വേഷപ്പകർച്ചയിൽ ഭേഷായി കിണറുകൾ

ജിജീഷ് രൂപം നൽകിയ ഉരുളിയുടെ രൂപത്തിലുള്ള കിണറിൻ്റെ ആൾമറ
ഒരു കിണർ കാണിച്ചു തരൂ, വിസ്മയിപ്പിക്കുന്ന രൂപങ്ങളാക്കി അതിനെ തിരിച്ചുതരാമെന്നത് പെരളശ്ശേരി മഞ്ചക്കുന്ന്ഡ്രീം പാലസിലെ ജിജീഷിൻ്റെ ഉറപ്പ്. ആ ഉറപ്പിന് സാക്ഷ്യമായി പെരളശ്ശേരിയിലേയും, പരിസര പ്രദേശങ്ങളിലേയും പല വീട്ടുമുറ്റങ്ങളിലും പല രൂപത്തിൽജിജീഷ് രൂപപ്പെടുത്തിയെടുത്ത നൂറിനടുത്ത് കിണറുകൾ.
ചിലതിന് ഉരുളിയുടെ രൂപമാണെങ്കിൽ മറ്റ് ചിലതിന് പറയുടേയും, കെറ്റിലിൻ്റേയും രൂപമാണ്. വേറെ ചിലതിന് വീപ്പയുടേയും പൂക്കൂടയുടേയും, മരക്കുറ്റിയുടേയും രൂപം. ചിത്രരചനയിലോ, മോഡലിങ്ങിലോ നിയതമായ പരിശീലനമൊന്നും ലഭിച്ചിട്ടില്ലെങ്കിലും,വീട്ടുടമയുടെ മനസ്സിലെ ചിത്രങ്ങളെ കിണറിൻ്റെ ആൾമറയിൽ രൂപപ്പെടുത്തുകയാണ് ജിജീഷ്.
പഠനവും, പരീക്ഷയും തനിക്ക് വഴങ്ങുന്നില്ലെന്ന് മനസ്സിലാക്കിയ ജിജീഷ് ഒമ്പതിൽ പഠനം നിർത്തി. തൻ്റെ പതിനാറാം വയസ്സിൽസമ്പാദനത്തിൻ്റെ തൊഴിൽ മേഖല തേടി.ആ യാത്രയിൽ, ബന്ധുവായ രാരീഷിനൊപ്പം 10 വർഷം പ്ലാസ്റ്ററിങ്ങുമായി ഒപ്പം ചേർന്നു.
പിന്നീട് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിൽ തേപ്പ് പണിക്കെത്തിയ പ്രകാശൻ മേസ്ത്രിക്കൊപ്പം ചേർന്നു. സാധാരണ തേപ്പുപണികൾക്കൊപ്പം ചുമരുകളിൽ ചെറിയ ചിത്രപ്പണികളുമായി കുറച്ചുകാലം.
അതിനിടയിലെപ്പഴോ വ്യത്യസ്തമായത് എന്തെങ്കിലും ചെയ്യണമെന്ന മോഹം മനസ്സിൽ കലശലായി. ആത്മവിശ്വാസവും, പറ്റിയ സന്ദർഭവും ഒത്തുവരാത്തതിനാൽ അത് ഫലവത്തായില്ല.
തഹസിൽദാറായി വിരമിച്ച പെരളശ്ശേരി പഞ്ചായത്തിലെ മൂന്നു പെരിയ സ്വദേശി
വി എം സജീവൻ്റെ വീട്ടുകിണറിൻ്റെ ആൾമറയെ തൻ്റെ മനസ്സിലെ രൂപമാക്കി മാറ്റിയെടുത്തായിരുന്നു തുടക്കം. വലിയ ഒരു ഓട്ടുരുളിയുടെ രൂപത്തിലായിരുന്നു അവിടെ ആൾമറ തീർത്തത്. ആദ്യമായി ചെയ്ത പ്രവൃത്തി നൽകിയ ആത്മവിശ്വാസം. ഒപ്പം വീട്ടുടമയും, കിണർ കണ്ടറിഞ്ഞ നാട്ടുകാരും പറഞ്ഞ നല്ല അഭിപ്രായവും മനസ്സിന് ധൈര്യം നൽകി. പിന്നീട് ഒന്നിന് പിറകെ ഒന്നായി വിവിധ രൂപങ്ങളിൽ എഴുപതിനടുത്ത് കിണറുകൾ ഇതുവരെ പൂർത്തിയാക്കിയെന്ന് ജിജീഷ് പറയുന്നു.
രൂപങ്ങൾക്കനുസരിച്ച് ഒരാഴ്ച്ച മുതൽ രണ്ടാഴ്ച്ച വരെ സമയമെടുത്താണ് ഓരോ ആൾമറയും പൂർത്തിയാക്കുക. രമേശൻ, ഷിബിൻ എന്നിവർ ജിജീഷിന് സഹായികളായി ഒപ്പമുണ്ട്. ചിത്രരചനയിലോ, മോഡലിങ്ങിലോ നിയതമായ പരിശീലനമൊന്നും ലഭിച്ചിട്ടില്ലെങ്കിലും,വീട്ടുടമകൾ നൽകുന്ന ചിത്രങ്ങൾക്ക് സിമൻ്റിൽ രംഗഭാഷ്യം ചമയ്ക്കുകയാണ് ജിജീഷ്.

കിണറിൻ്റെ ആൾമറകൾക്ക് പുതുരൂപം നൽകുക മാത്രമല്ല, കരിങ്കല്ലിൽ കൊത്തിയെടുത്തതുപോലുള്ള തൂണുകൾ, കമാനങ്ങൾ എന്നിവ സിമൻ്റിൽ
നിർമ്മിക്കുന്നതിലും ജിജീഷ് പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.
പെരളശ്ശേരി കുങ്കിച്ചിക്കാവിലും, ചാല അമ്പലത്തിലും തീർത്ത സിമൻ്റ് തൂണുകൾ കരിങ്കല്ലിലല്ലെന്ന്തി രിച്ചറിയുക പ്രയാസം. ചാല അമ്പലത്തിലെ കവാടം നിർമ്മിച്ചതിൽ മുഖ്യപങ്ക് വഹിച്ചത് ജിജീഷാണ്.100 നടുത്ത് തൂണുകളും, 60 ഓളം ആർച്ചുകളും ഇതിനകം പൂർത്തിയാക്കി.
വീട്ടകങ്ങളിലെ ചുമരുകളെ ആകർഷകമാക്കാൻ തടികളിലും, ബോർഡുകളിലും തീർക്കുന്ന ഡിസൈനുകൾ അതിനേക്കാൾ മനോഹരമായി, കുറഞ്ഞ ചിലവിൽ സിമൻ്റിൽ ജിജീഷ് ചെയ്തുകൊടുക്കുന്നു.
ആൾമറയോ, തൂണോ, കമാനമോ എന്തുമാകട്ടെ ആവശ്യക്കാരുടെ താല്പര്യമനുസരിച്ച് ഏത് രൂപവും നൂറു ശതമാനം പൂർണ്ണതയോടെ ചെയ്തുകൊടുക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ജിജീഷ്.
പെരളശ്ശേരി, എടക്കാട്, തലശ്ശേരി, മാഹി എന്നിവിടങ്ങളിൽ ജിജീഷിൻ്റെ കരവിരുതിൽ തീർത്ത പ്രവൃത്തികൾ അത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. ഭാര്യ വിഖിന, എട്ടിലും, മൂന്നിലും പഠിക്കുന്ന അശ്വജിത്തും, അമൻജിത്തും മക്കൾ.









0 comments