പൊന്ന്യത്തങ്കം തിരിതെളിയുമ്പോൾ

പൊന്ന്യം ചന്ദ്രൻ
Published on Feb 14, 2026, 09:54 PM | 2 min read
തച്ചോളി ഒതേനനും കതിരൂർ ഗുരുക്കളും അങ്കംവെട്ടിയ പൊന്ന്യം ഏഴരക്കണ്ടം കളരിയെ സമഗ്രമായി പഠിക്കാൻ ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും എത്തുന്നവർക്ക് തുറന്നുകൊടുക്കുന്ന മ്യൂസിയത്തിന്റെ ജോലികൾ അവസാനഘട്ടത്തിലാണ്. ഏതാണ്ട് 400 കൊല്ലംമുന്പ് ലോകനാർകാവിൽ നടന്ന വാക്കുതർക്കത്തിനൊടുവിൽ ഒതേനനെ ഏഴരക്കണ്ടത്തിലേക്ക് അങ്കത്തിന് ക്ഷണിക്കുകയായിരുന്നു കതിരൂർ ഗുരുക്കൾ. പയ്യന്പള്ളി ചന്തുവിൽനിന്ന് പഠിച്ച പൂഴിക്കടകൻ പ്രയോഗിച്ച് വിജയംവരിക്കുകയായിരുന്നു ഒതേനൻ. ചതിപ്രയോഗം നടത്തി വിജയശ്രീലാളിതനായി തിരിച്ചുപോയ ഒതേനനെ, കളരിയിൽ മറന്നുപോയ ആയുധമെടുക്കാൻ തിരികെ വരുന്പോഴായിരുന്നു കതിരൂർ ഗുരുക്കളുടെ ശിഷ്യൻ ചുണ്ടങ്ങാപൊയിൽ മടക്കാംപുറത്ത് മായൻ പക്കി അരയാലിനുപിറകിൽ ഒളിഞ്ഞിരുന്ന് വെടിവച്ചുകൊല്ലുന്നത്.
മ്യൂസിയം ലോകശ്രദ്ധയിലേക്ക്
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കളരിപരിശീലനവും മർമചികിത്സയും ഉണ്ടെങ്കിലും മെയ്‌വഴക്കത്തിന്റെ അനുപമമായ സാധ്യതകൾ അറിയാനും പഠിക്കാനും ഉചിതമായ കേന്ദ്രമില്ല. ഇൗ യാഥാർഥ്യം തിരിച്ചറിഞ്ഞാണ് എൽഡിഎഫ് സർക്കാർ ഇൗ മേഖലയിലെ സമഗ്രപഠനത്തിനായി ഏഴരക്കണ്ടം കളരി അക്കാദമി ആൻഡ് മ്യൂസിയം ആരംഭിക്കാൻ തീരുമാനിച്ചത്. കളരിയുടെ വിവിധ മുറകളായ മെയ്‌പയറ്റ്, വാൾപ്പയറ്റ്, ചെറുവടി, ഒറ്റ, മഴുപ്പയറ്റ് തുടങ്ങിയവ പ്രകടമാക്കുന്ന ശിൽപ്പമാതൃകകൾ ഇൗ മ്യൂസിയത്തിൽ സ്ഥാപിക്കും. കാഴ്‌ചക്കാർക്ക് ഓരോ ശിൽപ്പമാതൃകയുടെ മുന്നിലെത്തുന്പോഴും അതത് കളരിമുറയുടെ വായ്‌ത്താരികൂടി കേൾക്കാൻ സാധിക്കുമെന്ന പ്രത്യേകത ഉണ്ടാകും. ലൈബ്രറി (ഡിജിറ്റൽ ലൈബ്രറി ഉൾപ്പെടെ), ഉഴിച്ചിൽ, തടവൽ, മർമചികിത്സ, കളരിപരിശീലനം, നീന്തൽക്കുളം എന്നിവയും നാടൻഭക്ഷണം ലഭ്യമാകുന്ന കഫെറ്റീരിയയും മ്യൂസിയത്തിന്റെ ഭാഗമായി വിഭാവനം ചെയ്യുന്നുണ്ട്.
ഒരേക്കറോളം സ്ഥലം ഇതിനകം നാട്ടുകാർ വിലകൊടുത്ത് വാങ്ങി പഞ്ചായത്തിനെ ഏൽപ്പിച്ചിട്ടുണ്ട്. പാരൂർ ബ്ലോക്ക് പഞ്ചായത്തും സ്ഥലമെടുപ്പിനായി 30 ലക്ഷം രൂപ നൽകി. കേരള ഫോക്‌ലോർ അക്കാദമി, കതിരൂർ പഞ്ചായത്ത്, പാട്യം ഗോപാലൻ സ്‌മാരക വായനശാല എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന പരിപാടി നാട് ഏറ്റെടുത്തതിന്റെ തെളിവായിരുന്നു ഒരുകോടിയോളം രൂപ ഒരുദിവസംകൊണ്ട് കതിരൂർ പഞ്ചായത്തിലെ ജനങ്ങളിൽനിന്നായി ശേഖരിക്കാനായത്.
മ്യൂസിയം പണിയുന്നതിനായി 2024ൽ കേരള സർക്കാർ എട്ടുകോടി രൂപ അനുവദിച്ചു. തലശേരി പൈതൃക നഗരപദ്ധതിയിൽ ഉൾപ്പെടുത്തിയതിനാൽ ടൂറിസം മേഖലയ്‌ക്ക് ഏറെ ഉൗർജംപകരുന്ന ഒന്നായി തീരുകയാണ്.
കളരിപ്പയറ്റിന്റെ അനിവാര്യത
കോട്ടക്കൽ കണാരൻ ഗുരുക്കളിൽനിന്ന് മലബാറിലേക്ക് സി വി നാരായണൻനായരിലൂടെയും മധുസൂദനൻ തങ്ങളിലൂടെയും വ്യാപിക്കുകയും ഖ്യാതി നേടുകയും ചെയ്‌ത മെയ്‌വഴക്കത്തിന്റെ ശീലങ്ങൾ ഹൃദിസ്ഥമാക്കുന്നത് ആരെയും ആക്രമിച്ച് കീഴ്‌പ്പെടുത്താനായിരുന്നില്ല. മറിച്ച് മാനസികവും ശാരീരികവുമായ കരുത്ത് ആർജിക്കാനും സ്വയം രക്ഷയ്‌ക്കുവേണ്ടിയുമായിരുന്നു. പുതിയ കാലത്തിന്റെ ജീവിതനടപ്പ് മത്സരാധിഷ്‌ഠിതവും വെപ്രാളപ്പെട്ടുള്ളതുമാകുന്നിടത്ത് കളരിപ്പയറ്റിന്റെ അനിവാര്യത പുതിയ തലമുറ ഏതർഥത്തിലും തിരിച്ചറിയേണ്ടതുണ്ട്. മലബാറിൽ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നിരവധി കളരികളിൽ പെൺകുട്ടികൾ ഉൾപ്പെടെ വന്നുചേരുന്നുണ്ട്.
ഇൗ സാമൂഹ്യയാഥാർഥ്യം തിരിച്ചറിഞ്ഞാണ് നിയമസഭാ സ്‌പീക്കർകൂടിയായ തലശേരി എംഎൽഎ അഡ്വ. എ എൻ ഷംസീർ, പൊന്ന്യം ഏഴരക്കണ്ടം കളരി അക്കാദമി ആൻഡ് മ്യൂസിയം അതിവേഗം യാഥാർഥ്യമാക്കാനുള്ള പരിശ്രമത്തിന് നേതൃത്വം നൽകുന്നത്. ഒതേനനെ കളരി പരിശീലിപ്പിച്ച പയ്യന്പള്ളി ചന്തുവിന്റെ ഓർമയ്‌ക്ക് കതിരൂരിൽ മറ്റൊരു മ്യൂസിയംകൂടി ആരംഭിക്കുന്നതിനും എൽഡിഎഫ് സർക്കാർ പണം അനുവദിച്ചിട്ടുണ്ട്.











0 comments