ad
Deshabhimani

Articles

ദേശീയനിലവാരം ഉറപ്പുവരുത്തിക്കൊണ്ടുമാത്രമേ നമ്മുടെ വിദ്യാഭ്യാസമേഖലയ്ക്ക് പുതിയൊരു ദിശാബോധം നൽകാൻ സാധിക്കൂ.

പ്രവേശനപരീക്ഷകൾക്ക് പകരമെന്ത്

doctormissing

പ്രതീകാത്മക ചിത്രം

ഡോ. കീർത്തിപ്രഭ

Published on May 19, 2026, 10:13 PM | 2 min read

ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ ‘നീറ്റ് യുജി' ക്രമക്കേടുകളും തുടർച്ചയായ തർക്കങ്ങളും രാജ്യത്തെ ഉന്നതവിദ്യാഭ്യാസ പ്രവേശന മാനദണ്ഡങ്ങളെക്കുറിച്ച് ഗൗരവമേറിയ പുനർവിചിന്തനത്തിന് സമയമായെന്ന് ഓർമിപ്പിക്കുന്നു. പ്രവേശനപരീക്ഷ പൂർണമായും ഒഴിവാക്കി പ്ലസ്‌ടു മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നൽകണമെന്ന ബദൽ നിർദേശങ്ങൾ ശക്തമാകുന്നു. വിദ്യാർഥികളുടെ മാനസികസമ്മർദം കുറയ്ക്കാനും തുല്യാവസരം ഉറപ്പാക്കാനും ഇ‍ൗ നടപടി ഉപകരിക്കുമെന്ന വാദമുയരുമ്പോഴും നിലവിലെ സ്‌കൂൾ വിദ്യാഭ്യാസരീതിയിലും കരിയർ മനോഭാവത്തിലും കാതലായ മാറ്റംവരുത്താതെ ഇത് പ്രായോഗികമാക്കുക എളുപ്പമല്ല.


​പ്ലസ്ടു മാർക്കുമാത്രം മാനദണ്ഡമാക്കി ദേശീയതലത്തിൽ പ്രവേശനം നടത്തുന്നതിലെ പ്രധാന വെല്ലുവിളി ഇന്ത്യയിലെ സിലബസുകളിലെ വൈവിധ്യമാണ്. ഇരുപതോളം സംസ്ഥാന സിലബസുകളും സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ ദേശീയ സിലബസുകളും രാജ്യത്തുണ്ട്. ഓരോ ബോർഡിന്റെയും പരീക്ഷാരീതികളും സിലബസിന്റെ കാഠിന്യവും വ്യത്യസ്‌തമാണ്. ചില സംസ്ഥാനങ്ങൾ ഉദാരമായി മാർക്ക് വാരിക്കോരി നൽകുമ്പോൾ, മറ്റു ചില സംസ്ഥാനത്ത്‌ മൂല്യനിർണയം കർശനമാണ്. ഇ‍ൗ സാഹചര്യത്തിൽ പ്ലസ്ടു മാർക്കുമാത്രം നോക്കിയാൽ, കർശനമായ മൂല്യനിർണയ ബോർഡുകളിലെ മിടുക്കരായ കുട്ടികൾക്ക് അവസരം നഷ്‌ടമാകും. പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കണമെങ്കിൽ രാജ്യത്തുടനീളം ഏകീകൃതമായ പരീക്ഷാ മൂല്യനിർണയരീതി വരേണ്ടതുണ്ട്.


​വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ജാഗ്രതക്കുറവാണ്‌ മറ്റൊരു പ്രശ്‌നം. കൃത്യമായ അഭിരുചി തിരിച്ചറിഞ്ഞ് അതിനനുസരിച്ച്‌ കരിയർ തെരഞ്ഞെടുക്കുന്നതിനുപകരം, "കിട്ടുന്നത് എന്തോ അതിലേക്ക് പോവുക’ എന്ന ചിന്താഗതിയാണ് പലർക്കും. മെഡിക്കൽ–എൻജിനിയറിങ്‌ എൻട്രൻസുകൾ ഒരേസമയം എഴുതുന്ന വിദ്യാർഥികൾ ധാരാളമുണ്ട്‌. ഭാവിയിൽ എൻജിനിയറിങ്ങിലേക്ക് പോകാനാഗ്രഹിക്കുന്ന വിദ്യാർഥി പ്ലസ്ടുതലത്തിൽ കംപ്യൂട്ടർ സയൻസിനുപകരം ബയോളജി ഗ്രൂപ്പ് തെരഞ്ഞെടുക്കുന്നത് സമയനഷ്‌ടമാണ്. നീറ്റും സംസ്ഥാന എൻട്രൻസുകളും ഒരേസമയം എഴുതി കുട്ടികൾ സ്വയം മാനസികസമ്മർദത്തിലാകുന്നു. സ്‌കൂൾതലംതൊട്ടേ കുട്ടികളിൽ ശരിയായ അഭിരുചി കണ്ടെത്താനും അതനുസരിച്ചുള്ള ഗ്രൂപ്പുകൾ തെരഞ്ഞെടുക്കാനുമുള്ള കൗൺസലിങ്‌ ഉണ്ടാകണം.


​പ്രവേശനപരീക്ഷകൾക്കുപകരം സ്‌കൂൾതലത്തിലുള്ള തുടർച്ചയായ മൂല്യനിർണയരീതികളെക്കുറിച്ച് ആലോചിക്കുമ്പോൾ മുമ്പ്‌ സുതാര്യതക്കുറവും വില്ലനായിരുന്നു. ഇന്റേണൽ മാർക്കുകളിൽ അധ്യാപകരുടെ വ്യക്തിപരമായ താൽപ്പര്യങ്ങളും വിവേചനാധികാരവും ഇടപെടുന്നത് സുതാര്യതയെ ബാധിച്ചു. ഈ രീതി മാറണമെങ്കിൽ അധ്യാപകർ കേവലം മാർക്ക് നൽകുന്ന അധികാരികളാകാതെ ‘സിസ്റ്റം ഓപ്പറേറ്റർ' മാത്രമായി മാറണം. മുൻകാലങ്ങളിൽ അസാധ്യമായിരുന്ന കേന്ദ്രീകൃത നിരീക്ഷണം ഇന്ന്‌ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ തികച്ചും സാധ്യമാണ്. ഒന്നാംക്ലാസുമുതൽ കുട്ടികളുടെ അക്കാദമിക് പ്രകടനം ഡിജിറ്റലായി നിരീക്ഷിക്കേണ്ടതുണ്ട്‌. എന്നാൽ, എല്ലാ സംസ്ഥാനങ്ങളിലും ഇതിനുള്ള സംവിധാനങ്ങളില്ല. 12–ാംക്ലാസ് എത്തുമ്പോഴേക്കും വിദ്യാർഥി ആർജിക്കേണ്ട അടിസ്ഥാനവിവരങ്ങൾ എന്തൊക്കെയാണെന്ന് ദേശീയതലത്തിൽ നിശ്ചയിക്കാം. എന്നാൽ, ഈ ലക്ഷ്യങ്ങൾ കൈവരിക്കാനായി ഏതു രീതിയിൽ പഠിപ്പിക്കണമെന്നത് അതത് സംസ്ഥാനത്തിനും സ്‌കൂളുകൾക്കും തീരുമാനിക്കാനുള്ള ഫ്ലെക്‌സിബിലിറ്റി നൽകണം. ഇതുവഴി പഠനരീതികളിൽ പ്രാദേശികമായ സ്വാതന്ത്ര്യവും അന്തിമഫലത്തിൽ ദേശീയതലത്തിലുള്ള ഏകീകൃത ഗുണനിലവാരവും കൊണ്ടുവരാൻ സാധിക്കും.


​നിലവിലെ പരീക്ഷാസമ്പ്രദായം കുട്ടികൾ കൈവരിക്കുന്ന യഥാർഥ പുരോഗതിയെ അളക്കുന്നില്ല. 100-ൽ 90നുമുകളിൽ മാർക്ക് വാങ്ങുന്നവരെമാത്രം മിടുക്കരായി കാണുന്നതിനുപകരം, ഓരോ കുട്ടിയുടെയും വ്യക്തിപരമായ വളർച്ചയെ വിലയിരുത്തുന്ന രീതിയാണ് ഉണ്ടാകേണ്ടത്. ഒരു പരീക്ഷയിൽനിന്ന് അടുത്തതിലേക്ക് എത്തുമ്പോൾ കുട്ടി മുൻ നിലവാരത്തിൽനിന്ന് എത്ര മുന്നേറിയെന്ന് അളക്കുന്നതാണ് കൂടുതൽ ശാസ്ത്രീയം. ഇതോടൊപ്പംതന്നെ പരീക്ഷകളുടെ ഗ്രേഡിങ്‌ രീതിയിലും മാറ്റംവരണം. എല്ലാ വർഷവും ചോദ്യപേപ്പറിന്റെ കാഠിന്യം ഒരേപോലെയാകില്ല. വ്യത്യസ്‌ത വർഷം പഠിച്ചിറങ്ങിയ കുട്ടികൾക്ക്‌ ഉന്നതവിദ്യാഭ്യാസ പ്രവേശനത്തിന് ഒരേസമയം അപേക്ഷിക്കുമ്പോൾ, ചോദ്യപേപ്പറിന്റെ വ്യത്യാസംകൊണ്ട് തുല്യാവസരം നഷ്‌ടപ്പെടുന്നു. ഇതിന് പരിഹാരമായി പരീക്ഷയെഴുതിയ കുട്ടികളുടെ മാർക്കിന്റെ ശരാശരി കണ്ടെത്തി, അതിനെ അടിസ്ഥാനമാക്കി ഗ്രേഡിങ്‌ നൽകുന്ന ‘റിലേറ്റീവ് ഗ്രേഡിങ്‌' സിസ്റ്റം കൊണ്ടുവരണം. പൊതുപ്രകടനത്തിന്റെ ശരാശരി അടിസ്ഥാനമാക്കിയുള്ള ‘റിലേറ്റീവ് ഗ്രേഡിങ്ങി'ലൂടെ ചോദ്യപേപ്പറിന്റെ വ്യത്യാസംമൂലമുള്ള മാർക്കിലെ അസമത്വം പൂർണമായും ഒഴിവാക്കാനാകും.


​വർഷങ്ങളോളം വലിയ തുക ഒഴുക്കി കോച്ചിങ്‌ സെന്ററുകളിൽ പഠിക്കുന്നവർക്കുമാത്രം പ്രവേശനപരീക്ഷകൾവഴി ഉന്നതവിദ്യാഭ്യാസത്തിന്‌ അവസരം ലഭിക്കുന്ന നിലവിലെ വിപണി കേന്ദ്രീകൃത അവസ്ഥ മാറേണ്ടതുണ്ട്. എന്നാൽ, അതിനുപകരമായി കൊണ്ടുവരുന്ന മാർക്ക് സമ്പ്രദായം വിജയിക്കണമെങ്കിൽ, സാങ്കേതികവിദ്യയുടെ സഹായത്തോടെ മൂല്യനിർണയം പൂർണമായും സുതാര്യമാക്കണം. കുട്ടികളുടെ വ്യക്തിഗതപുരോഗതിയും പരീക്ഷകളുടെ ആപേക്ഷികനിലവാരവും അളക്കുന്ന റിലേറ്റീവ് ഗ്രേഡിങ്‌ പോലുള്ള ശാസ്ത്രീയസമീപനങ്ങളും നടപ്പാക്കണം. ദേശീയനിലവാരം ഉറപ്പുവരുത്തിക്കൊണ്ടുമാത്രമേ നമ്മുടെ വിദ്യാഭ്യാസമേഖലയ്ക്ക് പുതിയൊരു ദിശാബോധം നൽകാൻ സാധിക്കൂ.




deshabhimani section

Dont Miss it

Recommended for you

Deshabhimani
Home