പശ്ചിമേഷ്യയിലെ സൈനിക പ്രകോപനങ്ങൾ അപകടകരം, മുന്നറിയിപ്പുമായി റഷ്യയും ചൈനയും

ബീജിങ്: പടിഞ്ഞാറൻ ഏഷ്യയിലെ യുദ്ധം ആഗോള തലത്തിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും. മേഖലയിൽ കൂടുതൽ സൈനിക പ്രകോപനങ്ങൾ ഉണ്ടാകുന്നത് "അപകടകരമാണ്" എന്ന് ഇരു നേതാക്കളും മുന്നറിയിപ്പ് നൽകി. ബീജിങ്ങിൽ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രതികരണം. എത്രയും വേഗം സമഗ്രമായ ഒരു വെടിനിർത്തൽ നടപ്പാക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് സംയുക്തമായി ആഹ്വാനം ചെയ്തു.
മേഖലയിൽ കൂടുതൽ സൈനിക നീക്കങ്ങൾ നടത്തുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഷി ജിൻപിങ് മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽപ്പറത്തി മുന്നോട്ട് പോയാൽ ലോകം "കാട്ടുനീതിയിലേക്ക്" വഴിമാറുമെന്നും ഓര്‍മ്മപ്പെടുത്തി.
ഇരുവരും തമ്മിലുള്ള ചർച്ചയ്ക്ക് തൊട്ടുപിന്നാലെ യുദ്ധ മേഖലയായ ഹോർമുസ് കടലിടുക്കിൽ നിന്നും ചൈനയുടെ രണ്ട് വലിയ എണ്ണക്കപ്പലുകൾ സുരക്ഷിതമായി പിൻവാങ്ങിയതായി ഷിപ്പിങ് ഡാറ്റകൾ വ്യക്തമാക്കുന്നു. മേഖലയിൽ അമേരിക്ക നടത്തുന്ന നാവിക ഉപരോധത്തെയും സൈനിക ഇടപെടലുകളെയും റഷ്യയും ചൈനയും ആശങ്കയോടെയാണ് കാണുന്നത്. ഏകപക്ഷീയമായ സൈനിക നീക്കങ്ങൾ ആഗോള സുരക്ഷ തകിടം മറിക്കുമെന്ന് ഇരു നേതാക്കളും അടിവരയിട്ടു പറഞ്ഞു.
ആഗോള നയതന്ത്ര സമ്മര്‍ദ്ദം
പടിഞ്ഞാറൻ ഏഷ്യയിൽ അമേരിക്കൻ സഖ്യം സൈനിക നീക്കങ്ങളുമായി മുന്നോട്ട് പോകുമ്പോൾ, ചൈനയും റഷ്യയും ബീജിങ്ങിൽ വെച്ച് നടത്തിയ ഈ കൂടിക്കാഴ്ച പുതിയൊരു ആഗോള നയതന്ത്ര സമ്മർദ്ദത്തിന്റെ സൂചനയാണ് നൽകുന്നത് എന്ന് വിലയിരുത്തപ്പെടുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണൾട് ട്രംപ് ചൈന സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങയതിന് ശേഷം ഉടനെയാണ് പുടിൻ ബീജിങ്ങിൽ എത്തിയത്.
ചൈനയും റഷ്യയും സമ്മർദ്ദം ശക്തമാക്കുമ്പോഴും, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിലപാട് കടുപ്പിക്കുകയാണ് പ്രത്യക്ഷത്തിൽ ചെയ്തത്. ഇറാൻ സമർപ്പിച്ച പുതിയ സമാധാന നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ വ്യോമാക്രമണം താൽക്കാലികമായി നിർത്തിവെച്ചതായി പ്രഖ്യാപിച്ച ട്രംപ്, "വരും ദിവസങ്ങളിൽ കൃത്യമായ കരാറിലെത്തിയില്ലെങ്കിൽ ശക്തമായ ആക്രമണം ഉണ്ടാകും" എന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇറാന്റെ സര്‍വ്വ നാശം എന്ന നിലയിലാണ് വാക്കുകൾ. അതേ യുദ്ധം വളരെ വേഗത്തിൽ അവസാനിക്കുമെന്നാണ് കരുതുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Related News
ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മുന്നണികളിലും യുദ്ധം അവസാനിപ്പിക്കുക, യു എസ് സൈന്യത്തെ പിൻവലിക്കുക, സാമ്പത്തിക ഉപരോധങ്ങൾ നീക്കുക എന്നിവയാണ് ഇറാൻ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ. അമേരിക്കൻ സഖ്യത്തിനെതിരെ സര്‍പ്രൈസുകൾ കരുതിവെച്ചിട്ടുണ്ട് എന്നും മുന്നറിയിപ്പ് നൽകി. ഇറാനിലെ ഭരണ നേതൃത്വത്തിനിടയിലുള്ള ആഭ്യന്തര ഭിന്നതകൾ ചർച്ചകൾക്ക് തടസ്സമാകുന്നുണ്ടെന്നാണ് യു.എസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് അവകാശപ്പെട്ടത്.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും ബീജിങ്ങിൽ വെച്ച് സംയുക്ത പ്രസ്താവനയിൽ (Joint Statement) ഒപ്പുവെച്ചു. തലസ്ഥാന നഗരിയിലെ ഗ്രേറ്റ് ഹാൾ ഓഫ് ദി പീപ്പിളിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് ഇരു നേതാക്കളും ഈ സുപ്രധാന രേഖയിൽ ഒപ്പിട്ടത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര തന്ത്രപരമായ ഏകോപനവും അയൽപക്ക സൗഹൃദവും കൂടുതൽ ശക്തമാക്കുമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു. 2001-ൽ ഒപ്പുവെച്ച ചരിത്രപരമായ സൗഹൃദ കരാർ (Friendship Treaty) നീട്ടാനും ഇരുപക്ഷവും സമ്മതിച്ചു. ഏകദേശം 40 ഓളം മറ്റ് ഔദ്യോഗിക രേഖകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്.










0 comments