print edition പശ്‌ചിമേഷ്യൻ യുദ്ധം: തടിയൂരാൻ ട്രംപിന്റെ നെട്ടോട്ടം

വാഷിങ്‌ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ച് തടിയൂരാനുള്ള അവസാനഘട്ട നയതന്ത്ര നീക്കങ്ങൾ ശക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകളിൽ വലിയ പുരോഗതിയുണ്ടായെന്നും ഇറാനുമായി അന്തിമ കരാർ ഉടൻ സാധ്യമാകുമെന്നും ട്രംപ് വ്യക്തമാക്കി.
പ്രതിദിനം 4,713 കോടിയോളം രൂപയുടെ യുദ്ധച്ചെലവ് താങ്ങാനാവാത്തതും ആഗോള എണ്ണവിപണിയിലെ അസ്ഥിരതയുമാണ് യുഎസിനെ പിന്മാറാൻ നിർബന്ധിതമാക്കുന്നത്. ഹോർമുസിലെ സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവച്ചു.
മേഖലയിലെ മധ്യസ്ഥൻ എന്ന നിലയിൽ ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനം അമേരിക്കയ്‌ക്ക് ആശങ്ക ഉയർത്തുന്നു. ചൈനീസ് വിദേശ മന്ത്രി വാങ് ഇ-യും ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്ചിയും ബീജിങ്ങിൽ കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ മനംമാറ്റം.അടുത്തയാഴ്‌ച ട്രംപ് ചൈന സന്ദർശിക്കുംമുന്പ് യുദ്ധം അവസാനിപ്പിക്കാനാണ് നീക്കം. പശ്ചിമേഷ്യയുടെ സുരക്ഷയുടെ പ്രധാന ശില്പിയെന്ന പദവി നിലനിർത്താനുള്ള പെടാപ്പാടിലാണ് ട്രംപ്.
അതേസമയം, വിലക്കയറ്റത്തിനെതിരെ യുഎസിൽ പ്രതിഷേധം ശക്തമായി. സമാധാന ചർച്ചകൾ പുരോഗമിക്കുന്നു എന്ന വാർത്ത വന്നതോടെ ബാരലിന് 126 ഡോളർ വരെ ഉയർന്നിരുന്ന ക്രൂഡ് ഓയിൽ വില 100 ഡോളറിലേക്ക് താഴ്‌ന്നു.
ഇതിനിടെ, യുദ്ധം അവസാനിപ്പിക്കാൻ ഇറാനുമേൽ സമ്മർദം ചെലുത്തുന്നതിന്റെ ഭാഗമായി ഒമാൻ ഉൾക്കടലിലെ ഇറാൻ എണ്ണ ടാങ്കറിന് നേരെ യുഎസ് സേന വെടിയുതിർത്തതായി റിപ്പോർട്ടുണ്ട്.
ഇറാൻ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം മറികടന്ന ടാങ്കറിലേക്കാണ് അമേരിക്കൻ ഫൈറ്റർ ജെറ്റ് വെടിയുതിർത്തതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.











0 comments