ad
Deshabhimani

print edition ദൃശ്യബോധ്യത്തിന്റെ ദംഷറാഡ്സ്

nadakam

ദംഷറാഡ്സ്

avatar
അശോകൻ വെളുത്ത പറമ്പത്ത്

Published on May 31, 2026, 12:01 AM | 1 min read

കലിക്കറ്റ് യൂണിവേഴ്സിറ്റി ലിറ്റിൽ തിയറ്ററിന്റെ (കൾട്ട്) "ദംഷറാഡ്സ്" എന്ന നാടകം സ്കൂൾ ഓഫ് ഡ്രാമ പ്രൊഫ. രാമാനുജം സ്റ്റുഡിയോ തിയറ്ററിൽ അവതരിപ്പിക്കുകയുണ്ടായി. ലിറ്റിൽ എർത്ത് തിയറ്റർ ഗ്രൂപ്പിന്റെ ആർട്ടിസ്റ്റിക് ഡയറക്ടറായ അരുൺലാലാണ് ഈ നാടകത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.


ക്ഷേത്രങ്ങളിലെ 'കൂത്തുമാടം' എന്നുതോന്നിപ്പിക്കുന്ന പ്രത്യേക വേദിയിൽ ആരംഭിക്കുന്ന നാടകം നമ്മുടെ ദൃശ്യബോധത്തിൽ കത്തിനിൽക്കുന്ന കുറേ വിളക്കുകളെ രംഗത്തെത്തിക്കുന്നുണ്ട്. ഓരോ വിളക്കും പ്രതിനിധാനം ചെയ്യുന്ന കാലത്തിൽനിന്ന് അതിന്റെ പിന്നിൽ മറഞ്ഞിരിക്കുന്ന പ്രതീകാത്മകത എന്തെല്ലാമാണെന്ന് സംവിധായകൻ പൂർണമായി വിവരിക്കാതെ, അതിനുള്ള അവസരം പ്രേക്ഷകർക്ക്‌ നൽകുകയാണ്. അരുൺലാലിന്റെ നാടകങ്ങളെല്ലാം പതിവ് കാഴ്ചാരീതികളിൽനിന്ന്‌ മാറിനിൽക്കുന്നവയും "നടന്മാരുടെ തിയറ്ററായി" രൂപംകൊണ്ടിട്ടുള്ളവയുമാണെന്ന് പറയാം. പ്രതീക്ഷ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യരാശിയെ മോചിപ്പിക്കുകയും ഓരോ വ്യക്തിയുടെയും സഹജമായ ഊർജത്തെ സ്വതന്ത്രമാക്കുകയും ചെയ്യുന്നരീതിയിൽ നാടകവേദിയുടെ യഥാർഥ ധർമത്തെ സ്ഥാപിച്ചെടുക്കാൻ തീഷ്ണമായ പരീക്ഷണങ്ങളാണ് ഈ നാടകത്തിൽ സംവിധായകൻ നടത്തുന്നത്. ഐതിഹ്യങ്ങളെപോലും വർത്തമാനകാല വിപര്യയങ്ങളുമായി സംവദിക്കാനുതകുന്ന തരത്തിൽ മാറ്റിമറിക്കാനുള്ള ബോധപൂർവമായ ശ്രമം കാണാം. പുരുഷ കേന്ദ്രീകൃതമായ സാമൂഹ്യാവസ്ഥയിൽ സ്ത്രീ അനുഭവിക്കുന്ന ഏകാന്തവും ദുരന്തപൂർണവുമായ ജീവിതാനുഭവങ്ങളിലേക്ക് നാടകം കടന്നുചെല്ലുന്നു. ചങ്ങലകളിൽനിന്നുള്ള മോചനം മാത്രമല്ല സ്വാതന്ത്ര്യം, മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുമ്പോൾ മാത്രമേ അത് പൂർണമാകുകയുള്ളൂ എന്ന സമഗ്രതയിലേക്ക് ഈ നാടകം പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. മാനവികതയുടെ പക്ഷത്തുനിൽക്കാത്ത കലാകാരന്റെയും സാഹിത്യകാരന്റെയും രാഷ്ട്രീയക്കാരന്റെയും അസ്തിത്വം ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന നിഗമനത്തിൽ നാടകാവസാനം പ്രേക്ഷകരും എത്തിച്ചേരുന്നുണ്ട്.


വിശപ്പിന് അതകറ്റുന്നവരേക്കാൾ വലുതായി ഒരു സുഹൃത്തിനെയും അറിയില്ലെന്ന ഉൾക്കാഴ്ച നൽകിക്കൊണ്ടാണ് നാടകം അവസാനിക്കുന്നത്. നാടകാവസാനത്തിൽ, ഡോളറിന്റെ ആഗമനംമൂലമുണ്ടാകുന്ന അധിനിവേശ സൂചനകളും യുദ്ധങ്ങളുടെ നിരർഥകതയിൽ നിസ്സഹായരാകുന്ന മനുഷ്യരുടെ ദൈന്യതയ്ക്കും തോൽപ്പാവക്കൂത്തിന്റെ നിഴലിലും വെളിച്ചത്തിലും മനോഹരമാകുന്നുണ്ട്. സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥികളുടെ അഭിനയ ചാതുര്യവും തനതു സംഗീതമിശ്രണവും നിയന്ത്രിതമായ വെളിച്ചത്തിന്റെ വിസ്മയവും നാടകത്തെ വേറിട്ടുനിർത്തുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home