ad
Deshabhimani

Articles

ഗാസയിലെ ഗോളുകൾ

ഗാസയിലെ ഗോളുകൾ

Gaza women’s amputee football team
avatar
വിജേഷ്‌ ചൂടൽ

Published on Jul 03, 2026, 10:56 PM | 3 min read

ലോകം പന്തുരുളുന്ന വലിയ മൈതാനങ്ങളിലേക്ക് കണ്ണുനട്ടിരിക്കുന്പോൾ, ആരാധകർ ആഘോഷങ്ങളുടെ ആരവങ്ങൾക്ക്‌ കാതോർക്കുന്പോൾ... കളിനിയമങ്ങൾ ലംഘിക്കപ്പെട്ട്‌ ചോരപടർന്നൊരു ദേശമുണ്ട് ഇ‍ൗ ഭൂമിയിൽ. കടലോരത്തൊരു മൺചീന്ത്‌– ഗാസ! ഇസ്രയേലിന്റെ വംശഹത്യ ആയിരംദിനം പിന്നിടുന്പോഴും അവിടെ മനുഷ്യർ ജീവിച്ചിരിപ്പുണ്ട്‌. അവരുടെ സ്വപ്‌നങ്ങൾ ബാക്കിയുണ്ട്‌. കുഞ്ഞുങ്ങൾ മടിയിൽക്കിടന്ന്‌ ചോരവാർന്നു മരിച്ചതിന്റെ മരവിപ്പിൽനിന്നുണർന്നവർ ഇതാ കളത്തിലിറങ്ങുന്നു. ബോംബുവീണും വെടിയേറ്റും അറ്റുപോയ കാലുകളിൽ പൊയ്‌ക്കാലുകൾ കെട്ടിവച്ചും ആത്മധൈര്യത്തിന്റെ കൈവടികളൂന്നിയും പ്രതിരോധത്തിന്റെയും പ്രത്യാക്രമണത്തിന്റെയും മനോഹര ഫുട്‌ബോൾ കാഴ്ചവയ്‌ക്കുന്നു. ലോകമേ... കൺനിറയെ കാണുംമുന്പ്‌ കൺമുന്നിൽ ചോരയിറ്റുവീണ പിഞ്ചുമക്കളുടെ ഓർമകളിൽ അവരിതാ ഗോളുകൾക്ക്‌ ജന്മം നൽകുന്നു. സമാനതയില്ലാത്ത സയണിസ്റ്റ്‌ ക്ര‍ൗര്യത്തിനിപ്പുറം ഗാസയിപ്പോഴും ജീവിക്കുന്നു, പൊരുതുന്നു, കളിക്കുന്നു. സ്വപ്‌നങ്ങൾ കത്തിയമർന്ന കടലോരത്തെ ചാരംപുരണ്ട മണൽപ്പരപ്പിൽ അവർ ജീവിതപ്പന്ത്‌ തട്ടുന്നു.


90 ശതമാനത്തിലധികം കെട്ടിടങ്ങളും തകർന്നടിഞ്ഞ നാടിന്റെ നെഞ്ചിലാണ്‌ ലോകകപ്പ്‌ ഫുട്ബോളിന്റെ ആവേശത്തിൽ ഉയരുന്ന ഏറ്റവും മനോഹരമായ കായികചിത്രം. ഇസ്രയേലി ബോംബാക്രമണങ്ങളിൽ കൈകാലുകൾ നഷ്ടപ്പെട്ട പലസ്‌തീൻ വനിതകൾ ക്രച്ചസുകളിലേറി വീണ്ടും മൈതാനത്തേക്ക് ഇറങ്ങിയിരിക്കുന്നു! അതെ, സ്‌പോർട്‌സിലൂടെ ജീവിതം വീണ്ടെടുക്കാനും പ്രതീക്ഷ നിലനിർത്താനും സഹായിക്കുന്നതിനായി പലസ്തീൻ ആംപ്യൂട്ടി ഫുട്ബോൾ അസോസിയേഷൻ തുടക്കമിട്ട ഉദ്യമമാണ് ഗാസയിലെ ഭിന്നശേഷിക്കാരുടെ ആദ്യത്തെ വനിതാ ഫുട്ബോൾ ടീം (ആംപ്യൂട്ടി ഫുട്‌ബോൾ ടീം) യാഥാർഥ്യമാക്കിയത്‌. പുൽമൈതാനത്ത് പന്തുരുട്ടി അവർ സ്വപ്‌നങ്ങളെ തിരിച്ചുപിടിക്കുന്നത് ഇ‍ൗ ലോകകപ്പ്‌ ആവേശക്കാഴ്‌ചയിലെ ഏറ്റവും മനോഹര ദൃശ്യമാകുന്നു. അവരുടെ ലക്ഷ്യം ഗാസയിലെ കളി മാത്രമല്ല, 2027 ആംപ്യൂട്ടി വനിതാ ലോകകപ്പിൽ തങ്ങളുടെ പ്രിയപ്പെട്ട പലസ്തീൻപതാക വാനോളമുയർത്തുക എന്നതാണ്‌.


‘ഒരു മുറിവുകൊണ്ടും എന്റെ സ്വപ്നം അവസാനിക്കുന്നില്ല, അതൊരു പുതിയ വാതിലാണ് തുറക്കുന്നത്’ എന്ന് ലോകത്തോട് വിളിച്ചുപറയുന്ന റോസാൻ ഖൈറയെപ്പോലുള്ള പെൺകുട്ടികൾ കേവലം കളിക്കാരല്ല; അധിനിവേശത്തിനുനേരെ ഗോൾതൊടുക്കുന്ന പോരാളികളാണ്‌. ഒരു കാലത്ത് ട്രാക്കിൽ കാറ്റിനൊപ്പം പായുന്ന അത്‌ലറ്റായിരുന്നു റോസാൻ. ഇസ്രയേലി ബോംബാക്രമണം അവളുടെ ഒരു കാൽ കവർന്നു. മധ്യഗാസയിലെ ദെയ്ർ അൽ ബലാഹിലെ ചെറിയ മൈതാനത്താണ് പ്രതിസന്ധികൾക്ക് നടുവിൽ പെൺപടയുടെ പരിശീലനം. പരിക്കേറ്റവർക്ക് ആവശ്യത്തിന്‌ ക്രച്ചസോ ബൂട്സോ ഇല്ല. ഫുട്ബോളുകൾപോലും പരിമിതം. എങ്കിലും, ക്യാമ്പുകളിലെ പട്ടിണിയിൽനിന്ന്‌ മൈതാനത്തേക്ക് കിലോമീറ്ററുകൾ താണ്ടിയെത്തുന്നു ഇവർ.


ഒരുവശത്ത് ഇസ്രയേലിന്റെ കടുത്ത ഉപരോധവും തുടരുന്ന അതിക്രമങ്ങളും. മറുവശത്ത് ഭിന്നശേഷിക്കാരായ സ്ത്രീകൾ കായികരംഗത്തേക്ക് വരുന്നതിനോടുള്ള പരമ്പരാഗത സദാചാര മനോഭാവങ്ങൾ. ഈ രണ്ട് ‘പോസ്റ്റുകളെയും' മറികടന്നാണ്‌ പലസ്തീന്റെ പതാക ലോകവേദിയിൽ ഉയർത്തണമെന്ന വലിയ സ്വപ്നത്തിലേക്ക്‌ ഗാസയിലെ പെൺകുട്ടികൾ ഗോളുകൾ പായിക്കുന്നത്. തോക്കുകൾക്കും പീരങ്കികൾക്കും തോൽപ്പിക്കാനാകാത്തതാണ്‌ മനുഷ്യന്റെ പ്രത്യാശയെന്ന് അവർ തെളിയിക്കുന്നു. "എന്റെ ഒരു കാൽ അവർ തകർത്തു. ഇവരിൽ പലർക്കും പലതും നഷ്‌ടമായി. പക്ഷേ, ഞങ്ങളുടെ ലക്ഷ്യങ്ങളെ തകർക്കാൻ അവർക്കാകില്ല’– കളിത്തിരക്കിനിടയിൽ ശ്വാസമടക്കി പറയുന്നു ടീം ക്യാപ്‌റ്റൻ അയാ അൽ ഒത്‌മാനി.


തകർത്തത്‌ ഇരുനൂറിലേറെ സ്‌റ്റേഡിയങ്ങൾ


ഇരുനൂറിലേറെ കായികസമുച്ചയങ്ങളും സ്റ്റേഡിയങ്ങളും ബോംബിട്ട് തകർത്ത നാട്ടിലാണ്‌ കളി മരിക്കാതെ ബാക്കിയാകുന്നത്‌. വൈദ്യുതിയും ഇന്റർനെറ്റും വിച്ഛേദിക്കപ്പെട്ട അഭയാർഥി ക്യാമ്പുകളിൽ ടെന്റുകളുടെ ചൂടിലും കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിലും മൊബൈൽഫോണുകളിൽ കിട്ടുന്ന ലോകകപ്പ് ക്ലിപ്പുകൾ കാണാൻ തിക്കിത്തിരക്കുന്ന കുട്ടികളുടെയും യുവാക്കളുടെയും ചിത്രങ്ങൾ പ്രതിരോധത്തിന്റെ പ്രതീകങ്ങളാണ്. മരിച്ചാലും തോൽക്കാൻ തയ്യാറല്ലെന്ന പ്രഖ്യാപനമാണ്‌. ഒരു മൊബൈൽ സ്ക്രീനിൽ ഒരായിരംപേർ ലോകകപ്പിന്റെ ആവേശം കൊള്ളുന്നു. ഒറ്റക്കാലിന്റെ ബലത്തിൽ ഒരുനൂറു സ്വപ്‌നങ്ങൾ ഗോൾപോസ്റ്റിലേക്ക് പായുന്നു. ഗാസ ലോകത്തോട് പറയുന്നൂ– ‘ഞങ്ങളുടെ ശരീരത്തെ നിങ്ങൾക്ക് മുറിച്ചുമാറ്റാം, പക്ഷേ ഞങ്ങളുടെ ആത്മാവിനെയും പലസ്തീൻ എന്ന സത്യത്തെയും ആർക്കും തകർക്കാനാകില്ല!’


കൊന്നുതള്ളിയത്‌ 
1009 കായികതാരങ്ങളെ


പ്രമുഖ പലസ്തീൻ ഫുട്ബോൾ താരവും ഖാൻ യൂനിസ് ക്ലബ്ബിന്റെ ഗോൾകീപ്പറുമായ സലിം അൽ അഷ്കറിനെ ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്നത്‌ ഇ‍ൗ ലോകകപ്പുകാലത്താണ്‌. 2023 ഒക്ടോബറിൽ ആരംഭിച്ച വംശഹത്യയിൽ ഇതുവരെ 1009 പലസ്തീൻ കായികതാരങ്ങളാണ് കൊല്ലപ്പെട്ടത്. അതിൽ സ്ട്രൈക്കർ സുലൈമാൻ അൽ ഉബൈദ്, ഡിഫൻഡർ അഹമ്മദ് അബു അൽ അത്ത എന്നിവരടക്കം 567 ഫുട്ബോൾ കളിക്കാർ.


2023 ഒക്ടോബർ -ഏഴിനു തുടങ്ങിയ അധിനിവേശ വംശഹത്യ 1000 ദിവസം പിന്നിട്ടപ്പോൾ പൊലിഞ്ഞത് 73,066ലധികം മനുഷ്യ ജീവനുകളാണ്‌. ഇതിൽ 21,500-ലധികം കുട്ടികളും 1009 പിഞ്ചുകുഞ്ഞുങ്ങളും. ആയിരത്തിലധികം കുട്ടികൾക്കാണ് അനസ്തേഷ്യപോലും നൽകാനാകാതെ കൈകാലുകൾ മുറിച്ചുമാറ്റേണ്ടി വന്നത്. ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ആറായിരത്തോളം പേർക്കാണ്‌ അവയവങ്ങൾ ഛേദിക്കേണ്ടിവന്നത്‌. മൂവായിരത്തോളം പലസ്തീൻ കുടുംബങ്ങളെ ഒന്നടങ്കം കൊന്നൊടുക്കി. വംശഹത്യ 1000 ദിവസം പിന്നിടുമ്പോൾ, ഗാസയിലെ കുഞ്ഞുങ്ങൾ കളിപ്പാവകളെ വച്ച് ‘രക്തസാക്ഷികളുടെ ശവസംസ്കാരം’ നടത്തുന്ന കളികളിൽ ഏർപ്പെടുകയാണെന്ന്‌ സേവ് ദ ചിൽഡ്രൻ അന്താരാഷ്ട്ര റിപ്പോർട്ടുകളിൽ ചൂണ്ടിക്കാട്ടുന്നു.


പ്രതിസന്ധികളെ തോൽപ്പിച്ച് 
പന്തുരുളുന്നു


ലോകം സ്റ്റേഡിയങ്ങളിലെ വെളിച്ചപ്പൊലിമയിലും ആധുനിക സൗകര്യങ്ങളോടെയും ഫിഫ ലോകകപ്പ് മത്സരങ്ങൾ ആസ്വദിക്കുമ്പോൾ, അധിനിവേശത്തിന്റെ ഇരുൾവഴികളിൽ ജീവിക്കുന്ന പലസ്തീൻ ജനതയ്ക്ക് കാൽപ്പന്തുകളി അതിജീവനമാണ്. ഇസ്രയേൽ വംശഹത്യ തുടരുമ്പോഴും, ആ സമ്മർദങ്ങളിൽനിന്ന്‌ താൽക്കാലിക മോചനം നേടാൻ ഗാസയുടെ ഏക വഴിയാണ്‌ ഫുട്ബോൾ. ഈജിപ്ഷ്യൻ റിലീഫ് കമ്മിറ്റി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾ ക്യാമ്പുകൾക്ക് സമീപം സ്ഥാപിച്ച സ്ക്രീനുകൾക്കു മുന്നിലാണ് ജനങ്ങൾ ഒത്തുകൂടുന്നത്. ചെറിയ സോളാർ പാനലുകളും കാർ ബാറ്ററികളും ഉപയോഗിച്ചാണ് പ്രവർത്തനം. ആകാശത്ത് വട്ടമിട്ടുപറക്കുന്ന ഇസ്രയേലി ഡ്രോണുകളുടെയും മിസൈലുകളുടെയും ഭീതി നിലനിൽക്കുമ്പോഴും അർധരാത്രിയിലെ കളികൾ കാണാൻപോലും നൂറുകണക്കിനുപേരാണ് ഒത്തുകൂടുന്നത്. പലസ്തീൻ ടീം കളിക്കുന്നില്ലെങ്കിലും ഈജിപ്ത്, ജോർദാൻ തുടങ്ങിയ അയൽരാജ്യങ്ങളുടെ മത്സരങ്ങൾ ഗാസയിലെ തമ്പുകളിൽ ആവേശം അണപൊട്ടിയൊഴുക്കി. "മൃതദേഹങ്ങളും സ്ഫോടനങ്ങളും കണ്ടുമടുത്ത ഞങ്ങളുടെ കുട്ടികൾക്ക് ഫുട്ബോൾ ഒരു പ്രതീക്ഷയാണ്‌’– റഫായിൽനിന്ന്‌ ഖാൻ യൂനിസിലേക്ക് പലായനം ചെയ്യേണ്ടിവന്ന ഒസാമ ഹംദാൻ പറയുന്നു.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home