ഡോക്ടർ ചൈനയിൽ, രോഗി ഹൈദരാബാദിൽ; ഇത് വെറും ശസ്ത്രക്രിയയല്ല, മെഡിക്കൽ മിറാക്കിൾ

ഹൈദരാബാദ്: ഡോക്ടർ ഇരിക്കുന്നത് ചൈനയിലെ വുഹാനിൽ, രോഗി കിടക്കുന്നത് 3,000 കിലോമീറ്റർ അകലെ ഹൈദരാബാദിലെ ഓപ്പറേഷൻ തിയേറ്ററിൽ. സാധാരണ ഗതിയിൽ ഇത്തരം സംഭവങ്ങൾക്ക് സിനിമയിലൊക്കെയാകും നമ്മൾ സാക്ഷ്യം വഹിക്കുക. പക്ഷേ, സംഭവം യഥാർത്ഥത്തിൽ നടന്നതാണ്. ഡോക്ടറുടെ കൈകൾ തിയേറ്ററിലുണ്ടായിരുന്നില്ല, പകരം ഇടനിലക്കാരനായി നിന്നത് അതിവേഗ 5ജി ഇന്റർനെറ്റും ഒരു സൂപ്പർ റോബോട്ടും. ഒടുവിൽ വെറും 90 മിനിറ്റുകൊണ്ട് ശസ്ത്രക്രിയ പൂര്‍ത്തിയായി.
ചൈനയിലെ ടോങ്ജി ആശുപത്രിയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ഡോക്ടർ സയ്യിദ് മുഹമ്മദ് ഗൗസാണ് ലോകത്തെ ഞെട്ടിച്ച ഈ നേട്ടത്തിന് പിന്നിൽ. ഹൈദരാബാദുകാരനായ രോഗിയുടെ മൂത്രസഞ്ചിയുമായി ബന്ധപ്പെട്ട സങ്കീർണ്ണമായ ശസ്ത്രക്രിയയാണ് കിലോമീറ്ററുകൾക്കപ്പുറം ഇരുന്ന് അദ്ദേഹം വിജയകരമായി നടത്തിയത്. ചൈനയിൽ വികസിപ്പിച്ചെടുത്ത റോബോട്ടിക് സാങ്കേതികവിദ്യയും അൾട്രാ-ഫാസ്റ്റ് 5ജി ഇൻ്റർനെറ്റ് കണക്റ്റിവിറ്റിയും ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
തിയേറ്ററിൽ സംഭവിച്ചത് എന്ത്?
ഓപ്പറേഷന് മുൻപായി ഇരുരാജ്യങ്ങളിലെയും ഡോക്ടർമാർ കമ്പ്യൂട്ടർ വഴി രോഗിയുടെ വിവരങ്ങൾ വിലയിരുത്തി ഒരു പ്ലാൻ തയ്യാറാക്കി. തുടർന്ന് ഹൈദരാബാദിലെ തിയേറ്ററിൽ രോഗിക്ക് മയക്കുമരുന്ന് നൽകി റോബോട്ടിക് കൈകൾ സജ്ജമാക്കി.
വുഹാനിലെ ആശുപത്രിയിലെ ഒരു പ്രത്യേക കൺട്രോൾ റൂമിലിരുന്നാണ് ഡോ. ഗൗസ് ശസ്ത്രക്രിയ നടത്തിയത്. തിയേറ്ററിലെ അത്യാധുനിക ത്രീഡി ക്യാമറകൾ രോഗിയുടെ ശരീരത്തിനുള്ളിലെ തത്സമയ ചിത്രങ്ങൾ ചൈനയിലുള്ള ഡോക്ടറുടെ സ്ക്രീനിൽ കൃത്യമായി കാണിച്ചുകൊടുത്തു.
ഡോക്ടർ വുഹാനിലിരുന്ന് തന്റെ കൈകൾ ചലിപ്പിച്ചപ്പോൾ, ഹൈദരാബാദിലെ തിയേറ്ററിലിരുന്ന റോബോട്ടിക് കൈകൾ ഒരു തെറ്റും കൂടാതെ അതേപടി ചലിച്ച് ശസ്ത്രക്രിയ നടത്തി. നമ്മൾ കണ്ണുചിമ്മുന്നതിനേക്കാൾ വേഗത്തിലാണ് (വെറും 200 മില്ലിസെക്കൻഡ്) 5ജി നെറ്റ്‌വർക്ക് വഴി ഡോക്ടറുടെ നിർദ്ദേശങ്ങൾ റോബോട്ടിലേക്ക് എത്തിയത്. എന്തെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാൽ നേരിട്ട് ഇടപെടാൻ ഹൈദരാബാദിലെ ഡോക്ടർമാരുടെ ഒരു വലിയ സംഘവും തിയേറ്ററിൽ കാവലുണ്ടായിരുന്നു.










0 comments