മണ്ണിന്റെ നിറങ്ങളിൽ ഫൈനാർട്സ് കോളിജിൽ റൂം വിത്തൗട്ട് വാള്‍സ് പ്രദർശനം


എൻ എ ബക്കർ
Published on Jul 27, 2025, 01:00 PM | 1 min read
കലയിലെ കലാപങ്ങൾ കേരളീയമാവുകയാണ്. മാറിയ കാലത്തിന്റെ സങ്കേതങ്ങളെയും അഭിരുചികളെയും മണ്ണിലെ നിറങ്ങളിൽ ഇണക്കി ദേശങ്ങളെ വരയുന്നു. നിറംപിടിപ്പിക്കാതെ യുവത്വം ജീവിതം പറയുന്നു.
തിരുവനന്തപുരം ഫൈനാർട്സ് കോളിജ് പിജി വിദ്യാർഥികളുടെ കലാ പ്രദർശനം “റൂം വിത്തൗണ്ട് വാള്‍സ്” വ്യത്യസ്തമായ കലാനുഭവവുമായി കലാസ്വാദകരെ ക്ഷണിക്കയാണ്.
ചിത്ര നിർമ്മിതികളിലും വരകളിലും പുതു സങ്കേതങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെട്ട അതിരുകളെയും ചുമരുകളെയും കൂടി മറികടന്ന് കവിയുന്നതാണ് ഓരോ സൃഷ്ടിക്കളും. ജീവിതം ആയിത്തീർന്ന ചുറ്റുപാടുകളിൽ നിന്ന് തന്നെ കണ്ടെത്തിയ ചിത്രഭാഷയിലാണ് അവ ഓരോന്നും സംവദിക്കുന്നത്. അമൂർത്തമായ ആശയഘടനകൾക്ക് പകരം അവ മൂർത്തമായ ജീവത ചിത്രങ്ങളിലൂടെ ആശയാവിഷ്കാരം നടത്തുന്നു

രാഹുൽ ബസ്കിയുടെ ആവിഷ്കാരങ്ങൾ, തുടക്കത്തിൽ കലാകാരൻ നൽകുന്ന ജീവിത സൂചനകൾ പോലെ തന്നെ ഏറ്റവും അടുത്ത് ജീവിതത്താൽ അറിഞ്ഞതും നേരിട്ടതും അകത്ത് വളർന്നതുമായ പരിസരങ്ങളും നിറങ്ങളുമായ് നിറയുന്നു. ഷജിത് ആർ ബിയുടെ ചിത്രങ്ങളിലേക്ക് വരുമ്പോൾ അവ ഗതിമുറിഞ്ഞ കൈത്തോടും പുഴയും പച്ചപ്പും നിണക്കറ പിടിച്ച ചുറ്റുമതിലും ഒടിഞ്ഞു മടങ്ങിയ പ്രകൃതിയും എന്നിങ്ങനെ ചുറ്റുപാടുകളുടെ നേർക്കാഴ്ചകളെ പുതിയ മാനങ്ങളിൽ കാഴ്ചക്കാരുടെ മനസുകളിൽ വരച്ച് ചേർക്കുന്നു.

ആഗസ്ത് മൂന്ന് വരെ തുടരുന്ന പ്രദർശനം രാവിലെ 10 മുതൽ രാത്രി എട്ട് മണിവരെ പൊതുജനങ്ങൾക്ക് കാണാനുള്ള അവസരമുണ്ട്. ബോസ് കൃഷ്ണമാചാരി പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. ഷിജോ ജേക്കബ് അധ്യക്ഷനായി.
ആദിത്യ എസ് കുമാർ, അമൽ ജിത്ത് ഓ ജെ, അമൽലാൽ പുതുക്കുടി, അതുൽ കെ പി, ചന്ദൻ ഗൌർ, ജിന്റോ ബിജോ, നിതിൻ ദാസ് എം വി, രാഹുൽ ബസ്കി, രാഹുൽ പി പി, രജനീഷ് കെ കെ, സബിൻ എസ് എസ്, സാന്ദ്ര തോമസ്, ഷജിത് ആർ ബി, വിഷ്ണു ചന്ദ്രൻ ആർ എന്നിവരുടെ രചനകളാണ് റൂം വിത്തൗണ്ട് വാള്‍സ് ഉൾക്കൊള്ളുന്നത്.











0 comments