കളിയാട്ട പെരുമയിൽ തളിർക്കുന്ന മാനവികത

perumkaliyattam
avatar
പയ്യന്നൂർ കുഞ്ഞിരാമൻ

Published on Mar 23, 2025, 08:05 AM | 1 min read

വടക്കൻ കേരളത്തിൽ പെരുങ്കളിയാട്ടങ്ങളുടെ കാലം. സ്നേഹത്തിന്റെ ഇഴയടുപ്പത്തോടെ നാടും ജനങ്ങളും കൈകോർക്കുന്നു. കാവുകളിൽ ആചാരത്തിന്റെയും അനുഷ്ഠാനത്തിന്റെയും മേളക്കൊഴുപ്പുകൾ ഉണരുന്നു. കന്നിക്കലവറകളിൽ കെടാവിളക്കുകൾ തെളിയുന്നു. ഓരോ പെരുങ്കളിയാട്ടവും നാടിന്റെ ഉള്ളുണർത്തുന്നു. ജനാധിപത്യബോധം ഉയർത്തിപ്പിടിക്കുന്ന ഒത്തൊരുമയുടെ പെരുമയായി കളിയാട്ടങ്ങളെ വിലയിരുത്തുന്നു. ഇവിടെ സമുദായങ്ങൾക്കെല്ലാം അവരവരുടേതായ കാവുകളും ക്ഷേത്രങ്ങളുമുണ്ട്. പുരാവൃത്തങ്ങളിൽ ചാലിച്ചെടുത്ത നൂറുകണക്കിന് തെയ്യങ്ങൾ പെരുങ്കളിയാട്ടങ്ങളിൽ കെട്ടിയാടുന്നു.


perumkaliyattam

സാമുദായിക ഐക്യം

പെരുങ്കളിയാട്ടങ്ങളിൽ തുടിച്ചുനിൽക്കുന്ന സാമുദായിക ഐക്യം ശ്രദ്ധേയമാണ്. വർഷങ്ങൾ കൂടുമ്പോഴാണ് പെരുങ്കളിയാട്ടങ്ങൾ ആഘോഷിക്കുന്നത്. സാധാരണ നടക്കുന്ന കളിയാട്ടങ്ങളിൽനിന്ന് വ്യത്യസ്തമാണ് പെരുങ്കളിയാട്ടം. ആയിരക്കണക്കിനാളുകൾ വന്നുചേരുന്നു. വരുന്നവർക്കെല്ലാം രണ്ടു നേരവും ഭക്ഷണമൊരുക്കുന്നു. തെയ്യം കെട്ടുന്നവർ, കലശമൊരുക്കുന്നവർ, മാറ്റ് കൊണ്ടുവരുന്നവർ, ആയുധങ്ങൾ മിനുക്കിയെടുക്കുന്നവർ, മരപ്പണികൾ ചെയ്യുന്നവർ, കാവലങ്കരിക്കുന്നവർ ഇങ്ങനെ പല സമുദായക്കാരും കൂടിച്ചേരുമ്പോഴാണ് പെരുങ്കളിയാട്ടം പൂർണത തേടുന്നത്.


perumkaliyattam

സ്മരണിക

പെരുങ്കളിയാട്ടങ്ങളുടെ ഭാഗമായൊരുക്കുന്ന സ്മരണികയാണ് മറ്റൊരു സവിശേഷത. പെരുങ്കളിയാട്ടം അവസാനിച്ചാലും കാവും കളിയാട്ടവും മനസ്സിൽ നിലനിർത്തുന്നത് സ്മരണികകളാണ്. അച്ചടിച്ച പേജുകൾ വെറുതെ തുന്നിച്ചേർത്തുണ്ടാക്കുന്നതല്ല സ്മരണിക. ചരിത്രവും പുരാവൃത്തവും സംസ്കാരവും ഭൂമിശാസ്ത്രവും എല്ലാം നാളത്തെ തലമുറയ്ക്കറിയാൻ പാകത്തിൽ ഒരുക്കിയെടുക്കുന്നതാണ്. പെരുങ്കളിയാട്ട സ്മരണികയ്‌ക്ക്‌ നല്ല ഗുരുനാഥന്റെ സ്ഥാനമാണ്‌.


perumkaliyattam

ജീവിതം തളിർക്കുന്നു

കളിയാട്ടം ഓരോ വർഷവും നടക്കുന്നു. പത്തോ ഇരുപതോ വർഷം കൂടുമ്പോഴാണ് പെരുങ്കളിയാട്ടം. വളരെ സാമ്പത്തികബാധ്യത വരുന്നതാണിത്‌. മാസങ്ങൾക്കു മുമ്പേ ഒരുക്കം തുടങ്ങും. വരച്ചുവയ്‌ക്കൽ, അടയാളം കൊടുക്കൽ, പന്തലൊരുക്കം, കലവറ ഒരുക്കൽ, നിലംപണി, നാൾ മരം മുറിക്കൽ, നാട്ടെഴുന്നള്ളത്ത് എന്നിങ്ങനെ അനേകം ചടങ്ങുകളിലൂടെയാണ് പെരുങ്കളിയാട്ടം പുരോഗമിക്കുന്നത്. ചുറ്റുവട്ടത്തുള്ള വീടുകളെല്ലാം മോടി കൂടി അലങ്കരിക്കുന്നു, ദൂരദേശത്തുള്ളവർ നാട്ടിലെത്തുന്നു, അങ്ങനെ ഒരു നാടിന്റെ ജീവിതം തളിർക്കുകയും പൂക്കുകയും ചെയ്യുന്നു. തെയ്യം ഒരു സംസ്കാരം പകർന്നു നൽകുന്നു. അത് സാമൂഹ്യ സമത്വത്തിന്റെയും മാനവികതയുടെയും സംസ്കാരമാണ്. എല്ലാ തെയ്യങ്ങളും ജീവിതം നന്നാകണം, ഒന്നാകണം എന്ന ആശയമാണ്‌ ഉയർത്തിപ്പിടിക്കുന്നത്‌.


perumkaliyattam



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home