പുതുചരിത്രമെഴുതാൻ ആവേശത്തോടെ


എളമരം കരീം
Published on Feb 10, 2026, 12:00 AM | 4 min read
പന്ത്രണ്ടിന് രാജ്യം വീണ്ടും തൊഴിലാളിവര്‍ഗ പോരാട്ടത്തിന് സാക്ഷ്യംവഹിക്കുകയാണ്. തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും തകര്‍ക്കുന്ന ലേബര്‍ കോഡുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒറ്റക്കെട്ടായി അവർ പണിമുടക്കുകയാണ്. സിഐടിയു ഉള്‍പ്പെടെ 10 കേന്ദ്ര ട്രേഡ് യൂണിയനുകളാണ് ഈ പണിമുടക്കിന് ആഹ്വാനം നല്‍കിയത്. സംയുക്ത കിസാന്‍ മോര്‍ച്ചയും കര്‍ഷകത്തൊഴിലാളി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര–സംസ്ഥാന ജീവനക്കാര്‍, അധ്യാപകര്‍, ബാങ്ക്-–ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളിലെ ജീവനക്കാരും പണിമുടക്കും. ഈ ചരിത്രപ്രധാന പോരാട്ടം വിജയിപ്പിക്കാന്‍ രാജ്യത്താകമാനം ആവേശകരമായ തയ്യാറെടുപ്പുകളാണ് നടക്കുന്നത്.
തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും തകര്‍ക്കുന്നതാണ് മോദിസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ നാല് ലേബര്‍ കോഡുകള്‍. നിലവിലുണ്ടായിരുന്ന 29 തൊഴില്‍നിയമങ്ങള്‍ക്കു പകരമാണ് പുതിയ കോഡുകള്‍. തൊഴിലാളികളുടെ അവകാശങ്ങള്‍ ഒരുപരിധിവരെ അംഗീകരിക്കുന്നതായിരുന്നു പഴയ നിയമങ്ങള്‍. സ്വാതന്ത്ര്യാനന്തര സാഹചര്യത്തിലാണ് ഇന്ത്യയിൽ തൊഴില്‍നിയമങ്ങള്‍ രൂപംകൊണ്ടത്. ജസ്റ്റിസ് ഗജേന്ദ്ര ഗാഡ്കര്‍ അധ്യക്ഷനായ ഒന്നാം ലേബര്‍ കമീഷന്റെ ശുപാര്‍ശകൾ അനുസരിച്ചായിരുന്നു അവ ഉണ്ടാക്കിയത്. ഭരണഘടനയുടെ മാര്‍ഗനിര്‍ദേശകതത്വങ്ങള്‍ക്ക് അനുസൃതമായിരുന്നു കമീഷന്റെ ശുപാര്‍ശകള്‍.

സ്വാതന്ത്ര്യസമരകാലത്ത് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ വമ്പിച്ച തൊഴിലാളിമുന്നേറ്റം രാജ്യത്തുണ്ടായിരുന്നു. സ്വാതന്ത്ര്യസമരത്തിലും തൊഴിലാളികള്‍ വലിയ പങ്കുവഹിച്ചു. ഈ പശ്ചാത്തലത്തിലാണ് മൗലികമായ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന തൊഴിൽനിയമങ്ങൾ രൂപംകൊണ്ടത്. കോൺഗ്രസ് സർക്കാരിന്റെ നയങ്ങള്‍ രാജ്യത്ത് കുത്തക മുതലാളിത്തം വളരാന്‍ ഇടയാക്കി. തൊഴിലാളിവിരുദ്ധനയം നടപ്പാക്കാന്‍ അവര്‍ സര്‍ക്കാരില്‍ സമ്മര്‍ദംചെലുത്തി. വാജ്പേയി സര്‍ക്കാരിന്റെ കാലത്തെ രണ്ടാം ലേബര്‍ കമീഷന്‍ തൊഴില്‍നിയമങ്ങള്‍ വികലമാക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. എന്നാല്‍, യോജിച്ച എതിര്‍പ്പിനുമുമ്പില്‍ നടപ്പാക്കാനായില്ല.
1991-ല്‍ രാജ്യത്ത് ആരംഭിച്ച ആഗോളവല്‍ക്കരണനയങ്ങള്‍മുതല്‍ ബഹുരാഷ്ട്രകുത്തകകളുടെയും ദേശീയ കുത്തകകളുടെയും താൽപ്പര്യങ്ങള്‍ക്ക് അനുസരിച്ചായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വ്യവസായ–തൊഴില്‍ നയങ്ങൾ. 2014-ല്‍ മോദിസര്‍ക്കാര്‍ വന്നശേഷം ഈ നീക്കങ്ങള്‍ക്ക് ആക്കംകൂടി. ‘ ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ എന്ന നയംമാത്രം അടിസ്ഥാനമാക്കി.
29 തൊഴില്‍നിയമങ്ങള്‍ക്കു പകരമായിട്ടാണ് നാല് ലേബര്‍ കോഡുകള്‍ 2019–-20 വര്‍ഷങ്ങളില്‍ പാര്‍ലമെന്റ് പാസാക്കിയത്. 2019ല്‍ ആദ്യം അവതരിപ്പിച്ച ‘കോഡ്- ഓണ്‍ -വേജസ്’ എന്ന നിയമത്തെ രാജ്യസഭയില്‍ കോണ്‍ഗ്രസ് അനുകൂലിച്ചു. ഇടതുപക്ഷവും ഡിഎംകെയും എതിര്‍ത്തു. 2020ല്‍ മറ്റു മൂന്ന് കോഡുകള്‍ പാര്‍ലമെന്റില്‍ വന്ന സമയത്ത് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചിരിക്കുകയായിരുന്നു. തികച്ചും ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായാണ് ലേബര്‍ കോഡുകള്‍ പാസാക്കിയത്.

കൂട്ടായ വിലപേശല്‍ തൊഴിലാളികളുടെ അവകാശമായി ഐഎല്‍ഒയും ലോകമാകെയും അംഗീകരിച്ചതാണ്. ഇതിനുള്ള ഉപാധിയാണ് ട്രേഡ് യൂണിയനുകള്‍. ലേബര്‍ കോഡ്, ട്രേഡ് യൂണിയന്‍ രൂപീകരണത്തിന് തടസ്സം സൃഷ്ടിക്കുന്നു. തമിഴ്‌നാട്ടിലെ സാംസങ് കമ്പനിയില്‍ തൊഴിലാളികള്‍ രൂപീകരിച്ച ട്രേഡ് യൂണിയന് അംഗീകാരം നിഷേധിച്ചത് പുതിയ ലേബര്‍ കോഡ് അനുസരിച്ചായിരുന്നു. രണ്ടുമാസത്തിലധികം എല്ലാ തൊഴിലാളികളും പണിമുടക്കുസമരം നടത്തിയശേഷമാണ് അവരുടെ ട്രേഡ് യൂണിയന് രജിസ്ട്രേഷന്‍ ലഭിച്ചത്.
മിനിമം വേതന നിയമം വികലമാക്കി. മിനിമം വേതനം എന്ന തത്വത്തെ സുപ്രീംകോടതി അംഗീകരിച്ചതാണ്. അതിനെ വികലമാക്കി ‘നാഷണല്‍ ഫ്ലോര്‍ വേജ്’ എന്ന പുതിയ തത്വം കേന്ദ്രം കൊണ്ടുവന്നു. അതനുസരിച്ച് തൊഴിലാളിയുടെ ചുരുങ്ങിയ കൂലി ദിവസം 202 രൂപയാണ്. സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളിലെ സംരക്ഷണം ഇല്ലാതാക്കി. രാത്രിയിലും സ്ത്രീകളെ ജോലിചെയ്യിക്കാന്‍ തൊഴിലുടമകള്‍ക്ക് അനുമതി ലഭിച്ചു.
ജോലിസമയം ദിവസം എട്ടുമണിക്കൂര്‍ എന്നതും കാറ്റില്‍പ്പറത്തി. 1886ല്‍ ചിക്കാഗോയിലെ തൊഴിലാളികള്‍ ഉയര്‍ത്തിയ മുദ്രാവാക്യമാണ് എട്ടുമണിക്കൂര്‍ ജോലി എന്നത്. ഐഎല്‍ഒ അംഗീകരിച്ചതാണിത്. ഇപ്പോള്‍ ലേബര്‍ കോഡ് അനുസരിച്ച് ജോലിസമയം ദിവസം 12 മണിക്കൂര്‍വരെ ദീര്‍ഘിപ്പിക്കാന്‍ തൊഴിലുടമകള്‍ക്ക് അവകാശം ലഭിച്ചു. ജോലിസമയം ദീര്‍ഘിപ്പിക്കണമെന്ന് ഇന്ത്യൻ കുത്തകകൾ പരസ്യമായി ആവശ്യപ്പെടുകയാണ്.

വ്യവസായങ്ങള്‍ ലേ- ഓഫ് ചെയ്യുന്നതിനും അടച്ചുപൂട്ടുന്നതിനുമുള്ള വ്യവസ്ഥകള്‍ ഇളവ് ചെയ്തു. നേരത്തേ നൂറോ അതിലധികമോപേർ ജോലിചെയ്യുന്ന സ്ഥാപനങ്ങള്‍ ലേ- ഓഫ് ചെയ്യുന്നതിനും അടച്ചുപൂട്ടുന്നതിനും സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമായിരുന്നു. ആ പരിധി മുന്നൂറോ അതിലധികമോ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്കുമാത്രം സർക്കാർ അനുമതി മതിയെന്ന് മാറ്റംവരുത്തി. ഇന്ത്യയിൽ മുന്നൂറോ അതിലധികമോ തൊഴിലാളികൾ സ്ഥിരംജോലിക്കാരായ കമ്പനികൾ വളരെ കുറവാണ്. ആയിരക്കണക്കിന് തൊഴിലാളികളെ ജോലി ചെയ്യിക്കുന്ന കമ്പനികളിലും സ്ഥിരം തൊഴിലാളികൾ കുറച്ചേ കാണൂ. ബാക്കി കരാർ തൊഴിലാളികളും അപ്രന്റിസ്- ട്രെയിനി, -കാഷ്വല്‍ തൊഴിലാളികളുമായിരിക്കും. ഏതു കമ്പനിയും തോന്നുമ്പോള്‍ അടച്ചുപൂട്ടാം.
കമ്പനികളില്‍ ‘ഫിക്സഡ് ടേം എപ്ലോയി’ എന്ന പുതിയ തസ്തിക സൃഷ്ടിക്കാം. ആറുമാസം, ഒരുവർഷം കാലാവധി നിശ്ചയിച്ച് തൊഴിലാളികളെ നിയമിക്കാം. സ്ഥിരം തൊഴിലുകളില്‍ സ്ഥിരം തൊഴിലാളികള്‍ ഉണ്ടായിരിക്കില്ല. ‘ഫിക്സഡ് ടേം എപ്ലോയി’ ഏതെങ്കിലും യൂണിയനില്‍ ചേരുകയോ മുതലാളിക്ക് അനിഷ്ടമായി പ്രവർത്തിച്ചാലോ പിരിച്ചുവിടാം. വ്യവസായശാലകളില്‍ ‘തൊഴിലാളി സംഘടനകള്‍’ ഇല്ലാത്ത സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. കൂട്ടായി ശബ്ദമുയര്‍ത്തുമ്പോഴാണ് വേതനം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയിൽ കാലോചിതമായി മാറ്റംവരുന്നത്. ഈ സ്ഥിതി ഒരിക്കലും ഉണ്ടാകാത്ത അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. കമ്പനികളില്‍ സ്ഥിരംജോലിക്കാരെ കാണാന്‍ പ്രയാസമാകും.
ബഹുരാഷ്ട്ര–ദേശീയ കുത്തകകളുടെ ചൂഷണത്തിന് തൊഴിലാളികളെ എറിഞ്ഞുകൊടുത്തിരിക്കുകയാണ് മോദിസര്‍ക്കാര്‍. തൊഴിലാളികളില്‍ 90 ശതമാനവും അസംഘടിതമേഖലകളിലും പരമ്പരാഗത–കാര്‍ഷിക തൊഴിലുകളിലുമാണ്. 10 കോടിയിലധികംപേരാണ് ജന്മനാട്ടിൽനിന്ന് അകലെ കുടിയേറ്റ തൊഴിലാളികളായി ജോലി ചെയ്യുന്നത്. 50 കോടിയില്‍പ്പരം വരുന്ന അസംഘടിത മേഖല, പരമ്പരാഗത, സ്വയംതൊഴില്‍, കുടിയേറ്റ മേഖലാ തൊഴിലാളികള്‍ക്ക് സംരക്ഷണമോ ആശ്വാസമോ നല്‍കുന്ന ഒരു വാക്കും ലേബര്‍ കോഡുകളിലില്ല. കര്‍ഷകത്തൊഴിലാളികളുടെയും സ്ഥിതി വ്യത്യസ്തമല്ല.
ലോകം സാങ്കേതികവിദ്യകളുടെ വളര്‍ച്ചയില്‍ നിർമിത ബുദ്ധിയുംമറ്റും ഉപയോഗിച്ച് പല മേഖലകളിലും മുന്നേറുകയാണ്. നവ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോള്‍ തൊഴിലാളികളുടെ അധ്വാനസമയം കുറയ്‌ക്കാനാകും. യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലിസമയം ഏഴും ആറും മണിക്കൂറാക്കി കുറച്ച അനുഭവമുണ്ട്. അപ്പോഴാണ് ഇന്ത്യയെ നൂറ്റാണ്ടുകള്‍ക്ക് പുറകിലേക്ക് മോദിസര്‍ക്കാര്‍ കൊണ്ടുപോകുന്നത്.

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍മാത്രമാണ് തൊഴിലാളിവിരുദ്ധ ലേബര്‍ കോഡുകള്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചത്. ഭരണഘടനയുടെ ഫെഡറല്‍ തത്വമനുസരിച്ച്, കണ്‍കറന്റ് ലിസ്റ്റിലുള്ളതാണ് ‘തൊഴില്‍’. തൊഴിലാളികളുടെ താൽപ്പര്യം സംരക്ഷിക്കാന്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് ചര്‍ച്ച ചെയ്യാന്‍ ലേബര്‍ കോണ്‍ക്ലേവ് സംസ്ഥാന തൊഴില്‍വകുപ്പ് സംഘടിപ്പിച്ചു. കോണ്‍ക്ലേവ് ഉദ്‌ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ, കേരളം തൊഴിലാളിവിരുദ്ധ നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു. ലേബര്‍ കോഡുകള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത എല്‍ഡിഎഫ് സര്‍ക്കാരും തൊഴില്‍വകുപ്പും രാജ്യത്തിനാകെ മാതൃകയാണ്. ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ എന്തെല്ലാം നടപടികള്‍ കൈക്കൊള്ളാനാകുമെന്ന വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിട്ട. ജസ്റ്റിസ് ഗോപാല്‍ ഗൗഡ അധ്യക്ഷനായ കമ്മിറ്റിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചു.
ഇത്തരം ധീരമായ നിലപാട് സ്വീകരിച്ചത് കേരള സര്‍ക്കാര്‍മാത്രമാണ്. ഈ കാര്യത്തിലും എല്‍ഡിഎഫ് സര്‍ക്കാര്‍ രാജ്യത്തിന് മാതൃകയായി.എന്നാല്‍, അപമാനകരമായ നിലപാടാണ് കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിച്ചത്. ബിജെപിയേക്കാള്‍ വാശിയില്‍ ലേബര്‍ കോഡുകള്‍ക്ക് സംസ്ഥാന ചട്ടങ്ങള്‍ രൂപീകരിക്കാനുള്ള നോട്ടിഫിക്കേഷന്‍ കര്‍ണാടകം ഇറക്കി. കോര്‍പറേറ്റ് അനുകൂലനയങ്ങള്‍ നടപ്പാക്കുന്നതില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിൽ വ്യത്യാസമില്ല.
ലോകം ഉറ്റുനോക്കുന്ന പോരാട്ടമാണ് 12ന് രാജ്യം കാണുക. തൊഴിലാളിസംഘടനകളോടൊപ്പം കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍ എന്നിവരെല്ലാം ആവേശപൂർവം അണിനിരക്കും. മോദിസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യം നിശ്ചലമാക്കി, അധ്വാനിക്കുന്ന മനുഷ്യര്‍ നടത്തുന്ന ഐതിഹാസികപോരാട്ടം പുതുചരിത്രം കുറിക്കും.














