ad
Deshabhimani

പ്രതിരോധങ്ങളിൽ ഉയിർക്കുന്ന തുടർച്ചകൾ

william defo
avatar
പ്രമോദ്‌ പയ്യന്നൂർ


Published on Mar 22, 2026, 10:47 AM | 2 min read

ഈ വർഷത്തെ നാടകസന്ദേശം കുറിച്ച വിഖ്യാത നാടക–ചലച്ചിത്ര അഭിനേതാവും വെനീസ് തിയറ്റർ ബിനാലെയുടെ ആർട്ടിസ്റ്റിക് ഡയറക്ടറുമായ വില്ലെം ഡെഫോയുടെ ദർശനങ്ങളിലൂടെ കടന്നുപോകുന്നു നാടക പ്രയോക്താവും ചലച്ചിത്ര സംവിധായകനുമായ ഡോ. പ്രമോദ് പയ്യന്നൂർ.


Necessary of Art -എന്ന ശീർഷകത്തിൽ ഏണസ്റ്റ് ഫിഷർ എന്ന മാർക്സിയൻ ചിന്തകൻ എഴുതിയ പുസ്തകം മാനവസമൂഹത്തിന്റെയും കലയുടെയും നാഭീനാള ബന്ധത്തെ ദാർശനികമാനത്തോടെ മുദ്രിതമാക്കുന്നു. ഈ ദർശനങ്ങളുടെ രംഗഭാഷാ കേന്ദ്രീകൃതമായ ആഖ്യാനമാണ് അമേരിക്കൻ ഫിലോസഫി ഡിപ്പാർട്ട്മെന്റ് തലവനായ പോൾവുഡ്‌റഫ് എഴുതിയ Necessary of Theatre. നവകാലത്തിന്റെ പോയറ്റിക്സ് എന്ന് വിലയിരുത്തപ്പെട്ട ഈ ഗ്രന്ഥം സമകാലത്തോട് പൊരുതിനിൽക്കാനും വരുംകാലത്തെ നിർമിച്ചെടുക്കാനുമുള്ള ജനകീയ കലയുടെ ഉൾക്കരുത്തിനെയാണ് പ്രകാശിപ്പിക്കുന്നത്.


1961-ൽ ഇന്റർനാഷണൽ തിയറ്റർ ഇൻസ്റ്റിറ്റ്യൂട്ട് നാന്ദികുറിക്കുകയും 1962-ൽ ഫ്രാൻസിലെ ജീൻകോറ്റ്കോയുടെ നാടകസന്ദേശത്തോടെ തുടക്കംകുറിക്കുകയും ചെയ്‌ത ബോധന ശാസ്ത്രങ്ങളാണ് ലോക നാടകദിന സന്ദേശ തുടർച്ചകൾ. ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടിലിന്റെ പോയറ്റിക്സിൽ പവിത്രവും നിഗൂഢവുമായ മാനുഷികഭാവങ്ങളുടെ നേർക്കാഴ്ചയായി നാടകത്തെ വ്യാഖ്യാനിക്കുന്നതിന്റെ അലയിളക്കം വർഷാവർഷം മാർച്ച് 27-നെ മുൻനിർത്തിയെത്തുന്ന സർഗവ്യക്തിത്വങ്ങളുടെ ആശയത്തിളക്കങ്ങളിൽ ദർശിക്കാം. ന്യൂയോർക്കിലെ വൂസ്റ്റർ ഗ്രൂപ്പ് പെർഫോമിങ്‌ ഗ്യാരേജിൽ നാടക അഭിനേതാവെന്ന നിലയിലും തുടർന്ന് ചലച്ചിത്രലോകത്തും വേറിട്ട അഭിനയശൈലിയാൽ അടയാളപ്പെട്ട വില്ലെം ഡെഫോയാണ് ഈ വർഷത്തെ നാടകദിനസന്ദേശം കുറിച്ചിട്ടത്.


ചതുരംഗക്കളത്തിലെ കരുക്കളെപ്പോലെ, ചിന്തിക്കുകയും അധ്വാനിക്കുകയും ചെയ്യുന്ന മനുഷ്യരുടെ നേർസാന്നിധ്യം അനിവാര്യമായ പ്രതിരോധത്തിന്റെ കലയാണ് നാടകം. അസമത്വങ്ങളോട് സമരസപ്പെടാത്ത കല. രംഗഭാഷകളുടെ പൂർണതയ്ക്കായി പല ശൈലീഭേദങ്ങളിലൂടെയുള്ള അന്വേഷണങ്ങളും പുതിയ കണ്ടെത്തലുകളും തിയറ്ററിന്റെ സവിശേഷതയാണ്. മനുഷ്യരുടെ ശ്വാസനിശ്വാസങ്ങളും ഗന്ധവും പ്രതികരണങ്ങളുടെ സ്പന്ദനങ്ങളും അറിഞ്ഞാണ് നാടകകല പ്രാചീന കാലംമുതൽ ജൈവശാസ്ത്രപരമായി രൂപകൽപ്പന ചെയ്ത്‌ നിലനിന്നുപോരുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് ബന്ധങ്ങൾപോലും ഉപകരണങ്ങളിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു.


നമ്മൾ നമ്മളെത്തന്നെ കംപ്യൂട്ടറിലും യന്ത്രസഹായങ്ങളിലും തിരയുന്ന കാലം. ബന്ധങ്ങളുടെ വിപുലീകരണം വാഗ്ദാനം ചെയ്‌ത്‌ വ്യക്തികേന്ദ്രീകൃതമായ തുരുത്തുകളും ഒറ്റപ്പെടുത്തലുമാണ് സാങ്കേതികതയുടെ അതിപ്രസരണം മനുഷ്യർക്കിടയിൽ സൃഷ്ടിക്കുന്നത്. കൊച്ചു മുറിക്കകത്ത് തളച്ചിട്ട ആനയെപ്പോലെയാണ് സാങ്കേതികതയും സാമൂഹികശൃംഖലകളും. സാങ്കേതികലോകം പൊലിപ്പിച്ചുകാട്ടുന്ന ആർഭാടങ്ങളുടെ ഘോഷയാത്രയിൽ വിഭജിക്കപ്പെട്ടുപോകുന്ന മനുഷ്യന്റെ മനസ്സിൽ മുറിപ്പാടുകൾ വീഴുന്നു. ജീവിതഗന്ധിയായ ഒരു ക്രിയയുടെയും പ്രതികരണത്തിന്റെയും വലയത്തിൽ ഒത്തുചേരുന്നവരുടെ മാനവികതയുടെ ലോകവും ജൈവികതയും സാങ്കേതികലോകത്തിന് സൃഷ്ടിച്ചെടുക്കാൻ സാധ്യമല്ല.


വില്ലെം ഡെഫോ പറയുന്നു: - ‘നാടകപ്രവർത്തകൻ എന്നറിയപ്പെടുന്നതിൽ അഭിമാനിക്കുന്ന ഞാൻ അരങ്ങിന്റെ ഉൾക്കരുത്തിൽ എന്നും വിശ്വസിക്കുന്നു. അതിരുകളും നിയന്ത്രണങ്ങളും ഉടലെടുക്കുന്ന ആസുരകാലത്ത് ചെറുത്തുനിൽപ്പിന്റെ സാധ്യതകളിലൂടെ മുന്നേറുക എന്നതാണ് ഇപ്പോൾ കലാകാരന്മാരുടെ വെല്ലുവിളി. അരങ്ങെന്ന നേർസാക്ഷ്യത്തിൽ നിന്നുകൊണ്ട് സത്യസന്ധതകളില്ലാത്ത പ്രവർത്തനങ്ങളും വാണിജ്യസംരംഭം എന്ന നിലയിലുള്ള ദുഷിപ്പിക്കലിന്റെ നീതികേടും ഉണങ്ങി ദ്രവിക്കുന്ന പാരമ്പര്യശൈലികളും വകഞ്ഞുമാറ്റി അരങ്ങിനെ വീണ്ടെടുക്കേണ്ടതുണ്ട്. ഒരു സമ്പൂർണ കലാരൂപം എന്ന നിലയിൽ അരങ്ങിന് നമ്മുടെ മാനവികതയുടെ ലോകത്തെ പുനർസൃഷ്ടിച്ചെടുക്കാൻ കഴിയും. നമ്മൾ എന്തായിരുന്നു? എന്താണ്? നമ്മൾ എങ്ങോട്ടാണ് പോകുന്നത്?- എന്നിങ്ങനെയുള്ള ചോദ്യങ്ങൾ സഹജീവികൾക്കുമുന്നിൽ ഉയർത്തി പ്രബോധത്തിന്റെ ഉയിർവീര്യങ്ങൾ പകരാൻ ഉള്ളതാകണം പുതുകാലത്തിൻ കലാസഞ്ചാരങ്ങൾ. ജീവന്റെയും ജീവിതത്തിന്റെയും സമഗ്രതയെ അരങ്ങിൽ പുനർസൃഷ്ടിച്ചെടുക്കുന്ന നാടകം, നേരിന്റെ പോരാളികളുടെ വഴിയും വഴികാട്ടിയുമായി തുടരട്ടെ.’



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home