ad
Deshabhimani

ഗ്രാമി പുരസ്കാരം ധർമ്മശാലയിൽ എത്തിച്ചു സമ്മാനിച്ചു, ആഗോള ഉത്തരവാദിത്തത്തിനുള്ള അംഗീകാരമെന്ന് ദലൈലാമ

lama garammy
വെബ് ഡെസ്ക്

Published on Jun 03, 2026, 05:11 PM | 2 min read

ധർമ്മശാല: തിബറ്റൻ ആത്മീയ നേതാവ് ദലൈലാമയ്ക്ക് അദ്ദേഹത്തിന്റെ ആദ്യത്തെ ഗ്രാമി പുരസ്കാരം ധർമ്മശാലയിലെ മക്ലിയോഡ് ഗഞ്ചിലുള്ള ഔദ്യോഗിക വസതിയിൽ വെച്ച് ബുധനാഴ്ച ഔദ്യോഗികമായി സമ്മാനിച്ചു.

പ്രശസ്ത സരോദ് വിദ്വാൻ ഉസ്താദ് അംജദ് അലി ഖാനും അദ്ദേഹത്തിന്റെ മക്കളായ അമാൻ അലി ബംഗാഷ്, അയാൻ അലി ബംഗാഷ് എന്നിവരും ധർമ്മശാലയിലെത്തിയാണ് പുരസ്കാരമായ സ്വർണ്ണ ഗ്രാമഫോൺ ട്രോഫി ദലൈലാമയ്ക്ക് നേരിട്ട് കൈമാറിയത്.


സ്പോക്കൺ-വേർഡ് വിഭാഗത്തിൽ


'മെഡിറ്റേഷൻസ്: ദി റിഫ്ലെക്ഷൻസ് ഓഫ് ഹിസ് ഹോളിനസ് ദി ദലൈലാമ' എന്ന ആൽബത്തിലൂടെയാണ് നൊബേൽ സമ്മാന ജേതാവ് കൂടിയായ ദലൈലാമ ഈ ചരിത്ര നേട്ടം കൈവരിച്ചത്. തന്റെ 90-ാം വയസിലാണ് നേട്ടം.

'ബെസ്റ്റ് ഓഡിയോ ബുക്ക്, നറേഷൻ ആൻഡ് സ്റ്റോറിടെല്ലിംഗ് റെക്കോർഡിംഗ്' എന്ന വിഭാഗത്തിലാണ് ആൽബം പുരസ്കാരത്തിന് അർഹമായത്. ലോസ് ആഞ്ചലസിൽ നടന്ന 68-ാമത് വാർഷിക ഗ്രാമി അവാർഡ് ചടങ്ങിൽ ദലൈലാമയ്ക്ക് നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തതിനാൽ, സഹപ്രവർത്തകരാണ് അന്ന് പുരസ്കാരം ഏറ്റുവാങ്ങിയത്. തുടർന്നാണ് ഇപ്പോൾ അത് ഇന്ത്യയിലെത്തിച്ച് അദ്ദേഹത്തിന് കൈമാറിയത്.


സമാധാനത്തിന്റെ സംഗീതാവിഷ്കാരം


കാരുണ്യം, മനസ്സിന്റെ ഏകാഗ്രത ആഗോള ഉത്തരവാദിത്തം എന്നിവയെക്കുറിച്ചുള്ള ദലൈലാമയുടെ അടിസ്ഥാന അധ്യാപനങ്ങളാണ് ആൽബത്തിലുള്ളത്. ഇതൊരു സാധാരണ ഓഡിയോ പുസ്തകം മാത്രമല്ല മറിച്ച് പുരാതന തിബറ്റൻ ജ്ഞാനത്തെ ആധുനിക ലോകത്തിന് പരിചയപ്പെടുത്തുന്ന ഒരു മികച്ച ദാർശനിക-സംഗീത ശില്പം കൂടിയാണെന്നാണ് പുരസ്കാര സമിതി വിലയിരുത്തിയത്.


ദലൈലാമയുടെ ഗംഭീരമായ ശബ്ദത്തിലുള്ള പ്രഭാഷണങ്ങൾക്ക് പശ്ചാത്തലമായി ഉസ്താദ് അംജദ് അലി ഖാന്റെയും കുടുംബത്തിന്റെയും സരോദ് സംഗീതമാണ് ഉപയോഗിച്ചിരിക്കുന്നത്. പാശ്ചാത്യ-പൗരസ്ത്യ സംസ്കാരങ്ങളെ കോർത്തിണക്കാൻ, പ്രശസ്ത ആഗോള സംഗീതജ്ഞരായ മാഗി റോജേഴ്സ്, റൂഫസ് വെയ്ൻറൈറ്റ് എന്നിവരും ഇതിൽ പങ്കാളികളായിട്ടുണ്ട്.


പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം, ഈ അംഗീകാരം തന്റെ വ്യക്തിപരമായ നേട്ടമായല്ല, മറിച്ച് ആഗോള സമാധാനത്തിന് ലഭിച്ച വിജയമായാണ് ദലൈലാമ വിശേഷിപ്പിച്ചത്.


"വളരെ നന്ദിയോടെയും വിനയത്തോടെയുമാണ് ഞാൻ ഈ അംഗീകാരം സ്വീകരിക്കുന്നത്," - "ഇത് എന്റെ വ്യക്തിപരമായ ഒന്നായല്ല ഞാൻ കാണുന്നത്, മറിച്ച് നമ്മൾ പങ്കിടുന്ന ആഗോള ഉത്തരവാദിത്തത്തിനുള്ള അംഗീകാരമായാണ്. ഈ ഗ്രാമി പുരസ്കാരം സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശങ്ങൾ ലോകമെമ്പാടും കൂടുതൽ വ്യാപിപ്പിക്കാൻ സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു." ദലൈലാമ




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home