ad
Deshabhimani

യുഎസിൽ കുടിയേറ്റ അപേക്ഷ വേഗത്തിലാക്കാൻ കൈക്കൂലി; രണ്ടുപേർക്കെതിരെ കേസ്

uscis
വെബ് ഡെസ്ക്

Published on Sep 08, 2026, 10:27 PM | 1 min read

വാഷിങ്ടൺ: അമേരിക്കയിലെ കുടിയേറ്റ-പൗരത്വ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ പണം വാങ്ങിയെന്നാരോപിച്ച് മുൻ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‍സിഐഎസ്) ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടുപേർക്കെതിരെ ഫെഡറൽ കേസ്.


മുൻ യുഎസ്‍സിഐഎസ് ഉദ്യോഗസ്ഥനായ ലുക്മാൻ ഒവൊലാബി ഗനിയുവും അദ്ദേഹത്തിന്റെ സാമ്പത്തിക ഇടനിലക്കാരനായി പ്രവർത്തിച്ചെന്നു പറയുന്ന അഡെനിയി അക്കീം സൊമോയെയുമാണ് കേസിൽ പ്രതികൾ. 2019 ഡിസംബർ മുതൽ 2026 മാർച്ച് വരെ പൗരത്വം ഉൾപ്പെടെയുള്ള ഇമിഗ്രേഷൻ അപേക്ഷകൾ വേഗത്തിലാക്കുന്നതിനായി ഇവർ ഏകദേശം 9.6 ലക്ഷം ഡോളർ (8.05 കോടി) കൈക്കൂലി വാങ്ങിയെന്നാണ് പ്രോസിക്യൂട്ടർമാരുടെ ആരോപണം.


അന്വേഷണത്തിൽ നിർണായകമായത് വാട്‌സ്ആപ് സന്ദേശങ്ങളും ഫോൺകോളുകളുമായിരുന്നു. ഗനിയു, സൊമോയെ, അപേക്ഷകർ എന്നിവർക്കിടയിൽ ആയിരക്കണക്കിന് വാട്‌സ്ആപ് സന്ദേശങ്ങളും നൂറുകണക്കിന് ഫോൺകോളുകളും അന്വേഷണ സംഘം കണ്ടെത്തി. അപേക്ഷകൾ കൈകാര്യം ചെയ്തവരുമായി തുടർച്ചയായ ബന്ധം ഉണ്ടായിരുന്നുവെന്നും പണം നൽകിയവരുടെ അപേക്ഷകൾക്ക് പ്രത്യേക പരിഗണന നൽകിയിരുന്നുവെന്നും അന്വേഷണ സംഘം ആരോപിക്കുന്നു.


പണം നൽകിയവരുടെ അപേക്ഷകളിൽ സാധാരണ പാലിക്കേണ്ട ചില നടപടികൾ മറികടന്നതായും ആരോപണമുണ്ട്. ക്രിമിനൽ പശ്ചാത്തല പരിശോധന, അഭിമുഖം, മറ്റു സാധാരണ പരിശോധനകൾ എന്നിവ പൂർത്തിയാക്കാതെയും ചില അപേക്ഷകൾ മുന്നോട്ട് കൊണ്ടുപോയെന്നാണ് കേസ്.


അപേക്ഷകളിലെ വിവരങ്ങൾ യുഎസ്‍സിഐഎസ് സംവിധാനത്തിൽ മാറ്റി നടപടികൾ വേഗത്തിലാക്കിയതായും മിനിയാപൊളിസ്, ഷാർലറ്റ്, ഹ്യൂസ്റ്റൺ തുടങ്ങിയ ഓഫീസുകളിലുണ്ടായിരുന്ന ചില കേസുകൾ തന്റെ നിയന്ത്രണത്തിലേക്ക് മാറ്റി നേരിട്ട് അംഗീകരിച്ചതായും പ്രോസിക്യൂട്ടർമാർ പറയുന്നു.


സൊമോയെയുടെ പൗരത്വ അപേക്ഷയും വേഗത്തിലാക്കിയെന്നും തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യയുടെയും കുട്ടിയുടെയും റെസിഡൻസി അപേക്ഷകളും അംഗീകരിച്ചതായും പരാതിയിൽ പറയുന്നു.


ഗനിയു പൗരത്വ അപേക്ഷകരിൽ നിന്ന് സെല്ലെ (Zelle), ക്യാഷ് ആപ്പ് (Cash App) എന്നിവ വഴി ഏകദേശം 6.71 ലക്ഷം ഡോളറും (5.63 കോടി രൂപ) പണമായി നിക്ഷേപിച്ച രീതിയിൽ 2.87 ലക്ഷം ഡോളറിലധികവും (2.41 കോടിയിലധികം രൂപ) സ്വീകരിച്ചതായാണ് ആരോപണം. സൊമോയെ അപേക്ഷകരിൽ നിന്ന് പണം ശേഖരിക്കുകയും കൈമാറുകയും ചെയ്ത സാമ്പത്തിക ഇടനിലക്കാരനായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ വാദം.


കേസിൽ ഉൾപ്പെട്ട അപേക്ഷകളിൽ ഭൂരിഭാഗവും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരുടേതാണെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home