വടക്കിന്റെ വസന്തോത്സവം

ഡോ. രാജേഷ് കടന്നപ്പള്ളി
Published on Mar 22, 2026, 09:38 AM | 2 min read
"താരമ്പൻ പൂരത്തിനാരംഭമായ്
താർത്തെൻ മൊഴിമാർകൾ പാർത്തലത്താൽ’
പൂരക്കളി ചുവടുകളാൽ ചടുലമാണ് വടക്കൻ കേരളത്തിന്റെ സന്ധ്യകൾ. കുംഭച്ചൂടിന്റെ കാഠിന്യത്തെ കൂസാതെ അവർ ഒരുങ്ങുകയാണ്, പൂരോത്സവത്തിന് പൂരക്കളിയുടെ പകിട്ടേകാൻ. മീനമാസത്തിലാണ് അത്യുത്തര കേരളത്തിലെ പൂരോത്സവം. കാർത്തികതൊട്ട് (മാർച്ച് 23) പൂരംവരെ (മാർച്ച് 31) ഒമ്പതുദിവസം. അതിപ്രാചീന ഉത്സവമാണ് പൂരമെങ്കിലും ദേശ- കാലഭേദങ്ങൾക്കനുസരിച്ച് വ്യത്യാസമുണ്ട്. തെക്കൻ കേരളത്തിൽ പൂരവേലകളാണ്. കെട്ടുകാഴ്ചയും കരിമരുന്നും ഗജവീരന്മാരും മേളവും ചേർന്ന ഗംഭീരാഘോഷം. എന്നാൽ, ഉത്തരദേശത്താകട്ടെ വീടുകളിൽ കാമപ്രീതിക്കായി പൂവിടുന്നു. കാവുകളിൽ പൂരക്കളിയും മറുത്തുകളിയും. മലബാറിന്റെ ചരിത്രകാരനായ വില്യം ലോഗൻ മലബാർ മാന്വലിൽ രേഖപ്പെടുത്തിയത് ഓണത്തേക്കാൾ വലിയ ആഘോഷമാണിവിടെ പൂരമെന്നാണ്. പൂരക്കോടി, പൂരക്കഞ്ഞി, പൂരയട, പൂരക്കുഞ്ഞി (കുട്ടി) പൂക്കുരിയ ഇങ്ങനെ പൂരവുമായി ബന്ധപ്പെട്ട അനേകം വാക്കുകളുണ്ട്. അതിൽമാത്രമല്ല, അനുഷ്ഠാനപരമായും സമൃദ്ധമാണ് ഇൗ ആഘോഷം.
വനിതോത്സവം
പൂരം ഒരർഥത്തിൽ വനിതകളുടെ ഉത്സവമാണ്. വീടുകളിൽ വ്രതാനുഷ്ഠാനത്തോടെ കന്യകമാർ പൂരം നോക്കുന്നു. സാർവദേശീയ വനിതാദിനം ആഘോഷിക്കുന്ന മാർച്ച് മാസത്തിലാണ് പൂരമെന്നതും ചേർത്തുവായിക്കേണ്ടതാണ്. പൂക്കളുടെ ഉത്സവംകൂടിയായതിനാൽ വസന്തോത്സവം എന്നറിയപ്പെടുന്നു. വടക്കൻ കേരളത്തിന്റെ കായികവും വൈജ്ഞാനികവുമായ മികവും വൈദഗ്ധ്യവും ഒരുപോലെ മേളിക്കുന്ന പൂരക്കളിയും മറുത്തുകളിയും പൂരാഘോഷത്തിന്റെ മികവും മിഴിവും. പൂരത്തിന്റെ പുരാവൃത്തങ്ങൾ പലതാണ്. ഐതിഹ്യകഥകൾതൊട്ട് പ്രാദേശിക വിശ്വാസങ്ങൾവരെ പ്രചാരത്തിലുണ്ട്. പൂരക്കളിപ്പാട്ടിൽ അവയെക്കുറിച്ചെല്ലാം പ്രതിപാദിക്കുന്നു. കഠിനതപസ്സിൽ മുഴുകിയ പരമശിവന്റെ മനസ്സിളക്കാൻ കാമൻ പൂവമ്പ് തൊടുത്തു. കോപിഷ്ഠനായ ശിവൻ കാമനെ ചാരമാക്കി. സുന്ദരികൾ വിഷണ്ണരായി. ശിവപത്നിയെ അഭയംപ്രാപിച്ചു. പൂവുകൾ അർപ്പിച്ച് പൂജ ചെയ്യാൻ നിർദേശിച്ചു. പൂവാളി രാഗത്തിൽ സ്തുതികളുമായി അവർ പാടിയാടി കളിച്ചു. അതാണത്രേ പൂരക്കളി. പൂരോത്സവത്തിന്റെ ഭാഗമായി ചൊല്ലുന്ന വസന്തപൂജയിൽ ഈ കഥ പരാമർശിക്കുന്നു. ശംബരകഥയിൽ മറ്റൊരു പുരാവൃത്തമാണ്. ശംബരനെ വധിച്ച മദനനെ സൽക്കരിക്കാൻ ദേശവാസികൾ വിളക്കും നിറനാഴിയുംവച്ച് പാടിയും ആടിയും അവതരിപ്പിച്ചതാണ് പൂരക്കളി. കഥയെന്തായാലും പൊരുളുകൾ പലതാണ്.
മെയ്യൊതുക്കവും വഴക്കവും
സംഘകാല നൃത്തരൂപങ്ങളുടെ ചില ചുവടുകളും കളരിയുടെ അഭ്യാസങ്ങളും പൂരക്കളിയിൽ കലർന്നിട്ടുണ്ട്. മെയ്യൊതുക്കവും വഴക്കവും പൂരക്കളിയിൽ പ്രധാനമാണ്. കളരിയിലെ കച്ചിലയും ചുറയുംപോലെ പട്ടുടുപ്പും ഉറുമാലുമാണ് വേഷവിധാനം. കായികാഭ്യാസപ്രധാനമായ കലാവിഷ്കാരമാണ് പൂരക്കളി. 64 കലകളിൽ ഉൾപ്പെടുകയില്ലെങ്കിൽ അറുപത്തഞ്ചാമൊന്നുണ്ടാക്കി ഉൾപ്പെടുത്തണമെന്ന് മൂർക്കോത്തു കുമാരൻ അഭിപ്രായപ്പെട്ടത് ഇതിന്റെ ഹൃദയാകർഷതകൊണ്ടാകാം. സാമുദായിക കലയായി പൂരക്കളിയെ വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും ജനകീയകലയായി ഇതിനകം പരിവർത്തനം ചെയ്യപ്പെട്ടു. സ്കൂൾ യുവജനോത്സവങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും വലിയ പ്രചാരം നൽകി. പാട്ടിലും താളത്തിലും ചുവടിലും ആവിഷ്കാരത്തിലും നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നതാണ് പൂരക്കളിയുടെ പ്രതാപത്തിന് കാരണം. 18 നിറങ്ങളായാണ് അവതരണം. നിറത്തിനോരോന്നിനും രാഗം വിഭിന്നം. ഒന്നാംനിറം പൂവാളി. രണ്ടാകട്ടെ പൂർണാഹരി. മൂന്ന് ക്ഷേത്രാഹരിയും നാല് വനാഹരിയും. ആറുമുതൽ 18 വരെ പ്രാസങ്ങൾക്കാണ് പ്രാധാന്യം. രാമായണമടക്കമുള്ള വൻ കളികൾ പിന്നീട് അരങ്ങേറും.
വിനോദം, വിജ്ഞാനം
പൂരക്കളി വിനോദപ്രദമാണെങ്കിൽ മറുത്തുകളി വിജ്ഞാനപ്രദമാണ്. കളിസംഘത്തിന്റെ നായകരായ പണിക്കന്മാർ വാദപ്രതിവാദത്തിൽ ഏർപ്പെടുന്നതാണ് മറുത്തുകളി. പൂരക്കളിയുടെ ആത്മാവാണ് മറുത്തുകളി. ഇതിലൂടെ അറിവാണ് വിനിമയം ചെയ്യപ്പെടുന്നത്. ശാസ്ത്ര- കാവ്യാ-ലങ്കരാദികളെ ബന്ധിപ്പിച്ച് സമകാലീനജീവിതവും സാഹിത്യവും ചർച്ച ചെയ്യുന്ന വിജ്ഞാനസദസ്സുകളായി മറുത്തുകളി മാറുന്നു. ഓത്തുട്ടലും പണ്ഡിതസഭകളും അന്യമായിരുന്ന ജനതയ്ക്ക് അറിവിലേക്കുള്ള വഴിയൊരുക്കിയതിൽ മറുത്തുകളിയുടെ പങ്ക് അദ്വിതീയമാണ്. അതിഥിയായെത്തിയ പണിക്കരെയും സംഘത്തെയും വരവേൽക്കുന്ന അഭിവാദന പ്രകരണത്തോടെ മറുത്തുകളിക്ക് തുടക്കമാകും. സ്വീകരണത്തിന്റെ ഭാഗമായി താംബൂലം കൈമാറുന്നു. സമയവും സന്ദർഭവും വിശകലനം ചെയ്യുന്ന രാശികടക്കൽ, ദീപവന്ദന, സ്തുതികൾ, നാട്യശാസ്ത്ര ചർച്ച തുടങ്ങി യോഗിയാട്ടത്തിൽ അവസാനിക്കും. ആനന്ദഗാനം പാടി വിടചൊല്ലും. മറുത്തുകളിയുടെ ഘടന അതിശയിപ്പിക്കുന്നതാണ്. ഒരു പകലും രാത്രിയും നീളുന്ന വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും വിരുന്നാണ് വടക്കൻ കേരളത്തിന്റെ അനുഷ്ഠാനകല. പൂരം നാളിൽ പൂരംകുളിയോടെയാണ് സമാപനം. സമാപനനാളിൽ കാവുകളിൽ ആണ്ടും പള്ളും അവതരിപ്പിക്കും. ശിവപാർവതിമാരുടെ ഭിക്ഷാടനവും ദേശഗമനവുമാണ് പ്രതിപാദ്യം. പള്ളുപ്പാട്ട് കേരളത്തിന്റെ കാർഷികസംസ്കൃതിയുടെ വേരുകളിലേക്ക് വിരൽചൂണ്ടുന്നു. മഴയ്‌ക്കും വിത്തിനുംവേണ്ടി ദേവലോകത്ത് പോയതും തുടർന്ന് വിത്തുവിതയ്‌ക്കുന്നതും കൊയ്യുന്നതും വർണിക്കുന്നു. പൂരോത്സവവും പൂരക്കളിയും ഉത്തരകേരളത്തിന്റെ സാമൂഹ്യവികാരമാണ്. ഇതിനായി സമർപ്പിക്കപ്പെട്ട കുറെ മനുഷ്യരുണ്ടിവിടെ. അധ്വാനത്തിന്റെ വിയർപ്പിനൊപ്പം കലയുടെ കമ്പളം നെയ്തെടുത്തവർ. സംഘബോധത്തിന്റെ കരുത്തിൽ അവർ ചുവടുവയ്‌ക്കുകയാണ്. പോയകാല കലാസാംസ്കാരിക ജീവിതത്തിന്റെ കരുതലിനായി.











0 comments