ഇന്ന് ലോക നാടകദിനം
മാടൻമോക്ഷം : അരങ്ങിലെ പുതുവെളിച്ചം

'മാടൻമോക്ഷം' നാടകത്തിൽ നിന്നും

പി എസ് മഞ്ജരി
Published on Mar 27, 2026, 09:37 AM | 4 min read
മാനുഷിക വികാരങ്ങളുടെ ആഴങ്ങളിൽ നിന്ന് ഉയിർകൊണ്ട കലയാണ് നാടകം. ഓരോ വർഷവും മാർച്ച് 27 ലോക നാടകദിനമായി ആചരിക്കുമ്പോൾ, അനീതിക്കെതിരെയുള്ള ലോകത്തിന്റെ ഉറച്ച ശബ്ദമാവുന്ന നാടിന്റെ അകങ്ങൾ ഉയിർത്തെഴുന്നേൽക്കപ്പെടുന്നു. സോഫോക്ലീസും ഷേക്സ്പിയറും ഇബ്സനും ബ്രെഹ്ത്തും സാമുവൽ ബെക്കറ്റും അടങ്ങുന്ന ലോക നാടക ദൃശ്യവിസ്മയ ശില്പികൾ മനുഷ്യന്റെ അസ്തിത്വത്തെയും വ്യവസ്ഥിതിയെയും ചോദ്യം ചെയ്തവരാണ്.
ഇന്ത്യയിൽ ഇതേ പാരമ്പര്യം അരങ്ങിലെ വിപ്ലവകാരികളായ സഫ്ദർ ഹാഷ്മിയെപ്പോലുള്ള രക്തസാക്ഷികളിലൂടെയും ബാദൽ സർക്കാരിനെപ്പോലുള്ള പ്രതിഭകളിലൂടെയും തെരുവുകളിലും വേദിയിലും ഇന്നും ജ്വലിച്ചു നിൽക്കുന്നു. കല മനുഷ്യനെ രസിപ്പിക്കാൻ മാത്രമല്ല, പരിവർത്തിപ്പിക്കാൻ കൂടിയുള്ളതാണെന്ന് ഈ നാടക പാരമ്പര്യം നമ്മെ ഓർമിപ്പിക്കുന്നു.
അനീതിക്കെതിരെ ഉയർന്ന അരങ്ങുകൾ
കേരളത്തിന്റെ മണ്ണ് നാടകത്തോടും അതിന്റെ രാഷ്ട്രീയത്തോടും എല്ലാക്കാലവും കടപ്പെട്ടിരിക്കുന്നു. മലയാളിയുടെ സാമൂഹിക നവീകരണത്തിന് അക്ഷരങ്ങളേക്കാൾ വേഗത്തിൽ കരുത്തുപകർന്നത് അരങ്ങിലെ വെളിച്ചമാണ്. കെ ദാമോദരന്റെ 'പാട്ടബാക്കി' എന്ന ആദ്യത്തെ രാഷ്ട്രീയ നാടകം മലയാളക്കരയിൽ വിപ്ലവം സൃഷ്ടിച്ചു.
ജന്മി - നാടുവാഴികളുടെ അധീശത്വത്തിൽ അടിമയാക്കപ്പെട്ട ഒരു ജനതയെ അവകാശങ്ങളെക്കുറിച്ച് ബോധവന്മാരാക്കാൻ ‘പാട്ടബാക്കി’ക്ക് കഴിഞ്ഞു. പിന്നീട് കെപിഎസി എന്ന പ്രസ്ഥാനം 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകത്തിലൂടെ കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തെത്തന്നെ മാറ്റിമറിച്ചു. വി ടി ഭട്ടതിരിപ്പാട് ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’കടന്നുവരാൻ ഉദ്ബോധിപ്പിച്ചു.
തോപ്പിൽഭാസി, തിക്കോടിയൻ, പൊൻകുന്നം വർക്കി, എൻ എൻ പിള്ള, കെ ടി മുഹമ്മദ്, ഒ മാധവൻ, പി ജെ ആന്റണി, സി ജെ തോമസ്, എം വി ദേവൻ, താജ് ഭരത് മുരളി എന്നിങ്ങനെ നീളുന്ന അരങ്ങിലെ വിപ്ലവകാരികൾ മലയാള നാടകവേദിയെ ലോകനിലവാരത്തിലേക്ക് ഉയർത്തി.
കേരളത്തിന്റെ മഹത്തായ നാടക പാരമ്പര്യത്തിന്റെ സമകാലിക തുടർച്ചയാണ് ആലപ്പുഴ മരുതം തിയേറ്റേഴ്‌സിന്റെ 'മാടൻമോക്ഷം'. തകഴിയുടെ മണ്ണിൽ നിന്നും നാടകത്തിന്റെ മാനവിക മൂല്യങ്ങളെ ഉൾക്കൊണ്ട ഒരുകൂട്ടം കലാകാരന്മാർ ഒരുക്കിയ ‘മാടൻമോക്ഷം’ കേരളീയ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന വരേണ്യബോധത്തോട് കലഹിക്കുന്നു.
തകഴിയുടെ 'തോട്ടിയുടെ മകൻ' പോലുള്ള കൃതികൾ എങ്ങനെയാണോ പാർശ്വവൽക്കരിക്കപ്പെട്ടവന്റെ വിയർപ്പും വേദനയും ഒപ്പിയെടുത്തത് അതേ തീക്ഷ്ണതയോടെയാണ് ‘മാടൻമോക്ഷ’വും അരങ്ങിലെത്തുന്നത്. ബി ജയമോഹന്റെ നോവലിന് ജോബ് മഠത്തിൽ നൽകിയ രംഗഭാഷ്യം കീഴാളരുടെയും അവരുടെ ദൈവങ്ങളുടെയും നിസഹായാവസ്ഥയുടെ ആത്മരോഷമാണ്.
കുഞ്ഞനെന്ന കഥാപാത്രത്തെ നമ്മളിലൊരാളാക്കി മാറ്റിയ പ്രമോദ് വെളിയനാടും, തന്റെ ഉടലിലൂടെയും ശ്വാസത്തിലൂടെയും മാടനെ അരങ്ങിൽ പുനർസൃഷ്ടിച്ച ജയചന്ദ്രൻ തകഴിക്കാരനുമാണ് ഈ നാടകത്തെ സഹൃദയപ്രിയമാക്കുന്നത്. ബ്രാഹ്മണ്യബോധത്തിന്റെ അധിനിവേശത്തിൽ നിസഹായനായി നിൽക്കുന്ന മാടൻ, ‘തമ്പുരാനാ’യി പരിണമിച്ചുകൊണ്ട് ഈ നാടകം പ്രേക്ഷകരുമായി സാംസ്കാരിക വിനിമയം നടത്തുന്നു.
‘മാടൻമോക്ഷ’ത്തിന്റെ രാഷ്ട്രീയം
സമൂഹവുമായി ഇഴുകിച്ചേർന്നു നിൽക്കുന്നതും നമ്മളിൽ പലരുടേയും ചിന്തകളിലൂടെ പലപ്പോഴും കടന്നു പോയിട്ടുള്ളതുമായ അനുഭവങ്ങളുടെ പകർപ്പാണ് ജയമോഹന്റെ മിക്ക കൃതികളും. രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളെ വികാരതീവ്രതയിൽ നിന്ന് സ്വതന്ത്രമാക്കി തുറന്നുപറയാനും, പലരും പ്രയോഗിക്കാൻ മടിക്കുന്ന രീതിയിൽ വിമർശിക്കാനും അദ്ദേഹത്തിന് സാധിക്കാറുണ്ട്. അധികാരഘടനയേയും മനുഷ്യന്റെ ആത്മ സംഘർഷങ്ങളെയും വിചാരണ ചെയ്യുന്ന ജയമോഹൻ കൃതികൾ സമകാലിക സാഹിത്യത്തിലെ കരുത്തുറ്റ ശബ്ദമാണ്. ‘മാടൻമോക്ഷം’ എന്ന കൃതിയും അത്തരത്തിൽ വൈവിധ്യമാർന്ന ഒന്നാണ്.

ഈ കൃതിയിലൂടെ ജയമോഹൻ ചർച്ച ചെയ്യുന്നത് വിശ്വാസമെന്ന മറക്കുള്ളിലെ അധികാര രാഷ്ട്രീയമാണ്. അരികുവൽക്കരിക്കപ്പെട്ടവരുടെ മണ്ണിൽ ചവിട്ടി നിൽക്കുന്ന ദൈവങ്ങളെ വരേണ്യവർഗം എങ്ങനെയാണ് മതിൽക്കെട്ടിനുള്ളിലെ തമ്പുരാനാക്കി പരിവർത്തിപ്പിക്കുന്നതെന്ന് ഈ നോവൽ വ്യക്തമാക്കുന്നു.
ഉടൽദൈവങ്ങളെ ഉച്ചാടനം ചെയ്യുന്ന സാംസ്കാരിക ഫാസിസത്തിനെതിരെയുള്ള ജയമോഹന്റെ ഈ രചന രാജ്മോഹൻ നീലേശ്വരത്തിന്റെ ആവിഷ്കാരത്തിലൂടെയും ജോബ് മഠത്തിലിന്റെ സംവിധാനത്തിലൂടെയും അരങ്ങിലെത്തുമ്പോൾ അത് അടിച്ചമർത്തപ്പെട്ടവന്റെ ഉയിർത്തെഴുന്നേൽപ്പായി മാറുന്നു. മണ്ണിൽ വേരുകളുള്ള ഒരു ജനതയുടെ ആത്മവീര്യത്തെ മോക്ഷത്തിന്റെ പേരിൽ തളച്ചിടാൻ കഴിയില്ലെന്ന വലിയ പ്രഖ്യാപനമാണ് ഈ നാടകം മുന്നോട്ടുവക്കുന്ന രാഷ്ട്രീയം.
'മാടൻമോക്ഷം' കേവലം ഒരു നാടകമല്ല, അത് വേരുകൾ അറുത്തുമാറ്റപ്പെടുന്ന ഒരു സമൂഹത്തിന്റെ ഉച്ചത്തിലുള്ള രാഷ്ട്രീയ പ്രതിരോധമാണ്.
വരേണ്യവത്കരിച്ച ‘മാടന്റെ’ മോക്ഷം
നാടകത്തിന്റെ ആത്മാവ് കുടികൊള്ളുന്നത് 'മാടൻ' എന്ന സങ്കൽപ്പത്തിലാണ്. ആകാശത്തുനിന്ന് മണ്ണിലേക്കിറങ്ങിവന്ന ദൈവമല്ല ‘മാടൻ’, മണ്ണിൽ പണിയെടുക്കുന്ന മനുഷ്യരോടൊപ്പം അവരുടെ വിയർപ്പും രക്തവും അറിയുന്ന ഉടൽദൈവമാണ്. കീഴാളർക്ക് ‘മാടൻ’ വെറുമൊരു വിഗ്രഹമല്ല തങ്ങളുടെ ആകുലതകൾ പങ്കുവെക്കാനുള്ള തോഴനാണ്. കള്ളും മാംസവും രക്തവും നൽകി അവർ തങ്ങളുടെ ദൈവത്തെ പ്രീണിപ്പിച്ചു. അവിടെ പവിത്രതയേക്കാൾ ഉപരി വിശ്വാസവും സൗഹൃദവുമാണ് ഉണ്ടായിരുന്നത്. ഈ നാടകം തുടങ്ങുന്നത് തന്നെ അത്തരം ഒരു രംഗത്തിലൂടെയാണ്.

‘മോക്ഷം’ എന്ന വാക്ക് ഈ നാടകത്തിൽ രാഷ്ട്രീയ പരിഹാസമായാണ് കടന്നുവരുന്നത്. കീഴാളരുടെ മാടനെ ബ്രാഹ്മണ്യവൽക്കരിക്കുമ്പോൾ സംഭവിക്കുന്നത് മോക്ഷമല്ല, ഒരു ജനതയുടെ സ്വത്വഹത്യയാണെന്ന് ഈ നാടകം ഓർമിപ്പിക്കുന്നു. കള്ളും മാംസവും ഇഷ്ടപ്പെട്ടിരുന്ന മാടൻ, നാല് മതിലുകൾക്കുള്ളിൽ തളക്കപ്പെടുന്നു. അങ്ങനെ സ്വന്തം ദൈവത്തിനു മുന്നിൽ കീഴാളർ അയിത്തക്കാരാകുന്നു.
മതിൽക്കെട്ടിനുള്ളിൽ അകപ്പെട്ട മാടൻ അനുഭവിക്കുന്ന വ്യഥക്ക് സമകാലിക പ്രാധാന്യമുണ്ട്. നാടൻ കലകളെയും ഗോത്രദൈവങ്ങളെയും ‘നവീകരിക്കാൻ’ ശ്രമിക്കുന്ന സാംസ്കാരിക ഫാസിസത്തിനെതിരെയാണ് മാടൻമോക്ഷം ചോദ്യങ്ങളുയർത്തുന്നത്.
ഉടൽദൈവങ്ങൾ ‘ശുദ്ധീകരിക്ക’പ്പെടുന്നു
‘മാടൻമോക്ഷം’ എന്ന നാടകത്തിൽ മാടന്റെ കൈയാളായിരുന്ന കുഞ്ഞൻ കള്ളും മാംസവും കൊണ്ട് ശ്രീകോവിലിനു മുന്നിൽ മാടനെ കാണാൻ വരുന്ന രംഗമുണ്ട്. നിനക്ക് കള്ളും മാംസവും വാങ്ങാൻ പണം എവിടുന്ന് കിട്ടി എന്ന് മാടൻ ചോദിക്കുമ്പോൾ, “കാണിക്കയിൽ നിന്നെടുത്തു. മാടനെന്തിനാ പണം?” എന്നാണ് കുഞ്ഞൻ തിരിച്ചു ചോദിക്കുന്നത്. തുടർന്ന് കുഞ്ഞിനെ നാട്ടുകാർ കാണുകയും ക്ഷേത്രം അശുദ്ധമാക്കിയെന്ന കാരണത്താൽ തല്ലി അവശനാക്കുകയും ചെയ്യുന്നു. തുടർന്ന് ക്ഷേത്രത്തിൽ ശുദ്ധികലശം നടത്തുന്നു. ഈ രംഗത്തിന് ഏറെ സാമൂഹിക രാഷ്ട്രീയ പ്രാധാന്യമുണ്ട്.
പ്രകൃതിയും മനുഷ്യനും ദൈവവും ഒന്നായിത്തീരുന്ന ഇടങ്ങളായിരുന്നു നമ്മുടെ കാവുകൾ. ആൽമരച്ചുവട്ടിലെ കല്ലുകളിലും കുടികൊണ്ടിരുന്നവർ അയൽപക്കത്തെ കാരണവന്മാരെപ്പോലെ ലളിതരും സാധാരണക്കാരുമായിരുന്നു. എന്നാൽ കാലക്രമേണ കാവുകൾ വെട്ടിവെളുപ്പിക്കപ്പെട്ട് ക്ഷേത്രങ്ങൾ ഉയർന്നതിലൂടെ സംഭവിച്ചത് ഒരു സാംസ്കാരിക അധിനിവേശമാണ്.
കാവുകളിലെ കൊട്ടിനും പാട്ടുകൾക്കും പകരം വരേണ്യമായ തന്ത്രവിധികളും മന്ത്രോച്ചാരണങ്ങളും ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. മാടൻ എന്ന ഉടൽദൈവം ‘മാടൻ തമ്പുരാനായി’ മാറുന്ന അതേ പ്രക്രിയ തന്നെയാണ് നമ്മുടെ നാട്ടിലെ ഓരോ കാവും വലിയ ക്ഷേത്രങ്ങളായി പരിണമിക്കുമ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
സമകാലിക കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഈ ‘ക്ഷേത്രവൽക്കരണം’ യഥാർഥത്തിൽ വൈവിധ്യങ്ങളെ ഇല്ലാതാക്കി വിശ്വാസത്തെ ഏകശിലാത്മകമാക്കാനുള്ള ശ്രമമാണ്. പ്രകൃതിയോടും മനുഷ്യനോടും സംവദിച്ചിരുന്ന ദൈവങ്ങൾ ശ്രീകോവിലിനുള്ളിലെ മൂർത്തികളായി മാറുമ്പോൾ നഷ്ടപ്പെടുന്നത് നമ്മുടെ ജനാധിപത്യപരമായ ആരാധനാ സ്വാതന്ത്ര്യമാണ്. കോടികൾ ആസ്തിയുള്ള ദൈവങ്ങൾ കുടികൊള്ളുന്ന നാട്ടിൽ, “മാടനെന്തിനാ പണം?” ചോദ്യത്തിന് ഏറെ സാമൂഹിക പ്രസക്തിയുണ്ട്.
ലോക നാടകദിനത്തിൽ ‘മാടൻമോക്ഷം’ ചർച്ച ചെയ്യപ്പെടുമ്പോൾ അത് വേരുകൾ അറുത്തുമാറ്റപ്പെടുന്ന ഒരു സമൂഹത്തിന്റെ ഉച്ചത്തിലുള്ള രാഷ്ട്രീയ പ്രതിരോധമായി മാറുന്നു. അധികാരത്തിന്റെ ഈ അധിനിവേശത്തെ തിരിച്ചറിയേണ്ടത് ഒരു സാംസ്കാരിക അനിവാര്യതയാണെന്ന് ഈ നാടകം ഓരോ ആസ്വാദകനെയും ഓർമിപ്പിക്കുന്നു.











0 comments