മഹാപ്രസ്ഥാനം കഥകളിയിൽ

kadhakali
avatar
ടി കെ രത്നാകരൻ

Published on May 04, 2025, 12:01 AM | 4 min read

‘‘എന്തു നേടി ഞാൻ ജീവിതം കൊണ്ടു ഹാ

ചിന്തിക്കിലെത്രയോ കണ്ണുനീരെന്നിയേ?''

മഹാഭാരത യുദ്ധം ജയിച്ച് രാജ്യവും അധികാരവും സമ്പത്തും ലഭിച്ചിട്ടും അതിന്റെ പരിണതഫലം ഓർത്ത് ധർമപുത്രരുടെ വിലാലം. നിശ്ശബ്ദമായ രാവിനെ ഭേദിച്ച് സോദരരിലേക്കും ധർമ പത്നിയിലേക്കും അത് സംക്രമിക്കുന്നു-. മഹാപ്രസ്ഥാനം എന്ന രംഗദീപ്തമായ കഥകളി അരങ്ങിലെത്തുകയാണ്. മഹാഭാരത കഥാഖണ്ഡത്തിൽനിന്നുള്ള നിരവധി കഥകൾ കഥകളിയെ ധന്യമാക്കി. എന്നാൽ, ആരും തൊടാത്ത മഹാപ്രസ്ഥാനം എന്ന പാണ്ഡവരുടെ സ്വർഗയാത്രയാണ് കലയാമി കഥകളി അക്കാദമി കാറൽമണ്ണ വാഴേങ്കട കുഞ്ചുനായർ സ്മാരക ഹാളിൽ അരങ്ങിലെത്തിച്ചത്. പുതിയ കാലത്തിൽ ആരും കൈവയ്‌ക്കാൻ ധൈര്യം കാണിക്കാത്ത ആറു പച്ച വേഷവും ഒരു സ്ത്രീവേഷവും ഒരു പഴുപ്പുവേഷവും ഒരു പ്രത്യേക വേഷവുമടക്കം ഒമ്പതു വേഷമാണ് മഹാപ്രസ്ഥാനത്തിൽ നിറഞ്ഞാടുന്നത്. അഞ്ച്‌ പച്ചവേഷവും ഒരു സ്ത്രീവേഷവും ഒരു പ്രത്യേക വേഷവും ഒരേ സമയം അരങ്ങിലെത്തുന്നു. മൃഗ-പക്ഷി വേഷങ്ങൾ കഥകളിയിൽ അന്യമല്ലെങ്കിലും ഒരു ശ്വാവ് (നായ) വേഷം അരങ്ങിലെത്തുന്നത് ആദ്യം. സാധാരണ നായവേഷമല്ല; ചുട്ടിയും ഉടുത്തുകെട്ടുമുള്ള വേഷം.


kadhakali

വ്യതിരിക്തത

ശ്രീകൃഷ്ണന്റെ വിയോഗ വൃത്താന്തം പാണ്ഡവപക്ഷത്തെ ദുഃഖത്തിലാഴ്ത്തി. ശ്രീകൃഷ്ണന് ബലിതർപ്പണം നടത്തവേ, ഘോരയുദ്ധവും അതിലേക്ക് നയിച്ച കുടിപ്പകയും പ്രതികാരവുമൊക്കെ തന്റെ ജീവിതത്തിൽ എന്താണ് നേടിത്തന്നതെന്ന് യുധിഷ്ഠിരൻ ആകുലപ്പെടുന്നു. പിതാമഹന്മാരും മാതാപിതാക്കളും ഗുരുക്കളും മക്കളും പേരമക്കളുമടക്കം എല്ലാമാണ് നഷ്ടമായത്. സഹോദരർകൂടിയായ മാദ്രി പുത്രന്മാരായ നകുലനും സഹദേവനും ഈ സമയം ജ്യേഷ്ഠന്റെ സമീപത്തെത്തി ഭൂമി മുഴുവൻ യുദ്ധക്കെടുതികളിൽ മലീമസമാണെന്ന് അറിയിച്ചു. ഭൂലോകവാസം അവസാനിപ്പിച്ച് മഹാപ്രസ്ഥാനത്തിന് ഒരുങ്ങുകയാണ് ഉചിതമെന്നും അറിയിച്ചു. ഈ വാക്കുകൾ കേട്ട ധർമപുത്രർ ഭീമാർജുനന്മാരോട്‌ കൂടിയാലോചിച്ച് വാനപ്രസ്ഥത്തിന് ഒരുങ്ങാൻ തീരുമാനിച്ചു. വിവരമറിഞ്ഞ് പാഞ്ചാലി താനും കൂടെ വരുമെന്ന് ശഠിച്ചു.


kadhakali

ഏഴു രംഗം

ഏഴു രംഗങ്ങളിലാണ്‌ പാണ്ഡവരുടെ മഹാപ്രസ്ഥാന യാത്ര കഥകളി. ഹസ്തിനപുരത്തിൽനിന്ന്‌ എത്രയുംവേഗം സർവസംഗ പരിത്യാഗികളായ പാണ്ഡവർ നാടുവിട്ട് കാട്ടിലെത്തുന്നു. കാട്ടിലൂടെയുള്ള യാത്ര ഭീമസേനനിൽ പൂർവകാല സ്മരണകൾ ഉണർത്തി. തനിക്ക് ആദ്യമായി കാന്തയെയും പുത്രനെയും തന്നതും തങ്ങൾക്ക് ഒരുകാലത്ത് മന്ദിരമായതും എല്ലാ ഈ പ്രകൃതിയായിരുന്നല്ലോ. അന്നത്തെ സംഭവം, ഒരു നിമിഷം വികാരസ്പർശമുള്ള ആ കഥ ഭീമൻ ഓർത്തു: രാക്ഷസനായ ഹിഡുംബന്റെ നിർദേശപ്രകാരം സഹോദരിയായ ഹിഡുംബി ഭക്ഷണത്തിനായി മനുഷ്യരെ പിടിക്കാൻ പുറപ്പെടുമ്പോഴാണ് ഭീമൻ നിബിഡ വനത്തിൽ പ്രവേശിക്കുന്നത്. ഭീമസേനനെക്കണ്ട് മോഹം തോന്നിയ ഹിഡുംബി സുന്ദരിയായ ലളിതയുടെ രൂപംപൂണ്ട് ഭീമനെ സമീപിച്ച് പ്രേമാർഭ്യർഥന നടത്തി. ഹിഡുംബി വൈകിയതിൽ കോപിച്ച് അന്വേഷിച്ച്‌ ചെന്ന സഹോദരൻ ഹിഡുംബൻ കാണുന്നത് ഹിഡുംബി ഭീമസേനനുമായി കാമകേളിയിൽ ഏർപ്പെടുന്നതാണ്. ഭീമസേനനുമായി ഹിഡുംബൻ യുദ്ധത്തിലേർപ്പെടുന്നു. ഭീമൻ ഹിഡുംബനെ വധിച്ച് ഹിഡുംബിയെ സ്വീകരിക്കുന്നു. ഹിഡുംബിയിൽ ഭീമന് ഘടോൽകചൻ എന്ന പുത്രൻ ജനിക്കുന്നു. ഇരുവരെയും വനത്തിൽ യാത്രയാക്കി തിരിച്ച രംഗം സ്മരിച്ച് കരുത്തനായ ഭീമൻ വനത്തിൽ മിഴിയയച്ചു. വനം ആകെ നാശമായിരിക്കുന്നു. അധികാരക്കൊതികൊണ്ട് ധർമത്തെ കൂട്ടുപിടിച്ച് എത്രയോ പാവങ്ങളുടെ കണ്ണീർവീഴ്ത്തി. അന്നം കൊടുക്കേണ്ട കൈകൊണ്ട് മനോഹരമായ ഈ പ്രകൃതിയെ നശിപ്പിച്ചു. വിളനിലത്തിൽ ചോരക്കുരുതി നടത്തി. ഭീമൻ ഒരു നിമിഷം ജ്യേഷ്ഠനായ ധർമപുത്രനുനേരെ മിഴിയയച്ചു.


kadhakali

പാഞ്ചാലിയുടെ ഓർമ

നിബിഡ വനം പിന്നിട്ട് പാണ്ഡവർ കടൽത്തീരത്തെത്തുന്നു. സ്വച്ഛന്ദമായ കടൽത്തീരത്ത് സന്ധ്യാവന്ദനത്തിനായി പാഞ്ചാലിയെ തനിച്ചാക്കി പാണ്ഡവർ മാറി. പാഞ്ചാലിയുടെ ഓർമയാണ് ഈ രംഗത്ത്. ഘോരശപഥത്തിൽ അഴിച്ചിട്ട കേശം ഹേതുവായി ഭൂമിയിൽ ഒഴുക്കിയ ചോരപ്പുഴയെ പാഞ്ചാലി ഓർക്കുന്നു. പാണ്ഡവർക്കൊപ്പം യാത്ര തുടരവേ, തന്റെ പ്രിയപ്പെട്ട ഗാണ്ഡീവവും അമ്പൊഴിഞ്ഞ ആവനാഴിയും സമുദ്രത്തിലുപേക്ഷിക്കണമെന്ന നിർദേശം കേട്ട് അർജുനൻ ഞെട്ടുന്നു. തളർന്ന അർജുനൻ ഗാണ്ഡീവം വലിച്ചാണ് നടന്നത്. അവസാന യാത്രയിലും എടുത്തുയർത്താൻ കഴിയാത്തത്ര ഭാരമുള്ള ഗാണ്ഡീവം തനിക്ക് വിജയങ്ങളേ നൽകിയിട്ടുള്ളൂ. എന്നാൽ, ഇപ്പോൾ തന്റെ വിജയങ്ങളെല്ലാം പരാജയങ്ങളായിരുന്നു എന്ന തിരിച്ചറിവ് അർജുനന് ഉണ്ടാകുന്നു. മനസ്സില്ലാ മനസ്സോടെ ഗാണ്ഡീവം കടലിൽ ഉപേക്ഷിക്കുന്നു.

മിത്രമാം കൃഷ്ണൻ ഇല്ലായ്കിലീ അർജുനൻ

അസ്ത്രങ്ങളില്ലാത്ത തൂണിപോൽ ശൂന്യമായ്!

എന്ന് അർജുനൻ ഓർക്കുന്നു.

ശ്വാവ് (നായ) കഥാപാത്രം

------------------------മഹാപ്രസ്ഥാന യാത്ര തുടരവേ ഇവരെ ഒരു ശ്വാവ് (നായ) അനുഗമിക്കുന്നു. ധർമപുത്രരോട് സംവദിക്കാൻപോലും നായ തയ്യാറാകുന്നു. ഏറ്റവും പിന്നിലുള്ള പാഞ്ചാലിക്കു പിന്നാലെയാണ് നായ അനുഗമിക്കുന്നത്. യാത്രയ്‌ക്കിടയിൽ ക്ഷീണിതയായി പാഞ്ചാലി വീഴുന്നു. ആരും ഗൗനിക്കുന്നില്ലെങ്കിലും ഭീമൻമാത്രം ആശങ്കയിൽ ഇതിന്റെ കാരണമെന്തെന്ന് ജ്യേഷ്ഠനായ യുധിഷ്ഠിരനോട് തിരക്കി. യുധിഷ്ഠിരനാകട്ടെ അതിനു നൽകിയ മറുപടി:

പതിയാണഞ്ചുപേരെന്നാൽ പ്രിയം പാർഥനൊരുത്തനിൽ

പ്രതിഷ്ഠിക്കയാലിവൾക്കീ ഗതിയെന്നതറിഞ്ഞാലും

യാത്ര തുടരുന്നതിനിടെ സഹദേവനും നകുലനും അർജുനനും വീണ്‌ മരിക്കുന്നു. എന്നാൽ, ഓരോ തവണയും ഭീമന് സഹിക്കവയ്യാതെ കാരണം തിരക്കിക്കൊണ്ടേയിരുന്നു. അവസാനം ഭീമനും വീഴുന്നു. മഹാശക്തനായ താൻ എങ്ങനെയാണ് വീണതെന് തിരക്കിയ ഭീമനോട് :

ഭീമൻ മഹാശക്തനെന്നുള്ള ഗർവ്വുതാൻ

ഭൂമിയിലീവിധം വീഴുവാൻ കാരണം

എന്ന മറുപടിയാണ് നൽകുന്നത്. അവസാനം നായയും ധർമപുത്രരും മാത്രമാകുന്നു. നായ ധർമപുത്രരുമായി കൂടുതൽ അടുക്കുന്നു. പിന്നീട് നായയും ധർമപുത്രരും തമ്മിലുള്ള സംവാദമാണ് രംഗത്ത്. ധർമപരിപാലനം ചെയ്‌തെന്നു വിശ്വസിച്ചിട്ടും ഇതുവരെയും ധർമമെന്തെന്ന് ഗ്രഹിച്ചില്ലേ എന്ന നായയുടെ ചോദ്യത്തിന് ഇതുവരെ താൻ ഗ്രഹിച്ചതെല്ലാം സ്വാർഥത മാത്രമാണെന്നും പരമമായ ധർമം തേടിയാണ് തന്റെ യാത്രയെന്നുമുള്ള മറുപടിയാണ് യുധിഷ്ഠിരൻ നൽകുന്നത്. നായയോടൊപ്പം സ്വർഗപ്രവേശനം ദേവേന്ദ്രൻ നിഷേധിച്ചെങ്കിലും സന്തതസഹചാരിയായ നായയെ ഉപേക്ഷിച്ച് തനിക്ക് സ്വർഗം വേണ്ടെന്ന് യുധിഷ്ഠിരൻ ശഠിക്കുന്നതോടെ നായക്കൊപ്പം പ്രവേശനം അനുവദിക്കുന്നു. നായ രൂപം മാറി ധർമദേവനായി പ്രത്യക്ഷപ്പെടുകയായിരുന്നെന്ന് പിന്നീടാണ് മനസ്സിലായത്. എന്നാൽ, മായാ നരകത്തിൽ തന്റെ സഹോദരരുടെയും ധർമ പത്നിയുടെയും കരച്ചിൽ കേട്ട് അവിടം വിട്ടുപോകാനും ധർമപുത്രർ വിസമ്മതിക്കുന്നു.


kadhakali

നാലു വർഷത്തോളം ഇതിന്റെ രചനയ്ക്കും വേഷക്കാരെ കണ്ടെത്തുന്നതിലും വ്യാപൃതനായി എന്ന് ആട്ടക്കഥാകൃത്ത് കോട്ടയ്ക്കൽ പ്രദീപ് പറയുന്നു. കോട്ടയ്ക്കൽ പി എസ് വി നാട്യസംഘം അധ്യാപകനും വേഷക്കാരനുമാണ് പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം പുഞ്ചപ്പാടം സ്വദേശിയായ പ്രദീപ്. 27 വർഷമായി കഥകളിരംഗത്ത് പ്രവർത്തിക്കുന്നു. പച്ച, കത്തി, സ്ത്രീ, വെള്ളത്താടി വേഷങ്ങളും ചെയ്യുന്നു. ദ്രോണചരിതം, കോട്ടയ്ക്കൽ ആര്യവൈദ്യശാലയ്‌ക്കുവേണ്ടി ച്യവനചരിതം, യുയുത്സു, കാളിയമർദനം, പാഞ്ചാലി സ്വയംവരം, പൗണ്ഡ്രകവധം എന്നീ ഏഴ് ആട്ടക്കഥ രചിച്ചിട്ടുണ്ട്. എട്ടാമത്തെ ആട്ടക്കഥയാണ് മഹാപ്രസ്ഥാനം.

കഥകളിയുടെ രംഗാവതരണത്തിനുള്ള സാഹിത്യരൂപമാണല്ലോ ആട്ടക്കഥ. കഥകളിയിലെ വ്യാകരരണ നിയമവും വൃത്തശുദ്ധിയും ഇതിന് ആവശ്യമാണ്. ഏതാണ്ട് അഞ്ഞൂറോളം ആട്ടക്കഥകൾ രചിക്കപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. ഇതിൽത്തന്നെ സാഹിത്യഗുണമുള്ളതും തൗരീത്രിക ഗുണം പ്രതിഫലിപ്പിക്കുന്ന കഥകൾ നൂറിൽ താഴെയുള്ളൂവെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ, നളചരിതം കൃതികൊണ്ട് ഉണ്ണായി വാര്യർ കഥകളിയുടെ ആകാശം വിപുലമാക്കി ആട്ടക്കഥയെ ഉത്തമ സാഹിത്യ ശ്രേണിയിൽ പ്രതിഷ്ഠിച്ചു.


kadhakali

മഹാപ്രസ്ഥാനം ജിഷ്ണു കെ മനോജിന്റെ ആശയപ്രകാരമാണ് രചിച്ചത്. ഇതിൽ എടുത്തുപറയേണ്ടത് കലാമണ്ഡലം മനോജിന്റെ രംഗസംവിധാനമാണ്. സംഗീത സംവിധാനം സദനം ശിവദാസ്. സ്വർഗത്തിലെ കാഴ്ചകൾ ശൃംഗാരവും ജീവനോടെ സ്വർഗത്തിലെത്തി എന്നത് വീരവും ദുര്യോധനൻ പൂജ്യനായി സ്വർഗത്തിലിരിക്കുന്നത് പരിഹാസത്തിലും ഹാസ്യത്തിലും നരകം കാണുമ്പോൾ ഭീഭത്സം, ഭയാനകം എന്നീ ഭാവങ്ങളിലും മിഴിവുറ്റതാക്കി.

ധർമപുത്രരായി കലാമണ്ഡലം മനോജും ഭീമസേനനായി കലാമണ്ഡലം ധീരജ്, അർജുനനായി കലാമണ്ഡലം വൈശാഖ്, നകുലനായി കലാമണ്ഡലം വിപിൻ ശങ്കർ, സഹദേവനായി കലാമണ്ഡലം ആദിത്യൻ, പാഞ്ചാലിയായി സ്‌ത്രീവേഷത്തിൽ ഫാക്ട് ബിജു ഭാസ്‌കറും ഇന്ദ്രനായി കലാമണ്ഡലം അരുൺ രാജുവും യമധർമനായി കലാമണ്ഡലം ശിബി ചക്രവർത്തിയും ശ്വാവ് (നായ) എന്ന പ്രത്യേക വേഷത്തിൽ കലാമണ്ഡലം ശ്രീരാമനും അരങ്ങിലെത്തി. സംഗീതം സദനം ശിവദാസിനൊപ്പം സദനം ജ്യോതിഷ് ബാബു, ജിഷ്ണു പുലാശേരിയും ചെണ്ട സദനം രാമകൃഷ്ണൻ, സദനം ജിതിൻ, മദ്ദളം കലാമണ്ഡലം വരവൂർ ഹരിദാസും കലാമണ്ഡലം വൈശാഖും ചമയം കോട്ടയ്ക്കൽ കുഞ്ഞിരാമൻ, സേതു മാങ്ങോട്, രമേഷ്, ബാലകൃഷ്ണൻ, അണിയറയിൽ രംഗശ്രീ ഞാളാകുറിശിയും നിർവഹിച്ചു. ഏതാണ്ട് നാലു മണിക്കൂർ കഥ ആടിത്തീർക്കാൻവേണ്ടി വന്നു. മഹാപ്രസ്ഥാനത്തിൽ ഇത്‌ പരിഹരിക്കാനുള്ള ശ്രമം നടത്തുമെന്ന് കോട്ടയ്ക്കൽ പ്രദീപ് പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home