അമ്മ കടലോ ആകാശമോ അല്ല

amma
avatar
കെ വി മോഹൻ കുമാർ/ [email protected]

Published on May 11, 2025, 10:21 AM | 8 min read


നിരോധിക്കപ്പെട്ട പുസ്തകം മകൻ വായിക്കുന്നതുകണ്ട്‌ ആ അമ്മയുടെ കണ്ണുകളിൽ ഭീതിയുടെ കനലുകളെരിയുന്നുണ്ടായിരുന്നു.""നീ എന്തിനാണിതു വായിക്കുന്നത്‌'' അമ്മ ചോദിച്ചു. ""സത്യമറിയാൻ... നമ്മുടെയൊക്കെ ജീവിതം ഇങ്ങനെയായത്‌ എങ്ങനെയെന്നറിയാൻ''. രഹസ്യമായി അച്ചടിച്ച പുസ്തകത്തിലേക്ക്‌ ആ അമ്മ പകപ്പോടെ പിന്നെയും നോക്കി. ആ പുസ്തകം കൈവശം കണ്ടാൽ മകനെയവർ പിടികൂടുമെന്നും ജയിലിൽ അടയ്ക്കുമെന്നും അമ്മ ഉൾക്കിടിലത്തോടെ അറിയുന്നു. ""എന്തിനാ മകനേ'' അമ്മ പിന്നെയും ചോദിച്ചു.""പഠിക്കാൻ... തൊഴിലാളികളെ പഠിപ്പിക്കാൻ. അവരുടെ ജീവിതമെങ്ങനെ കഷ്ടതകൾ നിറഞ്ഞതായെന്ന്... അച്ഛൻ മദ്യപിച്ചുവന്ന് അമ്മയെ ക്രൂരമായി മർദിച്ചിരുന്നില്ലേ. എന്തുകൊണ്ടാണ്‌'', മകൻ അമ്മയെ നോക്കി. ""ഞാൻ അദ്ദേഹത്തിന്റെ ഭാര്യയായതുകൊണ്ട്‌. അതൊക്കെ സഹിക്കാൻ വിധിക്കപ്പെട്ടവളായതുകൊണ്ട്‌''. ഗാർഹിക പീഡനങ്ങൾക്കിരയാവുന്ന എല്ലാ അമ്മമാരും പറയാറുള്ള മറുപടി. അല്ല, മകൻ പുതിയൊരു ഉൾബോധത്തോടെ ആ പുസ്തകത്തിലേക്കു നോക്കി.""തുച്ഛമായ കൂലിക്കായി നിത്യവും ആ ഫാക്ടറിയിൽ അനുഭവിക്കേണ്ടി വന്ന പീഡനങ്ങളും അവഹേളനങ്ങളുമാണ്‌ അച്ഛനെക്കൊണ്ട്‌ അതൊക്കെ ചെയ്യിച്ചത്‌.'' അമ്മ ആ പുസ്തകത്തിലേക്കു നോക്കി. അവൻ പറയുന്നത്‌ സത്യമായിരിക്കാം. എന്നാലും ഇതൊക്കെ വായിച്ചാൽ അതിന്റെ അന്ത്യമെന്തായിരിക്കും. "നിനക്കെന്തെങ്കിലും സംഭവിച്ചാലോ' അമ്മയ്ക്ക്‌ പേടിയുണ്ടോ' അവൻ അമ്മയെ നോക്കി.""എനിക്കെങ്ങനെ പേടിക്കാതിരിക്കാനാകും' അവർ ചോദിച്ചു. ‘ഞാനൊരു അമ്മയല്ലേ. ഭീതിയിലാണു ഞാൻ ഇത്രകാലവും ജീവിച്ചത്‌. ഇപ്പോഴും...''. വിശ്വ പ്രസിദ്ധയായൊരു അമ്മയും മകനുമായുള്ള രംഗമാണിത്‌. പ്രശസ്ത റഷ്യൻ സാഹിത്യകാരൻ മാക്സിം ഗോർക്കിയുടെ "അമ്മ'.

മേശപ്പുറത്ത്‌ മുഷ്‌ടി ചുരുട്ടി ഇടിച്ച അച്ഛനെപ്പോലെ ഒരിക്കലവൻ ഒച്ചയുണ്ടാക്കിയപ്പോൾ അവർ ഒരുനിമിഷം തരിച്ചിരുന്നുപോയതാണ്‌. വർഷങ്ങളായി തന്റെ ജീവിതം കണ്ണീരിന്റെ കടലാക്കിമാറ്റിയ അതേ ശബ്ദം. കഠിനമായ യാതനകളിലേക്ക്‌ തന്നെ തള്ളിവിട്ട അതേ സ്വരം. സ്വസ്ഥതയും ശാന്തിയും ഇല്ലാതാക്കി നരകത്തിലേക്കു നയിച്ച അതേ പരുക്കൻ വാക്കുകൾ. എല്ലാം അവസാനിച്ചെന്നു നിനച്ചതാണ്‌. ഇപ്പോഴിതാ അതൊക്കെയും വീണ്ടും. ഭർത്താവ്‌ മരിച്ച്‌ രണ്ടാഴ്ച കഴിഞ്ഞതേയുള്ളൂ. അടുക്കളയിൽനിന്നു പുറത്തേക്കു വന്ന അമ്മ കണ്ടത്‌ മകൻ പാവേൽ അച്ഛനെപ്പോലെ ആടിക്കുഴഞ്ഞു നിൽക്കുന്നതാണ്‌. അവന്റെ കാലുറയ്ക്കുന്നില്ല. താൻ കാണുന്നതു മകനെയല്ല, മരിച്ചുപോയ ഭർത്താവിനെയാണെന്ന് അവർക്കു തോന്നിപ്പോയി. മദ്യപിച്ചുള്ള വരവും ചീത്തവിളിയും കൊടിയ മർദനവും സഹിച്ചതിന്‌ കൈയും കണക്കുമില്ല. ഒടുവിലയാൾ രോഗബാധിതനായി മരണത്തിനു കീഴടങ്ങി. പതിവുപോലെ അയാൾക്കു പകരം മകൻ ഫാക്ടറിയിൽ ജോലിക്കു പോയിത്തുടങ്ങി. ഇനിയുള്ള ജീവിതത്തിലെങ്കിലും സമാധാനം കിട്ടുമെന്ന്‌ കരുതിയിരുന്നപ്പോഴാണ്‌ കൗമാരക്കാരനായ അവൻ, അച്ഛനെ അനുകരിച്ച്‌ അത്താഴം ചോദിച്ച്‌ ബഹളമുണ്ടാക്കിയത്‌. എങ്കിലും പെട്ടെന്നവൻ അവശനായി. തളർന്നുവീണ മകനെ അമ്മ മാറോടു ചേർത്തു. അവന്റെ നെറ്റിയിൽ ചുംബിച്ചുകൊണ്ടു പറഞ്ഞു: നമുക്കുചുറ്റുമുള്ളവരെല്ലാം ഇങ്ങനെയാണ്‌. നീ അവരെപ്പോലാകരുത്‌. നമുക്കു നന്നായി ജീവിക്കണം. സ്നേഹത്തോടെ... സമാധാനത്തോടെ... എനിക്ക്‌ നീയല്ലേയുള്ളൂ മകനേ... നിനക്കു ഞാനും''. ബോധം മറഞ്ഞു കൊണ്ടിരുന്ന മകന്റെ മുഖം അമ്മയുടെ കണ്ണീരിൽ കുതിർന്നു. മുടിയിഴകളിലൂടെ വിരലോടിച്ചും തലോടിയും അമ്മ അവനെയുറക്കി. പുതിയൊരാളായി ഉണർന്നെണീക്കാൻ, പുതിയൊരു പുലർച്ചയ്ക്കായി...

ആഴങ്ങളിൽനിന്ന്‌ കോരി നിറയ്ക്കുന്ന ജലം തുളുമ്പുന്നതുപോലെയാണ്‌ ഓരോ അമ്മ മനസ്സും. മക്കളെ ചേർത്തുപിടിക്കുമ്പോൾ അദൃശ്യമായി തുള്ളിത്തുളുമ്പുകയാകും ഈ ലോകവും. അവിടെ വാക്കുകൾ പരിമിതപ്പെടുന്നു. ആഴത്തിൽ ഉറവയെടുത്ത മാതൃസ്നേഹത്തിന്റെ ഒരു തുള്ളിമതി ലോകത്തിന്റെ ഗതിപോലും മാറ്റിമറിക്കാൻ. സ്നേഹത്തിന്റെ, സഹനത്തിന്റെ, ധീരതയുടെ... എന്തിനുമുപരി മാനവിക ബോധത്തിന്റെ സ്പർശങ്ങളാൽ ഓരോ കുഞ്ഞു ഹൃദയത്തെയും ആർദ്രമാക്കാൻ അമ്മയ്ക്കല്ലാതെ ആർക്ക്‌ കഴിയും.

റഷ്യയിലെ സാറിന്റെ ഏകാധിപത്യ ഭരണവാഴ്ചയ്‌ക്കെതിരെ പോരാടാൻ മകൻ പാവേലിനും ചങ്ങാതിമാർക്കും വെളിച്ചം പകരുന്ന തീപ്പന്തമായി മാറുന്നതും നിരോധിക്കപ്പെട്ട പുസ്തകം മകൻ വായിക്കുന്നതുകണ്ട്‌ ഒരിക്കൽ ചകിതയായ അതേ അമ്മയാണ്‌. ശിക്ഷ വിധിക്കാൻ തയ്യാറെടുക്കുന്ന ന്യായാധിപർക്കെതിരെ വാക്കുകളുടെ തീപ്പന്തമെറിയാൻ പാവേലിന്റെ മനസ്സിലേക്ക്‌ എണ്ണ പകരുന്നതും ആ അമ്മ നൽകിയ കരുത്താണ്‌. ""ചങ്ങലകളിലാണു ഞാൻ. അസ്വതന്ത്രനാണു ഞാൻ. ശിക്ഷ വിധിക്കാനിരിക്കുന്ന നിങ്ങളോ, മാനസികമായ അടിമത്തത്തിലും. നിങ്ങൾ വിധിക്കുന്ന ശിക്ഷ താൽക്കാലികംമാത്രം.

യുവത്വത്തിന്റെ കരുത്തൊഴുക്കിൽ ഒലിച്ചുപോകാൻ തുടങ്ങുകയാണ്‌ നിങ്ങളുടെ ഭരണകൂടങ്ങൾ...'' പാവേലിന്റെ വാക്കുകളിൽ അഗ്നിയുടെ ആളലുണ്ടായിരുന്നു. അമ്മയുടെ ഒരു വാക്ക്‌. ഒരു നോട്ടം. മക്കളുടെ മനസ്സിനത്‌ കരുത്തു നൽകും. ചിലപ്പോൾ സഹനങ്ങൾക്കെതിരെ തൊടുത്തുവിട്ട ഒരമ്പായി അതു മാറും. മായ്ക്കാൻ ശ്രമിച്ചാലും ചില ചരിത്രങ്ങൾ കൂടുതൽ തെളിഞ്ഞ്‌ മാതൃത്വത്തിന്റെ മഹിമയാൽ അടയാളപ്പെട്ടു കാണുന്നത്‌ അതുകൊണ്ടാണ്‌."രക്തത്തിന്റെ പുഴകൾ ഒഴുക്കിയാലും സത്യത്തെ നിങ്ങൾക്ക്‌ മുക്കിക്കൊല്ലാനാകില്ലെന്ന്' പാവേലിനെക്കൊണ്ടു പറയിച്ചത്‌ ആ കരുത്താണ്‌. "ഞാനെത്ര സന്തുഷ്ടയാണിന്ന്'. ആ അമ്മയുടെ കണ്ണുകളിൽ കണ്ണീർ നനവ്‌ പടരുന്നു. ""എന്റെ മകന്റെ വാക്കുകൾ... എന്റെ സ്വന്തം മാംസത്തിന്റെയും രക്തത്തിന്റെയും ഭാഗമായ എന്റെ മകന്റെ വാക്കുകൾ... ഞാൻ തന്നെയത്‌ മറ്റുള്ളവരിലേക്ക്‌ പകർന്നു കൊടുക്കുക! എന്റെ ആത്മാവിനെ ദാനം ചെയ്യുന്നതുപോലെയാണത്‌''. പൊലീസിന്റെ കൺമുന്നിലൂടെ, നിരോധിക്കപ്പെട്ട ലഘുലേഖകൾ ആഹാരക്കൂടകളിൽ ഒളിപ്പിച്ച്‌ ഫാക്ടറിയിലെ തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യാനെത്തിക്കുന്ന ആ അമ്മ കാലത്തിന്റെ കരുത്താണ്‌. മാനവിക ബോധത്തിന്റെ ആൾരൂപമാണ്‌.

അമ്മ നടന്ന വഴികളിൽ ആദ്യമായി തെളിഞ്ഞ കുഞ്ഞു കാൽപ്പാടുകളാണ്‌ പിൽക്കാലത്ത്‌ മനുഷ്യരാശിയുടെ ഗതി മാറ്റിയെഴുതിയ ഓരോ പ്രതിഭാശാലിയുമായിത്തീർന്നത്‌. അമ്മയുടെ ചുവടുകൾക്കൊപ്പമാണ്‌ ആ കാൽപ്പാടുകൾ വളർന്നത്‌. ഭൂമിയിൽ നിലയുറച്ചു നിന്നപ്പോൾ ആദ്യമായറിഞ്ഞ പെരുവിരൽത്തരിപ്പ്‌ അമ്മയുടെ കൈവിരലുകളിൽ കൊരുത്ത സ്വന്തം വിരലുകളിലൂടെയാണറിഞ്ഞത്‌. പിന്നീട്‌ ജീവിതകാലമത്രയും നടന്നുപോയ ഓരോ മണൽത്തരിയും അമ്മയുടെ കാൽപ്പാടുകളെ ഓർമപ്പെടുത്തുന്നതായിരിക്കാം. അമ്മ എന്ന വാക്ക്‌ ഒരു കടലോ ആകാശമോ അല്ല, അതൊരു പ്രപഞ്ചമാണ്‌.


മാർക്കേസിന്റെ അമ്മ


ഇനി മറ്റൊരു അമ്മയുടെ ചിത്രത്തിലേക്കു പോകാം. വിശ്വ സാഹിത്യകാരൻ ഗബ്രിയേൽ ഗാർഷ്യ മാർക്കേസിന്റെ അമ്മ. മാർക്കേസ്‌ തന്റെ ആത്മകഥയായ "ലിവിങ്‌ ടു റ്റെൽ ദ ടെയിലി’ൽ വരച്ചുകാട്ടുന്ന അമ്മ. ‘വീട്‌ വിൽക്കാൻ കൂടെച്ചെല്ലണമെന്ന് അമ്മ എന്നോട്‌ ആവശ്യപ്പെട്ടു. അന്നു കാലത്താണ്‌ വളരെ അകലെയുള്ള പട്ടണത്തിൽനിന്ന് അമ്മ വന്നത്‌. എന്നെ എങ്ങനെ കണ്ടെത്താനാകുമെന്ന് അമ്മയ്ക്കറിയില്ലായിരുന്നു. അമ്മ പരിചയക്കാരോടൊക്കെ ചോദിച്ചു. കഫേകളിലൊന്നിൽ തെരയാനവർ പറഞ്ഞു. എഴുത്തുകാരായ ചങ്ങാതിമാരുമായി ഞാൻ സംസാരിച്ചിരിക്കാറുള്ളത്‌ കഫേകളിലാണ്‌. അമ്മയെ ഉപദേശിച്ചയാൾ മുന്നറിയിപ്പും നൽകിയിരുന്നു.""സൂക്ഷിക്കണേ. ലക്കു കെട്ടവന്മാരാണവന്മാർ''. പുസ്തകങ്ങൾ വച്ചിരുന്ന മേശകൾക്കിടയിലൂടെ മെല്ലെനടന്ന് അമ്മ എന്റെ മുന്നിൽ വന്നുനിന്നു. അവരുടെ നല്ല കാലത്തെ അതേ കുസൃതിച്ചിരിയോടെ എന്റെ കണ്ണുകളിലേക്കു നോക്കി. ""ഞാൻ നിന്റെ അമ്മയാണ''. ആദ്യ നോട്ടത്തിൽ അമ്മയെ എനിക്ക്‌ തിരിച്ചറിയാനായില്ല. അമ്മയിൽ എന്തോ മാറ്റം വന്നിരിക്കുന്നു. അമ്മയ്ക്ക്‌ നാൽപ്പത്തഞ്ചേ ആയുള്ളൂ. പതിനൊന്ന്‌ ഗർഭകാലങ്ങൾ അവരുടെ ജീവിതത്തിലെ പത്തുവർഷം കാർന്നെടുത്തിട്ടുണ്ടാകും. പിന്നെയൊരു പത്തുപതിനൊന്നു വർഷം കുഞ്ഞുങ്ങളെ വളർത്താനും. അകാലത്തിലേ അമ്മ നരച്ചിരിക്കുന്നു. ബൈ ഫോക്കൽ കണ്ണടയ്ക്കു പിന്നിലെ കണ്ണുകൾക്ക്‌ വല്ലാത്ത വലിപ്പം തോന്നിക്കുന്നു. അമ്മുമ്മ മരിച്ചതിന്റെ ദുഃഖാചരണത്തിലായതിനാൽ ആ വിധമായിരുന്നു വേഷം. എങ്കിലും വിവാഹചിത്രത്തിലെ റോമൻ സൗന്ദര്യം ഇപ്പോഴും ആ മുഖത്തെവിടെയോ ഒളിഞ്ഞു കിടപ്പുണ്ട്‌.""ആ പുസ്തകക്കടയിൽ വച്ചു നിന്നെ കണ്ടപ്പോൾ എനിക്കാദ്യം മനസ്സിലായില്ല''. പിന്നീട്‌ യാത്രയ്ക്കിടയിൽ അമ്മ പറഞ്ഞു. ""എനിക്ക്‌ അമ്മയെയും മനസ്സിലായില്ല'' മാർക്കേസ്‌ പറഞ്ഞു. ""രണ്ടും രണ്ടാണ്‌'' അമ്മ പറഞ്ഞു. ""നിന്നെക്കണ്ടപ്പോൾ ഒരു പിച്ചക്കാരനാണെന്നാണു ഞാൻ കരുതിയത്‌. നോക്കൂ. ഒരു സോക്സു പോലുമില്ല കാലിൽ... നിന്റെ പപ്പ നിന്നെയോർത്തു വലിയ വിഷമത്തിലാണ്‌. നീ പഠനം അവസാനിപ്പിച്ചതിനാൽ. ""പപ്പയും വയലിൻ പഠിക്കാൻ വേണ്ടി പഠിത്തം അവസാനിപ്പിച്ചതല്ലേ. അതുപോലെ ഞാനും...'' മാർക്കേസ്‌ പറഞ്ഞു.""ഞാൻ ജീവിക്കാനുള്ള വകയൊക്കെ പത്രങ്ങളിലെഴുതി ഉണ്ടാക്കുന്നുണ്ട്‌. എന്നെ നിരാശപ്പെടുത്താതിരിക്കാൻ നിനക്കത്‌ പറയാം'' അമ്മ നനവൂറുന്ന ചിരിയോടെ പറഞ്ഞു. ""ദൂരെ നിന്നു നോക്കിയപ്പോൾത്തന്നെ നിന്റെ അവസ്ഥ എനിക്ക്‌ മനസ്സിലായി.''

മാർക്കേസ്‌ അമ്മയെ ഓർക്കുന്നു: അമ്മ മാതാപിതാക്കളുടെ ഇഷ്ടമില്ലാതെ പട്ടണത്തിലെ ടെലഗ്രാഫ്‌ ഓപ്പറേറ്ററെ വിവാഹം കഴിച്ചു. അവർക്ക്‌ അങ്ങനെയൊരു പ്രണയമുണ്ടായിരുന്നെന്ന് ആർക്കുമറിയില്ലായിരുന്നു. ആ ജീവിതത്തിൽ ഇടയ്ക്കിടെ പമ്മിയെത്തുന്ന വിപത്തുകളെ, ദൗർഭാഗ്യങ്ങളെ ഉരുക്കിന്റെ കരുത്തോടെയാണവർ നേരിട്ടത്‌. എന്നാൽ, അവരിലെ ഏറ്റവും ആശ്ചര്യകരമായ സ്വഭാവ വിശേഷം, ഒരിക്കലും സംശയിക്കപ്പെടാൻ ഇടനൽകാതെ തന്റെ ജീവിതത്തിലെ പ്രതിബന്ധങ്ങളെ അവർ കരുത്തോടെ മറച്ചു പിടിച്ചിരുന്നു എന്നതാണ്‌. അതവരിലെ മാതൃത്വത്തിന്റെ കരുത്തിനെ ദൃഢീകരിക്കാൻ സഹായിച്ചു. ഏതു സഹനത്തെയും അടക്കിപ്പിടിക്കുന്നതിനേക്കാളുപരി ആട്ടിപ്പായിക്കുമ്പോഴാണല്ലോ അമ്മയുടെ യഥാർഥ ശക്തി.


സഖാവ്‌


കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ കേരളത്തിൽ വിത്തുപാകിയ സഖാവ്‌ പി കൃഷ്ണപിള്ളയുടെ പതിവ്‌ വഴികൾ മാറിയുള്ള വളർച്ചയുടെ പിന്നിലും ഒരമ്മയുണ്ടായിരുന്നു. മകന്‌ കരുത്തും തണലുമായിരുന്ന ആ അമ്മ സഖാവിന്‌ പതിമൂന്നു വയസ്സുള്ളപ്പോൾ വസൂരി പിടിപെട്ടു മരിച്ചു. മരിക്കുമ്പോൾ അമ്മയെ കാണാൻ അനുവദിച്ചില്ല. അമ്മയ്ക്ക്‌ രോഗബാധ കണ്ടപ്പോഴേ അവരെ തനിച്ചാക്കി തറവാട്ടിലെ അംഗങ്ങൾ വേറെ ഇടങ്ങളിലേക്ക്‌ മാറി താമസിച്ചു. വസൂരി രോഗം അക്കാലത്ത്‌ ഭീതി ജനിപ്പിച്ചിരുന്നു. അവസാന നിമിഷത്തിൽ അമ്മയെ ഒരുനോക്കു കാണാനാകാതെ വന്ന ദുഃഖം സഖാവിന്റെ മനസ്സിൽ എന്നും ഒരു വിങ്ങലായി അവശേഷിച്ചിട്ടുണ്ടാകണം. എന്റെ "എടലാക്കുടി പ്രണയ രേഖക'ളിൽ ആ രംഗം വിവരിക്കുന്നതിങ്ങനെ. "മനസ്സിന്റെ തിരപ്പടത്തിൽ എന്തൊക്കെയോ കാഴ്ചകൾ മിന്നിമറയാറുണ്ട്‌. വസൂരിക്കല പടർന്ന അമ്മ നടവഴികൾ താണ്ടിവരുന്നു. പാർവത്യാരു നാറാപിള്ള വാണ പറൂർ തറവാട്ടു പറമ്പിലെ പട്ടടയിൽ വസൂരി ചിതലരിച്ച മുഖം പൊന്തിച്ച്‌ അമ്മ എത്തിനോക്കുന്നു. "പറക്കമുറ്റാത്ത എന്റെ മക്കളെ ഇട്ടേച്ച്‌ അമ്മയ്ക്കൊരു പോക്കു പോകണ്ടിവന്നല്ലാ. അമ്മയ്ക്കു വസൂരി പിടിപെട്ടതും തറവാട്ടിൽനിന്നു മാറ്റി. മരിച്ചെന്നറിഞ്ഞിട്ടും തറവാട്ടു കാരണവർ കാണാൻ അനുവദിച്ചില്ല. അമ്മുക്കുട്ടിപ്പാപ്പയും ഗൗരിപ്പാപ്പയും മുഖത്തോടു മുഖം നോക്കി. പത്തു വയസ്സുകാരൻ നാണപ്പൻ ചേട്ടനെ കെട്ടിപിടിച്ചു കരഞ്ഞു. പതിനാലു വയസ്സുകാരനായ ചേട്ടൻ ആകാശത്തേക്കു നോക്കിനിന്നു. സന്ധ്യ ഇരുണ്ടതും "സഖാവ്‌' ആരും കാണാതെ തറവാട്ടിലേക്കു വന്നു. ഒറ്റത്തായും മുഖപ്പും കനൽ വെട്ടത്തിൽ ചുവന്നു. പട്ടടയിൽ കത്തിയെരിയുകയാണമ്മ. തെക്കേ എറ വിളുമ്പത്ത്‌ ചിത കത്തിയമരുംവരെ കണ്ണെടുക്കാതെ നോക്കിനിന്നു. പുറം വരാന്തയിലെ നെരപ്പലകയിൽ തലയും ചാരിയിരുന്നു...'



ചെറുകാട്‌


|
""എന്റെ അമ്മ സുന്ദരിയായിരുന്നു. വെളുത്തു തടിച്ച്‌ അധികം ഉയരമില്ലാത്ത അമ്മ കുളിച്ചുകുറിയിട്ട്‌ കണ്ണെഴുതി അലക്കിയതുടുത്ത്‌ ആഭരണങ്ങളണിഞ്ഞു കാണാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു."ജീവിതപ്പാത'യിൽ ചെറുകാട്‌ അമ്മയെ ഓർക്കുന്നു. കാലത്തെ വീട്ടുജോലികൾ കഴിഞ്ഞാൽ അമ്മ പുഴയിൽ കുളിക്കാൻ പോകും. ചിലപ്പോൾ എന്നെയും കൊണ്ടുപോകും. അമ്മയുടെ കുളി കഴിഞ്ഞാലുടനെ, ധനുമാസത്തിലെ തിരുവാതിരക്കാലത്തെ ഇളനീരുപോലുള്ള മുല കുടിക്കണമെന്നത്‌ എനിക്കു നിർബന്ധമായിരുന്നു. ഞാൻ ഒടുക്കത്തെ കുട്ടിയായിരുന്നതിനാൽ ഏഴെട്ടു വയസ്സുവരെ മുലകുടിച്ചു. അമ്മയൊന്നു കുനിഞ്ഞാൽ നിലത്തു നിന്നുതന്നെ എനിക്കു മുല കുടിക്കാം. കാണുന്നവർ കളിയാക്കിയെങ്കിലും ഞാനതു വകവച്ചില്ല. പടു വികൃതി കാരണം പുഴയിൽ പോകുമ്പോൾ എന്നെ കൊണ്ടു പോകാതിരുന്നാൽ ഞാൻ പടിപ്പുരത്തിണ്ണയിൽ കാവലിരിക്കും. പടവുകൾ കയറി അമ്മ നടവഴിയിലെത്തിയാൽ തിണ്ണയിൽനിന്നു ഞാൻ പൂച്ചക്കുട്ടിയെപ്പോലെ ചാടി അമ്മയുടെ കഴുത്തിൽ തൂങ്ങും. മുലകുടിച്ചിട്ടേ പിടിവിടൂ...''


വി ടി

സ്ത്രീത്വത്തിന്റെ മഹത്‌ പ്രതീകമായാണ്‌ വി ടി ഭട്ടതിരിപ്പാട്‌ അമ്മയെ
കരുതിയിരുന്നത്‌. എന്റെ ആയുസ്സിനും ശ്രേയസ്സിനും സ്വത്വം മറന്ന് ശുശ്രൂഷിച്ചു വളർത്തിയത്‌ അവരാണ്‌. അച്ഛൻ, കാക്ക, പൂച്ച... ഇങ്ങനെ ഓരോന്നിനെയും ചൂണ്ടിക്കാട്ടി ഈ പ്രപഞ്ചത്തെ പരിചയപ്പെടുത്തിയതവരാണ്‌. ശുഷ്കമായ ഉടൽ വൈദിക ക്രിയകൾകൊണ്ട്‌ വാടിത്തളർന്നെത്തുമ്പോൾ സ്നേഹാർദ്രമായ പുഞ്ചിരി തൂകി കുളിർപ്പിച്ചതവരാണ്‌: അമ്മ! (കണ്ണീരും കിനാവും)


എം ടി


"അപ്പുണ്യേ' അമ്മയുടെ വിളികേട്ടു, പടിക്കൽ വെമ്പലോടെ കാത്തുനിൽക്കുകയാണ്‌ അമ്മ, അവൻ കിതച്ചുകൊണ്ട്‌ പടികടന്ന് അമ്മയുടെ അടുത്തെത്തി."ന്റെ ഗുരുകാരണോമ്മാരേ, ഞാൻ ഉള്ളുകത്തി നിൽക്കേരുന്നു'. അവനൊന്നും മിണ്ടിയില്ല. ""എന്തേ അപ്പുണ്യേ, ഇത്ര വൈക്യേ'' അമ്മ ചോദിച്ചു. ""അവിടെ (ഈസ്‌പ്പിന്റെ പീടികയിൽ) വല്ലാത്ത തെരക്കായ്‌ രുന്നു.''

മുഷിഞ്ഞ തോർത്തുമാത്രം ചുറ്റി കിണറ്റിൻ കരയിലേക്ക്‌ കുളിക്കാൻ പോയി. അമ്മ തലയിൽ വെള്ളം കോരിയൊഴിച്ചു. ഇപ്പോഴും അമ്മയാണവനെ തേച്ചു കുളിപ്പിക്കുന്നത്‌. ആദ്യം അവൻ തല തോർത്തും. എങ്കിലും അവസാനം തലമുടി പിടിച്ചുനോക്കി വെള്ളം തോർന്നിട്ടില്ലെന്നു പറഞ്ഞ്‌ അമ്മ ഒന്നുകൂടി അമർത്തിത്തോർത്തും...



"നാലുകെട്ടി'ലെ അപ്പുണ്ണിയുടെ അമ്മ എം ടിയുടെ അമ്മയായിരുന്നു. സഹനങ്ങളുടെ അമ്മ. അപ്പുണ്ണി എം ടിയും. മുത്തശ്ശിമാരുടെ രാത്രിയിൽ എം ടി അമ്മയെ ഓർക്കുന്നതിങ്ങനെ. "തോട്ടത്തിൽ എന്നും പലതരം പച്ചക്കറികളുണ്ടാകും. അതുകൊണ്ട്‌ രാത്രി ഊണിന്‌ രണ്ടും മൂന്നും കൂട്ടാൻ, രണ്ട്‌ ഉപ്പേരി ഇതൊക്കെ അമ്മയ്ക്കു നിർബന്ധമായിരുന്നു. കൊയ്ത്തും മെതിയും ധാരാളമായുണ്ടായിരുന്ന കാലം അമ്മയോർക്കും. കയ്യാലപ്പുരയിൽ മൂന്നു പെണ്ണുങ്ങൾ നെല്ലു കുത്തുന്നുണ്ടായിരിക്കും. ചോറിനും കഞ്ഞിക്കും പ്രത്യേകം അരി. അസുഖം വരുമ്പോൾ കൊടുക്കാനുള്ള കഞ്ഞിക്കും പ്രത്യേകം ചെറിയരി.'

ഉഷ്ണരാശി

ഐതിഹാസികമായ പുന്നപ്ര വയലാർ സമരകാലഘട്ടത്തിന്റെ പശ്ചാത്തലത്തിലെഴുതിയ എന്റെ "ഉഷ്ണരാശി'യുടെ പിന്നിലും രണ്ട്‌ അമ്മമാരുണ്ടായിരുന്നു. ഒന്നാമത്‌, അരക്ഷിതമായ ബാല്യത്തിന്റെ തീപിടിച്ച നാളുകളിൽ പുന്നപ്ര -വയലാർ സമരകഥ പറഞ്ഞുതന്ന എന്റെ അമ്മ. സ്ത്രീ ശക്തിയുടെ കരുത്തായിരുന്നു അമ്മ. അകാല വൈധവ്യം ഏൽപ്പിച്ച ആഘാതങ്ങളെ മറികടന്ന് മക്കളെ കരുത്തോടെ വളർത്തിയെടുത്ത അമ്മ. രണ്ടാമത്തെ അമ്മ, കേരള ചരിത്രത്തിൽ സ്വർണലിപികളാൽ അങ്കിതം ചെയ്യപ്പെടേണ്ട അമ്മയായിരുന്നു- കാളിയരയത്തിയെന്ന കാളിഭ്രാന്തി. ആലപ്പുഴ പട്ടണത്തിൽ താമസിച്ചിരുന്ന കാലത്ത്‌, കുഞ്ഞുന്നാളുകളിൽ എന്റെ പേടിസ്വപ്നമായിരുന്നു ആലപ്പുഴയിലെ തെരുവിൽ അലഞ്ഞുനടന്നിരുന്ന കാളിഭ്രാന്തി. കാഴ്ചയിലൊരു ഭദ്രകാളി. അറുപതോടടുത്ത്‌ പ്രായം. പാറിപ്പറക്കുന്ന, നരപടർന്ന ചെമ്പൻ തലമുടി. പലനിറത്തിലുള്ള കീറിപ്പിഞ്ചിയ നാടകൾ അടുങ്ങിയ പാവാട. കറുത്ത്‌ ജരബാധിച്ച ഉടൽ. കഴുത്തിൽ കല്ലുമാലകൾ. ഒരു കൈയിൽ തുരുമ്പിച്ച കൊയ്ത്തരിവാൾ. മറുകൈയിൽ വടി. തോളത്ത്‌ മുഷിഞ്ഞ മാറാപ്പ്‌. ലോകത്തോടു മുഴുവൻ പകയായിരുന്നു കാളിഭ്രാന്തിക്ക്‌. കുട്ടികളെ കണ്ടാൽ ഭ്രാന്തിളകും. അട്ടഹസിക്കും.

ആറു വയസ്സുകാരനായ ഞാൻ ഒരിക്കൽ സ്കൂൾ വിട്ട്‌ വിജനമായ ഇടവഴിയിലൂടെ വീട്ടിലേക്കു വരുമ്പോൾ കാളിഭ്രാന്തിയുടെ മുന്നിൽ അകപ്പെട്ടു. കാളിഭ്രാന്തി കണ്ണു തുറിച്ച്‌, നാക്കു നീട്ടി, അരിവാൾ വിറപ്പിച്ച്‌, വടി ചുഴറ്റി അട്ടഹസിച്ചു. എന്നെ കൊല്ലുമെന്നുറപ്പായി. ഞാൻ എട്ടുനാടും പൊട്ടെ "അമ്മേ'യെന്നു വിളിച്ചലറി. ആ വിളി കേട്ടതും കാളിഭ്രാന്തി സ്തംഭിച്ചു നിന്നു. എന്നെ തുറിച്ചു നോക്കി. ക്രമേണ അവരുടെ മുഖത്ത്‌ വാത്സല്യം അലയടിച്ചു. കൈയിലിരുന്ന അരിവാളും വടിയും താഴെയിട്ടു. നാലഞ്ചു ചോട്‌ പിന്നോട്ടു മാറി. "പൊന്നുമക്കളു പേടിക്കണ്ടാ, പൊയ്ക്കോ. കാളിയൊന്നും ചെയ്യത്തില്ല' അവർ പറഞ്ഞു. ഞാൻ ജീവനും കൊണ്ടോടി. ഇടവഴി അവസാനിക്കുന്നിടത്തെത്തി തിരിഞ്ഞു നോക്കിയപ്പോൾ കാളിഭ്രാന്തി നിലത്തു കുത്തിയിരുന്ന് തലതല്ലി നിലവിളിക്കുകയാണ്‌.

ഈ കാളിഭ്രാന്തി ആരായിരുന്നെന്ന് വർഷങ്ങൾക്കുശേഷം പുന്നപ്ര സമര സഖാവായിരുന്ന എം ടി ചന്ദ്രസേനന്റെ "പുന്നപ്ര വയലാർ- ജ്വലിക്കുന്ന അധ്യായങ്ങൾ 'എന്ന പുസ്തകത്തിലൂടെയാണ്‌ ഞാൻ തിരിച്ചറിഞ്ഞത്‌. പുന്നപ്ര പൊലീസ്‌ ക്യാമ്പ്‌ ആക്രമിക്കാൻ ജാഥയായി പോയ സംഘത്തിലുണ്ടായിരുന്ന കുട്ടികളായ കൃഷ്ണന്റെയും ഗോപാലന്റെയും അമ്മയായിരുന്ന കാളി അരയത്തിയായിരുന്നു അത്‌.

എന്റെ "അമ്മേ' എന്ന വിളികേട്ട്‌, കൃഷ്ണനോ ഗോപാലനോ വിളിക്കുന്നതായി തോന്നി ഭ്രാന്തിന്റെ മറയ്ക്കുള്ളിൽനിന്നുണർന്നതായിരിക്കാം ആ മാതൃവാത്സല്യം. മക്കൾ തിരികെ വരാഞ്ഞ്‌ മൂന്നു ദിവസമായി കാത്തിരുന്ന ആ അമ്മയുടെ മുന്നിലേക്ക്‌ യമദൂതന്മാരെപ്പോലെ കടന്നുവന്ന സിഐഡികളാണ്‌ കൃഷ്ണനും ഗോപാലനും പൊലീസ്‌ വെടിവയ്പിൽ കൊല്ലപ്പെട്ട കാര്യം അറിയിക്കുന്നത്‌. ആ നിമിഷം സമനില തെറ്റിയതാണ്‌ ആ അമ്മയ്ക്ക്‌. നിത്യവും ആലപ്പുഴയിൽനിന്ന്‌ കോട്ടയത്തേക്കു പോകുന്ന ബോട്ടുകളിലെ യാത്രക്കാരോട്‌ "എന്റെ കൃഷ്ണനേം കോവാലനേം കണ്ടോ' എന്നാരാഞ്ഞ്‌ തെരുവിലൂടെ ഭ്രാന്തിയായി അലയുകയായിരുന്നു ആ അമ്മ. ഒടുവിൽ തെരുവിൽ കിടന്നാണ്‌ മരിച്ചത്‌, ജന്മിവാഴ്ചയുടെയും ദിവാൻ ഭരണത്തിന്റെയും രക്തസാക്ഷിയായ ആ അമ്മ.

BILKIS BANO


അചഞ്ചല


ഫാസിസത്തിന്റെയും ഭീകരതയുടെയും നീതി നിഷേധത്തിന്റെയും ഇരയായ അമ്മമാർ ഈ കാലത്തും നമുക്കിടയിൽ ജീവിച്ചിരിക്കുന്നുണ്ടല്ലോ. ആധുനിക ഭാരതചരിത്രത്തിലെ ഏറ്റവും ഹൃദയഭേദകമായ നിസ്സഹായതയുടെ മുഖം പേറിയ അമ്മമാർ. അവർക്കു നഷ്ടപ്പെട്ടത്‌ മക്കളെ മാത്രമല്ല. വിശ്വാസം, മാനവികത, നീതി... എല്ലാം. ബിൽക്കീസ്‌ ബാനുവിനെ ആർക്കാണ്‌ മറക്കാനാകുക. 2002ലെ ഗുജറാത്ത്‌ കലാപത്തിൽ എല്ലാം നഷ്ടമായിട്ടും അവർ കരിഞ്ഞുവീണില്ല. പിറക്കാതെ പോയ കുഞ്ഞിനെ, മൂന്നു വയസ്സുകാരിയായ അരുമ മകളെ, ജീവിതപങ്കാളിയുൾപ്പെടെ കുടുംബത്തിലെ ഏഴ്‌ അംഗങ്ങളെ... അവളെയവർ കൂട്ടം ചേർന്നു പൈശാചികമായി ബലാത്സംഗം ചെയ്തു. മരണത്തിന്റെയും താൻ നേരിട്ട കൊടിയ ക്രൂരതകളുടെയും മരവിപ്പിൽനിന്ന്‌ ഉയിർത്തെണീറ്റ്‌ അവർ പോരാടി. വർഗീയകലാപങ്ങളിൽ ഇരയാകുന്ന സ്ത്രീകൾ നേരിടേണ്ടിവരുന്ന നീതി നിഷേധങ്ങൾക്കെതിരെ... മാനുഷികതയുടെ നേർക്കുള്ള ക്രൂരതകൾ അമ്മമാർക്ക്‌ സഹിക്കാനാകില്ല. ഈയിടെ പഗൽഗാമിൽ മതാന്ധത ബാധിച്ച കൊടും ഭീകരർ നിരപരാധികളുടെ നേർക്ക്‌ നിറയൊഴിച്ചപ്പോഴും തകർന്നത്‌ അമ്മ ഹൃദയങ്ങളാണ്‌.""അമ്മയെ ഞാനത്‌ അറിയിച്ചില്ല. അമ്മയ്ക്കതു താങ്ങാനാകുമായിരുന്നില്ല''. അച്ഛനുൾപ്പെടെയുള്ള നിരപരാധികൾ വെടിയേറ്റു വീഴുന്നത്‌ കണ്ടുനിൽക്കേണ്ടിവന്ന ആരതിയുടെ വാക്കുകൾ.

പത്തുമാസക്കണക്കിൽ ഒതുങ്ങുന്നതല്ല മാതൃത്വം. ഒന്നു വേരുറച്ചു കഴിഞ്ഞാൽ സ്വയമൊരു വൻ മരമായി വളർന്ന് പന്തലിക്കാൻ അമ്മ നൽകുന്ന വളം മാനുഷിക മൂല്യങ്ങളാൽ അധിഷ്ഠിതമെങ്കിൽ ഒരിക്കലുമാ വന്മരം കടപുഴകി വീഴില്ല. കാരണം, അമ്മ അചഞ്ചലമായ പ്രതിജ്ഞകൂടിയാണ്‌. കാലാതീതമായ ആത്മബന്ധമാണ്‌ അമ്മ. അതുകൊണ്ടല്ലോ മലയാളത്തിന്റെ പ്രിയ കവി വയലാർ പാടിയത്‌: അമ്മേ, അവിടത്തെ മുന്നിൽ ഞാനാര്‌. ദൈവമാര്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home