ad
Deshabhimani

Articles

അന്വേഷണം എവിടെവരെ എത്തുമെന്നത് ഏതാണ്ട് വ്യക്തമാണ്. ഏതു കുറ്റവാളിയെയും അലക്കിവെളുപ്പിച്ചെടുക്കുന്ന അലക്കുയന്ത്രത്തിന്റെ ഉടമകളാണ് രാമക്ഷേത്രസമ്പത്ത് അടിച്ചുമാറ്റിയിരിക്കുന്നത്.

ക്ഷേത്രം കൊള്ളയടിക്കാനും പുറംകരാർ

gold
എസ് എസ് അനിൽ

Published on Jul 09, 2026, 10:38 PM | 2 min read

അയോധ്യ ക്ഷേത്രക്കൊള്ളയിൽ ചോദ്യംചെയ്യൽ തുടരുകയാണ്. വിശ്വാസികൾ ഏൽപ്പിച്ച വിലപിടിപ്പുള്ള വസ്തുക്കളൊക്കെ പലരും സ്വന്തമാക്കിക്കഴിഞ്ഞു. അന്വേഷണം എവിടെവരെ എത്തുമെന്നത് ഏതാണ്ട് വ്യക്തമാണ്. ഏതു കുറ്റവാളിയെയും അലക്കിവെളുപ്പിച്ചെടുക്കുന്ന അലക്കുയന്ത്രത്തിന്റെ ഉടമകളാണ് രാമക്ഷേത്രസമ്പത്ത് അടിച്ചുമാറ്റിയിരിക്കുന്നത്. അയോധ്യ ക്ഷേത്രമോഷണവുമായി ബന്ധപ്പെട്ട് ചില ബാങ്കുദ്യോഗസ്ഥരെ ചോദ്യംചെയ്തതായി വാർത്തകളുണ്ട്‌. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥരെയാണ് രാമക്ഷേത്ര കൊള്ളയിൽ ചോദ്യംചെയ്തത്. രാമക്ഷേത്ര ട്രസ്റ്റിന്റെ ബാങ്കർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. ട്രസ്റ്റിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൽ വിശ്വാസികൾ നിക്ഷേപിക്കുന്ന കാണിക്കകൾ ക്ഷേത്രസമുച്ചയത്തിൽവച്ച് ബാങ്ക് ജീവനക്കാർ എണ്ണുകയും ട്രസ്റ്റിന്റെ പേരിൽ അയോധ്യയിലെ എസ്ബിഐ ശാഖയിലെ അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയും ചെയ്യുക എന്നതാണ് ബാങ്കിന്റെ ഉത്തരവാദിത്വം.


അന്വേഷണനിഴലിലുള്ള ട്രസ്റ്റികളിൽ ഒരാൾ അയോധ്യ മേഖലയിലെ ആർഎസ്എസിന്റെ ഏറ്റവും പ്രമുഖനായ നേതാവ്‌ അനിൽ മിശ്രയാണ്. സംഭാവനകളുടെയും പണമെണ്ണലിന്റെയും ചുമതലയുള്ള അനിൽ മിശ്ര പ്രത്യേകം ഇടപെട്ട് ട്രസ്റ്റിൽ 125 പേരെ ജീവനക്കാരായി നിയമിച്ചിട്ടുണ്ട്. ഇതിൽ പലരും മിശ്രയുടെ ബന്ധുക്കളുമാണ്. ക്ഷേത്രക്കൊള്ളയിലെ പ്രധാന കണ്ണിയും മിശ്രയാണ്‌. ലോകസ്‌ഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് 2024 ജനുവരി 22-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രതിഷ്ഠാചടങ്ങിന്റെ ‘യജമാനാ'യിരുന്നു (മുഖ്യ ആതിഥേയൻ) അനിൽ മിശ്ര.

​ക്ഷേത്രത്തിൽനിന്ന് നാലു കിലോമീറ്റർ അകലെ ഫൈസാബാദിലെ ആഡംബരപ്രദേശമായ അമനിഗഞ്ചിലെ മിശ്രയുടെ വീടിന്റെ ഒന്നാംനിലയിലായിരുന്നു എസ്ബിഐയിലെ ചീഫ് മാനേജരായ അധിക്യ രഘുറാം സാഗർ കുടുംബസമേതം താമസിച്ചിരുന്നത്. ഹൈദരാബാദ് സ്വദേശിയായ സാഗർ, 2021ലാണ് അയോധ്യ ശാഖയിലെത്തുന്നത്‌. പിന്നീട് പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ബദൗൺ ജില്ലയിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. 2024 ഏപ്രിലിൽ അദ്ദേഹത്തെ വീണ്ടും അയോധ്യയിലേക്കുതന്നെ നിയമിച്ചു. ​അയോധ്യയിലും സമീപപ്രദേശങ്ങളിലുമായി സ്റ്റേറ്റ് ബാങ്കിന് 26 ശാഖകളുണ്ട്‌. ഇതിൽ നയാഖട്ടിനുസമീപത്തുള്ള പ്രധാന ശാഖയിലാണ് ട്രസ്റ്റിന്റെ കലക്‌ഷൻ അക്കൗണ്ട്.


സാഗർ തന്റെ കൂടുതൽ സമയവും ചെലവഴിച്ചിരുന്നത് ക്ഷേത്രട്രസ്റ്റിന്റെ ഓഫീസിലായിരുന്നു. എസ്ബിഐയിലെയും റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യയിലെയും ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും രാമക്ഷേത്ര സന്ദർശനത്തിൽ സൗകര്യങ്ങൾ ഒരുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ജോലി. ക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്ററായ ആർഎസ്എസ് നേതാവ് ഗോപാൽ റാവുവുമായി ചേർന്ന്‌ സാഗർ, ഇത്തരം സന്ദർശകർക്കായി വിഐപി പാസുകൾ നൽകും. വിഐപി പാസ് സന്ദർശകർക്ക് പ്രത്യേക ക്യൂ ഉപയോഗിക്കാനും ശ്രീകോവിലിനുമുകളിൽ സ്ഥിതി ചെയ്യുന്ന ‘രാംഭവൻ' എന്ന സ്ഥലത്തേക്ക് പ്രവേശിച്ച് വിഗ്രഹം ദർശിക്കാനും സാധിക്കും.


പണപ്പെട്ടിയുടെ താക്കോൽ കൊള്ളക്കാർക്ക്


ക്ഷേത്രത്തിൽ സംഭാവനപ്പണം എണ്ണുന്നതിനും സൂക്ഷിക്കുന്നതിനും ഉപയോഗിക്കുന്നതിനും മേൽനോട്ടം വഹിച്ചിരുന്നത് അനിൽ മിശ്രയായിരുന്നു. പണമായി ലഭിക്കുന്ന സംഭാവനകൾ എണ്ണുന്നതിനുള്ള ഉത്തരവാദിത്വം സ്റ്റേറ്റ് ബാങ്കിനായതിനാൽ അതിനുള്ള ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള ചുമതല സ്വാഭാവികമായി ബാങ്കിന്റേതാണ്. ഇത്തരം പ്രവർത്തനങ്ങൾ സ്ഥിരം ജീവനക്കാർതന്നെ നിർവഹിക്കണമെന്നതാണ് നിയമം. എന്നാൽ, ട്രസ്റ്റുമായി ധാരണപത്രം ഒപ്പിട്ടശേഷം ബാങ്ക് ഈ ഉത്തരവാദിത്വം പുറംകരാർ നൽകാൻ തീരുമാനിച്ചു. പുറംകരാറിനായി ഏൽപ്പിച്ചതാകട്ടെ ട്രസ്റ്റിനെത്തന്നെയായിരുന്നു. ട്രസ്റ്റാകട്ടെ പണമെണ്ണാൻ അവരുടെ ജീവനക്കാരെത്തന്നെ നിയമിച്ചു. ഇവരിൽ പലരും അനിൽ മിശ്രയുടെ ശുപാർശയിൽ എത്തിയവരാണെന്നതും ‘യാദൃച്ഛികം'. പണപ്പെട്ടിയുടെ താക്കോൽ കൊള്ളക്കാർക്ക് നൽകുന്നതിനുസമാനം. ശമ്പളം നൽകിയതാകട്ടെ പൊതുമേഖലാ ബാങ്കായ എസ്ബിഐ. സ്ഥിരം തൊഴിൽ ഇല്ലാതാകുന്നതും പുറംകരാർ വ്യാപകമാകുന്നതും അതിനെ പൂർണമായും നിയമവിധേയമാക്കുന്ന പുതിയ തൊഴിൽ കോഡുകളും ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങൾകൂടി വ്യക്തമാക്കുന്നതാണ് അയോധ്യയിലെ അന്പലക്കൊള്ള.​ (ബിഇഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റാണ് ലേഖകൻ)



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home