തുർക്കിയിൽ കാട്ടുതീ പടരുന്നു; 1,700ലധികം ആളുകൾ പലായനം ചെയ്തു

ഇസ്താൻബുൾ: ആഴ്ചകളായി തുർക്കിയിൽ കാട്ടുതീ പടരുകയാണ്. ഞായറാഴ്ച പുലർച്ചെ രാജ്യത്തെ നാലാമത്തെ വലിയ നഗരമായ ബർസയിൽ കാട്ടുതീ പടര്‍ന്നു. 1,700-ലധികം ആളുകൾ വീടുകൾ വിട്ട് പലായനം ചെയ്തു. കാട്ടുതീയിൽ ഒരു അഗ്നിശമന സേനാംഗം മരിച്ചു.
വടക്കുപടിഞ്ഞാറൻ തുർക്കിയിലെ ബർസയെ ചുറ്റിയുള്ള വനപ്രദേശങ്ങളിൽ രാത്രിയിൽ തീ അതിവേഗം പടർന്നു. ജൂൺ അവസാനം മുതൽ ദിവസേന നിരവധി സ്ഥലങ്ങളിൽ കാട്ടുതീ പടർന്നതായും രാജ്യത്ത് കനത്ത നാശനഷ്ടമുണ്ടാകുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച പടിഞ്ഞാറൻ പ്രവിശ്യകളായ ഇസ്മിർ, ബിലെസിക് എന്നിവയെ സർക്കാർ ദുരന്തമേഖലകളായി പ്രഖ്യാപിച്ചു.
തുർക്കിയുടെ പലഭാഗങ്ങളിലും 1,900-ലധികം അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. വടക്കുകിഴക്കൻ ഗ്രാമങ്ങളിൽ നിന്ന് 1,765 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി ബർസ ഗവർണറുടെ ഓഫീസ് അറിയിച്ചു. കാട്ടുതീ പടർന്നതോടെ ബർസയെ തുർക്കി തലസ്ഥാനമായ അങ്കാറയുമായി ബന്ധിപ്പിക്കുന്ന ഹൈവേ അടച്ചു. നഗരത്തിന് ചുറ്റുമുള്ള 3,000 ഹെക്ടർ പ്രദേശം കത്തിനശിച്ചു. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ ഹൃദയാഘാതം മൂലം ഒരു അഗ്നിശമന സേനാംഗം മരിച്ചതായി മേയർ മുസ്തഫ ബോസ്ബെ പറഞ്ഞു.
പുലർച്ചയോടെ പ്രദേശത്ത് കാറ്റിന്റെ വേഗത കുറഞ്ഞതായാണ് വിവരം. കൃഷിയിടങ്ങളും പൈൻ വനങ്ങളും നിറഞ്ഞിരുന്ന പല പ്രദേശങ്ങളും ചാരമായി. ശനിയാഴ്ച രാജ്യത്തുടനീളം 84 തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തതായി വനം മന്ത്രി ഇബ്രാഹിം യുമാക്‌ലി പറഞ്ഞു. ചൊവ്വാഴ്ച മുതൽ കാട്ടുതീ പടർന്നുപിടിച്ച കാരാബുക്ക് ഉൾപ്പെടെ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗമാണ് വലിയ ഭീഷണി നേരിടുന്നത്.
ഉയർന്ന താപനില, വരണ്ട കാലാവസ്ഥ, ശക്തമായ കാറ്റ് എന്നിവയാണ് കാട്ടുതീ പടരാൻ കാരണം. തുർക്കിയിൽ ചരിത്രത്തിലെ തന്നെ ഉയർന്ന താപനിലയാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ സിർനാക് പ്രവിശ്യയിൽ 50.5 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. തുർക്കിയിലെ 132 സ്ഥലങ്ങളിലും ഉയർന്ന താപനില റിപ്പോർട്ട് ചെയ്തു.
പടിഞ്ഞാറൻ തുർക്കിയിലെ എസ്കിസെഹിറിൽ ബുധനാഴ്ച ഉണ്ടായ തീപിടുത്തത്തിൽ 10 രക്ഷാപ്രവർത്തകരും വനപാലകരും കൊല്ലപ്പെട്ടു. കഴിഞ്ഞ ആഴ്ചകളിൽ പതിനാല് പേർ മരിച്ചു. ജൂൺ 26 മുതൽ 33 പ്രവിശ്യകളിലുണ്ടായ തീപിടുത്തങ്ങളെക്കുറിച്ച് പ്രോസിക്യൂട്ടർമാർ അന്വേഷിച്ചു. സംശയിക്കപ്പെടുന്ന 97 പേർക്കെതിരെ നിയമനടപടി സ്വീകരിച്ചു.











0 comments