ഇൗജിപ്‌തിൽ ഇന്ന് ‘സമാധാന ഉച്ചകോടി’

കെയ്‌റോ: ഗാസയിലെ വെടിനിർത്തൽ അനന്തര നടപടികൾ ചർച്ചചെയ്യാൻ ഇൗജിപ്‌തിലെ ഷാം അൽ ഷെയ്‌ഖിൽ തിങ്കളാഴ്‌ച ‘സമാധാന ഉച്ചകോടി’ ചേരും. ഗാസയിലെ ആക്രമണം അവസാനിപ്പിക്കുക, പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുക, പ്രാദേശിക സുരക്ഷയുടെയും സ്ഥിരതയുടെയും പുതുയുഗത്തിന് തുടക്കം കുറിക്കുക എന്നിവയാണ് ഉച്ചകോടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ.
ഉച്ചകോടിയിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇൗജിപ്‌തിലെത്തുമന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചകോടിയിൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ-ഫത്താ അൽ-സിസിക്കൊപ്പം ട്രംപ് അധ്യക്ഷത വഹിക്കും. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസും 27 അംഗ കൂട്ടായ്മയെ പ്രതിനിധീകരിച്ച് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും എത്തും.
ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ, ഇറ്റലിയുടെ ജോർജിയ മെലോണി, സ്പെയിനിന്റെ പെഡ്രോ സാഞ്ചസ്, ഗ്രീസിയെ കിറിയാക്കോസ് മിറ്റ്സോട്ടാകിസ്, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, വിദേശമന്ത്രി ഇഷാഖ് ധർ, ജർമൻ ചാൻസലർ ഫ്രെഡറിക് മെഴ്‌സ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തുടങ്ങി ഇരുപതോളം ലോകനേതാക്കൾ പങ്കെടുക്കും.
തിങ്കളാഴ്ച രാവിലെ ഇസ്രയേലിൽ എത്തുന്ന ട്രംപ് ബന്ദികളുടെ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തും. ഇസ്രയേൽ പാർലമെന്റായ നെസെറ്റിൽ പ്രസംഗിക്കുകയുംചെയ്യും.
കീർത്തിവർധൻ സിങ് പങ്കെടുക്കും
ഗാസ സമാധാന ചർച്ചകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശ സഹമന്ത്രി കീർത്തിവർധൻ സിങ് പങ്കെടുക്കും. അവസാന നിമിഷം ചര്‍ച്ചയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അമേരിക്ക ക്ഷണിക്കുകയായിരുന്നു. മോദിക്ക് പകരമാണ് കേന്ദ്രസഹമന്ത്രിയെ അയച്ചത്.










0 comments