യയാതിയും മാതംഗിയും കാത്തിരിക്കുന്നു

എ രാമചന്ദ്രന്‍ മ്യൂസിയം കൊല്ലത്ത് ഇന്ന് തുറക്കും
സുധീര്‍നാഥ് [email protected]
Published on Oct 05, 2025, 08:36 AM | 3 min read
ഏപ്രന്‍ അണിഞ്ഞ് ബ്രഷും പെയിന്റും നിരത്തിവച്ച് എട്ടടി ഉയരമുള്ള ക്യാൻവാസില്‍ വർണവിസ്‌മയം തീർക്കുന്ന എൺപത്താറുകാരൻ എനിക്കെന്നും വിസ്‌മയമായിരുന്നു. മാസങ്ങൾ നീളുന്ന ചിത്രരചനയിൽ മുഴുകിയിരുന്ന അദ്ദേഹം വരച്ചുവച്ച പ്രകാശമാനമായ നിറങ്ങളും സങ്കീർണമായ രൂപകൽപ്പനകളും പകരം വയ്‌ക്കാനില്ലാത്തവയാണ്. ജലച്ചായത്തിലും എണ്ണച്ചായത്തിലും പെൻസിലിലും അദ്ദേഹം സൃഷ്ടിച്ചത് ഗ്രാമീണ ഇന്ത്യയുടെ ജീവിതവും പ്രകൃതിയും ദുരിതങ്ങളുമൊക്കെയാണ്.
പറഞ്ഞുവരുന്നത് മലയാളിയുടെ സ്വകാര്യ അഹങ്കാരമായ അച്യുതൻ രാമചന്ദ്രൻനായർ എന്ന എ രാമചന്ദ്രനെക്കുറിച്ചാണ്. കേരളത്തിൽ ആറ്റിങ്ങൽ സ്വദേശിയായ അദ്ദേഹത്തിന്റെ സ്‌മരണയ്‌ക്കായി സംസ്ഥാന സർക്കാർ ഒരുക്കുന്ന മ്യൂസിയം ഇന്ന് (ഞായറാഴ്‌ച) സ്ഥാപിതമാവുകയാണ്. കൊല്ലത്ത് ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിലാണ് മ്യൂസിയം.
ഞായറാഴ്ച കൊല്ലത്ത് തുറക്കുന്ന എ രാമചന്ദ്രൻ മ്യൂസിയത്തിന്റെ ഉൾവശം
എ രാമചന്ദ്രന്‍ മ്യൂസിയത്തില്‍, രാമചന്ദ്രന്റെ സമഗ്ര കലാസൃഷ്ടികളാണ് പ്രദര്‍ശിപ്പിക്കുന്നത്. ചിത്രങ്ങള്‍ കൂടാതെ, അദ്ദേഹത്തിന്റെ പ്രശസ്തമായ ശിൽപ്പങ്ങളും സിറാമിക്കുകളും സ്റ്റാമ്പ് ഡിസൈനുകളും കുട്ടികള്‍ക്കായുള്ള ബുക്കുകളുമുണ്ട്. അന്തര്‍ദേശീയ നിലവാരത്തിലാണ് മ്യൂസിയം. മെര്‍ച്ചന്റയിസിങ് അടക്കമുള്ള വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്.
ജീവിതം അവസാനിക്കാറായെന്നും തന്റെ ചിത്രങ്ങളും ശില്‍പ്പങ്ങളും പുസ്തകങ്ങളും കേരളത്തിന് നല്‍കണമെന്നും എ രാമചന്ദ്രന്‍ മുന്‍ സാംസ്കാരികമന്ത്രി എം എ ബേബിയോട് ആഗ്രഹം പ്രകടിപ്പിച്ചു. താമസമുണ്ടായില്ല, അദ്ദേഹം ജീവിച്ചിരിക്കുന്ന സമയത്തുതന്നെ അവ സര്‍ക്കാര്‍ ഏറ്റെടുത്തു. കേരള ലളിതകലാ അക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്ത്, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ അദ്ദേഹത്തെ നേരില്‍ കണ്ട് ചർച്ച നടത്തി. കേരളത്തിലേക്ക് ശില്‍പ്പങ്ങളും ചിത്രങ്ങളും കൊണ്ടുപോകുംമുന്പ് ഡല്‍ഹിയില്‍ 2023 ഒക്ടോബറിൽ ഒരു പ്രദര്‍ശനം നടത്തി. അന്ന് ഒത്തുകൂടിയവർക്കൊപ്പം വീല്‍ചെയറില്‍ എ രാമചന്ദ്രനും ഭാര്യ ചമേലിയും ചുറ്റിക്കറങ്ങി സന്തോഷം പങ്കിട്ടു. എ രാമചന്ദ്രന്‍ മ്യൂസിയത്തിന് സാക്ഷിയാകാന്‍ അദ്ദേഹം ഇന്നില്ല. ഭാര്യ ചമേലിയും മക്കളായ രാഹുലും സുജാതയും കൊല്ലത്ത് എത്തുന്നുണ്ട്.
എ രാമചന്ദ്രനും ഭാര്യ ടാൻ യുയാൻ ചമേലിയും
300 കോടി രൂപയിലധികം വിലമതിക്കുന്ന ചിത്രങ്ങളാണ് മ്യൂസിയത്തിൽ ഒരുക്കുന്നത്. സംസ്ഥാന സർക്കാർ തുടക്കത്തിൽ ചെലവിട്ട ഒന്നേകാൽ കോടി രൂപ കൂടാതെ രാമചന്ദ്രന്റെ കുടുംബത്തിന്റെ മൂന്നരക്കോടി രൂപകൂടി ചെലവിട്ടാണ് മ്യൂസിയം യാഥാർഥ്യമാക്കുന്നത്.
1935ല്‍ ആറ്റിങ്ങലിൽ പൂവളം അച്യുതന്‍നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകനായി രാമചന്ദ്രൻ ജനിച്ചു. അമ്മയോടൊപ്പമുള്ള ക്ഷേത്രദര്‍ശന സമയങ്ങളിൽ അവിടത്തെ കൊത്തുപണികളും വീടിന് ചുറ്റുമുള്ള കുളങ്ങളും കാവുകളും മരങ്ങളുമൊക്കെ ചിത്രങ്ങളായി മനസ്സിൽ പതിഞ്ഞു. 1957ല്‍ കേരള സർവകലാശാലയില്‍നിന്ന് മലയാളം സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. ചിത്രകലാപഠനം നടത്താതെ ചിത്രരചനയിലെത്തിയ രാമചന്ദ്രന്‍ ഔപചാരികമായി ചിത്രകല പഠിക്കാന്‍ 1957ല്‍ ശാന്തിനികേതനില്‍ എത്തി. ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാലയില്‍ രാംകിങ്കര്‍ ബെയ്ജ്, നന്ദലാല്‍ ബോസ്, ബിനോദ് ബിഹാരി മുഖര്‍ജി തുടങ്ങിയ പ്രശസ്തരുടെ കീഴിലായിരുന്നു പഠനം. പിന്നീട് താമരക്കുളത്തെ കേന്ദ്രീകരിച്ചാണ് രാമചന്ദ്രന്‍ ചിന്തിച്ചതും വരച്ചതും. താമരക്കുളങ്ങൾ നിറഞ്ഞ രാജസ്ഥാനിലെ ഒബേശ്വർ, ബനേശ്വർ തുടങ്ങിയ പ്രദേശങ്ങളോട് വല്ലാത്ത ആത്മബന്ധംതന്നെ ഉണ്ടായിരുന്നു.
അദ്ദേഹം വരച്ചുതീര്‍ത്ത എത്രയെത്ര സീരീസുകളിലുള്ള ചിത്രങ്ങളുണ്ട്. യയാതിയും ഗാന്ധാരിയും ന്യൂക്ലിയര്‍ എഗണിയും അതില്‍ ചിലതുമാത്രം. ഓരോ സീരീസും തീര്‍ക്കാന്‍ വര്‍ഷങ്ങളാണ് എടുക്കുന്നത്. രാമചന്ദ്രന്റെ ഓരോ സീരീസിലുള്ള ചിത്രങ്ങള്‍ക്കും ഓരോ കഥയുണ്ട്. കാഴ്ചക്കാരുടെ ഉള്ളിലേക്ക് കഥ പറയുന്ന ചിത്രങ്ങള്‍ വരയ്ക്കുന്നു എന്നതാണ് രാമചന്ദ്രനെ വേറിട്ടുനിര്‍ത്തുന്നത്. ചിത്രങ്ങളില്‍ പലതിലും സ്വയം കഥാപാത്രമായി എത്തുന്നതും കാണാം. ചിത്രം വരയ്ക്കുമ്പോള്‍ അതിന്റെ പ്രധാന ഉറവിടം പ്രകൃതിയില്‍നിന്നുതന്നെ ആകണമെന്ന് പഠിച്ചത് ശാന്തിനികേതനില്‍നിന്നാണ്. ചിത്രകലാരംഗത്തെ നോവലിസ്റ്റാണ് താനെന്ന് ഒരിക്കല്‍ അദ്ദേഹം പറഞ്ഞത് ഓര്‍ക്കുന്നു.
ആദ്യകാലങ്ങളില്‍ ബാലസാഹിത്യരംഗത്താണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. പ്രമുഖരായ എഴുത്തുകാരുടെ നാല്‍പ്പതോളം പുസ്തകങ്ങള്‍ക്ക് സാഹിത്യ പ്രവര്‍ത്തക സഹകരണത്തിനുവേണ്ടി ചിത്രീകരണം നടത്തി. ബാലസാഹിത്യമേഖലയിലും ചെറുതായി പരീക്ഷണവും നടത്തി. ഒരു മികച്ച ഇല്ല്യുസ്ട്രേറ്റര്‍ എന്ന പേര് നേടിക്കൊണ്ടാണ് ചിത്രരചനാലോകത്ത് കൂടുതല്‍ ശ്രദ്ധിച്ചത്. ജപ്പാനിലെ ഏറ്റവും ശ്രദ്ധേയമായ ബാലസാഹിത്യകൃതി രാമചന്ദ്രന്റേതാണ്. വരപോലെ വാക്കുകളും വളരെ തന്മയത്വത്തോടെ അദ്ദേഹം കുട്ടികള്‍ക്കായി പ്രയോഗിച്ചു.
ഡല്‍ഹിയിലെ ജാമിയ മില്ലിയ സര്‍വകലാശാലയിലെ അധ്യാപകജോലിയായിരുന്നു ജീവിതമാര്‍ഗം. കേരളത്തിലെ ചുവര്‍ചിത്രങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിച്ചിട്ടുണ്ട്. മറ്റു പ്രദേശങ്ങളിലെ ചുവര്‍ചിത്രങ്ങളുമായി താരതമ്യം ചെയ്ത് അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ തികച്ചും വ്യത്യസ്‌തമാണ്. അദ്ദേഹം എഴുതിയ ‘പെയിന്റിങ് അബോഡ് ഓഫ് ഗോഡ്സ്’ എന്ന പുസ്തകം കേരളത്തിന്റെ ചുവര്‍ചിത്രം ഗൗരവമായി പഠിക്കുന്നവര്‍ക്ക് മുതല്‍ക്കൂട്ടാണ്. 1969ലും 1973ലും ചിത്രകലയ്‌ക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു. 1993ല്‍ ഡല്‍ഹി സാഹിത്യ കലാപരിഷത്തിന്റെ പരിഷത്ത് സമ്മാനം, 2000ല്‍ വിശ്വഭാരതിയില്‍നിന്ന് ഗഗനേന്ദ്രനാഥ് അഭനേന്ദ്രനാഥ് പുരസ്കാരം, 2004 കേരള സര്‍ക്കാരിന്റെ പ്രഥമ രാജാരവിവര്‍മ പുരസ്കാരം തുടങ്ങി അനവധി പുരസ്കാരങ്ങള്‍ ലഭിച്ചു. 2005ല്‍ പത്മഭൂഷൺ നല്‍കി രാഷ്ട്രം ആദരിച്ചു. 2013ല്‍ മഹാത്മാഗാന്ധി സര്‍വകലാശാല ഡിലിറ്റ് നല്‍കി ആദരിച്ചു. 2018ല്‍ മധ്യപ്രദേശ് സര്‍ക്കാർ ഭാരത്‌ഭവന്‍ കാളിദാസ് സമ്മാന്‍ നല്‍കി.
1978ലും 1980ലും ബുക്ക് ഇല്ലസ്ട്രേഷന് ജപ്പാനില്‍നിന്ന് നോമ സമ്മാനം കിട്ടിയിട്ടുണ്ട്. സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുസ്തകങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്ന യുനെസ്കോ സംഘത്തില്‍ അംഗമായിരുന്നു. ഇന്ത്യൻ തപാല്‍വകുപ്പിനുവേണ്ടി അനേകം സ്റ്റാമ്പുകള്‍ രൂപകല്‍പ്പന ചെയ്‌തു. ഡല്‍ഹിയിലെ മൗര്യ ഷരാട്ടണ്‍, അശോക ഹോട്ടല്‍, ഗാന്ധിസ്മൃതി എന്നിവിടങ്ങളില്‍ ചുവര്‍ചിത്രങ്ങള്‍ ചെയ്തു. തമിഴ്നാട്ടിലെ ശ്രീപെരുമ്പുത്തൂരിലെ രാജീവ്ഗാന്ധി സ്മാരകത്തിനായി അതിബൃഹത്തായ ഒരു കരിങ്കല്‍ ശില്‍പ്പാഖ്യാനം 2003ല്‍ പൂര്‍ത്തിയാക്കി.
ചൈനക്കാരിയും ചിത്രകാരിയുമായ ടാന്‍ യുയാന്‍ ചമേലിയാണ് ഭാര്യ. പ്രശസ്ത ചൈനീസ് ചിന്തകന്‍ ടാന്‍ യുന്‍ ഷയാനിന്റെ മകളാണ്. പ്രണയവിവാഹമായിരുന്നു. നാസയില്‍ ശാസ്ത്രജ്ഞനാണ് മകന്‍ രാഹുല്‍ രാമചന്ദ്രന്‍. കാനഡയിൽ സിസ്റ്റം എൻജിനിയറാണ് മകള്‍ സുജാത രാമചന്ദ്രന്‍.









0 comments