ജീവൻ നേടുന്ന മൗനസാക്ഷ്യം


സ്വാതി സുജാത
Published on Feb 14, 2026, 10:26 PM | 2 min read
തിരുവനന്തപുരം നഗരത്തിന്റെ ചരിത്രഹൃദയമായ പത്മനാഭസ്വാമി ക്ഷേത്രത്തിനുസമീപം, കാലത്തിന്റെ ഒഴുക്കിനെ നിശ്ശബ്ദമായി നോക്കിനിൽക്കുന്ന പൈതൃകസ്മാരകമാണ് കരിവേലപ്പുരമാളിക. കലാസ്വാദനത്തിന്റെയും സാംസ്കാരികബോധത്തിന്റെയും സാക്ഷ്യമായി നിലകൊള്ളുന്ന ഈ മാളികയെ അതുല്യമാക്കുന്നത് അകത്തളങ്ങളിൽ സംരക്ഷിക്കപ്പെടുന്ന അപൂർവ ചുവർചിത്രങ്ങളാണ്. മുന്നൂറോളം വർഷം മുന്പുള്ള ഈ ചിത്രങ്ങൾ കേരളത്തിന്റെ മ്യൂറൽ കലാപാരമ്പര്യത്തിന്റെ സമ്പൂർണ ഭാവപ്രകടനമാണ്. രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളിലെ രംഗങ്ങൾ, ദേവീദേവ സങ്കൽപ്പങ്ങൾ, രാജകീയ ജീവിതത്തിന്റെ ദൃശ്യങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ എന്നിവയെല്ലാം സൂക്ഷ്മമായ രേഖകളിലും സ്വാഭാവിക വർണങ്ങളിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ചുണ്ണാമ്പ്, മണ്ണ്, സസ്യവർണങ്ങൾ തുടങ്ങിയ പ്രകൃതിദത്ത നിറങ്ങൾ ഉപയോഗിച്ചുള്ള വർണസങ്കേതം ഈ ചിത്രങ്ങൾക്ക് ദീർഘായുസ്സ് നൽകുന്നു.
കേരള മ്യൂറൽ ശൈലിയുടെ മുഖ്യലക്ഷണങ്ങളായ ലാളിത്യമാർന്ന മുഖഭാവങ്ങൾ, സമതുലിതമായ ശരീരരചന, അലങ്കാരവസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവ കരിവേലപ്പുരയിലെ ചിത്രങ്ങളിൽ വ്യക്തമാണ്. ഓരോ ഭിത്തിയും ഒരു കഥപോലെ തുറന്നുകിടക്കുന്നു, ആ കാലഘട്ടത്തിലെ വിശ്വാസങ്ങളും ഭരണസംസ്‌കാരവും സാമൂഹികജീവിതവും ഇതിലൂടെ വായിക്കാനാകും. ഇവ വെറും കലാസൃഷ്ടികളല്ല; മറിച്ച് കേരളത്തിന്റെ സാംസ്കാരിക ആത്മാവിനെ തലമുറകളിലേക്ക് പകർന്നുനൽകുന്ന ദൃശ്യരേഖകളാണ്.
പുനരുദ്ധാരണം
പ്രശസ്ത മ്യൂറൽ ചിത്രകാരനും കലാഗവേഷകനുമായ ഡോ. സാജു തുരുത്തിലാണ് പുനരുദ്ധാരണത്തിന് നേതൃത്വം നൽകുന്നത്. കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാലയിലെ ചുവർചിത്ര പൈതൃക സംരക്ഷണ പഠന കേന്ദ്രത്തിന്റെ ഡയറക്ടറായ അദ്ദേഹം, നാലുമാസംമുമ്പ് പ്രവർത്തനം ആരംഭിക്കുമ്പോൾ ചിത്രങ്ങളുടെ വെറും പത്ത് ശതമാനംമാത്രമേ ചുവരിൽ അവശേഷിച്ചിരുന്നുള്ളൂ.
"35 വർഷങ്ങൾക്കുമുമ്പ്, എന്റെ ഗുരുവായ മമ്മിയൂർ കൃഷ്ണൻകുട്ടിനായരോടൊപ്പം പത്മനാഭസ്വാമി ക്ഷേത്രത്തിൽ ചിത്രം വരയ്ക്കാനെത്തിയപ്പോൾ ഇവ ഇന്നത്തേതിനേക്കാൾ ഏറെ ശോഭയോടെ ഉണ്ടായിരുന്നു. കേരളത്തിലെ അനവധി ക്ഷേത്രങ്ങളിലെയും കൊട്ടാരങ്ങളിലെയും മ്യൂറൽശൈലികൾ പഠിച്ചിട്ടുണ്ടെങ്കിലും ഇവിടത്തെ ചിത്രങ്ങൾ തികച്ചും വ്യത്യസ്തമാണ്. മ്യൂറലിന്റെയും മിനിയേച്ചറിന്റെയും ലയനം അത്യന്തം മാസ്മരികമാണ്'– സാജു പറയുന്നു.
നാലുമാസം നീണ്ട പരിശ്രമം
ഡോ. സാജുവിനൊപ്പം അജിത്, കണ്ണൻ, മാധവ് എസ് തുരുത്തിൽ എന്നിവർ ചേർന്നാണ് പുനരുദ്ധാരണം നടത്തിയത്. ഐസോപ്രൊപൈൽ അൽക്കോഹോൾ, അസിറ്റോൺ തുടങ്ങിയവ ഉപയോഗിച്ച് പൊടിയും ചെളിയും നീക്കി. അടർന്ന ഭാഗങ്ങൾ ശാസ്ത്രീയമായി സംരക്ഷിക്കുകയും ആവശ്യമായിടത്തുമാത്രം വാട്ടർ കളർ ഉപയോഗിച്ച് റീ-ടച്ചിങ് നടത്തുകയും ചെയ്തു. അവസാനം വാർണിഷിങ്ങിലൂടെയാണ് ചിത്രങ്ങളുടെ സംരക്ഷണപ്രവർത്തനം നടത്തിയത്.
മ്യൂറലിന്റെയും മിനിയേച്ചറിന്റെയും സംഗമം
പുനരുദ്ധാരണം പൂർത്തിയായ ചിത്രങ്ങളിൽ ശ്രദ്ധേയമായത് ‘ഗജേന്ദ്രമോക്ഷ’മാണ്. പ്രധാന കഥാപാത്രങ്ങൾ വലുതായും മ്യൂറൽ ചിത്രത്തിന്റെ പാരമ്പര്യ ഘടകങ്ങൾ തെളിയിച്ചും കാണിക്കുന്ന വളരെ സുന്ദരമായ രചനയാണിത്. പശ്ചാത്തലത്തിലുള്ള പ്രകൃതിയും അതിലെ ഘടകങ്ങളും മിനിയേച്ചർ രീതിയിലാണ് വരച്ചിരിക്കുന്നത്. ഇതിലൂടെ ഒരേസമയം രണ്ട് വ്യത്യസ്ത കലാശൈലികളിൽ പ്രാവീണ്യമുള്ള കലാകാരന്മാർ ചേർന്നായിരിക്കാം രചിച്ചതെന്ന് തോന്നും.
വേണുഗോപാലന്റെ ചിത്രത്തിൽ രാജസ്ഥാനി മിനിയേച്ചർ കലയുടെ അതിസൂക്ഷ്മത വ്യക്തമാണ്. ഒറ്റനാര് ബ്രഷ് ഉപയോഗിച്ച് വരച്ച വൃന്ദാവന ദൃശ്യം, പൂർണചന്ദ്രന്റെ പ്രകാശത്തിൽ വേണുവാദനം ചെയ്യുന്ന കൃഷ്ണനെ കേന്ദ്രമാക്കി, പ്രകൃതിയും ജീവജാലങ്ങളും സംഗീതത്തിന് താളംപിടിക്കുന്ന ഒരു അനുഭവലോകം സൃഷ്ടിക്കുന്നു. ഒറ്റനോട്ടത്തിൽ കണ്ടെത്താനാകാത്ത ഒരുപാട് മിനിയേച്ചർ രൂപങ്ങൾ ചിത്രത്തിൽ കാണാം. അവയെ അടയാളപ്പെടുത്തുകയായിരുന്നു പ്രധാന ദൗത്യമെന്ന് സാജു പറയുന്നു.
തമിഴ്–രാജസ്ഥാനി സ്വാധീനം
ചിത്രങ്ങളിലെ ആഭരണങ്ങളിലും വസ്ത്രധാരണങ്ങളിലും തമിഴ് സംസ്കാരത്തിന്റെ വ്യക്തമായ സ്വാധീനം കാണാം. കഴുത്തിൽപ്പറ്റി, തട്ടുജിമിക്കി, കുഞ്ചലങ്ങൾ, സൂര്യ–ചന്ദ്ര ചിഹ്നങ്ങൾ എന്നിവ ഇന്നും ഭരതനാട്യം നർത്തകികൾ ധരിക്കുന്ന ആഭരണങ്ങളുമായി സാമ്യമുള്ളവയാണ്. വസ്ത്രങ്ങളിൽ രാജസ്ഥാനി കലയുടെ സൂക്ഷ്മതയും കലംകാരി പാറ്റേണുകളും തെളിഞ്ഞുകാണാം.
ഭാവിയിലേക്കുള്ള കലാദൗത്യം
"ഇത്തരമൊരു അതുല്യ കലാസൃഷ്ടിയുടെ പുനരുദ്ധാരണത്തിൽ പങ്കാളിയാകുന്നത് വലിയ ബഹുമതിയാണ്' എന്ന് ഡോ. സാജു പറയുന്നു. ‘കേരളീയ ചുവർചിത്രകലയുടെ സൗന്ദര്യദർശനം’ എന്ന ഗ്രന്ഥത്തിനുപിന്നാലെ, ‘കരിവേലപ്പുരമാളികയിലെ ചിത്രകൗതുകം’ എന്ന പേരിൽ ഈ അപൂർവ ശൈലിയെക്കുറിച്ച് ഒരു സമഗ്ര ഗ്രന്ഥം തയ്യാറാക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.
കരിവേലപ്പുരമാളികയിലെ ചിത്രങ്ങൾ ഇന്ന് വെറും കലാസൃഷ്ടികളല്ല, മൂന്നു നൂറ്റാണ്ടുകളുടെ ചരിത്രവും സാംസ്കാരിക ഓർമയും ഭാവിയിലേക്ക് കൈമാറുന്ന ഒരു ഉത്തരവാദിത്വമാണ് ആ ചിത്രങ്ങൾ നിർവഹിക്കുന്നത്.











0 comments