‘ടു ഗാസ, വിത്ത് ലവ്’

കെ എ നിധിൻനാഥ്
Published on Oct 05, 2025, 09:40 AM | 2 min read
ദിവസവും ലക്ഷക്കണക്കിന് ഉള്ളടക്കങ്ങൾ സൃഷ്ടിക്കപ്പെടുന്ന യൂട്യൂബിൽ കഴിഞ്ഞദിവസം ഒരുസംഘം കലാകാർ കൂടിച്ചേർന്ന് മൂന്നുമണിക്കൂർ ദൈർഘ്യമുള്ള വീഡിയോ പ്രദർശിപ്പിച്ചു. ലോകത്തിന്റെ നോവായി മാറിയ ഗാസയ്‌ക്കുള്ള ഐക്യദാർഢ്യമായ ചെറു അനിമേഷൻ വീഡിയോകളായിരുന്നു അത്. ലോകമെമ്പാടുമുള്ള അനിമേറ്റർമാർ, അനിമേഷൻ വിദ്യാർഥികൾ, സ്റ്റുഡിയോകൾ ഇങ്ങനെ ലോകത്തിന്റെ പലഭാഗങ്ങളിൽനിന്ന് അവർ പൊരുതുന്ന ഗാസയ്ക്കുവേണ്ടി ഒത്തുചേർന്നു.
ഓസ്കർ നോമിനേഷൻ ലഭിച്ച ബ്രിട്ടീഷ് അനിമേറ്റർ ജോവന്ന ക്വിനിന്റെ നേതൃത്വത്തിലാണ് "ടു ഗാസ, വിത്ത് ലവ്: എ ഗ്ലോബൽ അനിജാം’ സംഘടിപ്പിച്ചത്. ക്വിൻ ആരംഭിച്ച സംഘടന അനിമേഷൻ കമ്യൂണിറ്റി ഫോർ പലസ്തീനാണ് പരിപാടി ഏകോപിപ്പിച്ചത്. പലസ്‌തീനുവേണ്ടി സംസാരിക്കുന്ന 50 രാജ്യങ്ങളിൽനിന്നുള്ള 329 ചെറു അനിമേഷൻ സിനിമകളാണ് ഭാഗമായത്. അനിമേഷൻ കമ്യൂണിറ്റി ഫോർ പലസ്‌തീൻ എന്ന യൂട്യൂബ് അക്കൗണ്ടിലൂടെയാണ് ഇവ പ്രദർശിപ്പിച്ചത്. ജോവന്നയെ കൂടാതെ കനേഡിയൻ അനിമേറ്റർമാരായ തെരേസ് സിമാർഡ്, സാം ഡെക്കോസ്റ്റ്, ബ്രിട്ടനിലെ സാം ഫെൽ, കോൾഡ്‌പ്ലേ, എൽട്ടൺ ജോൺ, ദുവ ലിപ തുടങ്ങിയവരുടെ സംഗീത വീഡിയോകളിലൂടെ പ്രശസ്‌തനായ ജർമനിയിൽനിന്നുള്ള രാമൻ ജാഫാരി, ഗാസയിൽനിന്നുള്ള മുഹമ്മദ് ഹൊസാം തുടങ്ങിയ പ്രമുഖരും പങ്കാളികളായി.
ലോകശ്രദ്ധയിലേക്ക്
പലസ്‌തീനിൽനിന്നും ഗാസയിൽനിന്നും കേൾക്കുന്നത് കൂട്ടക്കൊലയുടെയും പലായനത്തിന്റെയും പട്ടിണിയുടെയും വിവരണങ്ങളാണ്. ഇതിനിടയിൽ അവിടെയുള്ള കുട്ടികളെ ചേർത്തുപിടിച്ച് പ്രതീക്ഷയുടെ വെളിച്ചം നൽകിയ ഒരു ചെറു ഇടപെടൽ നിശ്ശബ്ദമായി നടക്കുന്നുണ്ട്. ഹനീൻ കൊറാസ് എന്ന പലസ്‌തീൻ അനിമേഷൻ അധ്യാപിക കുട്ടികളെ ഭീതിദമായ ലോകത്തുനിന്ന് കരകയറ്റാൻ ശിൽപ്പശാലകൾ നടത്തുകയാണ്. ഇതിനായവർ ക്യാമ്പുകളിൽനിന്ന് ക്യാമ്പുകളിലേക്ക് സഞ്ചരിക്കുന്നു. കുട്ടികൾക്കായി അനിമേഷൻ ശിൽപ്പശാലകൾ നടത്തുന്നു. ഈ ഇടപെടൽ ജോവന്ന ക്വിനിന്റെ ശ്രദ്ധയിൽ വന്നതോടെയാണ് അനിമേഷൻ കമ്യൂണിറ്റി ഫോർ പലസ്‌തീൻ രൂപീകരിക്കുന്നത്.
അക്കാദമീഷ്യൻസ്, ചലച്ചിത്രപ്രവർത്തകർ, ഫെസ്റ്റിവൽ പ്രോഗ്രാമർമാർ തുടങ്ങി വിവിധ മേഖലകളിൽനിന്നുള്ളവരുടെ ഒരു അന്താരാഷ്ട്ര ഗ്രൂപ്പുമാണ് ഇന്നത്. ഓൺലൈനിൽ പതിവായി ഒത്തുചേരുന്ന ഇവർ ഇൻസ്റ്റഗ്രാം വഴിയാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. കൊറാസിന്റെ ശിൽപ്പശാലകൾക്ക് സാമ്പത്തികം കണ്ടെത്തുകയും പിന്തുണ നൽകുകയുമായിരുന്നു ആദ്യലക്ഷ്യം. പിന്നീട് കലയിലൂടെ പലസ്തീന്റെ ശബ്ദമാകുക എന്ന ദൗത്യം ഏറ്റെടുത്തു. അതിലൂടെയാണ് ‘അനിജാം’ എന്ന ആശയം ഉടലെടുത്തത്. തുടർന്നാണ് 30 സെക്കൻഡ് ദൈർഘ്യമുള്ള ചെറു സിനിമകൾ ക്ഷണിച്ചത്. പരിചയസമ്പന്നരായ പ്രൊഫഷണലുകൾമുതൽ വിദ്യാർഥികൾ, അനിമേറ്റർമാർ, കുട്ടികൾവരെ ഉൾപ്പെടെ അന്പതി-ലധികം രാജ്യങ്ങളിൽനിന്നുള്ള 329 സിനിമകളാണ് പ്രതികരണമായി എത്തിയത്. മുഖ്യധാരാ മാധ്യമങ്ങൾ മറക്കുമ്പോഴും തങ്ങൾ ഗാസയിലെ ജനങ്ങളെ മറന്നിട്ടില്ലെന്ന പ്രഖ്യാപനംകൂടിയാണ് ഈ ഇടപെടലെന്നാണ് കൂട്ടായ്‌മ പരിപാടിയുടെ പ്രസ്‌താവനയിൽ പറഞ്ഞത്. ഈ ക്യാമ്പയിനിൽ കേരളത്തിൽനിന്ന് ഒരാളാണ് ഭാഗമായത്. കൊടുങ്ങല്ലൂർ സ്വദേശി ആദർശ് മധുസൂദനൻ. അദ്ദേഹത്തിന്റെ ‘എക്സിസ്റ്റ് 2 റെസിസ്റ്റ്' എന്ന ചിത്രമാണ് പ്രദർശിപ്പിച്ചത്.
വാക്കുകൾകൊണ്ട് പ്രകടിപ്പിക്കാൻ പ്രയാസമുള്ള അവരുടെ സ്വപ്നങ്ങൾ, ഭയങ്ങൾ, അനുഭവങ്ങൾ എന്നിവ പ്രകടിപ്പിക്കുന്നതിനുള്ള ഒരു ഇടം സൃഷ്ടിക്കാൻ ഇതിലൂടെ കഴിയുമെന്ന ചിന്തയിൽനിന്നാണ് ശിൽപ്പശാലയും പ്രവർത്തനങ്ങളും ആരംഭിച്ചതെന്നാണ് ഹനീൻ കൊറാസ് പറയുന്നു. യുദ്ധത്തിനും എതിർപ്പുകൾക്കും ഇടയിലും അവരത് തുടർന്നു. കിട്ടുന്ന വസ്‌തുകൾവച്ച് പ്രവർത്തനങ്ങൾ നടത്തി. ഇതുവരെ 51 അനിമേഷൻ ശിൽപ്പശാലകൾ നടത്തി. ഈ പ്രവർത്തനത്തിനായി സ്ത്രീകളുടെ ഒരു സംഘത്തെ പരിശീലിപ്പിച്ചു. ഇതുവരെ 1500-ലധികം കുട്ടികളിലേക്ക് എത്തി. എൺപതി-ലധികം സ്ത്രീകളെയാണ് ഈ ഇടപെടലിന്റെ ഭാഗമാക്കിയത്.









0 comments