ad
Deshabhimani

പശ്ചിമേഷ്യയിൽ പോര് മുറുകുന്നു; ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നു; ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ

Crude Oil Price

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 14, 2026, 03:49 PM | 1 min read

ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിലുള്ള പോര് കടുത്തതോടെ പശ്ചിമേഷ്യൻ മേഖല വീണ്ടും കടുത്ത യുദ്ധഭീതിയിലേക്ക്. സംഘർഷം മൂർച്ഛിച്ചതോടെ സാധാരണ നിലയിലേക്ക് മടങ്ങുകയായിരുന്ന അന്താരാഷ്ട്ര ചരക്കുനീക്കം വീണ്ടും പ്രതിസന്ധിയിലായി.


ക്രൂഡ് ഓയിൽ വില അന്താരാഷ്ട്ര വിപണിയിൽ കുത്തനെ ഉയർന്നത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ക്രൂഡ് ഓയിൽ വിലക്കയറ്റം രാജ്യത്തെ പാചകവാതക വിതരണത്തെയും ഇന്ധനവിലയെയും ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.


അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില രണ്ട് ശതമാനം ഉയർന്ന് നാലാഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ബ്രെൻഡ് ക്രൂഡ് ഓയിൽ വില ബാരലിന് 1.6 ഡോളർ വർധിച്ച് 84.98 ഡോളറായി. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയേറ്റ് (WTI) ക്രൂഡിന് 1.65 ഡോളർ ഉയർന്ന് ബാരലിന് 79.79 ഡോളറിലെത്തി.


കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ നാടകീയ സംഭവങ്ങൾക്ക് പിന്നാലെ ബ്രെൻഡ് ക്രൂഡ് വില ഒറ്റയടിക്ക് 9.6 ശതമാനമാണ് ഉയർന്നത്. 2020 മെയ് മാസത്തിന് ശേഷം ഒറ്റദിവസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വിലക്കയറ്റമാണിത്.


അമേരിക്കൻ നീക്കങ്ങൾക്ക് മറുപടിയായി തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് അടച്ചിടാൻ ഇറാൻ തീരുമാനിച്ചതാണ് ചരക്കുനീക്കത്തെയും ആഗോള വിപണിയെയും കൂടുതൽ ആശങ്കയിലാക്കുന്നത്. യുഎസ് ഇടപെടലുകൾ അവസാനിപ്പിക്കുന്നത് വരെ കടലിടുക്ക് തുറക്കില്ലെന്നാണ് ഇറാന്റെ നിലപാട്. ഇതോടെ ഇന്ത്യയിലേക്കുള്ള ഇന്ധന-പാചകവാതക ഇറക്കുമതി തടസ്സപ്പെടുമോ എന്ന ഭീതിയിലാണ് രാജ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home