Articles

വൈദ്യുതി ഭേദഗതി ബിൽ–2025: എല്ലാം കേന്ദ്രത്തിനും കോർപറേറ്റുകൾക്കും

വൈദ്യുതി ഭേദഗതി ബിൽ–2025: എല്ലാം കേന്ദ്രത്തിനും കോർപറേറ്റുകൾക്കും

electricity
avatar
സാജൻ എവുജിൻ

Published on Oct 17, 2025, 04:53 PM | 3 min read

ജനവിരുദ്ധ തീരുമാനങ്ങളും പരിഷ്‌കാരങ്ങളും നടപ്പാക്കാൻ തക്കംപാർത്തിരിക്കുകയാണ്‌ മോദിസർക്കാർ. മാനദണ്ഡങ്ങൾപോലും ഏർപ്പെടുത്താതെ പൊതുമേഖലയും പ്രകൃതിവിഭവങ്ങളും കോർപറേറ്റുകൾക്ക്‌ കൈമാറുകയാണ്‌. എന്നിരുന്നാലും ഭൂമി ഏറ്റെടുക്കൽ നിയമഭേദഗതി, കാർഷികനിയമങ്ങൾ, വൈദ്യുതി നിയമഭേദഗതി എന്നിങ്ങനെയുള്ള ജനദ്രോഹനടപടികളിൽനിന്ന്‌ 2014 മുതൽ വിവിധ കാലങ്ങളിൽ മോദിസർക്കാരിന്‌ പിന്തിരിയേണ്ടിവന്നു. അതിശക്തവും വിപുലവുമായ പ്രക്ഷോഭങ്ങളാണ്‌ കേന്ദ്രത്തെ ഇതിൽനിന്നൊക്കെ പിന്തിരിപ്പിച്ചത്‌. 2020ൽ കോവിഡിന്റെ മറവിലാണ്‌ മൂന്നു കാർഷികനിയമങ്ങൾക്കൊപ്പം വൈദ്യുതി നിയമഭേദഗതിയും നടപ്പാക്കാൻ മോദിസർക്കാർ ശ്രമിച്ചത്‌. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ജനകീയമുന്നേറ്റമായി മാറിയ കർഷകപ്രക്ഷോഭത്തെ തുടർന്ന്‌ ഇ‍ൗ പരിഷ്‌കാരങ്ങൾ കേന്ദ്രം മാറ്റിവച്ചെങ്കിലും ഇപ്പോൾ വൈദ്യുതി (ഭേദഗതി) ബിൽ–2025ന്റെ കരട്‌ ഉ‍ൗർജമന്ത്രാലയം പുറത്തുവിട്ടിരിക്കുകയാണ്‌.

വൈദ്യുതിരംഗം സ്വകാര്യവൽക്കരിക്കാനും നിരക്ക്‌ വൻതോതിൽ വർധിക്കാനും വഴിയൊരുക്കുന്നതാണ്‌ വൈദ്യുതിനിയമം ഭേദഗതി ചെയ്‌ത്‌ കേന്ദ്രം നടപ്പാക്കാൻ ലക്ഷ്യമിടുന്ന പരിഷ്‌കാരങ്ങൾ. കേന്ദ്രത്തിന്‌ അമിതാധികാരം നൽകാനും വൈദ്യുതിരംഗം പൂർണമായി വാണിജ്യവൽക്കരിക്കാനും ബില്ലിൽ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌.

ഉപഭോക്താക്കളുടെ അവകാശങ്ങൾ പൂർണമായും ഹനിക്കുന്നതാണ്‌ ബിൽ. സാമൂഹ്യലക്ഷ്യങ്ങളോടെ സ്വതന്ത്ര ഇന്ത്യയിൽ കെട്ടിപ്പടുത്ത വൈദ്യുതി ചട്ടക്കൂട്‌ തകർക്കാനും ഉൽപ്പാദന, പ്രസരണ, വിതരണ മേഖലകൾ കോർപറേറ്റുകൾക്ക്‌ തീറെഴുതാനും ഇ‍ൗ നിയമനിർമാണം ഇടയാക്കും. നവ ഉദാര പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ തുടങ്ങിയശേഷം, കഴിഞ്ഞ 22 വർഷത്തിൽ രാജ്യത്തെ വൈദ്യുതിമേഖലയിലെ മൊത്തം നഷ്ടം 6.9 ലക്ഷം കോടി രൂപയായി പെരുകി. പരാജയപ്പെട്ട നയങ്ങളുമായി മുന്നോട്ടുപോകാനാണ്‌ കേന്ദ്രസർക്കാർ നീക്കം. മുന്പ്‌ പാസാക്കാൻ ശ്രമിച്ച ബില്ലുകളിൽ ഉണ്ടായിരുന്നതിനേക്കാൾ തീവ്രമായ പരിഷ്‌കാരങ്ങളാണ്‌ പുതിയ കരടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌.


പിൻവാതിൽ 
സ്വകാര്യവൽക്കരണം

​മത്സരാധിഷ്‌ഠിത വിപണി പ്രോത്സാഹിപ്പിക്കാനും ഉപഭോക്താവിന്‌ തെരഞ്ഞെടുക്കാനുള്ള അവസരം നൽകാനും എന്ന പേരിൽ ഒരേ പ്രദേശത്ത്‌ പൊതുമേഖലാ ശൃംഖലയ്‌ക്ക്‌ ഒപ്പം സ്വകാര്യ കന്പനികൾക്കും ലൈസൻസ്‌ നൽകാൻ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ടെലികോം രംഗത്ത്‌ ബിഎസ്‌എൽഎല്ലിന്‌ സംഭവിച്ച പതനത്തിലേക്ക്‌ പൊതുമേഖലാ വൈദ്യുതി കന്പനികളെയും തള്ളിവിടാനാണ്‌ ഇ‍ൗ പരിഷ്‌കാരം. വൻകിട വ്യവസായ–വാണിജ്യ ഉപഭോക്താക്കളെ യഥേഷ്ടം തെരഞ്ഞെടുക്കാൻ സ്വകാര്യ കന്പനികൾക്ക്‌ നിയമപരമായ അനുമതി നൽകും; ഗാർഹിക ഉപഭോക്താക്കളെ അവഗണിക്കുകയും ചെയ്യാം. ലാഭകരമല്ലാത്ത കണക്‌ഷനൊന്നും സ്വകാര്യ കമ്പനികൾ നൽകേണ്ടതില്ല. ഗാർഹിക ഉപഭോക്താക്കൾക്കുമാത്രം സേവനം നൽകേണ്ടിവരുന്നതോടെ പൊതുമേഖലാ സ്ഥാപനങ്ങൾ വരുമാനം ഇടിഞ്ഞ്‌ നഷ്ടത്തിലാകും. പൊതുമേഖല തകരുന്നതോടെ ഗാർഹിക ഉപഭോക്താക്കൾക്ക്‌ ഉയർന്ന നിരക്കിൽ സ്വകാര്യ കന്പനികളിൽനിന്ന്‌ വൈദ്യുതി വാങ്ങേണ്ടിവരും. ക്രോസ്‌–സബ്‌സിഡി അവസാനിപ്പിക്കൽ ക്രോസ്‌–സബ്‌സിഡി ഇല്ലാതാക്കാനും ഇതിന്റെ ഭാരം സംസ്ഥാനങ്ങളുടെ ചുമലിൽ വയ്‌ക്കാനും കേന്ദ്രം കുറെ നാളായി ശ്രമിച്ചുവരികയാണ്‌. റെയിൽവേ, മെട്രോ റെയിൽ, നിർമിതോൽപ്പന്ന വ്യവസായങ്ങൾ എന്നിവയ്‌ക്ക്‌ നൽകുന്ന സബ്‌സിഡി അഞ്ചുവർഷത്തിനുള്ളിൽ നിർത്തലാക്കാൻ ബില്ലിൽ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌. പൊതു ഗതാഗത‍, ഉൽപ്പാദന മേഖലകൾക്ക്‌ ഇത്‌ കനത്ത തിരിച്ചടിയാകും. സാധാരണക്കാരെയും ദരിദ്രജനവിഭാഗങ്ങളെയുമാണ്‌ ഇ‍ൗ നീക്കം ആത്യന്തികമായി ബാധിക്കുക.

വാണിജ്യവൽക്കരണം ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ വൈദ്യുതിയെ ഉ‍ൗഹാധിഷ്‌ഠിത വിൽപ്പനച്ചരക്കായാണ്‌ ബില്ലിൽ കാണുന്നത്‌. ഉ‍ൗഹാധിഷ്‌ഠിത വ്യാപാരം പ്രോത്സാഹിപ്പിക്കാൻ വെർച്വൽ ഉ‍ൗർജ വിപണികൾ കേന്ദ്രം നിലവിൽ തയ്യാറാക്കിയിട്ടുണ്ട്‌. സുസ്ഥിര ഉ‍ൗർജമേഖലയെ അടക്കം ഉ‍ൗഹക്കച്ചവടത്തിന്‌ വിധേയമാക്കാനുള്ള വിനാശകരമായ വ്യവസ്ഥയും ഉൾപ്പെടുത്തിയിരിക്കുന്നു. വൈദ്യുതിനിരക്ക്‌ വർധിക്കാനും ഉ‍ൗർജസുരക്ഷ ലക്ഷ്യമിട്ടുള്ള ദീർഘകാല പദ്ധതികൾ തകിടംമറിക്കാനും ഉ‍ൗഹാധിഷ്‌ഠിത വ്യാപാരം വഴിയൊരുക്കും. ആഗോളതലത്തിൽ ഇതിന്‌ ഒട്ടേറെ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും. സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കൽ, സുസ്ഥിര ഉ‍ൗർജസ്രോതസ്സുകളുടെ ശേഷി, വിനിയോഗം, അടിസ്ഥാനസ‍ൗകര്യങ്ങൾ എന്നിവയിൽ സംസ്ഥാനങ്ങൾക്കുമേൽ കടുത്ത നിയന്ത്രണം അടിച്ചേൽപ്പിക്കാൻ ഇ‍ൗ ബില്ലിൽ വിഭാവനം ചെയ്യുന്നു. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമീഷനുകളിലെ അംഗങ്ങളെ നീക്കാൻ കേന്ദ്രത്തിന്‌ അധികാരം നൽകുന്നു (വകുപ്പ്‌ 90). കേന്ദ്രനയങ്ങൾ അതേപടി നടപ്പാക്കാത്ത സംസ്ഥാനങ്ങളിലെ റഗുലേറ്ററി കമീഷനുകളിൽ കടന്നുകയറാൻ ലക്ഷ്യമിട്ടാണ്‌ ഇ‍ൗ വ്യവസ്ഥ. സംസ്ഥാനങ്ങളുടെ വൈദ്യുതിനയത്തിൽ ഇടപെടാൻ കേന്ദ്ര ഉ‍ൗർജമന്ത്രിയുടെ അധ്യക്ഷതയിലുള്ള സമിതിക്ക്‌ അധികാരം നൽകാനും ബില്ലിൽ വ്യവസ്ഥയുണ്ട്‌ (വകുപ്പ്‌ 166 1എ). പാർലമെന്ററി നടപടിക്രമങ്ങൾ മറികടന്ന്‌ ചട്ടങ്ങൾ രൂപീകരിച്ച്‌ പ്രവർത്തിക്കാൻ കേന്ദ്രത്തിന്‌ അനിയന്ത്രിത അധികാരങ്ങൾ നൽകും. ഭരണഘടനയുടെ ഫെഡറൽ സ്വഭാവത്തിന്‌ വിരുദ്ധവും വൈദ്യുതിരംഗം പൂർണമായും കേന്ദ്രഭരണത്തിലാക്കുന്നതുമാണ്‌ ഇ‍ൗ പരിഷ്‌കാരങ്ങൾ. വൻകിട കോർപറേറ്റുകളുടെ പിടിയിൽ വൈദ്യുതിരംഗം എത്താനും ഇത്‌ കാരണമാകും.

വിപണിയെ അമിതമായി ആശ്രയിക്കുന്ന സംവിധാനം കൊണ്ടുവരുന്ന നിയമനിർമാണം വൈദ്യുതിരംഗത്തെ സ്ഥിരതയും സ്വാശ്രയത്വവും ആസൂത്രണവും വിഭവശേഷിസമാഹരണവും അട്ടിമറിക്കും. സ്ഥിരം തൊഴിലുകൾ ഇല്ലാതാകാനും സേവനത്തിന്റെ ഗുണമേന്മ അട്ടിമറിക്കപ്പെടാനും ഇടവരുത്തും. ഒഡിഷ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇ‍ൗ സ്ഥിതിയാണ്‌. ഡൽഹിയിൽ വൈദ്യുതിവിതരണം സ്വകാര്യവൽക്കരിച്ചത്‌ വൻ കുഴപ്പങ്ങൾക്ക്‌ ഇടയാക്കി. നിരക്കുകൾ വൻതോതിൽ വർധിച്ചത്‌ പ്രതിഷേധത്തിന്‌ ഇടയാക്കി. കോൺഗ്രസിന്‌ ഭരണം സ്ഥിരമായി നഷ്ടപ്പെടുകയും ചെയ്‌തു. തുടർന്ന്‌ വന്ന ആം ആദ്‌മി പാർടി സർക്കാർ വൻതോതിൽ സബ്‌സിഡി നൽകി പൊതുജനങ്ങൾക്കുമേലുള്ള ഭാരം ലഘൂകരിച്ചെങ്കിലും കേന്ദ്രം ഇടങ്കോലിട്ടു. ലഫ്‌. ഗവർണറെ ഉപയോഗിച്ച്‌ സബ്‌സിഡി ബില്ലുകൾ തടഞ്ഞുവച്ചു. ബിജെപിക്ക്‌ ഭരണം ലഭിച്ചശേഷം സബ്‌സിഡി തുടരുന്നുണ്ടെങ്കിലും പുതിയ ബിൽ പാസായാൽ സ്ഥിതി മാറും. സംസ്ഥാന സർക്കാരുകളെ രാഷ്‌ട്രീയമായി സമ്മർദത്തിലാക്കാനും ഇത്തരം നിയമങ്ങൾവഴി കേന്ദ്രത്തിന്‌ സാധിക്കും.



deshabhimani section

Dont Miss it

Recommended for you

Deshabhimani

Subscribe to our newsletter

Quick Links


Home