ബിജെപിയുടെ തീവ്രരാഷ്‌ട്രീയം


എം വി നികേഷ് കുമാർ
Published on Jul 05, 2025, 12:00 AM | 3 min read
ബിഹാറിൽ വോട്ടർപട്ടിക പുതുക്കുന്നതിന് പ്രത്യേക തീവ്ര പരിശോധന നടക്കുകയാണ്. ഭരണഘടനയിൽനിന്ന് മതനിരപേക്ഷതയും സോഷ്യലിസവും എടുത്തു കളയണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുടെ ആവശ്യത്തിനുശേഷം കേട്ട വാർത്തയാണിത്. തെരഞ്ഞെടുപ്പ് കമീഷൻ മാർഗനിർദേശ ഉത്തരവിൽ ഉറച്ചുനിന്നാൽ ബിഹാറിൽ വോട്ടവകാശം നഷ്ടമാകുന്നത് കുറഞ്ഞത് രണ്ടരക്കോടി പേർക്കാണ്. അതിദരിദ്രന്റെ വോട്ട് അങ്ങോട്ട് ചെന്ന് ഉൾപ്പെടുത്തി ജനാധിപത്യത്തെ പുഷ്ടിപ്പെടുത്തിയ രാജ്യത്ത് കോടിക്കണക്കിനു പേരെ വോട്ടർപട്ടികയിൽനിന്ന് പുറത്താക്കുന്ന ദി ഗ്രേറ്റ് ഇന്ത്യൻ സർക്കസായിരിക്കുമിത്.
വോട്ടവകാശം ലഭിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ച രേഖകൾ ബിഹാറിൽ ജനങ്ങൾക്ക് നൽകിയിട്ടില്ല എന്നതാണ് ലളിതമായ സത്യം. ആധാറും വോട്ടർ ഐഡിയും തൊഴിലുറപ്പ് കാർഡും തീവ്ര പരിശോധനയിൽ രേഖകളല്ല. ഇവയൊഴിച്ചുള്ള പതിനൊന്ന് രേഖയാണ് ഹാജരാക്കാൻ ആവശ്യപ്പെടുന്നത്. കുറഞ്ഞത് രണ്ടരക്കോടി ജനങ്ങളുടെ കൈയിൽ ഈ രേഖകൾ ഇല്ലെന്ന് ‘ദ ഹിന്ദു’വിന്റെ ഡാറ്റാ പോയിന്റ് പരിശോധിച്ച് കണ്ടെത്തുന്നു. ഇതിൽ ആറെണ്ണം ബിഹാറിൽ വിതരണം ചെയ്യാത്തതോ തുച്ഛമായ ആളുകളുടെ കൈയിൽ മാത്രമുള്ളതോ ആണ്. മറ്റു നാല് രേഖയുടെ കണക്കുകൾ കണ്ടാൽ ഞെട്ടും. ജനന സർട്ടിഫിക്കറ്റ് 2.8 ശതമാനത്തിനും പാസ്പോർട്ട് 2.4 ശതമാനത്തിനുമാണ് ഉള്ളത്. സർക്കാർ തിരിച്ചറിയൽ കാർഡ് ഉള്ളവർ അഞ്ചു ശതമാനത്തിൽ താഴെ. ജാതി സർട്ടിഫിക്കറ്റും മെട്രിക്കുലേഷനും എല്ലാം ചേർത്താലും ആകെ ജനങ്ങളുടെ 45 ശതമാനം വരില്ല. ദ ഹിന്ദുവിന്റെ കണക്ക് പ്രകാരം 7.9 കോടി വോട്ടർമാരിൽ 4.74 കോടി പേർ സർട്ടിഫിക്കറ്റ് കാണിക്കണം. രണ്ടരക്കോടി ജനങ്ങൾ പട്ടികയിൽനിന്ന് പുറത്തുപോകുന്നത് അവരുടെ കുറ്റംകൊണ്ടല്ല. പൗരന് ആവശ്യമായ രേഖ നൽകേണ്ട സ്റ്റേറ്റ് അഥവാ രാജ്യം അവർക്കത് നൽകിയിട്ടില്ല.
ജൂൺ 24ന്റെ മാർഗനിർദേശത്തിൽ പതിനൊന്നാമത്തെ ഖണ്ഡികയിൽ ‘ഇആർഒമാർ 2003ലെ വോട്ടർപട്ടിക പൗരത്വത്തിന്റെ തെളിവായി കാണണം’ എന്ന് പറയുന്നുണ്ട്
7,89,69,844 വോട്ടർമാരിൽ ചൂഷിതരും ദരിദ്രരും പിന്നാക്കരുമായ ദളിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളെ പട്ടികയിൽനിന്ന് നീക്കുകയാണ് ലക്ഷ്യം. ഒക്ടോബറിൽ തെരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനത്ത് സെപ്തംബർ 30ന് കരട് വോട്ടർപട്ടിക തയ്യാറാക്കണം. 73 ശതമാനം ജനങ്ങൾ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുമ്പോഴാണ് ഈ നീക്കം. രണ്ടരക്കോടി പേരെ പട്ടികയിൽനിന്ന് മാത്രമല്ല, പൗരത്വത്തിൽനിന്നുതന്നെയാണ് ഒഴിവാക്കുന്നത്. ജൂൺ 24ന്റെ മാർഗനിർദേശത്തിൽ പതിനൊന്നാമത്തെ ഖണ്ഡികയിൽ ‘ഇആർഒമാർ 2003ലെ വോട്ടർപട്ടിക പൗരത്വത്തിന്റെ തെളിവായി കാണണം’ എന്ന് പറയുന്നുണ്ട്.
‘പിൻവാതിൽ എൻആർസി’യാണ് നടപ്പാക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നത് അതുകൊണ്ടാണ്. വോട്ട് ചേർക്കാൻ ഇതുവരെ കമീഷൻ ആശ്രയിച്ച ആധാർപോലുള്ള രേഖകളല്ല, എൻആർസിയിൽ പൗരത്വം തെളിയിക്കാൻ ഹാജരാക്കേണ്ട രേഖകളാണ് ചോദിക്കുന്നത്. ഈ പ്രക്രിയ പൂർത്തിയാകുന്നതോടെ പട്ടികയിൽനിന്ന് പുറന്തള്ളപ്പെടുന്ന ആദിവാസി-, ദളിത്-, ന്യൂനപക്ഷ വിഭാഗങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ആലോചിച്ചു നോക്കൂ.
ബിഹാറുകാരിൽ തൊഴിൽ തേടി ഇതരസംസ്ഥാനങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം 2001-2011 വർഷങ്ങളിൽ കുതിച്ചു. പത്തു വർഷംകൊണ്ട് 93 ലക്ഷം പേർ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പോയി. 2011നു ശേഷം കുടിയേറ്റത്തിന്റെ തോത് കുറഞ്ഞെങ്കിലും ശരാശരി എട്ടു ലക്ഷം പേർ ബിഹാർ വിടുന്നു. അങ്ങനെ നോക്കിയാൽ 1.76 കോടി പേർ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ തൊഴിലെടുക്കുന്നു. എന്നാൽ, ഇവർ ബിഹാറിൽത്തന്നെ വോട്ട് ചെയ്യുന്നവരാണ്. ജാതി മുഖ്യമാനദണ്ഡമായ രാഷ്ട്രീയമാണ് ബിഹാറിലേത്.
‘സ്വന്തം വീടുള്ള സ്ഥലത്ത് വോട്ടർ താമസിക്കുന്നില്ല എങ്കിൽ അവിടത്തെ പട്ടികയിൽ ഉൾപ്പെടുത്താനാകില്ല. നിലവിൽ താമസം എവിടെയാണോ അവിടയാണ് പേര് ചേർക്കേണ്ടത്.’
ഉത്തരേന്ത്യയിലെ കുടിയേറ്റ തൊഴിലാളികളിൽ വലിയൊരു വിഭാഗം കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വന്നും പോയും ജോലി ചെയ്യുന്നവരാണ്. ബിഹാറിലെ തിരിച്ചറിയൽ രേഖകൾ ഉള്ളവരെ കൂട്ടമായി പുറന്തള്ളി കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ വോട്ടർപട്ടികയിൽ കുത്തിനിറയ്ക്കാനുള്ള നീക്കവും തെരഞ്ഞെടുപ്പ് കമീഷൻ നടത്തുന്നുണ്ട്. വോട്ടർമാർ നിലവിൽ താമസിക്കുന്നത് എവിടെയാണോ അവിടത്തെ പട്ടികയിൽ പേര് ഉൾപ്പെടുത്താമെന്ന് ചീഫ് ഇലക്‌ഷൻ കമീഷണർ ഗ്യാനേഷ് കുമാർ പറയുന്നു. ‘സ്വന്തം വീടുള്ള സ്ഥലത്ത് വോട്ടർ താമസിക്കുന്നില്ല എങ്കിൽ അവിടത്തെ പട്ടികയിൽ ഉൾപ്പെടുത്താനാകില്ല. നിലവിൽ താമസം എവിടെയാണോ അവിടയാണ് പേര് ചേർക്കേണ്ടത്.’ കൂട്ടമായി പുറന്തള്ളുന്ന വോട്ടർമാരെ പൂർണമായി ഉൾക്കൊള്ളേണ്ടി വന്നാൽ കേരളത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കും. അതിഥി പോർട്ടൽ മുഖാന്തരം 4,03,778 പേർ കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബിഹാറിൽനിന്നുമാത്രം 54,881 പേർ. ഇതിന്റെ എത്രയോ ഇരട്ടിയാണ് വന്നും പോയുമിരിക്കുന്നവർ. 1950ലെ ജനപ്രാതിനിധ്യ നിയമം പറയുന്നത് ഇങ്ങനെയാണ്.
‘ഒരു വ്യക്തി തന്റെ സാധാരണ താമസസ്ഥലത്തുനിന്ന് താൽക്കാലികമായി വിട്ടുനിൽക്കുന്നതാണെങ്കിൽ അവിടത്തെ സാധാരണ താമസക്കാരനെന്ന നിലയിൽ മാറ്റം വരില്ല.’ കുറഞ്ഞ സമയത്തിൽ നാട്ടിൽ തിരിച്ചെത്തി അവർക്ക് രേഖകൾ ഹാജരാക്കാൻ കഴിയില്ലെന്ന വെല്ലുവിളി രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനാണ് ബിജെപി നീക്കം.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ അസാധാരണമായ പേര് ചേർക്കലും പോളിങ്ങുമുണ്ടായി. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതിനേക്കാൾ 40 ലക്ഷം പേർ ആറുമാസത്തിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. അതിനു മുമ്പുള്ള അഞ്ചു വർഷം ആകെ 32 ലക്ഷം വോട്ടർമാരാണ് പുതുതായി എത്തിയത് എന്നറിയുമ്പോഴാണ് സംശയം വരിക. വൈകിട്ട് അഞ്ചിനുശേഷം പോളിങ് ശതമാനം അസാധാരണമായി കുതിച്ചുയർന്നു. അസ്വാഭാവിക വോട്ടുകൾ എങ്ങനെ വന്നു എന്നറിയാൻ വീഡിയോ ഫുട്ടേജ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നൽകിയില്ലെന്ന് മാത്രമല്ല അത് നശിപ്പിച്ചുകളയാനാണ് കമീഷൻ ഉത്തരവിട്ടത്. മഹാരാഷ്ട്രയ്ക്ക് പുറമെ വോട്ടർപട്ടികയിലെ അപാകം ബംഗാളിലും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ബംഗാളിൽ ഇതരസംസ്ഥാനക്കാർ കടന്നുകൂടി എന്നാണ് ആക്ഷേപം. എല്ലാ കുഴപ്പവും ബിജെപിക്ക് ഗുണമാണ്. അതുകൊണ്ടുതന്നെ അവയൊന്നും അബദ്ധമല്ലെന്ന് വ്യക്തം.
ബിഹാറിൽ നടപ്പാക്കിയ തീവ്ര പരിശോധന കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ വഴി രാജ്യം മുഴുവൻ വ്യാപിപ്പിക്കുമത്രേ. ബിഹാറിൽനിന്ന് ഒഴിവാക്കുന്ന വോട്ടർമാരെ കേരളത്തിലും തമിഴ്നാട്ടിലും വോട്ട് ചെയ്യിച്ച് കുളം കലക്കാനുള്ള രാഷ്ട്രീയോദ്ദേശ്യം കമീഷനുണ്ടോയെന്ന് കാത്തിരുന്ന് കാണേണ്ടിവരും. ബിജെപി ഓഫീസിന്റെ വിപുലീകരിച്ച സംവിധാനമായാണ് കമീഷൻ പ്രവർത്തിക്കുന്നതെന്ന ആക്ഷേപമുണ്ട്. സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം ജനാധിപത്യപ്രക്രിയ മന്ദീഭവിപ്പിക്കുക അവരുടെ ദീർഘകാല പദ്ധതിയാണ്.
പാർലമെന്റിന്റെ പ്രസക്തി ഇല്ലാതാക്കണം. 2021ൽ നടത്തേണ്ട സെൻസസ് കോവിഡിനുശേഷം കാരണമൊന്നും പറയാതെ വലിച്ചു നീട്ടി 2027ൽ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. നിയമപ്രകാരം 2026ന് ശേഷമുള്ള സെൻസസ് പ്രകാരമാണല്ലോ മണ്ഡല പുനർനിർണയം നടത്തേണ്ടത്. 2031ന് നടത്തേണ്ട സെൻസസ് പ്രകാരമുള്ള മണ്ഡല പുനർനിർണയം നരേന്ദ്ര മോദി ഈ പതിറ്റാണ്ടിലെ സെൻസസ് പ്രകാരം നടത്താനൊരുങ്ങുകയാണ്. തെക്കൻ സംസ്ഥാനങ്ങൾക്ക് 33 ശതമാനം സീറ്റ് വേണം, ടേംസ് ഓഫ് റഫറൻസ് അറിയണം തുടങ്ങിയ ആവശ്യങ്ങളൊന്നും കേട്ട ഭാവമില്ല. വർഗീയ ധ്രുവീകരണത്തിലൂടെ ബിജെപിക്ക് ജയിക്കാൻ കഴിയുന്ന മേഖലകളെ വേർതിരിച്ചുകൊണ്ടുള്ള ഏകപക്ഷീയമായ പുനർനിർണയം ജനാധിപത്യത്തിന്റെ ആണിക്കല്ലിളക്കും.














