ആശുപത്രികൾക്ക് നേരെയും ആക്രമണം; ഇറാന്റെ ആരോഗ്യമേഖല തകരുന്നുവെന്ന് ലോകാരോഗ്യ സംഘടന

ജനീവ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാന്റെ ആരോഗ്യസംവിധാനങ്ങൾക്ക് നേരെയുണ്ടാകുന്ന കടന്നാക്രമണങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ലോകാരോഗ്യ സംഘടന. ഇറാന്റെ തലസ്ഥാനമായ തെഹ്റാനിലെ പ്രമുഖ ഗവേഷണ കേന്ദ്രമായ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെയുള്ള ആരോഗ്യ കേന്ദ്രങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണമുണ്ടായതായി ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസസ് പറഞ്ഞു.
ആക്രമണങ്ങളിൽ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇതോടെ പലയിടങ്ങളിലും ആരോഗ്യ സേവനങ്ങൾ നൽകാൻ കഴിയാത്ത സാഹചര്യമാണ്. യുദ്ധം തുടങ്ങിയ ശേഷം ഇറാനിലെ 20 ഓളം ആരോഗ്യ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങളുടെയും ജനീവ കൺവെൻഷന്റെയും ലംഘനമാണിതെന്ന് ഡബ്ല്യുഎച്ച്ഒ ചൂണ്ടിക്കാട്ടി.
ഇറാൻ മാത്രമല്ല, ഇറാഖ്, ജോർദാൻ, ലെബനൻ, സിറിയ തുടങ്ങിയ അയൽരാജ്യങ്ങളിലെയും ആരോഗ്യ സംവിധാനങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. ഈ രാജ്യങ്ങളിലെ ആരോഗ്യ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതിനും അത്യാഹിത വിഭാഗങ്ങൾ സജ്ജമാക്കുന്നതിനുമായി 30.3 ദശലക്ഷം ഡോളറിന്റെ അടിയന്തര സഹായത്തിന് ലോകാരോഗ്യ സംഘടന ആഹ്വാനം ചെയ്തു.
പകര്‍ച്ചവ്യാധികൾ പടരാനുള്ള സാധ്യതയും രാസ-ആണവ അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പിന്റെ കുറവും മേഖലയിൽ വലിയ ഭീഷണി ഉയർത്തുന്നുണ്ട്. യുദ്ധം മൂലം ഏകദേശം 40 ലക്ഷത്തോളം ആളുകൾ പലായനം ചെയ്യപ്പെട്ടതായും 3,000-ത്തിലധികം പേർ കൊല്ലപ്പെട്ടതായും കണക്കുകൾ വ്യക്തമാക്കുന്നു. സിവിലിയൻ കേന്ദ്രങ്ങളെയും ആശുപത്രികളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ യുദ്ധക്കുറ്റമാണെന്നും ഇത് ഉടനടി അവസാനിപ്പിക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.










0 comments