ്ഥയെക്കുറിച്ച് എങ്ങനെ സംസാരിച്ചാലും, അത് എന്റെ ‘ആനക്കൊമ്പി’ലെ ജീവിതത്തിൽനിന്ന് താഴെയിറങ്ങി ഇരവാദം (victim card) കളിക്കാനുള്ള ശ്രമമായിമാത്രമേ ആളുകൾ കാണൂവെന്ന് ഞാൻ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് ഈ അനുഭവത്തെക്കുറിച്ച് എഴുതാൻ ആദ്യം മടിച്ചത്.
കൊൽക്കത്തയിലെ എജെസി ബോസ് റോഡിലുള്ള സെക്യൂരിറ്റി കൺട്രോൾ പാസ്‌പോർട്ട് വെരിഫിക്കേഷൻ ഓഫീസിലെ ഉദ്യോഗസ്ഥന്, എന്റെ ഫയലിൽനിന്ന് കീറിയെടുത്ത ഒരു പേപ്പർ കഷണത്തിൽ ഞാൻ പേരും വിവരങ്ങളും എഴുതിനൽകിയപ്പോഴാണ് അതിനു താഴെ ഈ വാക്കുകൾ കുറിച്ചുകിട്ടിയത്. ഈ ഓഫീസിന്റെ ചുമതല പാസ്‌പോർട്ട് അപേക്ഷകരുടെ പശ്ചാത്തലം പരിശോധിക്കുക എന്നതാണ്.
ബാലിഗഞ്ച് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് എന്നോട് പാസ്‌പോർട്ട് വെരിഫിക്കേഷൻ ഓഫീസിൽ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടത്. ഞാൻ 30 വർഷമായി കൊൽക്കത്തയിലാണ് ജീവിക്കുന്നത്. 25 വർഷത്തിലേറെയായി ബാലിഗഞ്ചിലെ ഇതേ വിലാസത്തിലും. 2010 മുതൽ അവിടത്തെ വോട്ടറുമാണ്. ഈ നഗരം ആസ്ഥാനമായ ‘ദ ടെലിഗ്രാഫ്' പത്രത്തിന്റെ എഡിറ്ററായിരുന്നു ഞാൻ. 2023 സെപ്തംബറിൽ ആ ചുമതല പെട്ടെന്ന് അവസാനിക്കുന്നതുവരെ ഏഴുവർഷം ആ പദവിയിലുണ്ടായിരുന്നു. ഇപ്പോൾ സ്ഥിരതാമസ സ്ഥലമായ കൊൽക്കത്തയിലും ജനിച്ചുവളർന്ന തിരുവനന്തപുരത്തുമായാണ് സമയം ചെലവഴിക്കുന്നത്.
ഫെബ്രുവരി 27-നാണ് പാസ്‌പോർട്ട് പുതുക്കാനായി അപേക്ഷ സമർപ്പിച്ചത്. മാർച്ച് 19-ന് അപ്പോയിന്റ്മെന്റും ലഭിച്ചു. മാർച്ച് 27-ന് ബാലിഗഞ്ച് മണ്ഡലത്തിലെ വോട്ടർപ്പട്ടികയിൽനിന്ന് എന്റെ പേര് നീക്കംചെയ്‌തു. പശ്ചിമ ബംഗാളിലെ മറ്റ് 27 ലക്ഷത്തോളം താമസക്കാരെപ്പോലെ, "ലോജിക്കൽ പൊരുത്തക്കേടുകൾ’ (logical discrepancies) എന്നു പറയുന്ന കാരണത്താലാണ് ഞാനും പുറത്തായത്.
എസ്‌ഐആർ പ്രക്രിയയിൽ 2002-ലെ വോട്ടർപ്പട്ടികയിൽ എന്റെയോ എന്റെ അന്തരിച്ച അച്ഛന്റെയോ പേര് കണ്ടെത്താനായില്ല എന്നാണ് അവർ പറയുന്നത്. കേരളത്തിലെ ഗാന്ധി സ്മാരകനിധിയുടെ മുൻ സെക്രട്ടറിയും സാമ്പത്തികശാസ്ത്ര റിട്ടയേർഡ് പ്രൊഫസറുമായിരുന്ന എന്റെ അച്ഛൻ 2016-ൽ അന്തരിച്ചു. വോട്ടവകാശം കൃത്യമായി വിനിയോഗിച്ചിരുന്ന അദ്ദേഹത്തെപ്പോലൊരാൾ എങ്ങനെ വോട്ടർപ്പട്ടികയിൽ ഇല്ലാതെപോകുമെന്നത് ഇപ്പോഴും മനസ്സിലാകുന്നില്ല. മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടും എന്നെ ഒഴിവാക്കിയതിന് കൃത്യമായ കാരണം നൽകിയിട്ടില്ല. സുപ്രീംകോടതിയുടെ നിർദേശപ്രകാരം രൂപീകരിച്ച ട്രിബ്യൂണലുകളിലൊന്നിൽ എന്റെ അപ്പീൽ പരിഗണനയിലാണ്. ഇതിന്റെ ഫലമായി, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില്ല.
മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായില്ല
ഇതിലും സങ്കടകരമായത് പാസ്‌പോർട്ട് അപേക്ഷയുടെ അവസ്ഥയാണ്. 2026 മാർച്ച് 19-ന് ബയോമെട്രിക് നടപടികൾ പൂർത്തിയാക്കിയെങ്കിലും പൊലീസ് വെരിഫിക്കേഷൻ കുടുങ്ങി. ഒടുവിൽ ബാലിഗഞ്ച് സ്റ്റേഷനിലേക്ക് എന്നെ വിളിപ്പിച്ചു. മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ്, താമസരേഖ, അച്ഛന്റെ മരണ സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിച്ചു. അതിനുശേഷമാണ് പാസ്‌പോർട്ട് വെരിഫിക്കേഷൻ ഓഫീസിലേക്ക് വിട്ടത്.
മെയ് 20-ന് രാവിലെ അവിടെയെത്തി. ഒരു ഹാളിൽ കാത്തിരുന്നു. അവിടെനിന്ന് മറ്റൊരു ഹാളിനുമുന്നിലേക്ക് മാറാൻ പറഞ്ഞു. പേപ്പറിൽ പാസ്‌പോർട്ട് ഫയൽ നമ്പരും പേരും എഴുതി അകത്തേക്ക് കൊടുത്തുവിട്ടു. കുറച്ചുസമയത്തിനുശേഷം ഒരു ഉദ്യോഗസ്ഥൻ പുറത്തുവന്ന് എന്റെ പേര് വിളിച്ചു. ആ പേപ്പർ കഷണം അദ്ദേഹം തിരികെ തന്നു. അതിനുതാഴെ കൈപ്പടയിൽ എഴുതിയിട്ടുണ്ടായിരുന്നു: "Excluded in deleted list’.
ആ പേപ്പറിൽ ഒപ്പ് ഉണ്ടായിരുന്നില്ല; ആ ഉദ്യോഗസ്ഥൻ പേര് വെളിപ്പെടുത്തിയതുമില്ല. വോട്ടർപ്പട്ടികയിൽ പേര് തിരികെ വരാതെ പാസ്‌പോർട്ട് ക്ലിയറൻസ് നൽകാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കാത്തിരിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നായിരുന്നു മറുപടി. പാസ്‌പോർട്ട് പുതുക്കുന്നതിന് വോട്ടർ ഐഡി കാർഡ് നിർബന്ധമാണെന്ന് പറയുന്ന ഔദ്യോഗികരേഖകളൊന്നും കണ്ടിട്ടില്ലാത്തതിനാൽ ആശയക്കുഴപ്പത്തിലായി.
ജൂൺ 17-ന് റീജണൽ പാസ്‌പോർട്ട് ഓഫീസിൽനിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു: "നിങ്ങളുടെ ഫയൽ നമ്പരിനെതിരെ പ്രതികൂലമായ പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. കാരണം, വോട്ടർപ്പട്ടികയി-ൽനിന്ന് നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. ആയതിനാൽ ജൂലൈ 17-ന് കൊൽക്കത്തയിലെ ബ്രാബോൺ റോഡ് ഓഫീസിൽ നേരിട്ടെത്തുക.’ കൃത്യം ഒരുമാസത്തിനുശേഷമുള്ള (ജൂലൈ 17) തീയതിയാണ് എനിക്ക് ലഭിച്ചത്.
ഇതിനിടെ കലിഫോർണിയയിൽ മാധ്യമപ്രവർത്തകയായ ഞങ്ങളുടെ മകളുടെ വിവാഹം ഏപ്രിൽ 17-ന് സാൻഫ്രാൻസിസ്‌കോയിൽവച്ച് നടന്നു. സാധുവായ യുഎസ് വിസ ഉണ്ടായിരുന്നിട്ടും കൈയിൽ നിലവിലുള്ള പാസ്‌പോർട്ട് ഇല്ലാത്തതിനാൽ ആ വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.ഒരു പൗരൻ എന്ന നിലയിൽ ഞാനിപ്പോൾ തികച്ചും അനിശ്ചിതാവസ്ഥയിലാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള കുടുംബരേഖകളും മറ്റുരേഖകളും സംഘടിപ്പിക്കാനാണ് ഭൂരിഭാഗം സമയവും ചെലവഴിക്കുന്നത്.
ഓരോ ദിവസവും ആരംഭിക്കുന്നത് ട്രിബ്യൂണലിലെ വോട്ടവകാശ അപ്പീലിന്റെ അവസ്ഥയും പാസ്‌പോർട്ട് ട്രാക്കറും പരിശോധിച്ചുകൊണ്ടാണ്. അച്ഛനും അമ്മയും ഇവിടെ ജീവിച്ചിരുന്നവരാണെന്നും ഞാൻ ഒരു ഇന്ത്യൻ പൗരനാണെന്നും തെളിയിക്കാൻ സഹായിക്കുന്ന എന്തെങ്കിലും രേഖകൾക്കായി വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കത്തയക്കുകയോ സംസാരിക്കുകയോ ചെയ്യുന്നു.
1965-ൽ എന്റെ അമ്മ ഇക്കണോമിക്സ് പഠിപ്പിച്ചിരുന്ന തിരുവനന്തപുരത്തെ കോളേജുമായും 1959 വരെ അമ്മ പഠിച്ചിരുന്ന സ്കൂളുമായും രേഖകൾക്കായി ഞാൻ ബന്ധപ്പെടുന്നുണ്ട്. അമ്മ 1978-ൽ മരിച്ചതിനാൽ അവർ ഏത് വർഷമാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതെന്ന് കണ്ടെത്തുകപോലും പ്രയാസം. തിരുവനന്തപുരത്തെ ഹോളി ഏഞ്ചൽസ് കോൺവന്റ് സ്കൂൾ അധികൃതർ വളരെ കൃത്യതയോടെ രജിസ്റ്റർ പരിശോധിച്ച് അമ്മയുടെ പേര് കണ്ടെത്തി. അതൊരു വലിയ ചുവടുവയ്‌പാണ്, എങ്കിലും മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് ലഭിക്കാൻ കടമ്പകളുണ്ട്. എന്റെ അച്ഛൻ മദ്യപാനത്തിനും വർഗീയതയ്ക്കുമെതിരെ പ്രചാരണം നടത്തിയതിന്റെ എന്തെങ്കിലും വാർത്തകളോ ചിത്രങ്ങളോ ഉണ്ടോയെന്ന് അറിയാൻ കേരളത്തിലെ മദ്യവർജനപ്രവർത്തകരുമായി ബന്ധപ്പെടുന്നുണ്ട്.
അടുത്തയിടയ്ക്കാണ് എന്റെ ജനന സർട്ടിഫിക്കറ്റ് ലഭിച്ചത്. സ്കൂൾ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ 57 വർഷം ഇന്ത്യയിൽ സമാധാനമായി ജീവിക്കാനും പഠിക്കാനും ജോലി നേടാനും ഒരു കുടുംബം പുലർത്താനും കഴിഞ്ഞു എന്നത് ഞാൻ ജനിച്ചുവളർന്ന ഈ രാജ്യത്തിന്റെ മഹത്വത്തിന്റെ തെളിവാണ്. ഈ വർഷം മാർച്ചുമുതൽ ഞാൻ നടത്തുന്ന ഈ ശ്രമങ്ങളിൽ ചില അടുത്ത സുഹൃത്തുക്കളും പൊതുപ്രവർത്തകരും എന്നെ സഹായിച്ചിട്ടുണ്ട്.
എന്നാൽ, ഒരു മാധ്യമസ്ഥാപനവും എന്റെ ഈ അവസ്ഥയിൽ താൽപ്പര്യം കാണിച്ചതായി എനിക്കറിയില്ല. ഇത് എന്റെമാത്രം അവസ്ഥയല്ല. മാധ്യമപ്രവർത്തനത്തിൽ ജീവിതം ചെലവഴിക്കുകയും പ്രശസ്തമായ പത്രത്തിന്റെ എഡിറ്ററാവുകയും ചെയ്ത ഒരാൾക്ക് ഈ അവസ്ഥയാണെങ്കിൽ അരികുവൽക്കരിക്കപ്പെട്ടവരുടെ അവസ്ഥ എന്തായിരിക്കും? മുഖ്യധാരാ മാധ്യമപ്രവർത്തനത്തിന് സാധാരണ പൗരന്മാരുടെ ജീവിതവുമായി വലിയ ബന്ധമൊന്നുമില്ലെന്ന എന്റെ സംശയം സ്വന്തം അനുഭവത്തിലൂടെ വീണ്ടും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.
ഈ ഫുട്ബോൾ സീസണിൽ എണ്ണമറ്റ ഇന്ത്യക്കാരെപ്പോലെ ഞാനും ഒരു ഫുട്ബോളായി മാറിയിരിക്കുന്നു. ഒരു ഓഫീസിൽനിന്ന് മറ്റൊരു ഓഫീസിലേക്കും ഒരു പോർട്ടലിൽനിന്ന് മറ്റൊന്നിലേക്കും തട്ടിയകറ്റപ്പെടുന്നു.













