രാവണനാടിത്തീർത്ത് ഇന്ന് ശിവൻ നമ്പൂതിരി ചമയമഴിക്കും

കലാമണ്ഡലം ശിവൻ നമ്പൂതിരി
സതീഷ് മുണ്ടക്കോട്ടുകുറിശി
Published on Jul 31, 2025, 12:21 AM | 1 min read
ചെറുതുരുത്തി: കൂടിയാട്ടത്തിൽ വേറിട്ട അടയാളങ്ങൾ തീർത്ത കലാമണ്ഡലം ശിവൻ നമ്പൂതിരി കളിയരങ്ങിനോട് വിട പറയുന്നു. വ്യാഴാഴ്ച കലാമണ്ഡലം കൂത്തമ്പലത്തിൽ നടക്കുന്ന ഗുരു പൈങ്കുളം രാമച്ചാക്യാർ ഓർമദിനത്തിലെ അവതരണത്തോടെ അദ്ദേഹം കളി നിർത്തും . 75 വയസ്സ് പിന്നിട്ട ശിവൻ നമ്പൂതിരി ആരോഗ്യപ്രശ്നത്താലാണ് ഈ തീരുമാനത്തിലെത്തിയത്. കൂടിയാട്ടത്തിന്റെ പഠനങ്ങൾക്കും, സോദാഹരണ പ്രഭാഷണങ്ങൾക്കുമായി സമയം കണ്ടെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
സ്കൂൾ പഠനകാലത്ത് കഥകളി പഠിക്കാൻ കലാമണ്ഡലത്തിലെത്തിയ ശിവൻ നമ്പൂതിരിക്ക് സമയം കഴിഞ്ഞതിനാൽ പ്രവേശനം നേടാനായില്ല. നിരാശനായി മടങ്ങുന്നതിനിടെ രാമച്ചാക്യാരെ കണ്ടുമുട്ടിയത് വഴിത്തിരിവായി .
1968 മുതൽ കലാമണ്ഡലം കൂടിയാട്ട സംഘത്തിൽ അംഗമായി. കലാമണ്ഡലത്തിലെ ആദ്യ കൂടിയാട്ട ബാച്ചിലെ രണ്ടു വിദ്യാർഥികളിൽ ഒരാളാണ് ശിവൻ നമ്പൂതിരി.
1975ൽ കലാമണ്ഡലത്തിൽ കൂടിയാട്ടം അധ്യാപകനായി . 1980 മുതൽ സ്കൂൾ ഓഫ് ഡ്രാമയിൽ വിസിറ്റിങ് പ്രൊഫസറായും സേവനമനുഷ്ഠിച്ചു. ചാക്യാർ സമുദായത്തിൽപ്പെടാത്ത ആദ്യ കൂടിയാട്ട കലാകാരൻകൂടിയാണ് ശിവൻ നമ്പൂതിരി . ചാക്യാർകൂത്ത്, നങ്ങ്യാർകൂത്ത്, കഥകളി, നാടകം, സിനിമ, സീരിയൽ , ബാലെ തുടങ്ങിയ കലകളിലും അദ്ദേഹം ഇടം നേടി. തോരണയുദ്ധത്തിലെ രാവണൻ, ചുവന്ന താടി വേഷമായ ബാലി, ഭഗവദജ്ജുകീയത്തിലെ സന്യാസി എന്നിവയാണ് പ്രിയപ്പെട്ട വേഷങ്ങൾ.
1970, 71, 72 വർഷങ്ങളിൽ മികച്ച കൂടിയാട്ട കലാകാരനുള്ള മാർഗി സുവർണ മുദ്ര , പ്രഥമ മൃണാളിനി സാരാഭായി അവാർഡ് (1999), കേന്ദ്ര സംസ്ഥാന അവാർഡുകൾ, സംഗീത നാടക അക്കാദമി അവാർഡ്, കലാമണ്ഡലം കലാരത്ന പുരസ്കാരം, ഗുരുവായൂരപ്പൻ പുരസ്കാരം, നളന്ദ ഭരതമുനി പുരസ്കാരം എന്നിവ നേടിയ ശിവൻ നമ്പൂതിരിയെ 2012ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
വ്യാഴാഴ്ച വൈകിട്ട് ആറിന് തോരണ യുദ്ധത്തിലെ രാവണന്റെ പാർവതീ വിരഹം അവതരിപ്പിച്ചാണ് അരങ്ങിൽനിന്നും പിൻവാങ്ങുന്നത്. ഷൊർണൂർ കണയം അമ്മൻകോട് മനയ്ക്കൽ പരേതനായ മാധവൻ നമ്പൂതിരിയുടെയും ദേവകി അന്തർജനത്തിന്റെയും മകനാണ്. ഭാര്യ: ഇന്ദിര കാക്കയൂർ ഡിഎം എസ് ബി സ്കൂളിൽ അധ്യാപികയായിരുന്നു . മക്കൾ: മനു, മഞ്ജു.









0 comments