ചൈനയും മാധ്യമങ്ങളും ലോകക്രമവും

ചൈനീസ് കമ്യൂണിസ്‌റ്റ് പാർടിയുടെ അന്താരാഷ്‌ട്രവിഭാഗം(ഐഡിസിപിസി) സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ വിവിധ രാജ്യങ്ങളിൽ നിന്ന് പങ്കെടുത്തവർ.

സാജൻ എവുജിൻ
Published on Nov 26, 2025, 06:33 PM | 3 min read
ലോകത്തെ മാധ്യമങ്ങളിൽ 80 ശതമാനത്തിന്റെയും ഉടമകൾ പാശ്‌ചാത്യരാണ്. അതേസമയം വാർത്താ ഉള്ളടക്കത്തിന്റെ 70 ശതമാനവും ഗ്ലോബൽ സൗത്ത്(ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക, കരീബിയൻ)രാജ്യങ്ങളെക്കുറിച്ചാണ്. ഏകപക്ഷീയമായ വീക്ഷണങ്ങളും പക്ഷപാതവും നിറംപിടിപ്പിച്ച നുണകളുമാണ് ഭൂഗോളത്തിന്റെ ഇൗ ഭാഗത്തെക്കുറിച്ച് പാശ്‌ചാത്യ മാധ്യമങ്ങൾ മിക്കപ്പോഴും പ്രചരിപ്പിക്കുന്നത്.
ചൈനയിൽ മാധ്യമങ്ങളില്ലെന്നും മാധ്യമസ്വാതന്ത്ര്യമില്ലെന്നും ചില കേന്ദ്രങ്ങൾ ആക്ഷേപം ഉന്നയിക്കാറുണ്ട്. പാശ്‌ചാത്യലോകവുമായി സമ്പർക്കം നിഷേധിക്കപ്പെട്ട സമൂഹമാണ് ചൈനയിൽ പാർക്കുന്നതെന്നും പ്രചാരണം നടക്കുന്നു. ഇതിലൊക്കെ എത്രത്തോളം വാസ്‌തവമുണ്ട്? ചൈനയിൽ വളരെ ഉൗർജസ്വലമായി മാധ്യമങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് നേരിൽ ബോധ്യപ്പെടാൻ അവസരം ലഭിച്ചു. വിവിധ രാജ്യങ്ങളിലെ രാഷ്‌ട്രീയപാർടികളുടെ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവർക്കായി ചൈനീസ് കമ്യൂണിസ്‌റ്റ് പാർടിയുടെ അന്താരാഷ്‌ട്രവിഭാഗം(ഐഡിസിപിസി) സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതാണ് ഇതിനു വഴിയൊരുക്കിയത്. 18 രാജ്യങ്ങളിൽനിന്നുള്ള 22 പ്രതിനിധികളുടെ ഭാഗമായാണ് നവംബർ ഒൻപത് മുതൽ 18 വരെ ഞാൻ ചൈനയിൽ സന്ദർശനം നടത്തിയത്.
ദേശീയ തലത്തിലും പ്രവിശ്യാതലങ്ങളിലും വിപുലമായ മാധ്യമശൃംഖലകൾ ചൈനയിൽ പ്രവർത്തിക്കുന്നു. അന്താരാഷ്‌ട്ര മാധ്യമസ്ഥാപനമായ ചൈന ഗ്ലോബൽ ടെലിവിഷൻ നെറ്റ് വർക്ക്(സിജിടിഎൻ) 160ൽപരം രാജ്യങ്ങളിൽ സജീവ സാന്നിധ്യം നേടിയെടുത്തിട്ടുണ്ട്. ഓരോ പ്രവിശ്യയിലും ഏറ്റവും മികച്ച സൗകര്യങ്ങളോടെ മാധ്യമഗ്രൂപ്പുകൾ പ്രവർത്തിക്കുന്നു. നൂറുകണക്കിന് സ്‌റ്റുഡിയോകൾ, ആയിരക്കണക്കിന് മാധ്യമപ്രവർത്തകർ, ഏറ്റവും പുതിയ സാങ്കേതിക വിദ്യ എന്നിവ ഇൗ മാധ്യമഗ്രൂപ്പുകളെ ഏതു മത്സരം നേരിടാനും പ്രാപ്‌തമാക്കിയിട്ടുണ്ട്. അതത് സമയം കൃത്യവും വസ്‌തുനിഷ്‌ഠവുമായ വിവരങ്ങൾ ജനങ്ങളെ അറിയിക്കാനും ആഗോളതലത്തിൽ ആശയവിനിമയവും സംവാദവും സംസ്‌കാരിക സഹകരണവും നടത്താനും സംവിധാനം ഏർപ്പെടുത്തിയുമാണ് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയും സിപിസിയും മുന്നോട്ടുപോകുന്നത്. ചൈനയിലെ മാധ്യമശൃംഖലയെക്കുറിച്ച് ഇവിടെ കൂടുതൽ പരാമർശിക്കുന്നില്ല. അതേസമയം, ചൈനയെ വിമർശിക്കുന്ന പാശ്‌ചാത്യലോകത്തിന്റെയും മാധ്യമങ്ങളുടെയും തനിനിറം ചൈനയിലെ ഗവേഷകർ തുറന്നുകാട്ടുന്നുണ്ട്.

ലോകത്തെ മാധ്യമങ്ങളിൽ 80 ശതമാനത്തിന്റെയും ഉടമകൾ പാശ്‌ചാത്യരാണ്. അതേസമയം വാർത്താ ഉള്ളടക്കത്തിന്റെ 70 ശതമാനവും ഗ്ലോബൽ സൗത്ത്(ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക, കരീബിയൻ)രാജ്യങ്ങളെക്കുറിച്ചാണ്. ഏകപക്ഷീയമായ വീക്ഷണങ്ങളും പക്ഷപാതവും നിറംപിടിപ്പിച്ച നുണകളുമാണ് ഭൂഗോളത്തിന്റെ ഇൗ ഭാഗത്തെക്കുറിച്ച് പാശ്‌ചാത്യ മാധ്യമങ്ങൾ മിക്കപ്പോഴും പ്രചരിപ്പിക്കുന്നത്. ആഗോള അഭിപ്രായ രൂപീകരണത്തെ തെറ്റായി സ്വാധീനിക്കുന്ന ആശയപ്രചാരണമാണ് പൊതുവെ നടക്കുന്നതെന്ന് ചൈനയിലെ റെൻമിൻ സർവകലാശാലയും ചൈന മീഡിയ ഗ്രൂപ്പും ചേർന്നു നടത്തിയ സർവെയിൽനിന്ന് വ്യക്തമായി.
സാമ്പത്തികമായും സാങ്കേതികവിദ്യയുടെയും വ്യാപാര–വാണിജ്യത്തിന്റെയും മേഖലകളിൽ മുന്നേറിയിട്ടും ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ അന്താരാഷ്‌ട്ര ഏജൻസികളുടെ ഭരണനിർവഹണ വേദികളിൽ തഴയപ്പെടുന്നുവെന്നും സർവെയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. അന്താരാഷ്‌ട്ര ഏജൻസികളിൽ നീതിയുക്തമായ പങ്കാളിത്തം ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് നിഷേധിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് തെറ്റായ കാഴ്‌ചപ്പാടുകളാണ്. വസ്‌തുതകൾ യഥാസമയം ജനങ്ങളെ അറിയിക്കാനും ജനകീയ ബദലുകൾ സൃഷ്ടിക്കാനും ഉതകുന്ന ആശയവിനിമയം നടക്കണമെങ്കിൽ ജനങ്ങളുടെ പക്ഷത്തുനിൽക്കുന്ന മാധ്യമങ്ങൾ വേണം. ചൈന അവരുടെ വിപുലമായ മാധ്യമശൃംഖലകൾ വഴി നടത്തുന്നത് ക്രിയാത്മകവും വസ്‌തുനിഷ്‌ഠവും ചടുലവുമായ ഇടപെടലുകളാണ്; സവിശേഷ സംസ്‌കാരിക തനിമകൾ സംരക്ഷിക്കുകയെന്ന ദൗത്യവും അവർ നിറവേറ്റുന്നു.
മുഖ്യധാരാ മാധ്യമങ്ങൾ ഏറ്റെടുക്കുന്ന വിഷയങ്ങൾക്കല്ല, അസമത്വവും ദാരിദ്ര്യവും പരിഹരിക്കുന്നതിനാണ് ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ മുൻഗണന നൽകേണ്ടതെന്ന് സർവെയിൽ പങ്കെടുത്ത, ഇൗ മേഖലയിൽനിന്നുള്ള 74 ശതമാനം പേരും അഭിപ്രായപ്പെട്ടു. ദാരിദ്ര്യവും അസമത്വവും കേവലം സാമ്പത്തിക വിഷയങ്ങളല്ല, സാമൂഹ്യസ്ഥിരതയെയും ജനങ്ങളുടെ ക്ഷേമത്തെയും ദേശീയ വികസനത്തെയും ബാധിക്കുന്ന കാര്യങ്ങളാണ്. ഐക്യരാഷ്‌ട്ര സംഘടനയുടെ സുസ്ഥിര വികസന അജണ്ടയിൽ ഇക്കാര്യത്തിന് ഉൗന്നൽ നൽകണം.

കാലാവസ്ഥ വ്യതിയാനം നേരിടാനുള്ള നടപടികൾ കൈക്കൊള്ളുന്നതിന്റെ ഉത്തരവാദിത്വം വികസിതരാജ്യങ്ങൾ തത്തുല്യമായി ഏറ്റെടുക്കണം. പ്രകൃതിദുരന്തങ്ങൾ നേരിടാൻ സാമ്പത്തികവും സാങ്കേതികവുമായ സഹായം ലഭ്യമാക്കണം.
വികസിത രാജ്യങ്ങളിൽനിന്നുള്ള സഹായം വഴിയല്ല, മേഖലാ സഹകരണം വഴിയാണ് ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ ശക്തരാകേണ്ടതെന്ന് സർവെയിൽ പൊതുവെ അഭിപ്രായം ഉയർന്നു. മേഖലാ കൂട്ടായ്‌മകളും പ്രാദേശിക സഖ്യങ്ങളും ഫലപ്രദമാക്കണം. ആഗോളവൽക്കരണത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാൻ ഇത് പ്രയോജനപ്പെടും. സഹകരണത്തിനും ഉഭയകക്ഷി വ്യാപാരങ്ങൾക്കും അനുയോജ്യമായ മേഖലകൾ അതത് രാജ്യങ്ങൾ കണ്ടെത്തണം. പരമാധികാര തുല്യത, അന്താരാഷ്‌ട്രതല നിയമവാഴ്‌ച, ബഹുധ്രുവ ലോകം, ജനോന്മുഖ സമീപനം, യഥാർഥ -ഫലം എന്നിവയിൽ കേന്ദ്രീകരിച്ചാണ് ആഗോളതല ഏജൻസികൾ പ്രവർത്തിക്കേണ്ടതെന്ന് സർവെയിൽ ബഹുഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു.
ഇക്കൊല്ലം ജൂലൈ, ആഗസ്‌ത് മാസങ്ങളിൽ നടത്തിയ പൊതു അഭിപ്രായ സർവെയിൽ ഗ്ലോബൽ സൗത്ത് മേഖലാ രാജ്യങ്ങളിൽനിന്നുള്ള 5,210 പേരടക്കം 9,182 പേരാണ് പങ്കെടുത്തത്. സമകാല ആഗോള ഭരണസംവിധാനത്തെക്കുറിച്ച് പൊതുവെയുള്ള അഭിപ്രായം കണ്ടെത്താനും പരിഷ്‌കാരങ്ങൾ നിർദേശിക്കാനും ലക്ഷ്യമിട്ടാണ് ഐക്യരാഷ്‌ട്ര സംഘടന രൂപീകരണത്തിന്റെ 80–ാം വാർഷികത്തോടനുബന്ധിച്ച് സർവെ നടത്തിയത്. 18–65 പ്രായപരിധിയിലുള്ള സർവെയിൽ പങ്കാളികളായവരിൽ പകുതിയോളം സ്‌ത്രീകളായിരുന്നു. ബിരുദമായിരുന്നു ശരാശരി യോഗ്യത. മാധ്യമലോകത്ത് ജനകീയ ബദലുകൾ സൃഷ്ടിക്കേണ്ടതിന്റെ അനിവാര്യമാണെന്ന് ഉറപ്പിക്കുന്നതാണ് ഇൗ സർവെ.














