കേരളത്തെ സ്നേഹിച്ച സംഗീതകാരൻ
സാക്കിർ ഹുസൈൻ, നിലച്ചത് അതിരുകൾ അലിയിച്ച സ്നേഹ താളം


എൻ എ ബക്കർ
Published on Dec 16, 2024, 03:10 PM | 3 min read
"ഈ സമയത്ത് എന്നോട് ഒന്നും ചോദിക്കരുത്, അലൗകികമായ ആനന്ദത്തിലാണ് ഞാന്‍, കലാനന്ദത്താല്‍ ഉത്തേജിതനായ ഞാന്‍ മറ്റൊരു സ്വർഗ്ഗത്തിലാണ്" -
പെരുവനത്ത് സംഗീതപരിപാടി അവതരിപ്പിച്ചതിനെ കുറിച്ച് സാക്കിർ ഹുസൈൻ പ്രതികരിച്ചത് ഇങ്ങനെയാണ്. മിഴാവിനും മദ്ദളത്തിനും തിമിലയ്ക്കുമൊപ്പം തബലയിൽ പെയ്തിറങ്ങിയ സാക്കിർ അന്നേ കേരളത്തിന്റെ വാദ്യകലാ പാരമ്പര്യത്തെ ഹൃദയത്തിൽ സ്വീകരിച്ചു.
വേദിയിലേക്ക് തബല മാന്ത്രികനെ സ്വാഗതംചെയ്തത് പാണ്ടിമേളത്തോടെയാണ്. പെരുവനം കുട്ടന്മാരാരും സംഘവുമാണ് മേളം ഒരുക്കിയത്. ഈ അനുഭവത്തെ അദ്ദേഹം മറന്നില്ല.
കേരളത്തിന് തബലയുമായുള്ള സംഗീതാത്മക ഹൃദയ ബന്ധം സാക്കീർ ഹുസൈനും പിതാവ് അള്ളാരാഖാ ഖാനും എത്രയോ മുൻപേ തുടങ്ങുന്നതാണ്. പക്ഷെ തബല കച്ചേരികളുടെ സോളോ അരങ്ങുകൾ ജനപ്രിയമാവുന്നത് ഇവരുടെ കാലത്താണ്. അള്ളാരാഖാ ഖാൻ ശുദ്ധമായ കച്ചേരികളെ കൂടുതലായി പിന്തുടർന്നപ്പോൾ മകൻ പാശ്ചാത്യവും പൌരസ്ത്യവുമായ വാദന സമ്പ്രദായങ്ങൾക്കൊപ്പം ഫ്യൂഷൻ വേദികളിലൂടെയും പുതുതലമുറയിലേക്ക് ഇറങ്ങി.
തബല എല്ലാ വാദ്യങ്ങളുമായും എല്ലാ സംസ്കൃതികളുമായും ഇണങ്ങിച്ചേരും. ഏതു താളത്തെയും സ്വാംശീകരിക്കും. ഓരോ വാദ്യവുമായി ചേരുമ്പോഴും വ്യത്യസ്തമായ അനുഭവമാണ് അത് സമ്മാനിക്കുന്നത് - സാക്കീർ ഹുസൈൻ പറഞ്ഞു.
12-ാം വയസ്സില്‍ തുടങ്ങി ഒടുവില്‍ 73-ാം വയസ്സില്‍ വിടപറയുമ്പോള്‍ അദ്ദേഹത്തിനും തബലയ്ക്കും സംഗീത ലോകത്ത് ആരാധകരുടെ എണ്ണം താളപ്പെരുക്കം പോലെ പെരുകി പരന്നു. ഗ്രാമി അവാർഡ്സില്‍ മൂന്ന് പുരസ്‌കാരങ്ങൾ ഒരൊറ്റ രാത്രിയില്‍ ഒരുമിച്ച് പ്രഖ്യാപിക്കപ്പെട്ടു. മികച്ച ഗ്ലോബല്‍ മ്യൂസിക് പെർഫോമൻസ് , മികച്ച കണ്ടംപെററി ഇന്സ്ട്രു മെന്റല്‍ ആൽബം, മികച്ച ഗ്ലോബല്‍ മ്യൂസിക് ആൽബം എന്നീ വിഭാഗങ്ങളിൽ ആദരിക്കപ്പെട്ടു.

ഫ്യൂഷന്‍ സംഗീത വിഭാഗത്തിൽ ശക്തി ഒരുക്കിയ 'ദിസ് മൊമന്റ്' എന്ന ആൽബത്തിനായിരുന്നു ഗ്ലോബല്‍ മ്യൂസിക് ആല്ബിത്തിനുള്ള പുരസ്‌കാരം. സാക്കിര്‍ ഹുസൈന്‍, ഗായകന്‍ ശങ്കര്‍ മഹാദേവന്‍, താളവാദ്യ വിദഗ്ധന്‍ വി സെല്വ ഗണേഷ്, വയലിനിസ്റ്റ് ഗണേഷ് രാജഗോപാലന്‍, ബ്രിട്ടീഷ് ഗിറ്റാറിസ്റ്റ് ജോണ്‍ മക്ലാഫിന്‍ എന്നിവര്‍ ചേർന്നാണ് 'ദിസ് മൊമന്റ്' തീർത്ത്.
ഇംഗ്ലീഷ് ഗിത്താറിസ്റ്റായ ജോൺ മാക്‌ലോഗ്ലിനും സാക്കീർ ഹുസൈനും ചേർന്നാണ് കിഴക്ക് പടിഞ്ഞാറുമായി സംഗമിക്കുന്ന ‘ശക്തി’ എന്ന ബാൻഡ് രൂപപ്പെടുത്തിയത്.
ആസ് വി സ്പീക്ക് എന്ന ആൽബത്തിലെ 'പാഷ്‌തോ' എന്ന ഗാനം രാകേഷ് ചൗരസ്യ, ബെല ഫ്‌ലെക്ക്, എഡ്ഗാര്‍ മേയര്‍ എന്നിവരോടൊപ്പമായരുന്നു. മികച്ച ഗ്ലോബല്‍ മ്യൂസിക് പെർഫോമൻസിനുള്ള പുരസ്‌കാരം ഇതിനായിരുന്നു. രാജ്യപുരോഗതിയില്‍ ചെറുധാന്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പറയുന്ന ഈ സംഗീത രൂപം ഫാല്ഗുുനിയും ഗൗരവ് ഷായും ചേർന്നാണ് പാടിയത്.

സാക്കീർ ഹുസൈന് മൊത്തം നാല് ഗ്രാമി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
1973-ല്‍ പുറത്തിറങ്ങിയ 'ലിവിങ് ഇന്‍ ദി മെറ്റീരിയല്‍ വേൾഡ്' ആണ് സാക്കിര്‍ ഹുസൈന്റെ ആദ്യ ആൽബം. 19-ാം വയസ്സിൽ, രവിശങ്കറിനൊപ്പം ന്യൂയോർക്കിൽ പരിപാടി അവതരിപ്പിക്കാൻ പകരക്കാരനായി അള്ളാരാഖാ ഖാൻ മകനെ പറഞ്ഞുവിടുകയായിരുന്നു.
എന്റെ ജീവിതം എന്നേക്കുമായി മാറിമറിഞ്ഞത് അങ്ങനെയാണ്. ‘‘യജമാനനാകാൻ ശ്രമിക്കരുത്. നല്ല വിദ്യാർഥിയാകുക’ എന്ന ഉപദേശവും പിതാവ് തന്നു വിട്ടു. ജുഗൽബന്ദിയിൽ വ്യത്യസ്ത സംഗീതജ്ഞരോടൊപ്പം തബലവായിക്കുമ്പോഴെല്ലാം ഞാൻ പുതിയ എന്തെങ്കിലും പഠിക്കുന്നു- സാക്കീർ ഹൈസൈൻ ഇതിനെ കുറിച്ച് ഓർത്തു.
ഷാജി എൻ. കരുണിന്റെ വാനപ്രസ്ഥത്തിന് സംഗീതം നൽകിയത് സാക്കീർ ഹുസൈനാണ്. ഇദ്ദേഹം കോഴിക്കോട് മലബാർ മഹോത്സവത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു പിതാവ് അള്ളാ രാഖാ ഖാന്റെ മരണം.
"കേരളം അങ്ങനെ എൻ്റെ സ്നേഹവും വേദനയുമാണ്. ഗസലുകളെയും ഹിന്ദുസ്ഥാനി സംഗീതത്തെയും ഭ്രാന്തമായി സ്നേഹിക്കുന്ന കലാസ്വാദകരുടെ തീരം" എന്നാണ് പിന്നീട് കോഴിക്കോടിനെ വിശേഷിപ്പിച്ചത്.

മന്റോ, മിസ്റ്റർ ആൻഡ് മിസിസ് അയ്യർ എന്നീ സിനിമകൾക്കും സംഗീതം നൽകി. ഹീറ്റ് ആൻഡ് ഡസ്റ്റ്, ദി പെർഫെക്റ്റ് മർഡർ, മിസ് ബ്യൂട്ടിസ് ചിൽഡ്രൻ, സാസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനേതാവായും രംഗത്ത് എത്തി. അലോണ്സോങ കിംഗ്‌സ് ലൈന്സ് ബാലെ, ദി മാര്ക്ക്എ മോറിസ് ഡാൻസ് ഗ്രൂപ്പ് തുടങ്ങിയ ലോക പ്രശസ്ത ഡാൻസ് കമ്പനികളുമായും സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
1951 മാര്ച്ച് ഒമ്പതിന് മുംബൈയിലായിരുന്നു സാക്കിര്‍ ഹുസൈന്റെ ജനനം. പിതാവും തബലവാദനത്തിലെ മാന്ത്രികനുമായിരുന്ന അല്ലാ റഖാ ഖാന്‍ തന്നെയായിരുന്നു ഗുരു. മുംബൈ സെയിന്റ് സേവ്യേഴ്‌സ് കോളേജിൽ വിദ്യാഭ്യാസം. പന്ത്രണ്ടാം വയസ്സിലാണ് സ്വതന്ത്രമായി തബല വായിച്ച് അരങ്ങേറ്റം കുറിക്കുന്നത്.

1990-ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു. സംഗീത നാടക പുരസ്‌കാരം ലഭിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ സംഗീതജ്ഞരില്‍ ഒരാളായിരുന്നു സാക്കിര്‍ ഹുസൈന്‍. 1988-ല്‍ പദ്ശ്രീയും 2002-ല്‍ പദ്മഭൂഷണും 2023-ല്‍ പദ്മവിഭൂഷണും നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1
999 ല്‍ അമേരിക്കയിലെ ഏറ്റവും ഉയര്ന്ന സിവിലിയന്‍ ബഹുമതി (നാഷനല്‍ ഹെറിറ്റേജ് ഫെലോഷിപ്പ്) കരസ്ഥമാക്കിയ ആദ്യ ഇന്ത്യന്‍ സംഗീതജ്ഞനാണ്.
"സംഗീതം എനിക്ക് ജീവിതമാർഗമാണ്. അതിനാൽ അതാണ് എന്റെ മതം. ഈ മതം ലോകത്തിലെ എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്നു". - സാക്കീർ ഹുസൈൻ
പ്രസിദ്ധ നർത്തകി അന്റോണിയ മിനക്കോളയാണ് ഭാര്യ. അനീസ ഖുറേഷി, ഇസബല്ല ഖുറേഷി എന്നിവരാണ് മക്കള്‍.









0 comments