മരുഭൂമിയിൽനിന്ന് പാട്ടുമായി വന്നവർ

എൻ എ ബക്കർ [email protected]
Published on Oct 05, 2025, 09:00 AM | 3 min read
ഇത്തവണ ഓണാഘോഷത്തിന് ഇതുവരെ കാണാത്ത ഒരു പാട്ടുകൂട്ടമെത്തി. ഏതു പാട്ടിനും കൂടെയോടുന്ന കോഴിക്കോട് നഗരം അവരെ കൊണ്ടാടി. മണലാരണ്യത്തിൽനിന്ന് പൊട്ടിപ്പുറപ്പെട്ട ഉറവപോലെ അവരുടെ പാട്ട് ദേശഭാഷകളുടെ അതിരുകളെ അലിയിച്ചു. കാണാനും കേൾക്കാനും നെഞ്ചിലെ താളത്തിനൊപ്പം തുടിചേരുന്നതുമായിരുന്നു അവരുടെ പാട്ടുകൾ. മരുഭൂപ്രദേശങ്ങളിൽ പാട്ടുപാടി നടക്കുന്ന രാജസ്ഥാനിലെ മൻഗനിയാർ സംഘം പലർക്കും നാടോടിക്കഥയിലെ കേട്ടുകേൾവിമാത്രമായിരുന്നു. അവർ മലയാളത്തോട് അലിഞ്ഞ് പാടിപ്പടർന്നു. താർ മരുഭൂമിയിലെ നാടോടിപ്പാട്ടുകാരാണ് മൻഗനിയാർ.
മൻഗനിയാർ എന്ന നാടോടിപ്പാട്ട്
പാരമ്പര്യം
ഇന്ത്യയിൽ താർ മരുഭൂമി പ്രദേശത്തേത് കൂടാതെ പാകിസ്ഥാനിലെ സിന്ധ് മേഖലകളിൽനിന്നുമുള്ള മുസ്ലിം നാടോടിസംഗീതജ്ഞരുടെ പാരമ്പര്യത്തുടർച്ചയാണ് മൻഗനിയാർ എന്നറിയപ്പെടുന്നത്. പരമ്പരാഗതമായ ആലാപനത്തിനും താളക്കൂട്ടുകൾക്കും അവർ പ്രശസ്തരാണ്. ജീവിതചക്ര ചടങ്ങുകളിൽ അവതരിപ്പിച്ചും മതപരവും മതേതരവുമായ ബല്ലാഡുകൾ ആലപിച്ചും നടന്ന് ജീവിക്കുന്നവർ. തലമുറകളായി പാട്ടിന്റെ വംശാവലി കാത്ത് ജീവിതയാത്ര ചെയ്യുന്നു. സൂഫി സന്യാസിമാരും ഹിന്ദുദേവതകളും മണ്ണും പ്രകൃതിയും അവരുടെ പാട്ടിൽ അതിരുകളില്ലാതെ നിറയുന്നു.
ചരിത്ര കാലംമുതലുള്ള പാട്ടുകാർ എന്നുമാത്രമല്ല, വാമൊഴി ചരിത്രകാരന്മാരായും പുകഴ്പെട്ടവർ. പിന്നിട്ട കാലത്തിന്റെ കഥകളായും കവിതകളായും അവർ പാട്ടിലൂടെ തലമുറകളിലേക്ക് ശ്രുതിപ്പെട്ടു.
കമൈച്ച, ധോലക്, ഹാർമോണിയം, മോർച്ചാങ്, ഖർത്താൽ തുടങ്ങിയ ഉപകരണങ്ങൾ അവരുടെ ആലാപനങ്ങളുടെ അകമ്പടിയിൽ ഉൾപ്പെടുന്നു. ഇപ്പോൾ ആഗോള സംഗീതരംഗത്തെ അംഗീകൃത പരമ്പരാഗത സംഘമാണ്. ലോകമെമ്പാടുമുള്ള സംഗീത ഫെസ്റ്റുകളിലും ഉത്സവാഘോഷങ്ങളിലും മൻഗനിയാറിന്റെ അടയാളമുണ്ട്.
ഹവാ മഹലിലിരുന്ന് പാടി
ഹവാ മഹലിന്റെ മാതൃകയിൽ നാലു തട്ടുകളിലായി ഒരുക്കിയ 36 കംപാർട്ട്മെന്റുകളിലിരുന്നാണ് കോഴിക്കോട്ട് ഷോ അവതരിപ്പിച്ചത്. സൂഫി സംഗീതത്തിന്റെ ആത്മാവ് ഓണസ്മൃതികളിൽ ശ്രുതിയിട്ടു. മനുഷ്യരെല്ലാം ഒന്നായ മാവേലിനാടിന്റെ ഗൃഹാതുരതകളെ പാട്ടാക്കി. അങ്ങനെ മൻഗനിയാർ സംഘം മനസ്സുകളെ ഒന്നാക്കി പാട്ടിലാക്കി. കേരളത്തിൽ ഇൗ പ്രോഗ്രാമിനുപിന്നിൽ ഒരു മലയാളിയുണ്ട്. പാലക്കാട്ടുകാരനായ റോയിസ്റ്റൺ ആബേൽ. ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്കുള്ള വഴിതുറന്നതും റോയിസ്റ്റൺ ആബേൽ എന്ന സ്കൂൾ ഓഫ് ഡ്രാമ വിദ്യാർഥിയാണ്. രാജസ്ഥാനിലെ നാടോടിസംഘത്തെ കോർത്തിണക്കി മൻഗനിയാർ സെഡക്‌ഷൻ എന്ന ട്രൂപ്പ് സംവിധാനം ചെയ്തെടുത്തത് അങ്ങനെയാണ്. രണ്ടുപതിറ്റാണ്ടായി കൂടെയുണ്ട്. മൻഗനിയാർ സെഡക്‌ഷൻ കേരളത്തിലെത്താൻ 19 വർഷമെടുത്തു. അത്രയും കാലമായി വിവിധ രാജ്യങ്ങളിൽ 500ൽ അധികം വേദികളിൽ ദൃശ്യതാള വിസ്മയങ്ങൾ തുടരുകയായിരുന്നു. വിനോദസഞ്ചാരവകുപ്പിന്റെ നേതൃത്വത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായാണ് കോഴിക്കോട് ബീച്ചിൽ സംഗീതപരിപാടി ഒരുക്കിയത്.
മരുഭൂമിയുടെ വിജനതയിൽ
വെളിച്ചസംവിധാനങ്ങളുടെ സവിശേഷ ക്രമീകരണത്തിലൂടെ ഓരോ തട്ടുകളിലായി ഓരോ സംഗീതകാരും പ്രത്യക്ഷപ്പെടുന്നു. ഓരോരോ കൂടുകളിലിരുന്ന് അവർ സംഗീതത്തിലൂടെ ഒന്നിച്ച് അനുവാചകർക്കുമുന്നിൽ കാഴ്ചയും സംഗീതവും തീർത്ത് ലയിക്കുന്നു. മൻഗനിയാർ നാടോടിപാരമ്പര്യത്തിന് പുതിയ കാലത്തിലേക്ക് രംഗവേദിയിലൂടെ ഒരു ഫ്യൂഷൻ സംബന്ധം. അതായിരുന്നു മൻഗനിയാർ സെഡക്‌ഷൻ.
പാടിപ്പാടി നടന്ന് ജീവിച്ചവരാണ് മൻഗനിയാർ. "യാചിക്കുക’ എന്നർഥം വരുന്ന വാക്കാണ് മംഗൻ. പൂമാല എന്നർഥം വരുന്ന ഹാർ ഇതിന് ചേർന്നു. മരുഭൂമിയിൽനിന്ന് പൂക്കൾ തേടിയെത്തിയവർ. പൂമാലയണിഞ്ഞ ഫക്കീറുകൾ. അവരുടെ പാട്ടിലും താളത്തിലും ആ അന്വേഷണത്തിന്റെ ചൂരുണ്ട്. അതിൽ അവർ നടന്നുതീർത്ത ജീവിതത്തോളം ആഴമുള്ള നിഗൂഢത തുടിക്കുന്നത് കേൾക്കാനാകും.
ഓരോ പാട്ടിനും അവർക്ക് സ്വന്തമായ രാഗതാള സമ്പ്രദായങ്ങളുണ്ട്. ദേശ് രാഗം മരുഭൂമിയുടെ വിജനതയെയും പഹാഡി പർവതപ്രദേശങ്ങളെയും അവയുടെ ഭാവത്താൽ അനുഭവിപ്പിക്കുന്നു. ഈ രാഗങ്ങളുടെ ഉറവിടത്തെക്കുറിച്ചും അങ്ങനെ കഥകളുണ്ട്. മൻഗനിയാറുകളുടെ പാട്ടുകൾക്ക് ക്ലാസിക്കൽ ഹിന്ദുസ്ഥാനി രാഗസമ്പ്രദായവുമായി ഔപചാരികബന്ധങ്ങൾ ഒന്നുമില്ല. സവിശേഷമായ ആലാപനശൈലിയുണ്ട്. പരമ്പരാഗതമായ അറിവുകളായി പാടി കൈമാറി വരുന്നവയാണ്. അവ നമ്മിൽ പതിഞ്ഞ പല രാഗവഴികൾ ഇഴചേർന്ന് ഒഴുകുകയാണ്.
യാത്രയിൽ വിരിയുന്ന സംഗീതം
ഒരു കുഞ്ഞിന്റെ ജനനം ആഘോഷിക്കുക, വധുവിനെ യാത്രയാക്കുക, ആദ്യ കുട്ടിയുടെ വരവിനെ സ്വാഗതം ചെയ്യുക എന്നിങ്ങനെ വിശേഷ ചടങ്ങുകൾക്കെല്ലാം പാട്ടുകളുണ്ട്. അതിലെ നാടോടിത്താളവും പാട്ടുകളും അനുഭവജ്ഞാനത്തിന്റെ മധുരവും കയ്പുമാണ്. മരുഭൂമിയിലെ ജീവിതത്തിന്റെ നിറവും ഭാവവും പകർന്നവയാണത്. തത്സമയം ഗാനങ്ങൾ രചിക്കാനും പാടാനും കഴിയുന്നതാണ് അവരുടെ വൈദഗ്ധ്യം.
പതിനേഴു തന്ത്രികളുള്ള കാമിച്ച, മരത്തടികളിൽ നിർമിച്ച കർതാൾ, ഹാർമോണിയം, കൈ ഡ്രം ധോലക് തുടങ്ങിയ ഉപകരണങ്ങൾ വായിക്കുന്നതിനും പാടാനും അവരുടെ കുഞ്ഞുങ്ങൾ വളരുമ്പോൾത്തന്നെ പഠിക്കുന്നു. ചിലപ്പോൾ കുട്ടികൾക്ക് ലഭിക്കുന്ന ഔപചാരിക വിദ്യാഭ്യാസം തലമുറകളിലൂടെ കൈമാറുന്ന സംഗീതമാണ്. പാട്ടുപാടി നടക്കുന്നവരായിരുന്നു മൻഗനിയാർകൾ. പാട്ടും യാത്രയും ചേർന്നുവന്ന ഇടങ്ങളിൽ അവരുടെ ലോകം തുറന്നു. ജയ്സാൽമീർപോലുള്ള ചരിത്രഘട്ടങ്ങളിലേക്ക് യാത്രികരായി എത്തുന്നവരാണ് അവരുടെ സംഗീതത്തെ ലോകത്തിന് പരിചയപ്പെടുത്തുന്നത്. വെറും കാഴ്ചകൾക്കപ്പുറം തേടിനടന്നവർ അവരോടടുത്തു. മൻഗനിയാർകൾക്ക് വ്യത്യസ്തമായ അംഗീകാരത്തിന്റെ ലോകം തുറന്നുനൽകിയതും യാത്രയാണ്.
പ്രണയവും ഭക്തിയും
രാധാറാണി എന്ന ഗീതത്തിൽ, ശ്രീകൃഷ്ണൻ തന്റെ കാമുകിയായ "രാധയോട് സ്വർണമോ വെള്ളിയോ അല്ലാത്ത വെറും മുളകൊണ്ടുള്ള ഓടക്കുഴൽ തിരികെ നൽകാൻ അഭ്യർഥിക്കുന്നു. "ഗോർബന്ധ്’ എന്ന ഗാനം തന്റെ "ഗോർബന്ധ്’ നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ വികാരങ്ങളെ വിശദീകരിക്കുന്നു, "കോഡീസ്’ (ഷെല്ലുകൾ) കൊണ്ട് അലങ്കരിച്ച വർണാഭമായ മണികൾ. ഒട്ടകത്തിന്റെ കഴുത്തിൽനിന്ന് കാൽമുട്ടുകൾവരെ തൂങ്ങിക്കിടക്കുന്നു. ഒട്ടകം മനോഹരമായി നടക്കുമ്പോൾ അത് വേഗത്തിൽ ആടുന്നു. അതിന്റെ താളം പാട്ടിൽ പ്രതിഫലിക്കുന്നു.
"മൂമൽ’ എന്ന ഗാനത്തിൽ "ഷൂഹാബി’ന്റെ സൗന്ദര്യമാണ്. എല്ലാവരും അവളിലേക്ക് ആകർഷിക്കപ്പെട്ടു. അവൾ മാർക്കറ്റിൽ പോയപ്പോൾ എല്ലാവരും ജോലി നിർത്തി. ചിലരുടെ കന്നുകാലികൾ വിട്ടുപോയി, ചിലർക്ക് ചെരിപ്പ് നഷ്ടപ്പെട്ടു... ഈ ഗാനം "സോഹാബ്’ രാഗത്തിലാണ് ആലപിച്ചിരിക്കുന്നത്.
ജയ്സാൽമീർ രാജാവായ "ദുരങ് സിങ്ങി’നുള്ള നന്ദി ഗാനമാണ് "ജനഗദ’ എന്ന പാട്ട്. ഒരു കൃതിയിൽ ശ്രീകൃഷ്ണൻ രാധയുടെയും അവളുടെ സുഹൃത്തുക്കളുടെയും അടുത്തേക്ക് മിരിഹരൂ മുത്തും വജ്രവും വിൽക്കുന്നവന്റെ- രൂപത്തിൽ വരുന്നു. വജ്രങ്ങൾ, മുത്തുകൾ, മറ്റ് വിലയേറിയ കല്ലുകൾ എന്നിവകൊണ്ട് നിർമിച്ച വിവിധ ആഭരണങ്ങളിലായിരുന്നു രാധയുടെ സുഹൃത്തുക്കൾ ശ്രദ്ധിച്ചത്. എന്നാൽ, രാധ വിൽപ്പനക്കാരന്റെ മനോഹരമായ മുഖത്താണ് ആകൃഷ്ടയായത്. വൈകുന്നേരങ്ങളിലാണ് ഈ ഗാനം ആലപിക്കുന്നത്.
ഉസ്താദ് അൻവർ ഖാൻ മൻഗനിയാർ രാജസ്ഥാനി മൻഗനിയാർ സംഗീതരംഗത്തെ അറിയപ്പെടുന്ന കലാകാരനാണ്. പണ്ഡിറ്റ് രവിശങ്കർ, ഉസ്താദ് സാക്കിർ ഹുസൈൻ, പണ്ഡിറ്റ് വിശ്വമോഹൻ ഭട്ട്, എൽ സുബ്രഹ്മണ്യം എന്നിവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ, ഐസിസിആർ എന്നിവയുടെ അംഗീകൃത കലാകാരനാണ്. റഷ്യ, ജപ്പാൻ, യുഎസ്എ, യുകെ, ഫ്രാൻസ്, ജർമനി, ഇറ്റലി, സ്വിറ്റ്സർലൻഡ്, ഇറാൻ, ഓസ്ട്രേലിയ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടെ ഇന്ത്യയിലും വിദേശത്തും വിപുലമായി സംഗീതപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. രാജ്യം പത്മശ്രീ നൽകി ആദരിച്ചു.









0 comments