വാട്‌സാപ്പ് എഐ ഇനി പരമരഹസ്യം

ലണ്ടൻ: എഐ ചാറ്റ്ബോട്ടുകളുമായി ഉപഭോക്താക്കൾ നടത്തുന്ന സംഭാഷണങ്ങൾക്ക് കൂടുതൽ സ്വകാര്യത ഉറപ്പാക്കാൻ വാട്സാപ്പിൽ ഇൻകോഗ്‌നിറ്റോ മോഡ്. ഉപഭോക്താക്കൾ മെറ്റാ എഐയോട് ചോദിക്കുന്ന സ്വകാര്യമായതടക്കമുള്ള ചോദ്യങ്ങൾ ഇനിമുതൽ ഈ മോഡിലൂടെ സുരക്ഷിതമാകും.
ഇൻകോഗ്‌നിറ്റോ മോഡിലൂടെ കൈമാറുന്ന സന്ദേശങ്ങൾ അതീവ സുരക്ഷിതമായാണ് പ്രോസസ്സ് ചെയ്യുക. ഇവ മെറ്റയ്‌ക്ക് പോലും ലഭ്യമാകില്ല. ചാറ്റുകൾ ഡിഫോൾട്ടായി സേവ് ചെയ്യപ്പെടില്ല. ഓരോ സെഷൻ കഴിയുമ്പോഴും സന്ദേശങ്ങൾ താനേ അപ്രത്യക്ഷമാകും. ഉപഭോക്താക്കൾ വ്യക്തിപരമായോ സാമ്പത്തികമായോ ഉള്ള വിവരങ്ങൾ ചാറ്റ്ബോട്ടുകളോട് പങ്കുവെക്കുമ്പോൾ അത് എഐ മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്നു എന്ന പരാതികൾക്ക് ഇതോടെ അറുതിയാകും.
ഗൂഗിളിന്റെ ജെമിനി, ചാറ്റ് ജിപിടി തുടങ്ങിയ മറ്റ് എഐ സേവനങ്ങളിൽ നിലവിലുള്ളതിന് സമാനമായ സ്വകാര്യതാ നിയന്ത്രണങ്ങളാണ് മെറ്റയും നടപ്പിലാക്കുന്നത്. എന്നാൽ ഇൻകോഗ്‌നിറ്റോ മോഡിൽ ടെക്‌സ്‌റ്റ് സന്ദേശങ്ങൾ മാത്രമേ അയക്കാൻ സാധിക്കൂ. ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനോ പുതിയവ നിർമിക്കാനോ കഴിയില്ല.










0 comments