ഇന്ന് ലോക സംഗീതദിനം
പിൻപാട്ടല്ല പെൺപാട്ടുകൾ

ഹേമലത ആർ [email protected]
Published on Jun 21, 2026, 08:13 AM | 4 min read
ഇന്ത്യൻ സംഗീതവ്യവസായത്തിൽ പാട്ടുകാർ, ഗാനരചയിതാക്കൾ, നിർമാതാക്കൾ, എക്സിക്യൂട്ടീവുകൾ എന്നീ നിലകളിൽ സ്‌ത്രീകൾ മുൻകാലങ്ങളിലും അടയാളമിട്ടിട്ടുണ്ട്. എങ്കിലും ചരിത്രപരമായി അവരുടെ സംഭാവനകൾ അരികുവൽക്കരിക്കപ്പെട്ടവയായിരുന്നു. വ്യവസ്ഥാപിത വെല്ലുവിളികളെയും അസമത്വങ്ങളെയും അതിജീവിച്ച് സ്‌ത്രീകൾ സംഗീതത്തിന്റെ എല്ലാ മേഖലകളിലും ആധിപത്യം സ്ഥാപിക്കാൻ പ്രാപ്‌തമായ പുതുകാലമാണ് ഇപ്പോൾ. ഇന്റർനെറ്റിന്റെയും സമൂഹമാധ്യമത്തിന്റെയും സ്വാധീനത്തിൽ സ്‌ത്രീകളുടെ സ്വാധീനം റെക്കോഡിങ് സ്റ്റുഡിയോയ്ക്കു പുറത്തേക്ക് എത്തിക്കഴിഞ്ഞു. കേൾവിമാത്രമല്ലാതെ പെർഫോമൻസിനുകൂടി പ്രാധാന്യമുള്ള ത്രിമാനതലത്തിലേക്ക് സംഗീതം ഉയർത്തപ്പെട്ടപ്പോൾ ആ മേഖലയിലെ സ്‌ത്രീപ്രാതിനിധ്യവും കൂടി. തലമുറകളായി ഇന്ത്യൻ സംഗീതത്തിലെ ഏറ്റവും ആഘോഷിക്കപ്പെടുന്ന ശബ്ദങ്ങളിൽ ബഹുഭൂരിപക്ഷവും സ്ത്രീകളുടേതുകൂടിയാണ്. കാലാതീതമായ ഈണങ്ങൾ ആലപിച്ച് നിലയ്‌ക്കാത്ത കൈയടികൾ വാങ്ങിയവരാണ് ഇന്ത്യയിലെ മിക്ക ഗായികമാരും. എങ്കിലും ചാർട്ടിൽ ഒന്നാമതെത്തുന്ന ഹിറ്റുകൾക്കുപിന്നിൽ സംഗീതവ്യവസായം കാലങ്ങളായി പുരുഷാധിപത്യത്തിനുപിന്നിലാണ്. സമീപകാലത്തായി ഇൗ ആഖ്യാനം മാറിത്തുടങ്ങിയിരിക്കുന്നു.
സൃഷ്‌ടിയും സ്ഥിതിയും
ഇന്ത്യയിലുടനീളം വനിതാ കലാകാരികളുടെ ഒരു പുതിയ തരംഗം സംഗീതം സൃഷ്ടിക്കുകമാത്രമല്ല, ഇന്ത്യൻ സംഗീതം എങ്ങനെയുള്ളതാകണമെന്ന് പുനർനിർവചിക്കുകയും ചെയ്യുന്നു. സ്വതന്ത്ര ഗായക, -ഗാനരചയിതാക്കൾ, നാടോടി പുനരുജ്ജീവനക്കാർ, റാപ്പർമാർ, സംഗീതസംവിധായകർ, നിർമാതാക്കൾ തുടങ്ങിയ എല്ലാ മേഖലകളിലും സ്ത്രീകൾ സൃഷ്ടിപരമായ അതിരുകൾ ഭേദിച്ച് സ്വന്തം നിബന്ധനകളിൽ രാജ്യത്തിന്റെ സംഗീത ഐഡന്റിറ്റി പുനർനിർമിക്കുന്നു. രാജ്യത്തിന്റെ എല്ലാ ഭാഷകളിലും എല്ലാ വിഭാഗങ്ങളിലും എല്ലാ കോണുകളിലും അവരുടെ സാന്നിധ്യം തുടങ്ങിക്കഴിഞ്ഞു.
ഭൂഖണ്ഡങ്ങൾക്ക് അതിരില്ല
പതിറ്റാണ്ടുകളായി ഇന്ത്യൻ സംഗീതത്തിലെ സ്ത്രീകളുടെ പ്രതിച്ഛായ പ്രധാനമായും പിന്നണിഗാനവുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്. സംഗീതസംവിധായകർ, നിർമാതാക്കൾ, ഉപകരണ വിദഗ്ധർ, ലേബൽ എക്സിക്യൂട്ടീവുകൾ എന്നീ നിലകളിൽ തിരശ്ശീലയ്ക്കുപിന്നിലെ അവസരങ്ങൾ പലപ്പോഴും സ്‌ത്രീകൾക്ക് പരിമിതമായിരുന്നു. എന്നാൽ, ഇന്നത്തെ തലമുറ ആ സമവാക്യം മാറ്റുകയാണ്. സ്ത്രീകൾ സ്വന്തമായി പാട്ടുകൾ എഴുതുകയും സ്വന്തം റെക്കോഡുകൾ നിർമിക്കുകയും സ്വതന്ത്ര പ്രേക്ഷകരെ സൃഷ്ടിക്കുകയും വ്യവസായ അംഗീകാരത്തിനായി കാത്തിരിക്കാതെ സൃഷ്ടിപരമായ കരിയർ ആരംഭിക്കുകയും ചെയ്യുന്നു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ഉയർച്ച ഇതിൽ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ശ്രോതാക്കളെ കണ്ടെത്താൻ കലാകാരന്മാർക്ക് ഇപ്പോൾ മുൻകൂട്ടി നിശ്ചയിച്ച ഒരു അച്ചിൽ ഒതുങ്ങേണ്ടതില്ല. ഒരു ഹോം സ്റ്റുഡിയോയിൽ റെക്കോഡ് ചെയ്‌ത ഗാനത്തിന് ഒറ്റരാത്രികൊണ്ട് ഭൂഖണ്ഡങ്ങൾ കടന്നുപോകാൻ കഴിയും. ഇതിന്റെ ഫലമായി കൂടുതൽ സ്ത്രീകൾ ഗായകരായിമാത്രമല്ല, സ്രഷ്ടാക്കളായി സംഗീതവ്യവസായത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞു.
സോഷ്യൽ മീഡിയ എന്ന പാലം
സോഷ്യൽ മീഡിയ സ്ത്രീകളുടെ സംഗീതജീവിതത്തെ അടിമുടി മാറ്റിമറിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം, യൂട്യൂബ്, ടിക്‌ടോക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾവഴി വലിയ റെക്കോഡ് ലേബലുകളുടെ സഹായമില്ലാതെതന്നെ ഗായികമാർക്കും സംഗീതജ്ഞർക്കും തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കാനും ആരാധകരുമായി ബന്ധപ്പെടാനും ഇന്ന് സാധിക്കുന്നു. സ്വയംപര്യാപ്തതയും അംഗീകാരവും ഇത് സമ്മാനിക്കുന്നു. സ്വന്തം പ്രതിഭകൊണ്ടുമാത്രം വലിയ ഫോളോവേഴ്‌സ് ബേസുണ്ടാക്കാൻ സ്ത്രീകളെ സോഷ്യൽ മീഡിയ സഹായിക്കുന്നു. നിരവധി വനിതാ കലാകാരികൾ പ്രശസ്തമായ ഗാനങ്ങളുടെ കവർ വേർഷനുകളും സ്വന്തം ആൽബങ്ങളും പുറത്തിറക്കി ശ്രദ്ധനേടുന്നു. ലോകത്തിന്റെ ഏത് കോണിലിരുന്നും പ്രാദേശിക ഗായികയ്ക്ക് ആഗോളശ്രദ്ധ നേടാൻ സോഷ്യൽ മീഡിയ പാലമായി വർത്തിക്കുന്നു. സ്വന്തം ആശയങ്ങളും സർഗാത്മകതയും സെൻസർഷിപ്പില്ലാതെ പ്രകടിപ്പിക്കാൻ സ്ത്രീകൾക്ക് ഈ പ്ലാറ്റ്‌ഫോമുകൾ ഇടംനൽകുന്നു.അതിക്രമങ്ങൾക്കെതിരെ സംഗീതത്തെ ആയുധമാക്കാനും സോഷ്യൽ മീഡിയ ഉപയോഗിക്കപ്പെടുന്നു. അതേസമയം, സ്ത്രീകളുടെ കഴിവുകൾക്ക് പ്രാധാന്യം നൽകുന്നതിനേക്കാൾ അവരുടെ വസ്ത്രധാരണത്തെയും രൂപത്തെയും വിമർശിക്കുന്ന പ്രവണത സോഷ്യൽ മീഡിയയിൽ കൂടുതലായി കണ്ടുവരുന്നുണ്ട്. ലൈംഗികച്ചുവയുള്ള അധിക്ഷേപങ്ങളും മോശം ട്രോളുകളും പലപ്പോഴും സ്ത്രീകളെ ഓൺലൈനിൽനിന്നും സംഗീതത്തിൽനിന്നും പിന്തിരിപ്പിക്കാറുണ്ട്.
പരമ്പരാഗത സംഗീതത്തിന്റെ
സംരക്ഷകർ
ഇന്ത്യയിലെ സ്വതന്ത്ര സംഗീതരംഗം സ്ത്രീകലാകാരികൾക്ക് ഏറ്റവും ആവേശകരമായ ഇടങ്ങളിലൊന്നാണ്. വാണിജ്യ പ്രതീക്ഷകളിൽനിന്നും ഫോർമുല അടിസ്ഥാനമാക്കിയുള്ള പ്രവണതകളിൽനിന്നും മോചിതരായി, സംഗീതജ്ഞർ അവരുടെ വ്യക്തിപരമായ അനുഭവങ്ങൾ, ഐഡന്റിറ്റികൾ, സംസ്കാരങ്ങൾ എന്നിവ പ്രതിഫലിപ്പിക്കുന്ന ശബ്ദങ്ങൾ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. മുഖ്യധാരാ സംഗീതസംഭാഷണങ്ങളിൽ പലപ്പോഴും പ്രാതിനിധ്യം കുറഞ്ഞ വിഷയങ്ങളായ സ്നേഹം, അഭിലാഷം, മാനസികാരോഗ്യം, ലിംഗഭേദം, സ്വത്വം, സ്വയം കണ്ടെത്തൽ എന്നീ തീമുകളിലൂടെ സ്‌ത്രീസംഗീതം പര്യവേക്ഷണം നടത്തുകയാണ്. സോഷ്യൽ മീഡിയയിലൂടെയും തത്സമയ പ്രകടനങ്ങളിലൂടെയും പലരും കടുത്ത വിശ്വസ്തരായ ആരാധകസമൂഹങ്ങളെ കെട്ടിപ്പടുക്കുന്നു. ഈ പരിവർത്തനം നഗര സ്വതന്ത്ര സംഗീതത്തിൽമാത്രം ഒതുങ്ങുന്നില്ല. രാജ്യത്തുടനീളം, പരമ്പരാഗത സംഗീത രൂപങ്ങളെ സംരക്ഷിക്കുന്നതിലും പുനർനിർമിക്കുന്നതിലും സ്ത്രീകൾ നിർണായക പങ്കുവഹിക്കുന്നു.
ദൂരം കുറയ്‌ക്കുന്ന മാറ്റങ്ങൾ
ലോകമെന്പാടും ലഭിക്കുന്ന സ്റ്റേജ് പ്രോഗ്രാമുകളും അവയിലേക്കുള്ള ദൂരക്കുറവും സ്‌ത്രീകളെ ഇൗ മേഖലയിലേക്ക് കടന്നുവരാൻ സഹായിക്കുന്നു. നാടോടി കലാകാരന്മാർ യുവപ്രേക്ഷകരെ നൂറ്റാണ്ടുകൾ പഴക്കമുള്ള ശബ്ദങ്ങൾ പരിചയപ്പെടുത്തുകയും സമകാലിക സ്വാധീനങ്ങളുമായി സംയോജിപ്പിക്കുകയും ചെയ്യുന്നു. ക്ലാസിക്കൽ സംഗീതജ്ഞർ ഡിജിറ്റൽ പ്രേക്ഷകരുമായി ബന്ധപ്പെടാൻ നൂതനമായ വഴികൾ കണ്ടെത്തുന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാംസ്കാരിക ഭൂപ്രകൃതിയിൽ പ്രാദേശിക സംഗീതപാരമ്പര്യങ്ങൾ പ്രസക്തമാണെന്ന് പ്രാദേശിക കലാകാരന്മാർ ഉറപ്പാക്കുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ, അവർ പൈതൃകം സംരക്ഷിക്കുകയും അതേസമയം ഭാവിയിലേക്കുള്ള സാധ്യതകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ചാർട്ടുകൾക്കും അവാർഡുകൾക്കും അപ്പുറത്തേക്ക് സ്‌ത്രീകൾ അവരുടെ സ്വാധീനം വ്യാപിപ്പിക്കുന്നു. അവർ സംരംഭകരും ബ്രാൻഡ് നിർമാതാക്കളുമായിത്തീരുന്നു. പുരോഗതി നിഷേധിക്കാനാകാത്തതാണെങ്കിലും വെല്ലുവിളികൾ നിലനിൽക്കുന്നു. പ്രാതിനിധ്യം, തുല്യത, സുരക്ഷ, അവസരങ്ങളിലേക്കുള്ള പ്രവേശനം, പ്രത്യേകിച്ച് സാങ്കേതിക, നേതൃപരമായ റോളുകൾ എന്നിവയിൽ സ്ത്രീകൾ ഇപ്പോഴും തടസ്സങ്ങൾ നേരിടുന്നുണ്ട്.
മലയാള സംഗീതത്തനിമ
മലയാളസംഗീതത്തിന്റെ വളർച്ചയിൽ ഗായികമാർ, സംഗീതസംവിധായകർ, ഗാനരചയിതാക്കൾ എന്നീ നിലകളിൽ സ്ത്രീകളുടെ പങ്കിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. നാടോടി പാരമ്പര്യംമുതൽ ആധുനിക ചലച്ചിത്രസംഗീതംവരെ നീളുന്നതാണ് ഈ പങ്കാളിത്തം. മലയാളസിനിമയുടെ തുടക്കംമുതൽ ഗാനങ്ങൾ ജനപ്രിയമാക്കുന്നതിൽ ഗായികമാർ വലിയ പങ്കുവഹിച്ചു. ശാന്ത പി നായർ, പി ലീല, എസ് ജാനകി, പി സുശീല, വാണി ജയറാം, കെ എസ് ചിത്ര എന്നിവർ മലയാളികളുടെ മനസ്സിൽ മായാത്ത ഗാനങ്ങൾ സമ്മാനിച്ചവരാണ്. സുജാത മോഹൻ, മഞ്ജരി, സിതാര കൃഷ്ണകുമാർ തുടങ്ങിയവരും വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്നു. എന്നാൽ, മലയാളത്തിൽ വളരെ അപൂർവമായിമാത്രം സ്ത്രീകൾ കടന്നുവന്ന മേഖലയാണ് സംഗീതസംവിധാനം. ബി വസന്ത, കല്ലറ ഗോപകുമാറിനൊപ്പം സംഗീതം ചെയ്ത അമ്പിളി, സംഗീതസംവിധായകൻ ജോൺസന്റെ മകൾ ഷാൻ ജോൺസൺ, നേഹ നായർ, സയനോര ഫിലിപ്പ്, ഗൗരീലക്ഷ്‌മി, അമൃത സുരേഷ്, അഭിരാമി സുരേഷ്, ജ്യോത്സന, മഞ്ജരി, കൂടാതെ സമീപകാലത്ത് സ്വതന്ത്ര സംഗീതസംവിധായികയായി ശ്രദ്ധേയയായ ഡോ. ദൃശ്യ തുടങ്ങിയവർ ഈ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മലയാളി അല്ലാത്ത ഉഷാഖന്നയും സംഗീതസംവിധാനം നിർവഹിച്ചു. ഉഷ ഉതുപ്പ് സ്‌റ്റേജ് പെർഫോമൻസിലൂടെ മലയാളിയുടേതടക്കമുള്ള പ്രേക്ഷകരുടെ മനംകവർന്നു. കവിതകളിലൂടെയും സിനിമാഗാനങ്ങളിലൂടെയും മലയാളിക്ക് പ്രിയങ്കരിയായ സുഗതകുമാരിയെപ്പോലുള്ളവർ സ്ത്രീപക്ഷചിന്തകൾ മലയാള ഗാനശാഖയിലേക്ക് കൊണ്ടുവന്നു. പാറശാല പൊന്നമ്മാൾ, മണ്ണാറശാല മീനാക്ഷിയമ്മ തുടങ്ങിയ പ്രതിഭകൾ സംഗീതാധ്യാപനത്തിലും കച്ചേരികളിലും സ്ത്രീകളുടെ സാന്നിധ്യം ശക്തമാക്കി. പണ്ടുകാലംമുതൽക്കേ കൃഷിയിടങ്ങളിലും ആഘോഷങ്ങളിലും സ്ത്രീകൾ പാടിയ നാടൻപാട്ടുകൾ മലയാളസംഗീതത്തിന്റെ തനിമ നിലനിർത്താൻ സഹായിച്ചിട്ടുണ്ട്. ആധുനിക കാലത്ത് റെക്കോഡിങ്, ഓഡിയോ എൻജിനിയറിങ്, ഇൻസ്ട്രുമെന്റൽ മ്യൂസിക് (വാദ്യ ഉപകരണങ്ങൾ) എന്നീ മേഖലകളിലും സ്ത്രീകൾ സജീവമാണ്.
വിജയം
പുനർനിർവചിക്കുന്നു
ശ്രേയ ഘോഷാൽ, നേഹ കക്കർ, ജോണിത ഗാന്ധി തുടങ്ങിയ പുതിയ ആളുകളും ഇൗ മാറ്റങ്ങളിൽ സജീവപ്രാധാന്യമുള്ളവരാണ്. അവർ തടസ്സങ്ങൾ തകർത്തും സ്റ്റീരിയോടൈപ്പുകൾ തകർത്തും മുന്നോട്ടുതന്നെയാണ്. സർഗാത്മകവ്യവസായങ്ങളിൽ സ്ത്രീകളുടെ വർധിച്ചുവരുന്ന ശക്തിയുടെ തെളിവായി സ്ത്രീകൾ മാറിയിരിക്കുന്നു. തടസ്സങ്ങൾ തകർക്കുന്നതിലും വിജയം പുനർനിർവചിക്കുന്നതിലും നേതൃത്വം നൽകിയ അത്തരം അവിശ്വസനീയ സ്ത്രീകൾ കാരണം ഇന്ന് സംഗീതവ്യവസായം കൂടുതൽ സമ്പന്നവും വൈവിധ്യപൂർണവും കൂടുതൽ ഉൾക്കൊള്ളുന്നതുമാണ്.










0 comments