ad
Deshabhimani

print edition ചുവരുകൾ തകരുന്ന കൂട്

drama
avatar
പ്രദീപ് പനങ്ങാട്

Published on May 24, 2026, 07:05 AM | 2 min read

മനുഷ്യബന്ധങ്ങളുടെ സങ്കീർണതകളെയും സ്ത്രീമനസ്സിന്റെ ആഴക്കടലുകളെയും ഇത്രമേൽ തീക്ഷ്ണമായി ആവിഷ്‌കരിച്ച മറ്റൊരു എഴുത്തുകാരൻ ലോകസാഹിത്യത്തിൽ കുറവായിരിക്കും. രബീന്ദ്രനാഥ ടാഗോറിന്റെ വിഖ്യാതമായ ‘നഷ്ടനീർ’ (Charulata) എന്ന കഥയെയും ‘മെരുക്കിയ പക്ഷി കൂട്ടിലാണ്’ എന്ന പ്രശസ്ത കവിതയെയും സമന്വയിപ്പിച്ച് മനോജ്‌ ശിവ രംഗത്തെത്തിച്ച ‘ഹൃദയരേഖ’ എന്ന നാടകം തിയറ്ററിലെ തികച്ചും വിപ്ലവകരവും കാവ്യാത്മകവുമായ അനുഭവമാണ്. സ്നേഹം, സ്വാതന്ത്ര്യം, ഏകാന്തത, ബന്ധനം എന്നിവയുടെ നേർരേഖകൾ വരച്ചിടുന്ന ഈ നാടകം സംവദിക്കുന്നത് കേവലം വാക്കുകളാലല്ല, മറിച്ച് നിശ്ശബ്ദതയുടെയും പ്രകാശത്തിന്റെയും സംഗീതത്തിന്റെയും അപൂർവ കൂടിച്ചേരലിലൂടെയാണ്.


കടലാസുമതിലുകൾ


നാടകത്തിന്റെ ഒന്നാംരംഗംതന്നെ പ്രേക്ഷകനെ ഭൂപതിയുടെയും ചാരുലതയുടെയും വിഭിന്ന ലോകത്തേക്ക്‌ കൂട്ടിക്കൊണ്ടുപോകുന്നു. ഒരുവശത്ത്, വാർത്തകളുടെയും രാഷ്ട്രീയത്തിന്റെയും അതിർത്തിനയങ്ങളുടെയും കടലാസുകൊട്ടാരം പണിയുന്ന ഭൂപതി. മറുവശത്ത്, റേഡിയോയിലെ ബംഗാളിഗാനങ്ങളിലും അക്ഷരങ്ങളിലും സ്വന്തം ആത്മാവിനെ തിരയുന്ന ചാരുലത. "ഓരോ പത്രത്താളും ഞങ്ങൾക്കിടയിൽ ഒരു വലിയ മതിലായി വളരുകയാണ്. ആരും കാണാത്ത, ആരും മണക്കാത്ത, ഫലം തരാത്ത ഒരു പൂവായി ഞാൻ ഇവിടെ വാടിക്കൊഴിഞ്ഞുപോകണോ?’ ചാരുലതയുടെ ഈ ആത്മഗതം ഓരോ സ്ത്രീയുടെയും അന്തർഗതമായി വേദിയിൽ മുഴങ്ങുന്നു. അമ്മായിയുടെയും മന്ദാകിനിയുടെയും പരമ്പരാഗത സ്ത്രീസങ്കൽപ്പങ്ങളുടെയും പരിഹാസങ്ങളുടെയും ചുവരുകൾക്കുള്ളിൽ ചാരുലതയുടെ ചിറകടികൾ ശ്വാസംമുട്ടുന്നത് സംവിധായകൻ മനോഹരമായി ദൃശ്യവൽക്കരിച്ചിരിക്കുന്നു.


മനോജ്‌ ശിവമനോജ്‌ ശിവ


അമൽ എന്ന വിരഹം


അമലിന്റെ വേർപാട് ചാരുലതയെ എത്തിക്കുന്നത് കത്തുന്ന ഏകാന്തതയിലേക്കാണ്. അവൾ അവനായി തുന്നിയ കമ്പിളിയിലും ചിത്രപ്പണികൾ ചെയ്ത തൂവാലകളിലും തലോടുമ്പോൾ വേദിയിൽ ഉയരുന്ന നൃത്തവും പുല്ലാങ്കുഴലിന്റെ നാദവും വിരഹത്തിന്റെ തീവ്രത ഇരട്ടിയാക്കുന്നു. മന്ദാകിനിയുടെ പുച്ഛത്തിനുമുന്നിൽ, ‘‘ഇത് എനിക്ക് എന്റെ ആത്മാവിന്റെ മുറിപ്പാടുകളാണ്’’ എന്ന് ചാരുലത വിളിച്ചുപറയുമ്പോൾ നാടകം ഒരു സ്ത്രീപക്ഷരാഷ്ട്രീയത്തിന്റെ നേർസാക്ഷ്യമായി മാറുന്നുണ്ട്.


നാടകത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ പ്രേക്ഷകന്റെ കണ്ണുനിറയ്ക്കുന്നതാണ്. മൈസൂരിലേക്ക് ഒപ്പംവരാൻ ക്ഷണിക്കുന്ന ഭൂപതിയുടെ കണ്ണുകളിൽ സ്നേഹമല്ല, മറിച്ച് ‘സഹതാപം' മാത്രമാണെന്ന് തിരിച്ചറിയുന്ന ചാരുലത, ആ വാഗ്ദാനം നിരസിക്കുന്ന നിമിഷം നാടകത്തിന്റെ ഉച്ചസ്ഥായിയാണ്. മുറിഞ്ഞ ബന്ധം തുന്നിച്ചേർത്താൽ പഴയതുപോലെയാകില്ലെന്ന തിരിച്ചറിവിലാണ് അവൾ ആ യാത്ര വേണ്ടെന്നുവയ്ക്കുന്നത്‌. വേദിയിൽ നടന്മാർ സ്വന്തം മുഖം മറച്ചുപിടിച്ച് മൈം രൂപത്തിൽ ചാരുലതയ്ക്കു ചുറ്റും കൂടുകൾ തീർക്കുമ്പോൾ, അവൾ ആ കൂടുകളെയും തൂവലുകളെയും ഉപേക്ഷിച്ച് അകത്തേക്ക് നടന്നുപോകുന്ന ദൃശ്യം തിയറ്റർ ആർട്ടിന്റെ ഉദാത്തമായ മാതൃകയാണ്.


ടാഗോറിന്റെ ദർശനം


നാടകത്തിന്റെ ഒടുവിൽ സൂത്രധാരനായി രംഗത്തുവരുന്ന രബീന്ദ്രനാഥ ടാഗോറിന്റെ സാന്നിധ്യം നാടകത്തെ മറ്റൊരു ദാർശനികതലത്തിലേക്ക് ഉയർത്തുന്നു. ‘ഏകലാ ചലോ രേ’ എന്ന അനശ്വര ഗാനത്തിന്റെ പശ്ചാത്തലത്തിൽ ടാഗോർ നടത്തുന്ന പ്രഭാഷണം നാടകത്തിന്റെ ആത്മാവാണ്: ‘‘സ്നേഹം എന്നത് ഒരു തടവറയാകരുത്, അതൊരു മഹാസ്വാതന്ത്ര്യമാകണം. ഒരാളെ നിങ്ങൾ അത്രമേൽ സ്നേഹിക്കുന്നുണ്ടെങ്കിൽ അവരെ സ്വതന്ത്രരാക്കിവിടുക.’’


മനോജ്‌ ശിവയുടെ സംവിധാനമികവും ആവിഷ്കാരഭംഗിയും ഓരോ രംഗത്തിലും പ്രകടമാണ്. വെളിച്ചത്തിന്റെ വിന്യാസവും മിഴാവിന്റെയും പുല്ലാങ്കുഴലിന്റെയും സരോദിന്റെയും പശ്ചാത്തലസംഗീതവും നാടകത്തിന്റെ ആത്മാവിനെ തൊട്ടറിയാൻ സഹായിച്ചു. ചാരുലതയായും ഭൂപതിയായും വേഷമിട്ട അഭിനേതാക്കളുടെ വികാരതീവ്രമായ പ്രകടനങ്ങൾ കാണികളുടെ ഹൃദയം കവർന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home