ad
Deshabhimani

ഹോർമൂസിലെ ഉപരോധം: ആഗോള എണ്ണവിപണി 'റെഡ് സോണിലേക്ക്', മുന്നറിയിപ്പുമായി ഐഇഎ

Hormuz Strait

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 22, 2026, 03:58 PM | 1 min read

വാഷിങ്‌ടൺ/തെഹ്‌റാൻ: യുഎസ്-ഇറാൻ യുദ്ധത്തെ തുടർന്ന് തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് അടച്ചുപൂട്ടിയതോടെ ആഗോള എണ്ണവിപണി കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി അന്താരാഷ്ട്ര ഊർജ്ജ ഏജൻസി (ഐഇഎ).


വരും ദിവസങ്ങളിൽ ആഗോള എണ്ണ വിതരണം പൂർണ്ണമായും തകിടം മറിയുന്ന 'റെഡ് സോൺ' മുന്നറിയിപ്പാണ് ഐഇഎ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാത്തി ബീറോൾ നൽകിയിരിക്കുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഊർജ്ജ സുരക്ഷാ ഭീഷണിയാണ് ലോകം ഇപ്പോൾ നേരിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


ആഗോളതലത്തിൽ കടൽമാർഗ്ഗം കടത്തിവിടുന്ന ഇന്ധനത്തിന്റെ 20 ശതമാനവും കടന്നുപോകുന്നത് ഇറാൻ്റെ ഭൂമിശാസ്ത്രപരമായ നിയന്ത്രണത്തിലുള്ള ഈ 21 കിലോമീറ്റർ വീതിയുള്ള കടലിടുക്കിലൂടെയാണ്.


യുദ്ധ സാഹചര്യത്തിൽ ഹോർമൂസിലെ ഗതാഗതം തടസ്സപ്പെട്ടതോടെ പ്രതിദിനം 1.4 കോടി ബാരൽ എണ്ണയാണ് ആഗോള വിപണിയിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നത്.


കടുത്ത വിതരണക്ഷാമം പരിഹരിക്കാൻ മാർച്ചിൽ ഐഇഎ അംഗരാജ്യങ്ങൾ തങ്ങളുടെ കരുതല ശേഖരത്തിൽ നിന്ന് 40 കോടി ബാരൽ എണ്ണ വിപണിയിലിറക്കിയിരുന്നു.


എന്നാൽ നിലവിലെ അനിശ്ചിതത്വം തുടരുകയാണെങ്കിൽ വരും മാസങ്ങളിൽ ഈ കരുതൽ ശേഖരവും പൂർണ്ണമായി ഇല്ലാതാകുമെന്നും ജൂലൈ മാസത്തോടെ വിപണി പൂർണ്ണമായും അപകടമേഖലയിലാവുമെന്നും ബീറോൾ ചൂണ്ടിക്കാട്ടി.


യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുൻപ് ബാരലിന് 72 ഡോളർ മാത്രമായിരുന്ന ബ്രെന്റ് ക്രൂഡ് ഓയിൽ വില നിലവിൽ 104 മുതൽ 105 ഡോളർ വരെയാണ് രേഖപ്പെടുത്തുന്നത്. മേയ് ആദ്യവാരത്തിൽ ഇത് 114 ഡോളർ വരെ ഉയർന്നിരുന്നു.


ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ വീണ്ടും രൂക്ഷമായാൽ എണ്ണവില ബാരലിന് 120 ഡോളർ കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ. ഇത് വികസ്വര രാജ്യങ്ങൾ ഉൾപ്പെടെയുള്ള ആഗോള സമ്പദ്‌വ്യവസ്ഥകളിൽ കടുത്ത വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും കാരണമാകുമെന്ന ആശങ്ക ശക്തമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home