ad
Deshabhimani

എബോളയുടെ വകഭേദം അപകടകാരി; 139 മരണം , വാക്സിൻ കണ്ടെത്താൻ വേണ്ടത് ഒമ്പത് മാസം

Ebola

(Photo: Reuters)

വെബ് ഡെസ്ക്

Published on May 21, 2026, 12:41 PM | 3 min read

കേപ് ടൗൺ; ഡിആർ കോം​ഗോയിലെ എബോള വൈറസിന്റെ പുതിയ വകഭേദം അതിവേ​ഗം പടർന്നു പിടിക്കുന്നു. രോ​ഗ വ്യാപനത്തിൽ ലോകാരോ​ഗ്യ സംഘടന ആശങ്ക അറിയിച്ചു. എബോളയുടെ അത്യപൂർവ വകഭേദമായ ബൂൻഡിബുഗോ കോം​ഗോയിൽ പടരുന്നത്. മറ്റ് വകഭദങ്ങളേക്കാൾ അപക‌ടകാരിയാണ് പുതിയ വകഭേദമെന്ന് സംഘടന മുന്നറിയിപ്പ് നൽകി. എബോള വൈറസിന്റെ ആറ് വകഭേദങ്ങളിൽ ഒന്നാണ് ബൂൻഡിബുഗോ. സൈർ, സുഡാൻ, ടായ് ഫോറസ്റ്റ്, റെസ്റ്റോൺ, ബോംബാലി എന്നിവയാണ് മറ്റുള്ളവ.


വാക്സിൻ ഇല്ലാത്തതും പ്രത്യേക ചികിത്സയുടെ അഭാവവുമാണ് ഈ വകഭേദത്തെ കൂടുതൽ അപകടത്തിലേയ്ക്ക് നയിക്കുന്നത്. ഈ വകഭേദത്തിനെതിരെയുള്ള വാക്സിൻ തയ്യാറാക്കാൻ ഒമ്പത് മാസമെങ്കിലും ചുരുങ്ങിയത് എടുക്കുമെന്നാണ് ലോകാരോ​ഗ്യ സംഘടന അറിയിക്കുന്നത്. നിലവിൽ രണ്ട് വാക്സിനുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ, ഇതുവരെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തിയിട്ടില്ലെന്നും ലോകാരോഗ്യസംഘടനയുടെ ഉപദേഷ്ടാവ് ഡോ. വാസി മൂർത്തി ബുധനാഴ്ച പറഞ്ഞു. ഇതുവരെ 139 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. രോ​ഗബാധിതരെന്ന് സംശയിക്കുന്നവരുടെ എണ്ണം 600 കടന്നതായും ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് അറിയിച്ചു.


വൈറസ് കണ്ടെത്താൻ വൈകിയതിനാൽ രോഗികളുടെ എണ്ണം ഇനിയും കൂടാനിടയുണ്ടെന്നും കൂട്ടിച്ചേർത്തു. ഏപ്രിൽ 24ന് ഇറ്റൂരിയുടെ തലസ്ഥാനമായ ബുനിയയിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് മരിച്ച ഒരു നഴ്സായിരുന്നു ആദ്യത്തെ കേസ്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നേരത്തേ ലോകാരോഗ്യസംഘടന അന്താരാഷ്ട്ര പ്രാധാന്യമുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അതിനിടെ രോഗവ്യാപനമുള്ള കോംഗോ, യുഗാണ്ട തുടങ്ങിയ രാജ്യങ്ങളോട് സമ്പർക്കത്തിലുള്ളവരെ കണ്ടെത്തുന്നത് ശക്തിപ്പെടുത്താനും, ലാബ് പരിശോധനകൾ വർധിപ്പിക്കാനും ആശുപത്രികളിലെ രോഗവ്യാപനം പ്രതിരോധിക്കാനും ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകാനും രോഗവ്യാപനം സംബന്ധിച്ച അവബോധം നൽകാനും ലോകാരോഗ്യസംഘടന നിർദേശിച്ചിട്ടുണ്ട്.



എന്താണ് എബോള..?


മനുഷ്യരിൽ അതീവ ​ഗുരുതരമായ രോ​ഗാവസ്ഥയിലേയ്ക്ക് തള്ളിവിടാനും മരണത്തിലേയ്ക്ക് വരെ നയിക്കാനും സാധിക്കുന്ന ഏറ്റവും അപകടകാരിയായ വൈറസ് പരത്തുന്ന രോ​ഗമാണ് എബോള. ശരീരത്തിലേയ്ക്ക് പ്രവേശിക്കുന്ന വൈറസ് മനുഷ്യ ശരീരത്തിലെ രോ​ഗപ്രതിരോധ വ്യവസ്ഥയെ തകരാറിലാക്കുന്നു. രോഗം ഗുരുതരമാകുന്ന സാഹചര്യങ്ങളിൽ ശരീരത്തിനകത്തും പുറത്തും രക്തസ്രാവം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, ഇത് 'വൈറൽ ഹെമറാജിക് ഫീവർ' (Viral Haemorrhagic Fevers) എന്ന വൈറസ് വിഭാഗത്തിൽ ഉൾപ്പെടുന്നു.


1976-ൽ ഇന്നത്തെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലുള്ള എബോള നദിക്ക് സമീപമാണ് ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. അതിനുശേഷം, ഈ രോഗബാധകൾ ഭൂരിഭാഗവും ഉണ്ടായിട്ടുള്ളത് ആഫ്രിക്കൻ രാജ്യങ്ങളിലാണ്, പ്രത്യേകിച്ച് ഉഷ്ണമേഖലാ വനങ്ങളുള്ള പ്രദേശങ്ങളിലാണ് കൂടുതലായും കണ്ടുവരുന്നത്. എബോളയുടെ മരണനിരക്ക് വളരെ കൂടുതലാണെങ്കിലും, രോഗികൾക്ക് തുടക്കത്തിൽ തന്നെ തന്നെ വൈദ്യസഹായവും, ആവശ്യത്തിന് ദ്രാവകങ്ങളും (Fluids), മറ്റ് അനുബന്ധ പരിചരണങ്ങളും ലഭിക്കുകയാണെങ്കിൽ മരണസാധ്യത കുറയ്ക്കാൻ സാധിക്കുമെന്നാണ് വിവരം.


എങ്ങനെ പടരുന്നു..?


രോഗബാധയുള്ള വ്യക്തിയുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്നതിലൂടെയാണ് എബോള അതിവേ​ഗം പകരുന്നത്. എബോള വൈറസ് ബാധിച്ച ഒരാളുടെ രക്തം, വിയർപ്പ്, ഉമിനീര്, ഛർദ്ദി, മൂത്രം, മുലപ്പാൽ, ബീജം (Semen) തുടങ്ങിയവ പുരണ്ട വസ്ത്രങ്ങളിലോ മെഡിക്കൽ ഉപകരണങ്ങളിലോ പ്രതലങ്ങളിലോ തൊടുന്നതിലൂടെയും മറ്റുമാണ് എബോള പടരുന്നത്. വായുവിലൂടെ എബോള പട‌രില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്. വവ്വാലുകൾ, പ്രൈമേറ്റുകൾ (കുരങ്ങുകൾ, ചിമ്പാൻസികൾ തുടങ്ങിയവ) പോലുള്ള രോഗബാധിതരായ മൃഗങ്ങളിൽ നിന്നും മനുഷ്യർക്ക് ഈ വൈറസ് പിടിപെടാമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്.


രോ​ഗലക്ഷണങ്ങൾ;


വൈറസ് ബാധ ഉണ്ടായി രണ്ട് മുതൽ 21 ദിവസങ്ങൾക്കുള്ളിലാണ് സാധാരണയായി ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. തുടക്കത്തിൽ ഇത് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്.


*പെട്ടെന്നുണ്ടാകുന്ന പനി

*കടുത്ത ക്ഷീണം / തളർച്ച

*തലവേദന

*പേശി വേദന

*തൊണ്ടവേദന

*ഛർദ്ദി

*വയറിളക്കം

*വയറുവേദന


തുടങ്ങിയവയാണ് എബോള ബാധിക്കുന്നവരിൽ പ്രധാനമായും കണ്ടുവരുന്ന ലക്ഷണങ്ങൾ. രോഗം ​ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ ചിലരിൽ മൂക്ക്, പല്ലിന്റെ മോണകൾ അല്ലെങ്കിൽ ആന്തരികാവയവങ്ങൾ എന്നിവയിൽ നിന്ന് രക്തസ്രാവം ഉണ്ടായേക്കാം. ഇതോടൊപ്പം ശരീരത്തിൽ നിന്നുള്ള ജലാംശം അമിതമായി നഷ്ടപ്പെടുക (Severe dehydration), ഷോക്ക് (Shock), അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുക (Organ failure) എന്നിവയും സംഭവിച്ചേക്കാം. എബോളയുടെ ലക്ഷണങ്ങൾ മറ്റ് പല രോഗബാധകൾക്കും സമാനമായതിനാൽ, ലബോറട്ടറി പരിശോധനകളിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗം കൂടുതൽ പകരുന്നത് തടയാൻ രോഗികളെ മാറ്റിപ്പാർപ്പിക്കേണ്ടതും (Isolation) ചികിത്സ നൽകേണ്ടതും ഉള്ളതിനാൽ, തുടക്കത്തിൽ തന്നെയുള്ള രോഗനിർണ്ണയം വളരെ പ്രധാനമാണ്.


പ്രതിരോധം എങ്ങനെ ?


എബോള തടയുന്നത് പ്രധാനമായും രോഗബാധിതരായ ആളുകളുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുന്നതിനെയും കർശനമായ ശുചിത്വ ശീലങ്ങൾ പാലിക്കുന്നതിനെയും ആശ്രയിച്ചിരിക്കും. എബോള രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർ കയ്യുറകൾ (Gloves), മാസ്കുകൾ, ഗൗണുകൾ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങൾ (Protective equipment) നിർബന്ധമായും ധരിക്കണം.


പാലിക്കേണ്ട ജാ​ഗ്രതാ നിർ​ദേശങ്ങൾ;


*സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ കൃത്യമായി കഴുകുക.

*ശാരീരിക ദ്രാവകങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുക.

*രോഗബാധിതരായ മൃഗങ്ങളിൽ നിന്ന് അകന്നു നിൽക്കുക.

*സുരക്ഷിതമല്ലാത്ത ശവസംസ്കാര ചടങ്ങുകൾ ഒഴിവാക്കുക.

*ലക്ഷണങ്ങൾ കണ്ടാലുടൻ വൈദ്യസഹായം തേടുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home