ആഗോള ശാക്തിക ബദലായി ബ്രിക്സ്


ഡോ. ജോസഫ് ആന്റണി
Published on Sep 13, 2026, 11:53 PM | 4 min read
അന്തർദേശീയ രാഷ്ട്രീയത്തിൽ ‘കൈൻഡിൽബർഗർ കെണി’ എന്നൊരു സിദ്ധാന്തമുണ്ട്. അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനായ ചാൾസ് കൈൻഡിൽബർഗർ, 1930കളിലെ ആഗോള സാമ്പത്തികപ്രതിസന്ധിയുടെ കാലത്ത് അവതരിപ്പിച്ചതാണ് ഇൗ സിദ്ധാന്തം. ഒരു ആഗോള പ്രതിസന്ധി രൂപപ്പെടുന്ന ഘട്ടത്തിൽ, ലോകരാഷ്ട്രീയത്തിൽ അപ്പോൾ മേധാവിത്വം വഹിക്കുന്ന രാഷ്‌ട്രവും, അതോടൊപ്പം പുതുതായി വൻശക്തിയായി ഉയർന്നുവരുന്ന രാജ്യവും പ്രശ്‌നപരിഹാരത്തിനായി ഇടപെടാതിരിക്കുന്ന ആഗോള രാഷ്ട്രീയസാഹചര്യത്തെയാണ് ‘കൈൻഡിൽബർഗർ കെണി’ എന്ന് വിശേഷിപ്പിക്കുന്നത്. 1930കളിലെ ആഗോള സാമ്പത്തികപ്രതിസന്ധിയുടെ കാലത്ത് ലോകത്തിലെ ഒന്നാമത്തെ സാമ്പത്തികശക്തിയായിരുന്ന ബ്രിട്ടൻ പിന്മാറി നിൽക്കുകയും അന്ന് വലിയ സാമ്പത്തിക -രാഷ്ട്രീയശക്തിയായി വളർന്നുകൊണ്ടിരുന്ന അമേരിക്ക ആ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കാതിരിക്കുകയും ചെയ്‌ത സാഹചര്യം വിശദീകരിക്കാനാണ് ഇൗ സിദ്ധാന്തം മുന്നോട്ടുവച്ചത്.
ലോകം ഇന്ന് അകപ്പെട്ടിരിക്കുന്നതും അത്തരം ഒരു കെണിയിലാണ്. അമേരിക്കയാണ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക- രാഷ്ട്രീയ -സൈനികശക്തി. എന്നാൽ ഡോണൾഡ് ട്രംപ് വീണ്ടും പ്രസിഡന്റായി അധികാരമേറ്റശേഷം ലോകം സാക്ഷ്യംവഹിക്കുന്നത് തികച്ചും അപകടകരമായ നയങ്ങൾ പിന്തുടരുന്ന അമേരിക്കയെയാണ്. ലോകരാജ്യങ്ങൾക്കെല്ലാം എതിരായി ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തി രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകളെ ട്രംപ് വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുകഴിഞ്ഞു. മാത്രമല്ല, ചെറുതെന്നോ വലുതെന്നോ കരുതാതെ എല്ലാ രാജ്യങ്ങളെയും തുല്യരായി പരിഗണിക്കുന്ന, ബഹുമാനിക്കുന്ന, ചട്ടപ്രകാരമുള്ള ലോകക്രമത്തെ (Rules- based World Order) മാനിക്കാതെ ദുർബലരാജ്യങ്ങളിലെ ഭരണകൂടങ്ങളെ അട്ടിമറിക്കുക, രാജ്യങ്ങളെ ശത്രുവായി മുദ്രകുത്തി സൈനിക ആക്രമണം അഴിച്ചുവിടുക തുടങ്ങി ചെയ്‌തികളിലൂടെ ലോകത്ത് സാമ്പത്തികമായും രാഷ്‌ട്രീയമായും അരാജകത്വം സൃഷ്ടിക്കുന്ന രാജ്യമായി അമേരിക്ക മാറിയിരിക്കുന്നു.
താൻ സമാധാന പ്രസിഡന്റായിരിക്കുമെന്ന് വാഗ്‌ദാനംനൽകി അധികാരത്തിൽ വന്ന ട്രംപ്, 2026 ജനുവരി മൂന്നിന് പട്ടാളത്തെ അയച്ച് വെനസ്വേലയുടെ പ്രസിഡന്റിനെ ബലപ്രയോഗത്തിലൂടെ പിടികൂടി അമേരിക്കൻ ജയിലിലടച്ചു. കഴിഞ്ഞ ഫെബ്രുവരി 28ന്, ഇസ്രയേലിനോടൊപ്പം ചേർന്ന് ഇറാനെതിരെ സൈനികാക്രമണം അഴിച്ചുവിട്ടു. ആഗോള സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലാക്കി ആ യുദ്ധം ഇപ്പോഴും തുടരുന്നു. ആഗോളതലത്തിൽ വൻശക്തിയായി ഉയർന്നുവരുന്ന മറ്റ് രാജ്യങ്ങൾക്കൊന്നും ഈ പ്രതിസന്ധി പരിഹരിക്കാനാകുന്നുമില്ല–ഇതാണ് ലോകം ഇന്ന് അകപ്പെട്ടിരിക്കുന്ന കെണി. ആ കെണിയിൽനിന്ന് ലോകത്തെ രക്ഷിക്കാനുള്ള ഏക ബദൽ ബ്രിക്‌സാണ് എന്ന് തെളിയിക്കുന്ന സമ്മേളനമാണ് ഇപ്പോൾ ഡൽഹിയിൽ അവസാനിച്ചത്.
പ്രതിസന്ധികളുടെ സൃഷ്ടി
രണ്ട് വലിയ രാഷ്ട്രീയ സാമ്പത്തിക സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ബ്രിക്‌സ് എന്ന ആശയം ഉയർന്നുവരുന്നതും പിന്നാലെ അത് ഒരു സംഘടനാരൂപമായി മാറുന്നതും. 2001 സെപ്തംബർ 11ന് അമേരിക്കയുടെ അപ്രമാദിത്വത്തെ നടുക്കി ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിൽ അൽഖായ്‌ദ നടത്തിയ ഭീകരാക്രമണത്തിനുശേഷം, അക്കൊല്ലം നവംബറിൽ പ്രമുഖ സാമ്പത്തികസ്ഥാപനമായ ഗോൾഡ്മാൻ സാക്‌സിലെ സാമ്പത്തിക ശാസ്‌ത്രജ്ഞൻ ജിം ഒ നീൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചാസാധ്യതകളെക്കുറിച്ച് എഴുതിയ ലേഖനമാണ് ബ്രിക്‌സ് എന്ന ആശയത്തിന് അടിസ്ഥാനമിട്ടത്. എന്നാൽ 2008ൽ അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങൾ നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധിക്കുപിന്നാലെ, 2009ൽ റഷ്യയിലെ യെക്കാറ്ററിൻബെർഗിൽ നടന്ന മേൽസൂചിപ്പിച്ച നാലുരാജ്യങ്ങളുടെ ഉന്നതതലസമ്മേളനമാണ് ബ്രിക്‌സ് കൂട്ടായ്‌മയ്‌ക്ക് അടിത്തറയിട്ടത്. ഇപ്പോൾ 11 രാജ്യങ്ങളുടെ കൂട്ടായ്‌മയാണ് ബ്രിക്‌സ്.
പുതുലോകക്രമത്തിനായി ബ്രിക്‌സ് അജൻഡ
കഴിഞ്ഞ 80 വർഷമായി പാശ്ചാത്യരാജ്യങ്ങൾ നിയന്ത്രിക്കുന്ന ആഗോളരാഷ്ട്രീയ- സാമ്പത്തിക ഘടനയിൽ നിലനിൽക്കുന്ന അനീതി പരിഹരിക്കണം എന്നതാണ് ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സിന്റെ പ്രധാന ആവശ്യം. രണ്ടാം ലോകയുദ്ധത്തിനുശേഷം നിലവിൽവന്ന രാഷ്ട്രീയ- സാമ്പത്തിക സാഹചര്യമല്ല ഇപ്പോൾ നിലനിൽക്കുന്നതെന്നും അമേരിക്കയുടെയും പാശ്ചാത്യരാജ്യങ്ങളുടെയും പഴയ പ്രതാപം അവസാനിച്ചെന്നും ചൈന, ഇന്ത്യ, ബ്രസീൽ, ഇന്തോനേഷ്യ തുടങ്ങി രാജ്യങ്ങൾ പുതിയ സാമ്പത്തികശക്തികളായി ഉയർന്നുവന്നെന്നും ആ യാഥാർഥ്യങ്ങൾ ആഗോളരാഷ്ട്രീയ- സാമ്പത്തിക ഘടനയിൽ പ്രതിഫലിക്കണമെന്നുമാണ് ബ്രിക്‌സ് നിലപാട്. പാശ്ചാത്യരാജ്യങ്ങൾ അധീശത്വം വഹിക്കുന്ന ആഗോളരാഷ്ട്രീയ- സാമ്പത്തിക ഘടനയുടെ പുനക്രമീകരണം ആവശ്യപ്പെടുന്നതോടൊപ്പം ഗ്ലോബൽ സൗത്ത് രാജ്യങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിനായി ബ്രിക്‌സ് ബാങ്ക് അഥവാ ന്യൂ ഡെവലപ്മെന്റ് ബാങ്കിനും ബ്രിക്‌സ് രൂപം നൽകി. ഡോളറിനെ ആയുധവൽക്കരിച്ച് രാജ്യങ്ങളെ ഭീഷണിപ്പെടുത്തൽ തന്ത്രം അമേരിക്ക സ്ഥിരമായി പ്രയോഗിക്കുന്ന സാഹചര്യത്തിൽ, ഡോളറിനെതിരായി ബ്രിക്‌സ് കറൻസിയുടെ സാധ്യതയും ഇൗ കൂട്ടായ്‌മയുടെ പരിഗണനാവിഷയമാണ്. അത്തരമൊരു നീക്കം അമേരിക്ക ഭയത്തോടെയാണ് കാണുന്നത്. അതിനാലാണ്, ബ്രിക്‌സ് രാജ്യങ്ങൾ അവരുടെ കറൻസിക്ക് രൂപം നൽകിയാൽ ആ രാജ്യങ്ങൾക്കെതിരെ 500 ശതമാനം ചുങ്കം ഏർപ്പെടുത്തുമെന്ന് ട്രംപ് ഭീഷണി ഉയർത്തിയത്. ആഗോള രാഷ്ട്രീയ- സാമ്പത്തികരംഗത്ത് ഡോണൾഡ് ട്രംപ് നടത്തുന്ന ആക്രമണങ്ങൾ, റഷ്യ–-ഉക്രയ്‌ൻ യുദ്ധം, പശ്ചിമേഷ്യയിൽ ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന നിയമവിരുദ്ധ യുദ്ധം, ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യായുദ്ധം, ലെബനനിലും വെസ്റ്റ് ബാങ്കിലും അവർ നടത്തുന്ന ആക്രമണങ്ങൾ, ഗുരുതര ഇന്ധന പ്രതിസന്ധി എന്നിവയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ ബ്രിക്‌സ് ഉന്നതതലസമ്മേളനം അരങ്ങേറിയത്. എന്നാൽ ഈ വിഷയങ്ങളിലെല്ലാം പ്രതിസ്ഥാനത്തുള്ള അമേരിക്കയുടെയും കൂട്ടുകക്ഷികളായ പാശ്ചാത്യരാജ്യങ്ങളുടെയും രാഷ്ട്രീയമോഹങ്ങളാണ് അവയുടെ അടിത്തറയെന്ന് ബ്രിക്‌സ് സമ്മേളനം ശരിയായി വിലയിരുത്തി. അതുകൊണ്ടുതന്നെ അവരുടെ അധീശപരമായ രാഷ്ട്രീയ അജൻഡകളെ സഹായിക്കുന്ന അന്തർദേശീയ രാഷ്ട്രീയ- സാമ്പത്തിക സംഘടനാരൂപങ്ങൾതന്നെ പൊളിച്ചെഴുതണമെന്ന് ഡൽഹി ബ്രിക്‌സ് സമ്മേളനം ശക്തമായി ആവശ്യപ്പെട്ടു.
ഡൽഹി പ്രഖ്യാപനം: പുതിയ ചുവടുകൾ
18-–ാം ഉന്നതതലസമ്മേളനത്തിന്റെ ആദ്യദിനമായ സെപ്തംബർ 12ന് തന്നെ സംയുക്തപ്രസ്താവന പുറപ്പെടുവിക്കാൻ കഴിഞ്ഞത്, കാലഘട്ടം തങ്ങളിൽ അർപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വത്തെക്കുറിച്ചുള്ള ബ്രിക്സ് കൂട്ടായ്മയുടെ ബോധ്യത്തെയാണ് സൂചിപ്പിക്കുന്നത്. 140 ഖണ്ഡികകളിലായി വിവരിക്കുന്ന സംയുക്ത പ്രസ്താവന നിരവധി സുപ്രധാന വിഷയങ്ങളിൽ തങ്ങളുടെ നിലപാടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ ആദ്യത്തേത് അമേരിക്ക ലോകരാജ്യങ്ങൾക്കുമേൽ അനീതിപരമായും ഏകപക്ഷീയമായും അടിച്ചേൽപ്പിക്കുന്ന താരിഫിനെ അപലപിക്കുന്ന നിലപാടാണ്.
അന്തർദേശീയ നിയമങ്ങൾക്കും ഐക്യരാഷ്ട്ര സംഘടനയുടെ ചാർട്ടറിനും വിരുദ്ധമായ നീക്കങ്ങൾ ഉപേക്ഷിക്കാൻ ബ്രിക്‌സ് ആവശ്യപ്പെട്ടു. വ്യാപാര-സാമ്പത്തികകാര്യങ്ങളിൽ ബ്രിക്‌സ് ശക്തമായി ഒരുമിച്ചുനിൽക്കുമെന്നാണ് മറ്റുള്ള തീരുമാനങ്ങളും സൂചിപ്പിക്കുന്നത്. ബ്രിക്‌സ് കറൻസി എന്ന തീരുമാനത്തിലേക്ക് വന്നില്ലെങ്കിലും അംഗരാജ്യങ്ങൾ തമ്മിലുള്ള വ്യാപാര, നിക്ഷേപ ഇടപാടുകളിൽ അവരുടെ കറൻസികൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചത് സുപ്രധാന നീക്കമാണ്.
മുൻകാലങ്ങളിൽനിന്ന് വ്യത്യസ്‌തമായി ഗ്ലോബൽ സൗത്ത് രാജ്യങ്ങളെക്കൂടി ഉൾക്കൊണ്ട് ആഗോള രാഷ്ട്രീയ- സാമ്പത്തിക സംഘടനകൾ സമഗ്രമായി പൊളിച്ചെഴുതണമെന്നും ഇന്ത്യക്കും ബ്രസീലിനും ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയിൽ സ്ഥിരാംഗത്വം നൽകണമെന്നും ഡൽഹി പ്രഖ്യാപനം ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സംഘടനയ്ക്ക് വനിതാ സെക്രട്ടറി ജനറൽ ഉണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പശ്ചിമേഷ്യൻ പ്രശ്നത്തിൽ ഇസ്രയേലിനെ പേരെടുത്തുപറഞ്ഞാണ് ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ഇടപെടൽ അവസാനിപ്പിച്ച് പലസ്‌തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന് അർഥശങ്കയ്ക്കിടയില്ലാത്തവിധം ബ്രിക്‌സ് ആവശ്യപ്പെട്ടത്. അമേരിക്ക–ഇറാൻ യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുന്ന സൗദി അറേബ്യയും യുഎഇയും ബ്രിക്‌സ് അംഗങ്ങളാണെങ്കിലും പശ്ചിമേഷ്യൻ സംഘർഷത്തിൽ കൂട്ടായ്‌മ അതീവ ഉൽക്കണ്ഠ രേഖപ്പെടുത്തി. മാത്രമല്ല, തടസ്സംകൂടാതെയുള്ള വ്യാപാരവും ഇന്ധനനീക്കവും ഉറപ്പുവരുത്തണമെന്നും സംയുക്ത പ്രസ്താവന പ്രഖ്യാപിച്ചു.
ചുരുക്കത്തിൽ, അന്തർദേശീയതലത്തിൽ രാഷ്ട്രീയ -സാമ്പത്തിക രംഗങ്ങളിൽ ഗൗരവപൂർണമായ ഇടപെടലിന് ബ്രിക്‌സ് തയ്യാറായിക്കഴിഞ്ഞെന്ന സൂചനയാണ് സമ്മേളനം നൽകുന്നത്. നിർമിത ബുദ്ധി ഉൾപ്പെടെയുള്ള ശാസ്ത്ര–-സാങ്കേതികരംഗങ്ങളിലും സാംസ്‌കാരിക മേഖലയിലും സഹകരണം വർധിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു. ബ്രിക്സിനെതിരായ ഒരു ഗൗരവമായ ആരോപണം, സുപ്രധാന ആഗോളവിഷയങ്ങളിൽ പൊതുവായതും ശക്തമായതുമായ നിലപാട് സ്വീകരിക്കുന്നില്ല എന്നതായിരുന്നു. വ്യത്യസ്‌ത പ്രത്യയശാസ്ത്രങ്ങളാലും ഭരണവ്യവസ്ഥകളാലും നയിക്കപ്പെടുന്ന രാജ്യങ്ങളുടെ കൂട്ടായ്മകളിൽ അത് സ്വാഭാവികമാണുതാനും. 2009 മുതൽ നടന്ന ഉന്നതതല സമ്മേളനങ്ങളിൽ (ന്യൂ ഡെവലപ്മെന്റ് ബാങ്ക് പോലുള്ള ചില നീക്കങ്ങൾ മാറ്റിനിർത്തിയാൽ) ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ ശക്തമായ ലക്ഷ്യബോധവും ബദൽ നിലപാടുകളും ഉയർന്നുവന്നിരുന്നില്ല. ബ്രിക്‌സിന് ചരമക്കുറിപ്പ് എഴുതിയവരുമുണ്ട്.
എന്നാൽ, 18–-ാം ഉന്നതതലസമ്മേളനം ലോകത്തോട് പ്രഖ്യാപിക്കുന്നത് ആഗോളമേധാവിത്വം വഹിക്കുന്ന അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യലോകത്തിന്റെ നിലപാടുകൾക്കും ആഖ്യാനങ്ങൾക്കും ബദലായി ബ്രിക്‌സ് വളർന്നിരിക്കുന്നുവെന്നാണ്. ലോകജനസംഖ്യയുടെ 50 ശതമാനത്തെ ഉൾക്കൊള്ളുകയും ആഗോളസമ്പത്തിന്റെ 40 ശതമാനവും ആഗോളവ്യാപാരത്തിന്റെ 25 ശതമാനവും നിയന്ത്രിക്കുന്നതുമായ 11 രാജ്യങ്ങളുടെ ബ്രിക്‌സ് എന്ന കൂട്ടായ്മ പാശ്ചാത്യരാജ്യങ്ങളുടെ നേതൃത്വത്തിലുള്ള ജി-7, യൂറോപ്യൻ യൂണിയൻ എന്നിവയ്‌ക്കെല്ലാം ബദലായി ഇതിനകം ഉയർന്നുകഴിഞ്ഞു. സൗദി അറേബ്യ, ഇറാൻ, യുഎഇ എന്നിവകൂടി അംഗമായതോടെ ആഗോള ഇന്ധനസുരക്ഷയെ നിയന്ത്രിക്കുന്ന രാജ്യങ്ങളുടെ സാന്നിധ്യംകൂടിയായത് ബ്രിക്‌സിനെ ശക്തിപ്പെടുത്തുന്നു. മാനവരാശി ഇന്ന് നേരിടുന്ന ഗുരുതരമായ വിഷയങ്ങളിൽ ബ്രിക്‌സ് ഒരേസ്വരത്തിൽ നിലപാട് സ്വീകരിക്കുന്നതാണ് ലോകം കാണുന്നത്. ഈ നിലപാടുകളിൽ ഉറച്ചുനിന്ന് ഐക്യത്തോടെ പ്രവർത്തിച്ചാൽ ബ്രിക്‌സിന്റെ ഡൽഹി പ്രഖ്യാപനം പുതിയ ലോകക്രമത്തിന്റെ കാഹളമായി മാറും.














