കോംഗോയിൽ എബോള ഭീതി; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

Photo Credit: REUTERS
കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വൈറസ് ബാധ അതിവേഗം പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കിഴക്കൻ പ്രവിശ്യയായ ഇറ്റൂരിയിലാണ് രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്. നിലവിൽ 246 സംശയാസ്പദമായ കേസുകളും 80 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിലുള്ള സാഹചര്യം ഒരു ആഗോള മഹാമാരിയായി പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങളിൽ എത്തിയിട്ടില്ലെങ്കിലും, രോഗബാധിതരുടെ കൃത്യമായ എണ്ണത്തെക്കുറിച്ചും രോഗവ്യാപനത്തിന്റെ ആഴത്തെക്കുറിച്ചും വലിയ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അഥാനോം ഗബ്രിയേസസ് മുന്നറിയിപ്പ് നൽകി.
‘ബുന്ദിബുഗ്യോ’ എന്ന എബോള വൈറസ് വകഭേദമാണ് കോംഗോയിൽ ഇപ്പോൾ പടർന്നുപിടിക്കുന്നത്. ഈ പ്രത്യേക വൈറസ് വിഭാഗത്തിനെതിരെ നിലവിൽ അംഗീകൃത മരുന്നുകളോ ഫലപ്രദമായ വാക്സിനുകളോ ലഭ്യമല്ലെന്നത് ആശങ്ക ഇരട്ടിയാക്കുന്നു. ഇറ്റൂരി പ്രവിശ്യയുടെ തലസ്ഥാനമായ ബുനിയ, സ്വർണ്ണ ഖനന നഗരങ്ങളായ മോങ്‌വാലു, റമ്പാറ എന്നിവിടങ്ങളിലാണ് രോഗബാധ പ്രധാനമായും സ്ഥിരീകരിച്ചിട്ടുള്ളത്.
ജനങ്ങളുടെ നിരന്തരമായ യാത്രകളും അതിർത്തി കടന്നുള്ള വ്യാപാരവും കാരണം അയൽരാജ്യമായ ഉഗാണ്ടയിലും രണ്ട് കേസുകൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉഗാണ്ടയിൽ വ്യാഴാഴ്ച മരണമടഞ്ഞ 59 കാരന് എബോള സ്ഥിരീകരിച്ചിരുന്നു.
രോഗവ്യാപനം തടയുന്നതിനായി ഡിആർ കോംഗോയും ഉഗാണ്ടയും അടിയന്തര ഓപ്പറേഷൻ സെന്ററുകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചു. രോഗബാധ സ്ഥിരീകരിക്കുന്നവരെ ഉടനടി ഐസൊലേഷനിലേക്ക് മാറ്റണം.
48 മണിക്കൂർ ഇടവേളകളിൽ നടത്തുന്ന രണ്ട് പ്രത്യേക ലബോറട്ടറി പരിശോധനകളും നെഗറ്റീവ് ആകുന്നത് വരെ ഇവരെ നിരീക്ഷണത്തിൽ തുടരണമെന്നും നിർദ്ദേശമുണ്ട്. അതേസമയം, രോഗഭീതിയുടെ പേരിൽ അതിർത്തികൾ അടയ്ക്കാനോ യാത്രാ-വ്യാപാര വിലക്കുകൾ ഏർപ്പെടുത്താനോ പാടില്ലെന്നും, അത്തരം നടപടികൾക്ക് ശാസ്ത്രീയമായ അടിത്തറയില്ലെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.
1976-ൽ കോംഗോയിലാണ് ലോകത്ത് ആദ്യമായി എബോള വൈറസ് കണ്ടെത്തുന്നത്. വവ്വാലുകളിൽ നിന്ന് പടർന്നതെന്ന് കരുതപ്പെടുന്ന ഈ മാരക വൈറസിന്റെ 17-ാമത് വ്യാപനമാണ് ഇപ്പോൾ രാജ്യത്ത് ഉണ്ടായിരിക്കുന്നത്. രോഗബാധിതരുടെ ശരീര സ്രവങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെ പടരുന്ന വൈറസ്, ആന്തരിക രക്തസ്രാവത്തിനും അവയവങ്ങളുടെ പ്രവർത്തനരഹിത്യത്തിനുമാണ് കാരണമാകുന്നത്.
പനി, പേശി വേദന, തലവേദന തുടങ്ങിയ പ്രാരംഭ ലക്ഷണങ്ങൾക്ക് പിന്നാലെ കടുത്ത ഛർദ്ദിയും രക്തസ്രാവവും ഉണ്ടാകും. ശരാശരി 50 ശതമാനത്തോളം മരണനിരക്കുള്ള എബോള ബാധിച്ച് കഴിഞ്ഞ 50 വർഷത്തിനിടെ ആഫ്രിക്കൻ രാജ്യങ്ങളിൽ 15,000-ത്തോളം ആളുകളാണ് മരണപ്പെട്ടിട്ടുള്ളത്.










0 comments