മലിനീകരണത്തോതില്‍ മാറ്റമില്ല; ഡൽഹിയിലെ വായു നിലവാരം 'വളരെ മോശ'ത്തിൽ തന്നെ

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമായി തന്നെ തുടരുന്നു. തിങ്കളാഴ്ച ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം വീണ്ടും 'വളരെ മോശം' വിഭാഗത്തിൽ തുടരുകയാണ്. ആകെയുള്ള വായു ഗുണനിലവാര സൂചിക (AQI) 301 ആയി. 24 ദിവസം 'വളരെ മോശം' നിലവാരത്തിൽ തുടർന്ന ശേഷം, ഞായറാഴ്ച ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം 279ൽ എത്തി 'മോശം' വിഭാഗത്തിലേക്ക് താഴ്ന്നിരുന്നു. എന്നാൽ ഇന്ന് വീണ്ടും അവസ്ഥ മോശമായി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) സമീർ ആപ്പിൽ നിന്നുള്ള ഡാറ്റ പ്രകാരം നഗരത്തിലെ 38 മോണിറ്ററിംഗ് സ്റ്റേഷനുകളിൽ 24 എണ്ണവും 'വളരെ മോശം' വിഭാഗത്തിലാണ് വായുവിന്റെ ഗുണനിലവാരം രേഖപ്പെടുത്തിയത്. ബാക്കിയുള്ള 14 എണ്ണം 'മോശം' നിലയിലാണ്.
സിപിസിബി മാനദണ്ഡങ്ങൾ അനുസരിച്ച്, 0 നും 50 നും ഇടയിലുള്ള ഒരു AQI 'നല്ലത്', 51-100 'തൃപ്തികരം', 101-200 'മിതമായത്', 201-300 'മോശം', 301-400 'വളരെ മോശം', 401-500 'ഗുരുതരം' എന്നിങ്ങനെയാണ് കണക്കാക്കുന്നത്.
തലസ്ഥാനത്ത് തണുപ്പും രൂക്ഷമായി. താപനില 5.7 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. ഇത് സീസണിലെ ശരാശരിയേക്കാൾ 4.6 ഡിഗ്രി കുറവാണെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. രാവിലെ 8.30 ന് ആപേക്ഷിക ആർദ്രത 100 ശതമാനമായി രേഖപ്പെടുത്തി. പരമാവധി താപനില 24 ഡിഗ്രി സെൽഷ്യസായി ഉയരുമെന്ന് ഐഎംഡി അറിയിച്ചു.








0 comments