ad
Deshabhimani

അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി നിരവധി ജീവനുകൾ; വെനസ്വേല ഭൂകമ്പത്തിൽ 1450 മരണം

venezuela earthquake

ലാ ഗ്വെറയിൽ നിന്നുള്ള ദൃശ്യം. photo credit: video screenshot

വെബ് ഡെസ്ക്

Published on Jun 29, 2026, 10:36 AM | 1 min read

കാരക്കസ് : വെനസ്വേലയെ അടിമുടി തകർത്ത ഇരട്ട ഭൂകമ്പത്തിൽ മരണസംഖ്യ 1500നോടടുക്കുന്നു. ഇതുവരെ 1450 പേർ മരിച്ചതായാണ് കണക്ക്. 3,150 പേർക്ക് പരിക്കേറ്റു. 68,900-ലധികം പേരെ കാണാതായി. ഇവരിൽ ഏറെയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മരണസംഖ്യ ഇനിയും ഏറെ ഉയർന്നേക്കാമെന്നും റിപ്പോർട്ടുണ്ട്. ഭൂകമ്പമുണ്ടായി നാലാം ദിവസവും തീവ്ര രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. സൈന്യത്തിനും ​​ദുരന്ത നിവാരണ സംഘങ്ങൾക്കുമൊപ്പം ജനങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകുന്നുണ്ട്.


കഴിഞ്ഞ ദിവസം കാരക്കാസിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ടൗണായ കാരബല്ലെഡയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നടത്തിയ തിരച്ചിലിൽ ഒരു യുവാവിനെയും ചെറിയ മകനെയും ജീവനോടെ കണ്ടെത്തി. ഭൂകമ്പത്തിൽ പ്രദേശത്തെ 200 ഓളം കെട്ടിടങ്ങൾ പൂർണ്ണമായും തകർന്നിരുന്നു. ഏകദേശം നാല് ദിവസങ്ങൾക്ക് ശേഷമാണ് ഫ്രഞ്ച്, അമേരിക്കൻ രക്ഷാപ്രവർത്തകർ കാരബല്ലെഡയിൽ നിന്ന് അതിജീവിതരെ കണ്ടെത്തിയത്.


രാജ്യത്തെ ലാ ഗ്വൈറ പ്രവിശ്യയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. ജൂൺ 24നാണ് 7.2 ഉം 7.5 ഉം തീവ്രത രേഖപ്പെടുത്തിയ തുടർച്ചയായ ഭൂകമ്പങ്ങൾ വെനസ്വേലയെ പിടിച്ചുകുലുക്കിയത്. യുഎസ് ഉപരോധങ്ങളെ തുടർന്ന് ബുദ്ധിമുട്ടിലായിരുന്ന വെനസ്വേലൻ ജനതയുടെ ജീവിതം ഭൂകമ്പത്തോടെ കൂടുതൽ ദുസ്സഹമായി. ആശുപത്രികളടക്കമുള്ളവ തകർന്നതും വിമാനത്താവളങ്ങളുടെ പ്രവർത്തനം നിലച്ചതും രക്ഷാപ്രവർത്തനത്തെയും തടസപ്പെടുത്തുന്നു.

ഏകദേശം 774 കെട്ടിടങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചതായി നാഷണൽ അസംബ്ലി പ്രസിഡന്റ് ജോർജ് റോഡ്രിഗസ് ഞായറാഴ്ച പറഞ്ഞു. മെക്സിക്കോ, അമേരിക്ക, ബ്രസീൽ, ഫ്രാൻസ്, എൽ സാൽവദോർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 1,600-ലധികം രക്ഷാപ്രവർത്തകരും ക്യൂബൻ മെഡിക്കൽ സംഘവും ദുരന്തമുഖത്തുണ്ട്‌. ഓപ്പറേഷൻ അമിസ്റ്റാഡ് എന്ന പേരിൽ സഹായ വിമാനങ്ങളുമായി ഇന്ത്യയും രക്ഷാപ്രവർത്തനത്തിനുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home