തുറന്നുകാട്ടപ്പെടുന്ന ആർഎസ്എസ്


അഡ്വ. കെ അനിൽകുമാർ
Published on Oct 17, 2025, 09:16 PM | 3 min read
ഒരു സ്വയം സേവകൻ തന്റെ ആത്മഹത്യയിലൂടെ ആർഎസ്എസിന്റെ നൂറുവർഷത്തെ നെറികേടുകൾക്കുനേരെയാണ് നിറയൊഴിച്ചത്. എൻജിനിയറായ അനന്തു എന്ന ചെറുപ്പക്കാരനാണ് നിശ്ചയിച്ചുറപ്പിച്ച അന്ത്യനിമിഷങ്ങൾക്കുമുമ്പ് ആർഎസ്എസിനെ തുറന്നുകാട്ടുന്ന മരണമൊഴി വീഡിയോയിലൂടെ പകർത്തിവച്ചത്. ആദ്യം ഇൻസ്റ്റയിൽ തയ്യാറാക്കിവച്ച ചെറുകുറിപ്പുകൾ മരണവാർത്തയ്‌ക്കൊപ്പം പൊതുമണ്ഡലത്തിലെത്തി. ആർഎസ്‌എസിന്റെ പ്രതിരോധരീതികൾ കുട്ടിക്കാലംമുതൽ കണ്ടുവളർന്ന ആ യുവാവ് തന്റെ മരണമൊഴിയായ വീഡിയോ മൂന്നുദിവസങ്ങൾക്കപ്പുറം നിശ്ചിതസമയത്ത് വെളിയിൽ വരുന്നവിധം തയ്യാറാക്കി വയ്‌ക്കുകയായിരുന്നു. രണ്ടാമത്തെ വെളിപ്പെടുത്തൽ വന്നതോടെ ആർഎസ്‌എസിന്റെ ആദ്യപ്രതിരോധം പാളി. തുടർന്ന് മുതിർന്ന നേതാക്കളടക്കം ആർഎസ്‌എസിന്റെ "സേവന’പാരമ്പര്യങ്ങൾ ഓർമിപ്പിച്ച്, ന്യായീകരിച്ച് പതറുന്നതാണ് കാണുന്നത്.
ജനാധിപത്യപരമായി പ്രവർത്തിക്കുന്ന സിപിഐ എം ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളെ വ്യാജനിർമിതികളിലൂടെ വേട്ടയാടുന്ന മാധ്യമങ്ങൾക്ക്, ആർഎസ്എസ് തുറന്നുകാട്ടപ്പെടുന്നതിലെ കുണ്‌ഠിതം ചില്ലറയല്ല. അനന്തുവിന്റെ ആത്മഹത്യയെ തുടർന്ന് തമസ്‌കരണമന്ത്രം ജപിച്ച് തലപൂഴ്‌ത്തിയിരുന്ന മാധ്യമങ്ങൾ വളരെ വിഷമിച്ച് മരണവീഡിയോയുടെ വിവരങ്ങൾ ഭാഗികമായി നൽകിയെങ്കിലും ആർഎസ്എസിനെ അത് പൊള്ളിക്കാതിരിക്കാനുള്ള മഹാജാഗ്രത പുലർത്തി. ഒരു ആർഎസ്എസ് നേതാവും ചാനൽ മുറികളിലേക്ക് ആനയിക്കപ്പെട്ടില്ല. ചോദ്യങ്ങളെ നേരിട്ടില്ല. അതിനായി നിർബന്ധിക്കപ്പെട്ടുമില്ല. ഇതാണ് ആർഎസ്എസിനുള്ള സൗകര്യം. ജനാധിപത്യരാജ്യമായ ഇന്ത്യയിൽ നിയമവ്യവസ്ഥയിലോ മാധ്യമസമൂഹത്തിലോ ഒരു ചോദ്യവും അവരിലേക്കെത്തില്ല. അവർക്ക് ഭരണഘടനയില്ല. അംഗത്വമില്ല.
അംഗത്വപട്ടികയുമില്ല. ബ്രാഹ്മണ കുലജാതനായ ഒരു സർസംഘചാലക് ഒഴികെ ബാക്കിയെല്ലാം അതിൽ മിഥ്യയാണ്. ഇന്നു കാണുന്നവൻ നാളെ അവിടെ ഉണ്ടാകില്ല. ‘അരൂപി’യായി രൂപപ്പെടുത്തപ്പെട്ടതിന്റെ സംഘടനാരൂപം ഭൗതികമായി നിലനിൽക്കുന്നില്ല. ആൾക്കൂട്ടമായി നിലനിൽക്കാനും നിമിഷാർധംകൊണ്ട് ലോകത്തെ ഏറ്റവും വലിയ ഫാസിസ്റ്റ് സായുധസേനയായി അവതരിക്കാനും കഴിയുന്ന പ്രച്ഛന്നതയുടെ ഒളിവിടത്തിലാണ് ആർഎസ്‌എസ് പ്രവർത്തിക്കുന്നത്. അതിനാൽ അനന്തു വിലപിക്കുന്നതുപോലെ "തെളിവുകൾ അവശേഷിക്കുന്നില്ല. അനുഭവസാക്ഷ്യംമാത്രം ബാക്കി.’ മരണമൊഴിയിൽ മാതാപിതാക്കളോടായി "ഒരൊറ്റ ആർഎസ്എസുകാരനുമായിപ്പോലും സമ്പർക്കത്തിൽ ഏർപ്പെടാൻ കുട്ടികളെ വിടരുത്' എന്നാണ് ആ യുവാവ് പറയുന്നത്.
ആർഎസ്എസ് ശാഖകളിൽ ആരംഭിക്കുന്ന ലൈംഗികപീഡനം ബഹുദിന സഹവാസ ക്യാമ്പുകളിലേക്ക് പടരുന്നു. അതിൽ വനിതകൾക്ക് ഇടമില്ല. അതിനാൽ പുരുഷകേന്ദ്രീകൃതമായ അർധസൈനിക പരിശീലനക്യാമ്പുകളിലെ സ്വയം ശിക്ഷിത ശാരീരികപീഡനങ്ങൾ സ്വീകരിക്കുന്നതിനു മറുപുറമായി ലഭ്യമാകുന്ന ആകർഷണമായാണ് രതിവൈകൃതങ്ങൾക്ക് ചെറുബാല്യക്കാർ ഇരയാക്കപ്പെടുന്നത്. അത് തിരിച്ചറിയാൻതന്നെ കാലമേറെയെടുക്കും. ഓരോ ആശ്രമത്തിലെയും ആചാരങ്ങൾ വ്യത്യസ്തമാണല്ലോയെന്ന് വൈശാലിയുടെ തിരക്കഥയിൽ എം ടി പറയുന്നത് ഓർക്കാം. ആർഎസ്എസിന്റെ ആശ്രമത്തിലെ ഇരയാക്കപ്പെട്ടയാൾമാത്രമാണ് താനെന്ന് അനന്തു വൈകിയേ അറിഞ്ഞുള്ളൂ.
മരണമെത്തുന്ന നേരത്ത് കണ്ണീരോടെ അമ്മയെയും സഹോദരിയെയും ഓർമിച്ച അനന്തു, സ്വജീവിതത്തിലെ ഏറ്റവും വിലപ്പെട്ടവരായി അവരെ ഓർക്കുന്നു. എന്നാൽ, തന്നെ ആർഎസ്എസ് ശാഖയിലെ അടിമയാക്കാൻ കാരണക്കാരനായ അച്ഛനെപ്പറ്റി മൗനംപുലർത്തുന്നു."കണ്ണൻ ചേട്ടൻ’ എന്ന വിളിപ്പേരിൽ ഒരാൾമാത്രമാണോ ആർഎസ്എസിൽ ഉള്ളത്.
ക്യാമ്പുകളിൽ വന്നുപോയ ചേട്ടന്മാരുടെ മുഖമോ പേരോ ആ യുവാവിന് ഓർമയില്ലാതെ പോയത് അതിന്റെ നിഗൂഢ സംഘടനാരീതികൊണ്ടാണ്. ഗാന്ധിഹത്യയുടെ കേസിൽനിന്ന് തെളിവിന്റെ അഭാവത്താൽ സവർക്കർ രക്ഷപ്പെട്ടതുമുതൽ വെളിവാക്കപ്പെട്ട രീതിയാണിത്. അനന്തുവിനും തെളിവുകൾ തരാനായില്ല എന്ന് ആർഎസ്എസിന് വാദിക്കാം. എന്നാൽ, സ്വയം സേവകനായിരുന്ന അച്ഛന്റെ മകന് ആ സംഘടനയെത്തന്നെ പ്രതിസ്ഥാനത്ത് നിർത്തി വിചാരണ നടത്താൻ കഴിയുന്നവിധം അനന്തു സ്വയം സൃഷ്ടിച്ച കോടതിമുറിയാണ് ആ മരണവീഡിയോ. അതിൽ വാദിയും സാക്ഷിയും ജഡ്‌ജിയും അയാൾമാത്രമാണ്. പ്രതിപ്പട്ടികയിൽ ഒരാളല്ല, ഒരു പ്രസ്ഥാനമാണ്.
സംഘടനയ്‌ക്കുവേണ്ടി ജീവിതം സമർപ്പിച്ച ആ ചെറുപ്പക്കാരന് ഒപ്പമാണോ പീഡകനായ സ്വയംസേവകനൊപ്പമാണോ ആർഎസ്‌എസ് എന്ന ചോദ്യമാണ് ഉയരുന്നത്. സ്വയം എരിഞ്ഞടങ്ങിയ ആ യുവാവിനായി ഒരിറ്റുകണ്ണീർ പൊഴിക്കാൻ ആർഎസ്എസിൽ ഒരാൾപോലും ഉണ്ടായില്ല. സേവാഭാരതിയെന്ന പേരിൽ പൊതുസ്ഥലങ്ങളിലും മരണവീടുകളിലും കാട്ടിക്കൂട്ടുന്ന അമിതാഭിനയപാടവങ്ങൾ ഏറെയുണ്ടായിട്ടും അനന്തു ഉയർത്തിയ ചോദ്യങ്ങൾക്കുമുന്നിൽ ഒരുനൂറ്റാണ്ടിന്റെ വളർച്ചയല്ല, വിളർച്ചയാണ് പ്രകടമായത്.
ചെറുപ്പത്തിൽത്തന്നെ പിടികൂടുക എന്ന തന്ത്രത്തിന്റെ ഉൽപ്പന്നമാണ് ആർഎസ്എസിന്റെ ബാലഗോകുലങ്ങൾ. സമൂഹത്തിൽ സ്വീകാര്യതയുള്ള പലരെയും രക്ഷാകർത്താക്കളാക്കി തനിനിറം ഒളിപ്പിച്ചാണ് അത് പ്രവർത്തിക്കുന്നത്. എട്ടുകാലി വലനെയ്തു വെയ്‌ക്കുന്നതു പോലെ പല ആഘോഷങ്ങളുടെയും മറവിൽ കുട്ടികളെ വീഴ്ത്താൻ ഉപയോഗിക്കുകയും ക്ഷേത്ര ചടങ്ങുകളുമായി ഒരു ബന്ധവുമില്ലാത്ത ഘോഷയാത്രകളിൽ കുട്ടികൾ വേഷം കെട്ടിയെത്തിച്ച് രാഷ്ട്രീയ കെണിയായി മാറ്റുകയും ചെയ്യുന്നു. ഇതിലൂടെ ആർഎസ്എസ് ട്രെയിനിംഗ് ക്യാമ്പുകളിലെക്കുള്ള റിക്രൂട്ട്മെന്റ് നടത്താനാണ് ശ്രമിക്കുന്നത്. ആർഎസ്എസിനോടും അതിലെ അംഗങ്ങളോടും സഹകരിക്കുന്നത് എത്രമേൽ അപകടമാണെന്ന മുന്നറിയിപ്പിന്റെ ഇരമ്പമാണ് ആ മരണമൊഴിയിൽ കേൾക്കാനാകുന്നത്.
ആർഎസ്‌എസിന്റെ നൂറാംവാർഷികത്തിൽ സേവനസന്നദ്ധതയുടെ മാതൃകാസംഘമായി ഈ വർഗീയസംഘിനെ വെള്ളപുതപ്പിക്കാൻ പ്രധാനമന്ത്രി തെരഞ്ഞെടുത്തത് കേരളത്തിലെ വയനാട് ദുരന്തമാണ്. അവിടെ ദുരന്തമുഖത്ത് ആർഎസ്‌എസ് ആദ്യം ഓടിയെത്തിയെന്ന പ്രധാനമന്ത്രിയുടെ കപടസാക്ഷ്യം വ്യാജ ചരിത്രനിർമിതിയാണ്. റിപ്പബ്ലിക് ദിന പരേഡിൽ ആർഎസ്‌എസിന് നെഹ്റു ഇടംനൽകിയെന്ന അവകാശവാദത്തെ നൂറുരൂപ നാണയത്തിൽ മുദ്രണം ചെയ്തതും ആർഎസ്എസിന്റെ ക്രൗര്യമുഖം മറച്ചുവയ്‌ക്കാനാണ്. പക്ഷേ, അതിന്റെ രഹസ്യനിർഭരമായ നികുംഭിലകളിൽ ചവച്ചരയ്‌ക്കപ്പെടുന്ന ഇരകളുടെ നിലവിളികളാണ് അനന്തുവിന്റെ ജീവിതസാക്ഷ്യം ലോകത്തോട് പറയുന്നത്.














